Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

എന്തുകൊണ്ട് ഞാൻ മീമിൽ പങ്കെടുത്തു ?

"മീം പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ, സുഹൃത്തുക്കൾ പലരും മെസ്സേജ് അയച്ചും വിളിച്ചും ചോദിച്ചുകൊണ്ടേയിരുന്നു, പെണ്ണുങ്ങൾ ഇല്ലാത്ത മീംമിൽ എന്തിന് പോകുന്നു ?" ആദിൽ മഠത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

ആദിൽ മഠത്തിൽ by ആദിൽ മഠത്തിൽ
in Articles, Politics
Reading Time: 4 mins read
0
എന്തുകൊണ്ട് ഞാൻ മീമിൽ പങ്കെടുത്തു ?

‘നിന്നിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല’

‘നീ ഇത്തരക്കാരനാണെന്ന് വിചാരിച്ചില്ല’

എന്നെല്ലാം ക്ഷോഭിച്ച് പല കോളുകൾ കട്ടായി.

 

അതിനുമുന്നേ തന്നെ പരിഹാസവും വിചാരണയും നിറഞ്ഞ ധാരാളം പോസ്റ്റുകൾ മീംമിനെപ്രതി വന്നു കഴിഞ്ഞിരുന്നു. പലരും പങ്കെടുക്കുന്നില്ലെന്ന് പിന്മാറി. അതിനാൽ, ‘നീ പോകുന്നില്ലല്ലോ?’

എന്ന് ചോദിച്ചവർ എൻ്റെ മറുപടിയിൽ വല്ലാതെ നിരാശരായി.

 

കേരളത്തിലെങ്ങും സാഹിത്യോത്സവങ്ങളും സംവാദവേദികളും സജീവമായ കാലമാണ്.

മുഖ്യധാരപ്രസാധകർ മാത്രമല്ല വിദ്യഭ്യാസ സ്ഥാപനങ്ങളും രാഷ്ട്രീയ സംഘടനകളും പ്രാദേശിക കൂട്ടായ്മകൾ പോലും സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുന്നു. അവയിൽ ചിലതിൽ കവിത അവതരിപ്പിക്കാനും, സാഹിത്യ ചർച്ചകളിൽ പങ്കെടുക്കാനും ക്ഷണം ലഭിക്കുമ്പോൾ സംഘാടകരുടെയും പരിപാടിയുടെയും ഉദ്ദേശലക്ഷ്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചുതന്നെയാണ് ക്ഷണം സ്വീകരിക്കാറും നിരസിക്കാറും. അതിനാൽ ആലോചിച്ചുറച്ചു തന്നെയാണ് മീംമിൽ പങ്കെടുത്തതും.

 

കഴിഞ്ഞ വർഷം മാത്രം മൂന്നോ നാലോ സാഹിത്യോത്സവങ്ങളിൽ പങ്കെടുത്തു എന്നാണ് ഓർമ്മ. അവയെല്ലാം വ്യത്യസ്ത പശ്ചാത്തലങ്ങളുള്ള സംഘടനകളിൽ നിന്നുള്ള ക്ഷണങ്ങളായിരുന്നു. വിയോജിപ്പുകൾ ഏറെയുള്ള ആശയധാരകൾ പിന്തുടരുന്നവർ, ഇടപെടലുകൾ നടത്തുന്നവർ. എങ്കിലും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന, വിയോജിപ്പുകളെ സ്വാഗതം ചെയ്യുന്ന സംവാദ വേദികളാണെന്നു ബോധ്യമായാൽ സമയം കൂടി അനുകൂലമെങ്കിൽ ക്ഷണം സ്വീകരിക്കുക എന്ന സമീപനത്തിൽ ആ സാഹിത്യോത്സവങ്ങളുടെ ഭാഗമായി.

 

കഴിഞ്ഞ വർഷം ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിലും, സുന്നി സാമുദായിക വിഭാഗം സംഘടിപ്പിച്ച മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിലും മീംമിന് തൊട്ടു മുൻപ് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ്റെ (കെ.എസ്.യു – എം.എസ്.എഫ് ) വിദ്യാർത്ഥി സാഹിത്യോത്സവത്തിൽ പങ്കെടുത്തതുമെല്ലാം വേദി വാഗ്ദാനം ചെയ്ത സംവാദ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതിനാലാണ്. കാരണം, ബഹിഷ്കരണമല്ല സംവാദമാണ് ജനാധിപത്യത്തെ വികസിപ്പിക്കുന്നത് !

