ഇന്ത്യയിൽ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ രാഷ്ട്രീയ ബുദ്ധിജീവികൾ ശിഥിലീകരണത്തിന്റെ വക്കിലെത്തിയെന്നു മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിക്കൊണ്ടല്ല സീതാറാം യെച്ചൂരിയ ഈ അനുശോചന സമയത്തെങ്കിലും വിലയിരുത്തേണ്ടത്. 400 എന്ന സ്വപ്നസംഖ്യ സ്വപ്നം കണ്ട പുതിയ വർഗീയശക്തികൾക്കു വിയർക്കാനും വിപരീത ആശയങ്ങളുള്ള പാർട്ടികളെ കൂട്ടിപ്പിടിച്ചുകൊണ്ട് ഗവൺമെന്റ് രൂപീകരിക്കാനുമുള്ള ഗതികേടിലേക്കെത്തിച്ച, മതേതര സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ച യഥാർത്ഥ ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ചരടുവലിക്കാരനായിക്കൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പങ്കിനെ രേഖപ്പെടുത്തേണ്ടത്.
അഗാധമായ അറിവും അക്കാദമിക നിലവാരവും, പ്രഭാഷണശൈലിയും അദ്ദേഹത്തിനെ രാജ്യത്തിന്റെ മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭാരവാഹിത്വത്തിലേക്ക് എത്തിക്കുകയായിരുന്നു. ആശയങ്ങൾ കൊഴിഞ്ഞുണങ്ങിയ ആദർശങ്ങളിൽ കറപുരണ്ട ഇന്നത്തെ ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും വിഭിന്നമായ ധാർമിക ആശയങ്ങൾ ഉയർത്തിപ്പിടിക്കാനും യഥാർത്ഥ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങൾക്ക് ചിറകു വിരിക്കാനുമായ ഇന്ത്യയിലെ പ്രഗത്ഭനായ കമ്മ്യൂണിസ്റ്റ് ചിന്താ ബുദ്ധിജീവികളിൽ, ആയോഗികവാദികളിൽ, ആശയത്തിന്റെ കർക്കശ്യം വിട്ടൊഴിയാത്ത സൗമ്യമുഖമായി സീതാറാം യെച്ചൂരി ഇപ്പോഴും ശോഭിച്ചു നിൽക്കുന്നു.

1952 ഓഗസ്ത് 12-ന് ചെന്നൈയിലെ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് യെച്ചൂരി ജനിച്ചത്. അച്ഛൻ സർവേശ്വാര സോമയാജുലു യെച്ചൂരി സർക്കാരിൽ മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു. അമ്മ കൽപ്പാക്കം യെച്ചൂരി സർക്കാർ ഉദ്യോഗസ്ഥയും സാമൂഹികപ്രവർത്തകയുമായിരുന്നു. ചെറ്റക്കുടിലിൽ പട്ടിണി കിടന്ന് ആശയങ്ങൾ അയവിറക്കിപ്പോന്ന പരമ്പരാഗത കമ്മ്യൂണിസ്റ്റ് സാങ്കൽപ്പിക പാരമ്പര്യമൊന്നും സീതാറാം യെച്ചൂരിക്കുണ്ടായിരുന്നില്ല. മധ്യവർഗ കുടുംബത്തിലെ സംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന മാതാപിതാക്കളുടെ സുഖലോലുപ ജീവിതാനുഭവങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം.1969-ൽ പ്രസിഡന്റ് എസ്റ്റേറ്റിലെ സ്കൂളിൽ നിന്നാണ് പത്താം ക്ലാസ് വരെയുള്ള പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസ് പഠനത്തിനു ശേഷം ഡൽഹിയിലാണ് തുടർപഠനം നടത്തിയത്. ഹയർ സെക്കണ്ടറിക്ക് പഠിക്കുമ്പോൾ സി ബി എസ് ഇ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിക്കൊണ്ടാണ് യെച്ചൂരി തന്റെ അക്കാദമിക മികവ് തെളിയിച്ചത്.
