എഴുതി തെളിഞ്ഞവരുടെയെല്ലാം അതിശയോക്തിക്കു നിറം മങ്ങിയ ഇടമാണ് പ്രവാചക ജീവിതം. എഴുതി തുടങ്ങിയവരെല്ലാം തിരുജീവിതത്തിന്റെ സമുദ്ര സമാനമായ പരപ്പിനു മുന്നിൽ നിരാശപൂണ്ട് തൂലിക വെച്ചവരാണെങ്കിലും വിരചിതമായത് എണ്ണമറ്റ കൃതികളാണ്. ഒരു വ്യക്തിയെ കുറിച്ച് വൈവിധ്യമായ ഭാഷകളിൽ വിവിധ രീതിശാസ്ത്രങ്ങൾ സ്വീകരിച്ചു ലോകം ഇത്രത്തോളം ചർച്ചയ്ക്കു വിധേയമാക്കിയ വ്യക്തിത്വം വേറെയില്ല.
നമ്മുടെ മലയാളത്തിലുമുണ്ട് അത്തരത്തിലുള്ള ചർച്ചാത്മകമായ എണ്ണമറ്റ കൃതികൾ. സമഗ്ര പ്രവാചക ചരിത്രം എന്നവകാശപ്പെടുന്ന കൃതികളും ഏറെയാണ്. ആ കൃതികളുടെ ഉള്ളടക്കങ്ങൾ തേടുന്ന ആധികാരികത പ്രവാചക ചരിത്രം പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം കനകമാണ്. ആധുനിക കാലത്ത് അസംബന്ധങ്ങൾ കൊണ്ടു വിമർശിക്കപ്പെടുന്ന പ്രവാചകർ(സ്വ) പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതിന് മൂലകാരണങ്ങളിലൊന്ന് ഇത്തരത്തിൽ പ്രചരിക്കുന്ന ആധികാരികമല്ലാത്ത പ്രവാചക എഴുത്തുകളാണെന്ന് പരിശോധിച്ചാൽ മനസ്സിലാക്കാം. ഇതിനൊരു പ്രതിവിധിയാണ് “മുഹമ്മദ് റസൂലുള്ളാ” എന്ന ഗ്രന്ഥം. ഒരു ഗ്രന്ഥ രചനക്കപ്പുറം ഗ്രന്ഥകാരൻ തിരഞ്ഞെടുത്ത വിഷയം, നാം പഠിക്കേണ്ടതിന്റെ ആവശ്യകത വളരെ ഹൃദ്യവും ലളിതവുമായ രൂപത്തിൽ ഗ്രന്ഥത്തിന്റെ തുടക്കത്തിൽ പറഞ്ഞു വെക്കുന്നുണ്ട്.
പതിവായി കാണാറുള്ള ഗവേഷണാധിഷ്ഠിതമായ കൃതികളിൽ നിന്നും വ്യത്യസ്തമായി വിരസമായ ആമുഖങ്ങൾ മാറ്റിനിർത്തി അകക്കാമ്പിലേക്ക് താല്പര്യവും കൗതുകവുമുണർത്തുന്ന മികച്ച തുടക്കമാണ് ഈ കൃതിയിലുള്ളതെന്ന് മനസ്സിലാക്കാം. പ്രസ്തുത ഗ്രന്ഥം ആധികാരികതയിൽ അതുല്യമാണെന്നതിന് ഗ്രന്ഥരചനയ്ക്കായി വിനിയോഗിച്ച മുന്നൂറിൽ പരം റഫറൻസുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രവാചക ചരിത്രത്തിലെ മർമപ്രധാനമായ ചരിത്ര വസ്തുതകൾ വിവിധ ആഖ്യാന പരമ്പരകളിലൂടെ റിപ്പോർട്ട് ചെയ്തവയും ഇമാമീങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങൾ കൂട്ടിയിണക്കി അവയിൽ നിന്നും യാഥാർത്ഥ്യവും വിശ്വാസയോഗ്യവുമായ നിഗമനത്തിലെത്തുന്ന ഒരു ശൈലി ഗ്രന്ഥകാരൻ സ്വീകരിച്ചത് ചരിത്ര ഗവേഷകരായ വായനക്കാർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
പല സമയങ്ങളിലായി പലരിൽ നിന്നുമായി കേൾക്കുന്ന ചരിത്ര വസ്തുതകൾ ശ്രോതാവിൽ സൃഷ്ടിച്ചിരിക്കുന്ന അങ്കലാപ്പിന് പ്രതിവിധിയായിട്ടായിരിക്കാം ആ വൈവിധ്യങ്ങളെ സമഗ്രനം ചെയ്തു നിഗമനത്തിലെത്തുന്ന രീതി സ്വീകരിച്ചിട്ടുള്ളത്. ആധുനികതയുടെ എഴുത്തുകാരൻമാരുടെയും പൂർവകാലത്തെ ഹദീഥ് പണ്ഡിതരുടെയും ഖുർആൻ വ്യാഖ്യാതാക്കലൂടെയും അഭിപ്രായങ്ങൾ ചേർത്ത് പൂർവവേദങ്ങളും വൈവിധ്യമാർന്ന മതഗ്രന്ഥങ്ങളും ഐതിഹ്യ-മഹാകാവ്യങ്ങളും സമർഥിക്കുന്ന പ്രവാചകത്വവും അന്ത്യപ്രവാചകന്റെ സൃഷ്ടിപ്പും നിയോഗവും വിയോഗവും തുടങ്ങി അതു സംബന്ധയായി മലയാള ഗ്രന്ഥങ്ങൾക്കന്യമായ വസ്തുതകളും ഏത് സാധാരണക്കാരനും പ്രാപ്യമാകുന്ന രൂപത്തിൽ മടുപ്പിക്കുന്ന സാഹിത്യ വൈകൃതങ്ങളില്ലാതെ ചുരുക്കി എഴുത്തിന്റെ കിതപ്പില്ലാതെ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നത് അതിശയോക്തിയാണ്. ഗ്രന്ഥരചനയുടെ തുടക്കത്തിൽ രചയിതാവ് പറഞ്ഞുവെച്ച തിരുനബിയെ ചരിത്രപരമായും ചരിത്രാധീനമായും വായനക്കാർ മനസ്സിലാക്കുക എന്ന അദ്ദേഹത്തിൻ്റെ ഉദ്ദേശ്യശുദ്ധിയുടെ വെളിപ്പെടുത്തലാണ്. സാധാരണയായി കണ്ടുവരുന്ന പ്രകീർത്തന ഗ്രന്ഥങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് അമൂല്യവും അത്യപൂർവ്വമായ ഭൗതിക ജീവിതത്തിൻ്റെയും അതിനുമുമ്പും ശേഷവുമുള്ള പ്രവാചക സംബന്ധിയായ വിവരണങ്ങൾ വളരെ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്. രചയിതാവിന്റെ ആഗ്രഹം പോലെ ആരാണ് പ്രവാചകർ(സ്വ) എന്ന ചോദ്യത്തിന് ഒരുത്തമ മറുപടിയാണ് എട്ടോളം വാള്യങ്ങൾ വരുന്ന ഈ ഗ്രന്ഥമെന്നതിൽ സംശയമില്ല.