 

ഈ തിരിച്ചറിവിലേക്ക് വളർന്നതിനാലാണ്,

വിമർശനങ്ങളെ ശ്രദ്ധയോടെ ശ്രവിക്കുന്ന വേദിയാണ് മീം എന്ന് മുൻപ് പങ്കെടുത്ത സുഹൃത് കവികളുടെ അനുഭവങ്ങൾ കേട്ടറിഞ്ഞതിനാലാണ് ഇക്കുറി മീംമിന് വരാമെന്നേറ്റത്. വിമർശനങ്ങളും പരിഹാസങ്ങളും മുദ്രകുത്തലും മറ്റും നേരിടേണ്ടി വരുമെന്ന ബോധ്യത്തോടെ തന്നെയായിരുന്നു ആ തീരുമാനം. എന്തെന്നാൽ വേദി വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം മാത്രമായിരുന്നില്ല പ്രചോദനം; അല്ല പ്രകോപനം !

 

മുൻപും പലകുറി മീംമിൽ പങ്കെടുക്കാൻ താല്പര്യമുണ്ടോ എന്നാരാഞ്ഞ് ക്ഷണം കിട്ടിയിട്ടുണ്ട്.

സുഹൃത്തുക്കൾ വഴി വന്ന ആ അന്വേഷണങ്ങളെയെല്ലാം ‘ഇല്ല’ എന്ന ഒറ്റവാക്കിൽ തള്ളിക്കളയുകയായിരുന്നു അന്നെല്ലാം. മത സാമുദായിക സംഘടനകളുമായി ഒരു നിലക്കും സഹകരിക്കേണ്ടതില്ല എന്നായിരുന്നു അന്നുള്ള നിലപാട്. മുസ്ലിം ജീവിത സാംസ്കാരിക പശ്ചാത്തലത്തിൽ എഴുതിയ കവിതകൾ വായിച്ച്

മീംമിൽ നിന്നു മാത്രമല്ല, മറ്റു മുസ്ലിം സംഘടനകളുടെ വേദികളിലേക്കും പലകുറി ക്ഷണം കിട്ടിയിട്ടുണ്ട്. ‘വരില്ല’ എന്നു മാത്രമായിരുന്നു അന്നെല്ലാം മറുപടി.

 

മത സാമുദായിക പിൻബലമില്ലാത്ത മതേതര വേദികളിൽ മാത്രം പങ്കെടുത്തു അക്കാലം. മത ജീവിതത്തിന്റെ ചട്ടക്കൂടിൽ നിന്നും പുറത്തു കടക്കുന്നതിനിടെ വീട്ടിൽ ഉമ്മയും ഉപ്പയുമായുണ്ടായ തർക്കങ്ങൾ, കുടുംബത്തിൽ നിരന്തരം കേൾക്കേണ്ടി വരുന്ന കുറ്റപ്പെടുത്തലുകൾ, ജീവിതത്തിൻറെ ലക്ഷ്യവും മാർഗവും നിശ്ചയിച്ചിരുന്ന വിശ്വാസങ്ങളും മൂല്യങ്ങളും ഓരോന്നായി തകർന്നു പോവുന്നതിന്റെ ആന്തരിക സംഘർഷങ്ങൾ പിന്നെ ഒരു മത സ്ഥാപനത്തിൽ പഠിച്ചതിൻ്റെ ഓർമകളുമെല്ലാം മത സാമുദായിക സംഘടനകളുടെ പരിപാടികളിൽ നിന്നും അക്കാലത്ത് വിട്ടുനിൽക്കാൻ കാരണമായിട്ടുണ്ട്.