സ്കൂൾ പഠനത്തിനു ശേഷം യെച്ചൂരി ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനുമായാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചേർന്നത്. ഇവിടെവെച്ചാണു മാർക്സിസത്തിൽ ആകൃഷ്ടനായത്. അവിടെവെച്ചൊരു ദീർഘവീക്ഷിയായ കമ്മ്യൂണിസ്റ്റുകാരന്റെ ഉദയമായിരുന്നു.
ഇടതുവിദ്യാർത്ഥി സംഘടനകൾക്കു ശക്തമായ വേരോട്ടമുണ്ടായിരുന്ന ജെ.എൻ.യു കാമ്പസ് അടിയന്തരാവസ്ഥക്കാലത്ത് തിളച്ചുമറിഞ്ഞപ്പോൾ, അദ്ദേഹം തീപ്പൊരി നേതാവായി ഉയരുകയായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുമ്പ് അറസ്റ്റിലായി. അന്നു മുതൽക്കേ പ്രകാശ് കാരാട്ടുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതാണ് പാർട്ടിയിലേക്കടുപ്പിച്ചത്.അടിയന്തരാവസ്ഥയ്ക്കു ശേഷം 1977-ൽ ആദ്യമായി നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേതാവ് ഡി.പി. ത്രിപാഠി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് യെച്ചൂരിയും ജെ.എൻ.യുവിലെ കാമ്പസ് തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയുടെ തുടക്കം അവിടെ കുറിക്കപ്പെടുകയായിരുന്നു. തൊട്ടടുത്ത വർഷം അദ്ദേഹം എസ്.എഫ്.ഐ പ്രസിഡന്റായി. 1878-79 കാലയളവിൽ നടന്ന മൂന്നു തിരഞ്ഞെടുപ്പിലും അദ്ദേഹമായിരുന്നു പ്രസിഡന്റ്. 1978-ൽ എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. ഉയർന്ന വേതനമുള്ള തൊഴിലുകൾ ലഭിക്കുമായിരുന്നിട്ടും രാഷ്ട്രീയപാതയിലാണ് യെച്ചൂരി ഉറച്ചുനിന്നത്.
യെച്ചൂരിയുടെ രാഷ്ട്രീയ വളർച്ച വളരെ വേഗത്തിലായിരുന്നു.1984ൽ എസ്.എഫ്.ഐ യുടെ ദേശീയ പ്രസിഡന്റായ അതേ വർഷം തന്നെ, സി പി എം കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായതോടെ സി പി എം മുഖ്യധാര കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുപ്പം സൃഷ്ടിക്കാൻ യുവാവായ യെച്ചൂരിക്കു സാധിച്ചു.

അനിതര സാധാരണമായ സംഘാടനശേഷിയും പ്രത്യയശാസ്ത്ര വ്യക്തതയും പ്രശ്നപരിഹാരപാടവും ഉള്ളതുകൊണ്ടു തന്നെയാണ് വളരെ ചെറുപ്പത്തില്‍, 33-ാം വയസ്സില്‍ യെച്ചൂരി പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തിയത്. 40-ാം വയസ്സില്‍ പാര്‍ട്ടിയുടെ പി ബിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതും ഇതുകൊണ്ടുതന്നെ. അതിവിപുലമായ വായനയിലൂടെ ലോകചരിത്രവും ഇന്ത്യാചരിത്രവും സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ പരിണാമത്തിന്റെ ചരിത്രവഴികളും ഹൃദിസ്ഥമാക്കിയ യെച്ചൂരി സമകാലിക കാര്യങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും അപഗ്രഥന കാര്യത്തില്‍ അവയൊക്കെ ഫലപ്രദമാം വിധം ഉപയോഗിച്ചു.
