രണ്ടാം ലോകമഹായുദ്ധത്തിലെ വിനാശകരമായ അമേരിക്കയുടെ ജപ്പാനിലെ അണുവർഷത്തെ അതിജീവിച്ചവരുടെയും പരിക്കേറ്റവരുടെയും കൂട്ടായ്മയായ ‘ഹിബാകുഷ’ രൂപം നൽകിയ സംഘടനയായ ‘നിഹോൺ ഹിഡാൻക്യോ’യെയാണ് 2024 ലെ സമാധാന നോബൽ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം കൈവരിക്കാനുള്ള ശ്രമങ്ങൾക്കും ആണവായുധങ്ങൾ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്ന് സാക്ഷിമൊഴികളിലൂടെ തെളിയിച്ചതിനുമാണ് ജപ്പാനിലെ ഈ സംഘടനയ്ക്ക് നോബൽ പുരസ്കാരം ലഭിച്ചത്.
“ആണവായുധങ്ങൾ ലോകത്ത് സമാധാനം കൊണ്ടുവരുമെന്ന് ചിലർ പറയുന്നു. അണുവായുധങ്ങൾ ഉപയോഗിക്കുന്നത് തീവ്രവാദികളാണ്. റഷ്യ ഉക്രൈനെതിരെയും ഇസ്രായേൽ ഗസക്കെതിരെയും അണുവായുധം പ്രയോഗിച്ചാലും യുദ്ധം അവസാനിക്കുകയില്ല, രാഷ്രീയക്കാർ ഇതു മനസ്സിലാക്കണമെന്നും സംഘടനയുടെ പ്രതിനിധി മാധ്യമങ്ങളോടു പറഞ്ഞു.
1945 ലെ ഹിരോഷിമ, നാഗസാക്കി ആക്രമണങ്ങൾക്കു ശേഷം വിനാശകരമായ അണുവായുധങ്ങൾ ഉപയോഗിക്കുന്നതിൻ്റെ മാനുഷിക പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ ബോധവത്കരിക്കുന്നതിനും അതിന്റെ സന്ദേശം ലോകത്താകമാനം അറിയിക്കുന്നതിനുമാണ് ഈ സംഘടന രൂപീകരിച്ചത്. ഐക്യരാഷ്ടസഭയിൽ ഇതു സംബന്ധിച്ച് പല തവണ സമ്മർദം ചെലുത്താനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.
ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ഇസ്രായേലിന്റെ ഫലസ്തീൻ വംശഹത്യ ഒരു വർഷം പിന്നിടുമ്പോൾ ഫലസ്തീനിൽ മാത്രം 40,000 പേർ മരണപ്പെടുകയും അതിനോളം മനുഷ്യർ ജീവച്ഛവമാവുകയും ചെയ്തു. ഇസ്രായേലിനെ കൈയഴിഞ്ഞു സഹായിക്കുന്ന ഇതേ അമേരിക്ക തന്നെയാണ് ജപ്പാനിലും അണുവർഷം നടത്തിയത്. എല്ലാവിധ യുദ്ധനിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര കോടതിയുടെയും നിയമങ്ങളും ശാസനകളും കാറ്റിൽ പറത്തി ഫലസ്തീനിൽ നിന്നും ലെബനാനിലേക്കും ഇറാനിലേക്കും ഇസ്രായേൽ സംഹാരതാണ്ഡവം വ്യാപിപ്പിക്കുകയും ചെയ്തു. ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് പോകുന്നവണ്ണം ബെഞ്ചമിൻ നെതന്യാഹു അണുവർഷത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ഇങ്ങനെ രക്തരൂക്ഷിതമായ വർത്തമാനകാലത്ത് നോർവീജിയൻ നോബൽ സമിതി ‘നിഹോൺ ഹിഡാൻക്യോ’ ക്ക് നൽകിയ സമാധാനപുരസ്കാരത്തിന് ഏറെ രാഷ്ട്രീയപ്രസക്തിയുണ്ട്. 2017 ലും സമാനമായി ഓസ്ട്രേലിയ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ‘ഐ സി എ എൻ’ എന്ന സംഘടനക്കും അണുവായുധങ്ങൾക്കെതിരെയുള്ള പോരാട്ടത്തിനു നോബൽ പുരസ്‌കാരം ലഭിച്ചിരിന്നു