 

എന്നാൽ ആ തീരുമാനവും നിലപാടും ഈ കഴിഞ്ഞ വർഷങ്ങളിൽ ഖേദത്തോടെ തിരുത്തേണ്ടി വന്നു. മത സാമുദായിക സംഘടനകളെയും അവരുടെ വേദികളെയും ബഹിഷ്കരിക്കാനുള്ള തീരുമാനം ഗുണത്തേക്കാളേറെ ദോഷകരമാണ് എന്നു മനസ്സിലാക്കാനും മതേതര പുരോഗമന ഇടങ്ങളെല്ലാം മതേതരത്വം ഉൾവഹിച്ചവയല്ലെന്നു തിരിച്ചറിയാനും ഈ കാലയളവിൽ കഴിഞ്ഞു. മീംമിന്റെ സംഘാടകരോടും ആസ്വാദകരോടും ഇന്നലെ കവിതകളിലൂടെയും വർത്തമാനത്തിലൂടെയും പങ്കുവെച്ച അക്കാര്യങ്ങൾ മീംമിന്റെ വിമർശകരോടും കൂടി ഈ കുറിപ്പിലൂടെ സംവദിക്കാനാവുമെന്നാണ് പ്രതീക്ഷ. അതിനാൽ ഇക്കാലങ്ങളിൽ എന്റെ കവിത നേരിട്ട രണ്ടു പ്രധാന വെല്ലുവിളികളെ കുറിച്ചും മീംമിൽ പങ്കെടുക്കുന്നതിലേക്ക് അവ നയിച്ചതെങ്ങനെ എന്നും പറയാം …

 

മലപ്പുറത്തെ കിഴക്കൻ ഏറനാടിന്റെ ഭാഷയിലും ജീവിതസംസ്കാരത്തിലും വളർന്ന് കഴിഞ്ഞ ആറേഴ് വർഷങ്ങളായി അടുത്തും അകന്നും കവിതയെ പിന്തുടരുന്നുണ്ട് ഞാൻ. ശബ്ദതാരാവലി മറിച്ചു പര്യായങ്ങൾ തിരഞ്ഞു നോക്കിയായിരുന്നു തുടക്കത്തിൽ കവിതയിലേക്കു വഴി കണ്ടെത്താനുള്ള പരിശ്രമങ്ങൾ. ഏറനാട്ടിലെ വർത്തമാനങ്ങളിലെ വാക്കും നോക്കും ഒന്നും ഞാൻ വായിച്ചു പരിചയിച്ച പാഠപുസ്തകങ്ങളിലെ കവിതകളിലുണ്ടായിരുന്നില്ല. നിത്യജീവിതത്തിന്റെ സംസാരഭാഷയോട് അടുത്ത് നിൽക്കുന്ന, നാട്ടുമൊഴിയിൽ മുഴുകി മുഴങ്ങുന്ന ഒരു കാവ്യഭാഷ സാധ്യമാണെന്നും അന്നറിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട്’ഉമ്മമലയാളത്തിൽ’ (പ്രയോഗത്തിന് കടപ്പാട് അൻവർ അലിയ്ക്ക് ) എഴുതിത്തുടങ്ങി നാലു വർഷങ്ങൾക്കു ശേഷം ആദ്യ പുസ്തകം ‘വലിയപള്ളി റോഡ്’ പുറത്തുവന്നപ്പോഴും ഭാഷ തന്നെയായിരുന്നു എഴുത്തിൽ എന്നപോലെ വായനയിലും വെല്ലുവിളി. പുസ്തകം വായിച്ച പലരും പല വാക്കിനും അർത്ഥം തിരിയാതെ തിരിഞ്ഞു. നല്ല കവിത, പക്ഷെ ഒന്നും മനസ്സിലായില്ല എന്ന് വരെ കമന്റുകൾ കിട്ടി!

 

അർത്ഥം മാത്രമായിരുന്നില്ല ആന്തരാർത്ഥങ്ങളും പലർക്കും പിടികിട്ടിയില്ല. ഫൂട്ട്നോട്ടുകൾ ഇല്ലാതെ ഈ കവിതകൾ മനസ്സിലാവില്ലെന്ന് പലരും പരാതിപ്പെട്ടു. ഫൂട്ട്നോട്ടിലൂടെ മാത്രമെ മലയാളിക്ക് കേരളത്തിലെ മുസ്ലിം ജീവിതവും സംസ്കാരവും മനസ്സിലാക്കാനാവൂ എന്ന തിരിച്ചറിവുണ്ടായത് ‘വലിയപള്ളി റോഡി’ലെ കവിതകളിലെ പുരാവൃത്തങ്ങൾ മലയാളത്തിലെ കവിതാ വായനക്കാരിൽ ഏറെപ്പേർക്കും സുപരിചിതമല്ലെന്നു മനസ്സിലായപ്പോഴാണ്. ഹിന്ദുപുരാണങ്ങളിലെയും ബൈബിളിലെയുമെല്ലാം പുരാവൃത്തങ്ങൾ കടന്നുവരുന്ന ധാരാളം കവിതകൾ റഫറൻസുകൾ ഇല്ലാതെ തന്നെ വായിച്ചതിന്റെ ഓർമ്മയിലാണ് ആദ്യ പുസ്തകത്തിൽ പല കവിതകളിലും റഫറൻസുകൾ വേണ്ടെന്നുവെച്ചത്. എന്നാൽ ഓണത്തിന്റെയും വിഷുവിന്റെയും ക്രിസ്തുമസിന്റെയും ഈസ്റ്ററിന്റെയും എല്ലാം പുരാവൃത്തങ്ങൾ അറിയുന്ന മലയാളിക്ക് ചെറിയ പെരുന്നാളും വലിയ പെരുന്നാളും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ലെന്ന് എനിക്കറിയില്ലായിരുന്നു.