2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. ജനകീയ പ്രശ്‌നങ്ങളിലും ഹിന്ദുത്വ വര്‍ഗീയതയ്ക്കും നവ ഉദാരവത്കരണ നയങ്ങള്‍ക്കുമെതിരെ പാര്‍ലമെന്റിനുള്ളിലും പുറത്തും മികച്ച ഇടപെടലുകള്‍ നടത്തിയ അദ്ദേഹം, മൂന്നുതവണ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്കിസ്റ്റിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ബംഗാളിൽ പാർട്ടി നിറം വറ്റിപ്പോയ കാലത്ത് മമതയോട് പിടിച്ചുനിൽക്കാനാവാതെ, ത്രിപുരയിൽ വേരറ്റ് പോയ പാർട്ടിയെ പുനരുജീവിപ്പിക്കാനായി ചരിത്രത്തിൽ എങ്ങും ഇല്ലാത്ത രീതിയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രതിസന്ധി നേരിടുന്ന കാലത്താണ് യെച്ചൂരി ആ മുൾക്കിരീടം തലയിൽ അണിയുന്നത്.
വിഎസിനെ മുൻനിർത്തി 2016 ൽ തിരഞ്ഞെടുപ്പ് നേരിട്ട കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി കസേരക്കായി പാർട്ടിയിലുള്ള അപശബ്ദങ്ങൾ ഒതുക്കാൻ യെച്ചൂരി കേരളത്തിൽ എത്തുകയായിരുന്നു. വിഎസിനെ ഒപ്പം ഇരുത്തിക്കൊണ്ട്, വി എസിന് എല്ലായ്പ്പോഴും താങ്ങായി നിന്ന യെച്ചൂരി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാകുമെന്ന് പ്രഖ്യാപിക്കുമ്പോൾ, അടുത്തതായി അദ്ദേഹം പറഞ്ഞ വാക്കുകളെ സംയമനത്തോടെയാണ് വിഎസ് അണികൾ കേട്ടുനിന്നത്. “വിഎസ് കേരളത്തിന്റെ ഫിഡൽ കാസ്ട്രോയാണ്, തെറ്റി തിരുത്തിക്കൊണ്ട് മാർഗനിർദേശം നൽകിക്കൊണ്ട് വിഎസ് എന്നും പാർട്ടിക്കൊപ്പം ഉണ്ടാകും.” അവിടെയാണ് യെച്ചൂരിയുടെ നേതൃത്വ മികവ് പ്രകടമാകുന്നത്. രാഷ്ട്രീയ പക്വത വറ്റാതെ, അന്നത്തെ വിജയത്തെ മാധ്യമങ്ങൾക്കു പോസ്റ്റ്മോർട്ടം ചെയ്യാൻ വിട്ടുകൊടുക്കാതെ, കേരളത്തിലെ പാർട്ടി ഭിന്നതയുടെ ഉൾപ്പിരിവുകൾ രമ്യതയിൽ പരിഹരിക്കാൻ അദ്ദേഹത്തിനായി.
അദ്ദേഹത്തിന്റെ മരണത്തിന് അനുശോചനം അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധി എഴുതിയ വൈകാരികക്കുറിപ്പ് കാലിക ദേശീയ രാഷ്ട്രത്തിൽ അദ്ദേഹത്തിന്റെ വിടവ് എത്രമാത്രം പ്രകടമാകുമെന്നത് തെളിവാക്കുന്നതാണ്.”സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു. നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള ‘ഇന്ത്യ’ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു. ഞങ്ങള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ എനിക്കിനി നഷ്ടമാകും” എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ അനുശോചനക്കുറിപ്പിന്റെ പ്രസക്ത വരികൾ. ഇന്ത്യയുടെ ഉരുക്കു വനിത മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ചെറുത്തു തോൽപ്പിക്കുവാൻ ഇറങ്ങിത്തിരിച്ച ഒരു ചെറുപ്പക്കാരൻ, അതേ പ്രധാനമന്ത്രിയെ മുൻനിർത്തിക്കൊണ്ട് അവർ ചെയ്ത കുറ്റപത്രം വായിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും ആശയമൂർച്ചയുടെ വർണാഭത്തോടെ സോഷ്യൽ മീഡിയയിൽ തിളങ്ങുകയാണ്. അടിസ്ഥാന വർഗത്തിനൊപ്പം നിന്ന് ജനാധിപത്യ ഹിംസകളെ വകവരുത്തി കൊണ്ട് മതേതര മൂല്യത്തിനായി നിലകൊണ്ട രാഷ്ട്രീയ മനുഷ്യനാണ് സീതാറാം യെച്ചൂരി.
വർഗീയവാദികൾ ആ പേര് കേട്ടാൽ ഭയപ്പെടേണ്ടതുണ്ട്. കാരണം അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയം മതേതരത്വത്തിനൊപ്പമായിരുന്നു. രാജ്യം ഹിന്ദുത്വ രാജ്യത്തിലേക്കുള്ള സഞ്ചാരപാതയിലേക്ക് നീങ്ങുന്നതിനെ തലങ്ങും വിലങ്ങും വിമർശിച്ച വിപ്ലവകാരിയായ നേതാവാണദ്ദേഹം.
സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു നിലപാട് പറയാൻ മാധ്യമങ്ങൾ അദ്ദേഹത്തിനെ കാത്തുനിൽക്കേണ്ടി വന്നിട്ടില്ല. മാധ്യമത്തിനെ കാത്തു നിൽക്കാൻ അദ്ദേഹവും നിന്നില്ല. വേഗത്തിലും ചടുലത്തിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കുകളെ നിയമത്തിന്റെ പിൻബലത്തോടെ മറികടന്ന് യെച്ചൂരി കശ്മീരിലെത്തിരുന്നു . അന്ന് ആദ്യമായി കശ്മീരിന്റെ നേർചിത്രം പുറംലോകം അറിഞ്ഞത് യെച്ചൂരിയിലൂടെയായിരുന്നു. പിന്നീട് പൗരത്വ ഭേദഗതി നിയമം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ, സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ദേശീയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പോർമുഖം തുറക്കാൻ യെച്ചൂരി മുൻപന്തിയിലുണ്ടായിരുന്നു. പൊതുമേഖലാസ്ഥാപനങ്ങളുടെ വില്പന, വിദേശനയം, ആണവനയം എന്നിവയിലൊക്കെയുള്ള യെച്ചൂരിയുടെ ഇടപെടലുകൾ കൂടുതൽ കാർക്കശ്യമാർന്നതായിരുന്നു.

“ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യമുയർത്തുന്നവർ മാത്രമെങ്ങനെ രാജ്യസ്നേഹികളാകുന്നു. ഞങ്ങൾ ജയ്ഹിന്ദ് വിളിക്കുമ്പോൾ എന്തുകൊണ്ട് രാജ്യസ്നേഹ പ്രഖ്യാപനം ആകുന്നില്ല. ഭഗത് സിങ്ങിന്റെ ഇൻക്വിലാബ് സിന്ദാബാദ് എന്തുകൊണ്ടാണ് ദേശസ്നേഹം സ്ഫുരിക്കുന്ന മുദ്രാവാക്യമാകാത്തത്. അദ്ദേഹം രാജ്യസ്നേഹിയായിരുന്നില്ലേ.. എന്ത് മുദ്യാവാക്യം വിളിക്കുന്നുവെന്നതിന്റെ പേരിൽ ഈ രാജ്യത്തെ ജനങ്ങളിൽ വേർതിരിവ് കാട്ടരുത്. ഒരാൾ രാജ്യസ്നേഹിയാണെന്നതിന് ഒറ്റ അർത്ഥമേയുള്ളു, അയാൾ ഇന്ത്യയെ സ്നേഹിക്കുന്നു. ഹിന്ദു ദേശീയതയ്‌ക്കായല്ല, ഇന്ത്യൻ ദേശീയതയ്‌ക്കു വേണ്ടിയാണു നാം നിലകൊള്ളേണ്ടത്. ഇന്ത്യൻ ദേശീയതയെ പരിപോഷിപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അത് ചെയ്യാതെ വെറുപ്പ് പടർത്തുന്നതുകൊണ്ടാണ് ഈ രാജ്യത്ത് ആൾക്കൂട്ടക്കൊലകൾ നടക്കുന്നത്”. 2017 ജൂലൈ 19ന് രാജ്യസഭയിൽ നടന്ന ചർച്ചയിൽ സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗമാണിത്. മതേതര സങ്കൽപ്പത്തിനെതിരെ നിൽക്കുന്ന സകലമാന ശക്തികൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും എതിരായിരുന്നു യെച്ചൂരിയുടെ രാഷ്ട്രീയം.
സീതയും രാമനും പേരിലുള്ള യെച്ചൂരി ഹിന്ദുത്വ രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുന്നത് വർഗീയ ശക്തികളെ തെല്ലൊന്നുമായിരുന്നില്ല ചൊടിപ്പിച്ചിട്ടുള്ളത്. ആ പേരുകാരൻ എങ്ങനെ ഒരു കമ്യൂണിസ്റ്റായെന്നും ഒരിക്കൽ യെച്ചൂരി അതേ സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ഞാൻ ജനിച്ചത് ഒരു ഹൈന്ദവ പാരമ്പര്യമുള്ള കുടുംബത്തിലാണ്. വേദപഠനം പൂർത്തിയാക്കി പതിനൊന്നാം വയസ്സിൽ പൂണൂൽധാരണം നടത്തി. എല്ലാ വേദങ്ങളും പഠിച്ചു. സീതാറാം എന്ന പേരോടെ, എല്ലാ വേദങ്ങളും അറിയുന്ന ഞാൻ എന്തിനാണ് ഒരു കമ്യൂണിസ്റ്റായി വളർന്നതെന്നു നിങ്ങൾ ചോദിക്കുന്നു. ഇതെല്ലാം പഠിച്ചതുകൊണ്ടാണ് കമ്യൂണിസ്റ്റായതെന്നാണ് എന്റെ മറുപടി. പഠിച്ചതൊന്നും ഇനിയും പഠിപ്പിക്കാൻ ശ്രമിക്കേണ്ടതില്ല. പകരം വാദപ്രതിവാദങ്ങളിലോ തർക്കത്തിലോ ഏർപ്പെടണമെങ്കിൽ നിങ്ങൾക്കു സ്വാഗതം. അങ്ങനെയേ നമ്മുടെ തത്ത്വശാസ്ത്രം വളരൂ.” ആശയസംവാദങ്ങളും പക്വ രാഷ്ട്രീയ ചിന്തകളുമാണ് ഇതൊരു രാഷ്ട്രീയ ചേരികളിൽ ഉള്ളവരെപ്പോലും യെച്ചൂരിയെ സ്വീകാര്യമാക്കി മാറ്റുന്നതെന്ന് ഇതിലൂടെ കണ്ടറിയണം.
2024 ഫെബ്രുവരിയിൽ നടന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘അയോധ്യയ്ക്കു ശേഷമുള്ള ഇന്ത്യ’ എന്ന വിഷയത്തിൽ സംവദിക്കുമ്പോഴായിരുന്നു, ”അയോധ്യ ഒരു നാഴികക്കല്ലല്ല. ഇന്ത്യയുടെ മതേതര- ജനാധിപത്യ റിപ്പബ്ലിക്കിനെ ഫാഷിസ്റ്റ് രാജ്യമാക്കാനുള്ള ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെ തുടർച്ച മാത്രമാണ്. അധികാര രാഷ്ട്രീയം മതവിശ്വാസവുമായ കൂട്ടിക്കലർത്താൻ പാടില്ല. അതിനാലാണ് ഞങ്ങൾ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയെ എതിർത്തത്”. അയോധ്യവിഷയത്തിൽ ഇടതുപക്ഷത്തിന്റെ നയം യെച്ചൂരി വ്യക്തമാക്കിയത്. പ്രസ്തുത വിഷയത്തിൽ നിലപാട് പറയുന്നതിൽ മലക്കംമറിയുന്ന കോൺഗ്രസിന്റെ മുഖത്തേറ്റ മറുപടി പോലെയായിരുന്നു യെച്ചൂരിയുടെ ഈ വാക്കുകൾ.
”ഒറിജിലനിനു പകരം ആരും ഡ്യൂപ്ലിക്കേറ്റ് വാങ്ങാറില്ല. അപ്പോൾ യഥാർത്ഥ ഹിന്ദുത്വ വിജയിക്കും. ഒരു രാഷ്ട്രീയ പദ്ധതിയാണ് ഹിന്ദുത്വ. അതിനു ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. ഇതു വിളിച്ചുപറയുന്നതിനാൽ സംഘ്പരിവാർ എന്നെ എതിർക്കുന്നു. നിങ്ങൾ സീതാറാം അല്ലേ എന്നാണ് ചോദ്യം. അതെ, ഞാൻ സീതാറാം ആയതിനാൽ തന്നെയാണു നിങ്ങളെ എതിർക്കുന്നത്. നിങ്ങളെന്തെന്ന് എനിക്കറിയാം. നിങ്ങൾ പറയുന്നതൊന്നും ഹിന്ദുമതവുമായി ബന്ധമുള്ളതല്ല”. നിങ്ങളുടെ പേരിൽ സീതയും രാമനുമില്ലേ, എന്നിട്ടും നിങ്ങൾ ഹിന്ദുമതത്തിനെതിരാണോ എന്നൊക്കെ വെച്ചുകാച്ചിയ വർഗീയശക്തികൾക്ക് ആറ്റിക്കുറുക്കി മറുപടി പറഞ്ഞ യെച്ചൂരി വർഗീയശക്തികളെ തന്നിൽ നിന്നു ദൂരേക്കു മാറ്റിനിർത്തി, ഇന്ത്യൻ ജനാധിപത്യത്തിൽ മതേതരത്തിന്റെ നല്ല വിത്തുകൾ പാകുന്നതിനിടക്കാണ് ആകസ്മികമായ മരണം അദ്ദേഹത്തെ തേടിയെത്തുന്നത്.
സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് ജോൺ ബ്രിട്ടാസ് എം പി എഴുതിയ ലേഖനത്തിന്റെ ആദ്യ വരികൾ ഇങ്ങനെയാണ്.
രാജ്യസഭാംഗമായി ആദ്യം സഭയിൽ എത്തിയപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവും മുതിർന്ന പാർലമെന്റേറിയനുമായ ഡെറിക് ഒബ്രിയൻ ഹസ്തദാനം നൽകിക്കൊണ്ട് പറഞ്ഞ കാര്യമുണ്ട്; “നിങ്ങൾക്കെന്നോടു രാഷ്ട്രീയമായി വിയോജിക്കാം, പക്ഷേ എന്നെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. കാരണം മറ്റൊന്നുമല്ല, സീതാറാം യെച്ചൂരി ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഇരിപ്പിടമാണ് എനിക്കു ലഭിച്ചത്”.
സീതാറാം യെച്ചൂരിയുടെ വിടവാങ്ങൽ സമകാലിക ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന ശൂന്യത മതേതര രാജ്യത്തിന്റെ നിലനിൽപ്പിനേൽക്കുന്ന മങ്ങലാണെങ്കിൽ പോലും, അദ്ദേഹം നയിച്ച മതേതര ജനാധിപത്യ മൂല്യങ്ങൾക്കായുള്ള വിപ്ലവം വീണ്ടും തുടരാനാകട്ടെയെന്നു പ്രത്യാശിക്കാം.