 

ഭരണകൂടങ്ങൾ ജാതി കോളനികൾ സൃഷ്ടിച്ചു നിലനിർത്തുമ്പോഴും ജാതി സാമുദായിക വ്യത്യാസം ഇല്ലാതെ ഇടകലർന്നു ജീവിക്കാനുള്ള ഇടങ്ങളുള്ള കേരളത്തിൽ പോലും മുസ്ലിം ജീവിതവും സംസ്കാരവും മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ആലോചന എന്നെ അലട്ടി തുടങ്ങിയത് ആദ്യ പുസ്തകത്തിന് ലഭിച്ച പ്രതികരണങ്ങളിലൂടെയാണ്. രണ്ടുത്തരങ്ങളിൽ ആലോചനകൾ ചെന്നെത്തി. ഒന്ന്, കേരളീയ സമൂഹത്തിൽ മുസ്ലിം ജനവിഭാഗത്തോടു പൊതുവായുള്ള അന്യതാബോധം. രണ്ട്, മുസ്ലിം ജീവിതത്തിൻ്റെ ഗോത്രസ്വഭാവം. ഈ രണ്ടു മനോഭാവങ്ങളും കേരളത്തിലെ മുസ്ലിം ജനവിഭാഗങ്ങളെ കുറിച്ചുള്ള പൊതുബോധ നിർമിതിയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

 

തെക്കൻ നാട്ടുകാരിയായ, ക്രൈസ്തവ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു കൂട്ടുകാരി കുട്ടിക്കാലത്ത് മുസ്ലിങ്ങളെ കുറിച്ച് വീട്ടിൽ നിന്നും കേട്ട ഭീതികഥകൾ ഒരിക്കൽ പങ്കുവയ്ക്കുകയുണ്ടായി. അന്വേഷിച്ചപ്പോൾ സുഹൃത്തുക്കൾക്കിടയിൽ തന്നെ അത്തരം കഥകൾ വിശ്വസിച്ചു വളർന്നവർ ഏറെയുണ്ട്. പഴയ സംസ്കൃത കൃതികളിൽ പോലും മുസ്ലിംഭീതി കടന്നുവരുന്നതായി സംസ്കൃത പണ്ഡിതനും സാംസ്കാരിക വിമർശകനുമായ ഡോ. ടി. എസ് ശ്യാംകുമാർ നിരീക്ഷിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളുടെ അന്യതാബോധത്തിലൂടെ വളർന്ന ഭീതിയും വെറുപ്പും കേരളത്തിലെയും ഇന്ത്യയിലെയും മുസ്ലീങ്ങളെ ഇന്നും വേട്ടയാടികൊണ്ടിരിക്കുന്നു.

 

ഇന്ത്യയിലെ നവഫാസിസ്റ്റുകൾ പരസ്യമായി പ്രകടിപ്പിക്കുന്ന മുസ്ലിംങ്ങൾക്കെതിരായ വിദ്വേഷം കേരളത്തിലെ പല മതേതര പുരോഗമന ഇടങ്ങളിലും വക്താക്കളിലും പ്രകടമായി കണ്ടു തുടങ്ങിയപ്പോഴാണ് മുസ്ലിങ്ങളോടുള്ള അന്യതാബോധത്തിൻ്റെ പരിണിതികളെ കുറിച്ച് കുറേക്കൂടെ ഗൗരവത്തോടെ ആലോചിക്കുന്നത്. വലിയ തോതിലുള്ള രാഷ്ട്രീയ അധികാരം നേടാനാവാത്ത കേരളത്തിൽ പോലും ആഴത്തിലുള്ള സാംസ്കാരിക സ്വാധീനം നേടാൻ നവ ഫാസിസ്റ്റുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നു വെളിപ്പെടുത്തുന്നതാണ് പുരോഗമന മതേതര ഇടങ്ങളിലും വക്താക്കളിലുമുള്ള മുസ്ലിങ്ങൾക്കെതിരായ ഈ അപരബോധം. എൻ. ഇ. സുധീറിനെ പോലെയുള്ളവർ മീംമിനെ മതതീവ്രവാദികളുടെ വേദിയായി കാണുന്നത് ഈ അപരബോധത്തിൻ്റെ തിമിരത്താലാണ്.

 

ഗൾഫ് കുടിയേറ്റത്തിലൂടെ മുസ്ലീങ്ങൾക്കിടയിലുണ്ടായ സാമ്പത്തിക പുരോഗതിയും ജീവിത നിലവാരത്തിലെ ഉയർച്ചയും, ത്വരിതഗതിയിലുണ്ടായ പള്ളികളുടെ നിർമ്മാണവും കേരളത്തിൽ മുസ്ലിം ഭീതിക്കും അസൂയയ്ക്കു കാരണമായിട്ടുണ്ടെന്ന് കലാവിമർശകനും സാംസ്കാരിക വിമർശകനുമായ ജോണി എം. എൽ നിരീക്ഷിച്ചിട്ടുണ്ട്. വയനാട്ടിലെ മഹാദുരന്തസമയത്ത് പോലും വർഗീയ കേന്ദ്രങ്ങളിൽ നിന്നും ചില മതേതര പുരോഗമന ഇടങ്ങളിൽ നിന്നും ഉണ്ടായ ഇസ്ലാമോഫോബിക്കായ വിചാരണകളും പ്രചാരണങ്ങളും അതിനു തൊട്ടു മുൻപേ നിർമ്മല കോളേജ് നിസ്ക്കാര വിവാദത്തിൽ മതേതര പുരോഗമന വിശ്വാസികൾ പൊതുവെ പ്രകടിപ്പിച്ച ഹിന്ദുത്വ ചാനലുകൾക്ക് സമാനമായ വിചാരധാരകളും വടക്കേ ഇന്ത്യയിൽ നിന്നും കേരളത്തിലേക്ക് അധിക ദൂരം ഒന്നുമില്ലെന്ന് ഓർമ്മപ്പെടുത്തുന്നു.

 

അതേസമയം സാമുദായികമായുള്ള ഗോത്രബോധത്തെ മറികടന്ന് മുസ്ലിം സാംസ്കാരിക ജീവിത പശ്ചാത്തലങ്ങളിൽ നിന്നുള്ള സർഗാത്മക സൃഷ്ടികൾ പുറത്തു ‘കണ്ടു’ തുടങ്ങി. മലയാള സിനിമയിലെ മുസ്ലിം സ്വത്വ നിർമ്മിതികൾ തകർക്കപ്പെടുകയും തിരുത്തപ്പെടുകയുമുണ്ടായി. പുതുതലമുറയുടെ ആവേശമായ റാപ്പുകളിൽ പോലും മുസ്ലിം ജീവിത സംസ്കാരത്തിൻ്റെ അടരുകൾ കേൾവിപ്പെട്ടു. സമാന്തരമായി കവിതയിലും ഈ മുന്നേറ്റം നടക്കുന്നുണ്ടായിരുന്നു. കവിത കമ്പോളത്തിന് പുറത്തായതുകൊണ്ട് അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ല എന്നുമാത്രം. അതിനാൽ ഗോത്ര ബോധത്തിൽ നിന്നുള്ള പുറത്തുകടക്കലിന്റെ, ആത്മപ്രകാശനത്തിൻ്റെയും ഭാഗമായാണ് മീം പോലെ ഒരു കവിയരങ്ങിനെ ഇന്നു ഞാൻ സമീപിക്കുന്നത്.

 

മലയാള കവിതയുടെ ചരിത്രം ജനാധിപത്യവൽക്കരണത്തിന്റെ ചരിത്രമാണെന്നും സവർണ്ണ ഹൈന്ദവമായിരുന്ന മലയാള കവിത, വിവിധ സമുദായങ്ങൾ കൈവരിച്ച വിദ്യഭ്യാസ, സാമൂഹിക പുരോഗതിയിലൂടെ പടിപടിയായി വികസിച്ചു വന്നതാണെന്നും കവി പി.രാമൻ നിരീക്ഷിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മലയാള കവിതയുടെ വികാസ ചരിത്രത്തെ കുറേക്കൂടെ വിസ്തൃതപ്പെടുത്തുന്നുണ്ട് ഇപ്പോൾ മലയാള മുഖ്യധാരാ കവിതയിൽ ഇടപെടുന്ന മുസ്ലിം ജീവിതപശ്ചാത്തലത്തിൽ നിന്നു വരുന്ന, വന്നുകൊണ്ടിരിക്കുന്ന കവികൾ. ഇത്രകാലവും അടച്ചുവച്ച ജീവിതാനുഭവങ്ങളെ, ആന്തരികവും, സാമൂഹികവുമായ സംഘർഷങ്ങളെയെല്ലാം അവർ തന്മയത്വത്തോടെ ആവിഷ്കരിക്കുമെന്ന് തന്നെയാണ് എൻറെ പ്രതീക്ഷ. മീം ആവും അതിൻ്റെ കേന്ദ്രം എന്നൊന്നും ഇതിനാൽ അർത്ഥമാക്കുന്നില്ല. യഥാർത്ഥത്തിൽ ഇതൊരു രണ്ടാം വരവാണ്. മുസ്ലിം ജീവിത സംസ്കാരത്തിൽ നിന്നും മലയാളത്തിൽ കവിതകൾ എഴുതിയ പുലിക്കോട്ടിൽ ഹൈദറിനെയും ഇച്ഛ മസ്താനെയും പോലെ മുഖ്യധാര മലയാളം തിരസ്കരിച്ച മഹാകവികളെ വീണ്ടെടുക്കാൻ കൂടിയുള്ളതാണ് ഈ തിരിച്ചു വരവ്.

 

ജനാധിപത്യവൽക്കരണത്തിന്റെ ഈ പ്രക്രിയയിൽ എല്ലാ സമുദായങ്ങളും ഒരേ വേഗതയിൽ അല്ല പ്രവർത്തിക്കുന്നത്. പടിപടിയായാണ് ഓരോ സമുദായങ്ങളിൽ നിന്നും മലയാളത്തിൽ കവികൾ ഉണ്ടായിട്ടുള്ളതും വ്യത്യസ്തങ്ങളായ ജീവിത പശ്ചാത്തലങ്ങൾ ആവിഷ്കരിക്കപെട്ടിട്ടുള്ളതും. ജനാധിപത്യപൂർവ്വ സ്ഥാപനങ്ങൾ ആയ മത കുടുംബഘടനകളിൽ നിലനിൽക്കുന്ന കേരളീയ സമൂഹവും അതിനകത്തെ വിവിധ സമുദായങ്ങളും ഇന്നും പൂർണ്ണമായും ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ അതിനുള്ള ശ്രമങ്ങൾ പലനിലകളിൽ തുടരുന്നുണ്ട്. സവർണ്ണ പുരുഷന്മാരുടെത് മാത്രമായിരുന്ന മലയാള കവിതയിലേക്ക് സ്ത്രീകളും ദളിതരും ഇന്ന് ക്വീർ വ്യക്തികളും എല്ലാം കടന്നുവരുന്നത് ഈ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായാണ്. എന്നാൽ

നൂറ്റാണ്ടുകളുടെ പിന്തുടർച്ചയുള്ള ജാതി സമുദായിക ബോധ്യങ്ങളിൽ നിന്നും ജനാധിപത്യ ബോധ്യങ്ങളിലേക്കുള്ള വികാസം ത്വരിതഗതിയിൽ സാധ്യമാകുന്നയൊന്നല്ല. അതിനുള്ള വഴി നിരന്തര സംവാദമല്ലാതെ ബഹിഷ്ക്കരണമല്ല.

 

ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായി ഇന്ന് എല്ലാം മേഖലകളിലും തുല്യപ്രാധിനിത്യം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാണ്. എങ്കിലും നമ്മുടെ ഭരണ സംവിധാനങ്ങളിൽ പോലും ഇന്നും സ്ത്രീകൾക്ക് തുല്യപ്രാധിനിത്യം നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ ഏറ്റവും സ്വാധീനം നേടിയിട്ടുള്ള കലാപ്രസ്ഥാനമായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ തലപ്പത്ത് പോലും ഇന്ന് ഒരു സ്ത്രീയോ ക്വീർ വ്യക്തിയോ ഇല്ല. അതിനാൽ മീം കവിയരങ്ങിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാധിനിത്യമില്ല എന്നുള്ളതും ക്വീർ വ്യക്തികൾക്ക് ഇടമില്ല എന്നുള്ളതും പ്രശ്നവത്കരിക്കുമ്പോൾ തന്നെ അക്കാരണത്താൽ മാത്രം അതിലൂടെ സാധ്യമാകുന്ന നവീകരണ സാധ്യതകളെല്ലാം തള്ളിക്കളയാൻ ഞാൻ തയ്യാറല്ല. കാരണം പൂർണ്ണമായും ജനാധിപത്യവൽക്കപ്പെടാത്ത സമുദായങ്ങളെയെല്ലാം ബഹിഷ്കരിച്ചു കൊണ്ട് ഒരു സാമൂഹ്യ പുരോഗമനവും സാധ്യമല്ല. എന്നുമാത്രമല്ല അത്തരം ശ്രമങ്ങൾ വിപരീതഫലം നൽകും. മീം കവിയരങ്ങിനെ തുടർന്നുണ്ടായ വിവാദങ്ങൾ നവ ഫാസിസ്റ്റ് വക്താക്കൾ ഉപയോഗപ്പെടുത്തിയത് എങ്ങനെയെന്ന് നിരീക്ഷിച്ചാൽ തന്നെ അതു ബോധ്യപ്പെടും.

 

അതേസമയം ഈ നവീകരണ ശ്രമങ്ങളെ വിഭാഗീയവത്കരണമായി ചിത്രീകരിക്കുന്നവർ കാണാതെ പോകുന്നത് മലയാള കവിതയുടെ ജനാധിപത്യവൽക്കരണത്തിന്റെ വികാസ ചരിത്രത്തെയാണ്. പ്രവാചകനെ കുറിച്ച് കവിതകൾ ഉണ്ടാവുന്നത് പിറകോട്ടുള്ള സഞ്ചാരമാണെന്ന് മുദ്രകുത്തുന്നവർ മതേതരത്വം എന്നുള്ളത് മതരഹിത വ്യവസ്ഥയാണെന്ന് തെറ്റിദ്ധരിച്ചിട്ടുള്ളവരാണ്. എല്ലാവരും നിരീശ്വരവാദികളായ ഒരു മതേതര വ്യവസ്ഥയെ സ്വപ്നം കാണുന്നവർക്ക് വ്യത്യസ്തങ്ങളായ സ്വത്വബോധങ്ങളെ തിരിച്ചറിയാനും അംഗീകരിക്കുവാനും കഴിയില്ല എന്നു മാത്രമല്ല അവയുമായി സംവാദവും സാധ്യമാകില്ല. എന്നാൽ എല്ലാ അനുഭവലോകങ്ങളെയും ആവിഷ്കരിക്കുവാനുള്ള ഇടമാണ് കവിത. അവിടെ കൃഷ്ണനും ബുദ്ധനും യേശുവിനും മാത്രമല്ല മുഹമ്മദിനും മീംമിനും ഇടമുണ്ട്.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

സീതാറാം യെച്ചൂരി; വർഗീയശക്തികൾ വീണ്ടും വീണ്ടും ഓർക്കേണ്ട പേരാണത്

Next Post

നീഹോൺ ഹിഡാൻക്യോ: അണുവായുധങ്ങൾക്കെതിരെ നോബൽ പുരസ്കാരം

ആദിൽ മഠത്തിൽ

ആദിൽ മഠത്തിൽ

യുവ കവി, എഴുത്തുകാരൻ

Next Post
നീഹോൺ ഹിഡാൻക്യോ: അണുവായുധങ്ങൾക്കെതിരെ നോബൽ പുരസ്കാരം

നീഹോൺ ഹിഡാൻക്യോ: അണുവായുധങ്ങൾക്കെതിരെ നോബൽ പുരസ്കാരം

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact