Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

ജനാധിപത്യത്തെ അടിച്ചമർത്തുന്നവർക്ക് ബംഗ്ലാദേശിൽനിന്നു പഠിക്കാനേറെയുണ്ട്

ഭീതിതമായ ഒരു കാര്യം, തത്കാല സർക്കാരിന്റെ കാലപരിധി കഴിയുകയും രോഗാവസ്ഥയിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് ഖാലിദാ സിയക്ക് സുസ്ഥിരമായ ഒരു സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ സൈന്യം വീണ്ടും ഇടപെടുമെന്നതാണ്. അതു ബംഗ്ലാദേശിന് വലിയ കളങ്കമായി ഭവിക്കും.

മൻഷാദ് പറവൂർ by മൻഷാദ് പറവൂർ
in Articles, Politics
Reading Time: 3 mins read
0
ജനാധിപത്യത്തെ അടിച്ചമർത്തുന്നവർക്ക് ബംഗ്ലാദേശിൽനിന്നു പഠിക്കാനേറെയുണ്ട്

സംവരണം ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിനുള്ള മാധ്യമമാണ്. എന്നാൽ അതൊരു സമൂഹത്തിന്റെ കുത്തകയാകുമ്പോൾ ഭവിഷത്ത് ഏറെയാണ്. 1971ലാണ് ബംഗ്ലാദേശ് സ്വാതന്ത്ര്യസമരം നടക്കുന്നത്. 1946 ഓഗസ്റ്റ് 14ന് സ്വാതന്ത്ര്യം നേടിയ പാകിസ്ഥാന്റെ ഭാഗമായിരുന്നു ബംഗ്ലാദേശ്. ഒരു രാഷ്ട്രം ഏകീകൃതമായി നിലനിൽക്കണമെങ്കിൽ നിർബന്ധമായ ഒന്നാണ് ഭൂപ്രദേശത്തിന്റെ ഏകീകരണം. രാഷ്ട്രത്തിന്റെ 4 അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ഭരണപ്രദേശം. പരമാധികാരവും ജനങ്ങളും ഗവൺമെന്റുമാണ് മറ്റുള്ള മൂന്നെണ്ണം. അതു പ്രധാനമായും ഒരൊറ്റ പ്രദേശമായിരിക്കലാണ് രാഷ്ട്രത്തിന്റെ നിലനിൽപ്പിന് അനുയോജ്യം. എന്നാൽ പാക്കിസ്ഥാൻ രൂപീകരിക്കപ്പെട്ട സമയത്ത് അതിന്റെ ഭൂപ്രദേശം രണ്ടിടങ്ങളിളായിട്ടായിരുന്നു നിലനിന്നത്. കിഴക്കൻ പാക്കിസ്ഥാനും പടിഞ്ഞാറൻ പാക്കിസ്ഥാനും.

തലസ്ഥാനവും ഭരണപരവുമായ എല്ലാ കാര്യങ്ങളും പടിഞ്ഞാറൻ പാക്കിസ്ഥാനിൽ കേന്ദ്രീകരിക്കപ്പെട്ടു. ഇന്നത്തെ ബംഗ്ലാദേശ് എല്ലാ തരത്തിലുള്ള ഭരണകൂട അവഗണനയും നേരിട്ടു. അങ്ങനെ കാൽനൂറ്റാണ്ട് ഭരണത്തിനുശേഷം ആദ്യമായി ഒരു തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയപാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നു. അവാമി ലീഗെന്ന ശൈഖ് മുജീബുറഹ്മാന്റെ കീഴിലുള്ള പാർട്ടിയായിരുന്നുവത്. പടിഞ്ഞാറൻ പാക്കിസ്ഥാനിലുള്ള രാഷ്ട്രീയപാർട്ടികൾക്ക് ഭൂരിപക്ഷം ലഭിക്കാതെ വരിക ഭരണം പൂർണമായും അവാമി ലീഗിന് അവകാശപ്പെടുകയും ചെയ്തതോടെ പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഭരണ നേതൃത്വം അവാമി ലീഗിന്റെ വിജയം അംഗീകരിക്കാൻ കൂട്ടായില്ല. അതു വലിയ രാഷ്ട്രീയ അസ്വാരസ്യങ്ങൾക്കു വഴിവെച്ചു.

പടിഞ്ഞാറ് കിഴക്കിനെ അടിച്ചമർത്താൻ തുനിയുകയും വിഷയത്തിൽ ഇടപെടാതിരുന്ന ഇന്ത്യയെ കൂടി അതിലേക്കു വലിച്ചിഴക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ അതിനു തക്കതായ തിരിച്ചടി നൽകുകയും, ഒരാഴ്ചക്കുള്ളിൽ കിഴക്കൻ പാക്കിസ്ഥാനിന്റെ തലസ്ഥാനമായ ധാക്ക പിടിച്ചെടുക്കുകയും ബംഗ്ലാദേശെന്ന പേരിൽ പുതിയ രാഷ്ട്രം സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തു. അവാമി ലീഗിന്റെ തലവനായ മുജീബുറഹ്മാൻ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായി ബംഗ്ലാദേശിൽ സുസ്ഥിരസർക്കാർ നിലവിൽ വന്നു. എന്നാൽ കൂടുതൽ കാലം ബംഗ്ലാദേശിൽ സമാധാനം നിലനിന്നില്ല.

1971ലെ സമരത്തിൽ പങ്കെടുത്തവർക്ക് സർക്കാർ തൊഴിലുകളിലെ 30% സംവരണം അന്ന് മുജീബുറഹ്മാൻ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് കാര്യക്ഷമമായി നടപ്പാക്കിയിരുന്നില്ല. 1975ൽ മുജീബുറഹ്മാനും ഭാര്യക്കും മൂന്നു മക്കൾക്കും ഭരണസംവിധാനത്തിലെ അട്ടിമറിയെ തുടർന്ന് ജീവൻ നഷ്ടമായി. അന്ന് പഠനത്തിനായി ലണ്ടനിലും മറ്റുമായിരുന്ന ഹസീനയും സഹോദരിയും ഈ കൂട്ടക്കൊലയിൽ നിന്നു രക്ഷപ്പെട്ടു. 1979 മുതൽ അവർ ഇന്ത്യൻ രാഷ്ട്രീയ അഭയത്തിൽ കഴിഞ്ഞു. 1981ൽ അവർ ബംഗ്ലാദേശിൽ തിരിച്ചെത്തി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടാൻ തുടങ്ങി. ബംഗബന്ധു എന്നറിയപ്പെട്ട പിതാവും പ്രഥമ പ്രധാനമന്ത്രിയുമായ മുജീബുറഹ്മാന്റെ പാർട്ടിയായ അവാമിലീഗിൽ സജീവമായി.
ശൈഖ് ഹസീന ഒരിക്കലും ഒരു മോശം ഭരണാധികാരി ആയിരുന്നില്ല. അവാമി ലീഗിൽ സജീവമായതിനുശേഷം പട്ടാള ഭരണത്തിനെതിരെ സംസാരിച്ചു ഹസീന ശ്രദ്ധാലുവായിരുന്നു. 1996 അവർ ആദ്യമായി ഭരണത്തിലെത്തി . ധാരാളം കാര്യങ്ങളിൽ അവർ മികവ് പുലർത്തി. ഇന്ത്യയുമായുള്ള ജല കരാറടക്കം ആ സമയത്ത് ആയിരുന്നു നടന്നത്. പക്ഷേ 2001ൽ ഹസീനക്കു കാലിടറി. പ്രതിപക്ഷ നേതാവായിരുന്ന ഖാലിദ സിയ പ്രധാനമന്ത്രിയായി.

ശേഷം 2009ലാണ് ശൈഖ ഹസീന പ്രധാനമന്ത്രിപദത്തിലേക്കു തിരിച്ചെത്തുന്നത്. പിന്നീട് അവർക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2024 വരെ ഭരണത്തിൽ തുടർന്നു. പ്രധാനമന്ത്രി സ്ഥാനം ഏകാധിപത്യമായി മാറിയിരുന്നുവെങ്കിലും അവർ എന്നും ബംഗ്ലാദേശിനു വേണ്ടി നിലകൊണ്ടിരുന്നു. ബംഗ്ലാദേശിനെ ഒരു സാമ്പത്തിക ശക്തിയാക്കാൻ അവർ ശ്രമങ്ങൾ നടത്തി. രാഷ്ട്രത്തിന് ഒരു ലോക സാമ്പത്തിക ശക്തിയായി വളരാനുള്ള ആത്മവിശ്വാസം ഉണ്ടെന്നു ലോകം വിലയിരുത്തി.

കഴിഞ്ഞ 10 വർഷം കൊണ്ട് 25 ദശലക്ഷത്തോളം ആളുകൾ ദാരിദ്ര്യമുക്തരായിയായി എന്ന് ലോകബാങ്ക് അടക്കം പ്രസിദ്ധീകരിച്ചു. പ്രതിശീർഷ വരുമാനം മൂന്നിരട്ടിയായി ഉയർത്താൻ അവർക്കു സാധിച്ചു. വലിയ നിക്ഷേപങ്ങൾ ബംഗ്ലാദേശിലേക്ക് ഒഴുകിയെത്തി. പദ്മ അടക്കമുള്ള വലിയ പ്രോജക്ടുകൾ ബംഗ്ലാദേശ് ഏറ്റെടുത്തു. മ്യാൻമർ പുറത്താക്കിയ റോഹിംഗ്യൻ മുസ്‌ലിംകൾക്ക് അഭയം നൽകിയതുകൊണ്ട് ആഗോളതലത്തിൽ ബംഗ്ലാദേശിന്റെയും ശൈഖ് ഹസീനയുടെയും ഖ്യാതി ഉയർന്നു. തീവ്രവാദ ശ്രമങ്ങളെയും വിഘടന പ്രസ്ഥാനങ്ങളെയും അടിച്ചമർത്തുന്നതിലും അവർ വിജയിച്ചു. എന്നും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമായിരിക്കാനും നയതന്ത്രബന്ധം കാത്തുസൂക്ഷിക്കാനും അവർ പ്രയത്നിച്ചു.
എന്നാൽ നല്ല കാലം അവസാനിക്കുകയായിരുന്നു. 2016നു ശേഷം തൊഴിലില്ലായ്മ രൂക്ഷമായി. പണപ്പെരുപ്പം വർധിച്ചു. അന്താരാഷ്ട്ര കടങ്ങൾ കൂടി. ഗവൺമെന്റ് എന്തു പദ്ധതി പ്രഖ്യാപിച്ചാലും അതെല്ലാം സ്വന്തം പാർട്ടിക്ക് വേണ്ടിയാണെന്നു വ്യാഖ്യാനിക്കപ്പെട്ടു.
2018ലെ തിരഞ്ഞെടുപ്പ് മുതൽ അവർക്കെതിരെ എതിർശബ്ദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം നേരിട്ടു. ജനാധിപത്യത്തിലെ എതിർശബ്ദങ്ങളെ സുരക്ഷയുടെ പേരിൽ തടവിലിട്ടു.

2024, അതായത് ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ ജനസംഖ്യയുടെ വെറും 40% മാത്രമായിരുന്നു വോട്ടുചെയ്തത്. കാവൽ പ്രധാനമന്ത്രിയായിരിക്കാം എന്നും ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് വേണമെന്നു നിരന്തരം ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും ഹസീനയെന്ന പ്രധാനമന്ത്രി അതെല്ലാം തള്ളിക്കളഞ്ഞു. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇടപെട്ടെങ്കിലും അവയൊന്നും ഫലം കണ്ടില്ല. തിരഞ്ഞെടുപ്പിന് അന്താരാഷ്ട്ര നിരീക്ഷകരെ വെക്കാമെന്ന അമേരിക്കയുടെ നിർദേശത്തിന് പുല്ലുവിലയാണ് കൽപ്പിച്ചത്. തിരഞ്ഞെടുപ്പ് നടന്നു, പ്രധാനമന്ത്രിയായി ഏകാധിപതിയായി ഹസീന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഹസീനയുടെ രാജിക്ക് പ്രധാനമായുമുള്ള കാരണം സംവരണം തന്നെയായിരുന്നു. സർക്കാർ തൊഴിലിലെ 30 % സംവരണം 1971 പ്രഖ്യാപിക്കപ്പെട്ടിരുന്നു എങ്കിലും 1996 ലാണ് നടപ്പാക്കിയത്. 1997 ൽ ഇത് സ്വാതന്ത്ര്യസമര സേനാനികളുടെ മക്കൾക്കും സംവരണം ഏർപ്പെടുത്തി. 2001 മുതൽ 2009 വരെ പ്രതിപക്ഷപാർട്ടികൾ ഭരിച്ചതിനാൽ സംവരണം വീണ്ടും അവതാളത്തിലായി. 2009 തിരികെ അധികാരത്തിലെത്തിയ ഹസീന 2010 ൽ സ്വാതന്ത്ര്യസമര സേനാനികളുടെ പൗത്രന്മാർക്കും സംവരണത്തിൽ ഇടം നൽകി. ചുരുക്കിപ്പറഞ്ഞാൽ അവാമി ലീഗിന് 30% സർക്കാർ തൊഴിൽ സംവരണം നൽകി.
ഇതിൽ പ്രതിഷേധങ്ങൾ ധാരാളം ഉണ്ടായി, ആദ്യങ്ങളിൽ ചെറിയ ചെറിയ പ്രതിഷേധങ്ങൾ അടിച്ചമർത്തിയിരുന്നുവെങ്കിലും എതിർശബ്ദം കനത്തത്തോടെ സർക്കാർ ജോലികളിലെ എ കാറ്റഗറി ബി കാറ്റഗറി സംവരണം എടുത്ത് ഒഴിവാക്കി. ഇതുമൂലം അവാമി ലീഗിൽ സംഘർഷം ഉടലെടുക്കുകയും ചിലർ ഈ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയുമുണ്ടായി. പരമോന്നത നീതിപീഠം സംവരണം പുനസ്ഥാപിച്ചതോടെ അവാന്തര വിഭാഗങ്ങൾക്കിടയിൽ വീണ്ടും പ്രതിഷേധം കനത്തു. കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്നു പറഞ്ഞിരുന്നെങ്കിലും അതൊന്നും സമരത്തെ തണുപ്പിക്കുന്നതിൽ ഒട്ടും ഏശിയില്ല. പ്രതിഷേധം കനക്കുകയും സംവരണം ആകെ 10 ശതമാനം മാത്രം മതിയെന്നു പ്രതിഷേധകാരികൾ പ്രഖ്യാപിക്കുകയും ചെയ്തു,
യഥാർഥത്തിൽ 56% സംവരണമായിരുന്നു ബംഗ്ലാദേശിൽ നിലനിന്നിരുന്നത്. 30 ശതമാനത്തിനു പുറമേ 10% പിന്നാക്ക ജില്ലക്കാർക്കും 10 ശതമാനം സ്ത്രീകൾക്കും അഞ്ചു ശതമാനം ന്യൂനപക്ഷങ്ങൾക്കും ഒരു ശതമാനം ഭിന്നശേഷിക്കാർക്കും സംവരണം ഉണ്ടായിരുന്നു. മറുവശം നോക്കുകയാണെങ്കിൽ, യോഗ്യതയുമായി അല്ലെങ്കിൽ മെറിറ്റിൽ വന്നവർക്ക് 44 ശതമാനം സീറ്റുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്.

ഇതാണ് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്കു വഴിവെച്ചത്. തുടർന്ന് സുപ്രീംകോടതി എല്ലാത്തരം സംവരണങ്ങളും ഒഴിവാക്കുകയും 10 ശതമാനം സംവരണം മാത്രം നിലനിർത്തുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും പ്രതിഷേധം കനത്തിരുന്നു. പ്രതിഷേധ മാർച്ച് പ്രധാനമന്ത്രിയുടെ വസതിയിൽ മുന്നിലൂടെ പോകുമ്പോൾ ആവശ്യപ്പെട്ടിരുന്നത് ഹസീനയുടെ രാജി മാത്രമായിരുന്നു. അവാമി ലീഗും സർക്കാർ സംവിധാനങ്ങളും ഒരു ഭാഗത്തും പ്രതിപക്ഷം മറുവശത്തും ഏറ്റുമുട്ടി. ജനങ്ങൾ പരസ്പരം ആക്രമിച്ചു. സർക്കാർ സംവിധാനങ്ങൾ തകർത്തു. സ്കൂളുകൾ, പോലീസ് സ്റ്റേഷനുകൾ തുടങ്ങിയവ അഗ്നിക്കിരയായി. എല്ലായിടങ്ങളിലും ആഭ്യന്തര കലാപങ്ങളുണ്ടായി.

സിവിലിയൻ രാഷ്ട്രീയ അസ്ഥിരതയുടെ സ്വാഭാവിക പരിണിതിയാണ് പട്ടാളത്തിന്റെ രംഗപ്രവേശം. അതു ബംഗ്ലാദേശിലും സംഭവിച്ചു. ജനറൽ വകാറുസ്സമാൻ 45 മിനിറ്റ് അന്ത്യശാസന സമയം നൽകി. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലേക്ക് അവശ്യസാധനങ്ങൾ പോലും എടുക്കാൻ നിൽക്കാതെ സഹോദരിയോടൊപ്പം ഹസീന ഹെലികോപ്റ്റർ മാർഗം കടന്നു. അവിടുന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിക്കു സമീപമെത്തി.

നിലവിൽ ഇന്ത്യയിൽ താത്കാലിക വാസത്തിലാണ് ഹസീന. യുകെയും യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളും രാഷ്ട്രീയ അഭയം നിഷേധിച്ചതോടെ ഇന്ത്യ തന്നെയായിരിക്കും അവരുടെ അടുത്ത ചോയ്സ്. 1975 മുതൽ 96 വരെ അഭയം നൽകിയ രാജ്യം ഇനിയും അഭയം നൽകി സ്വീകരിക്കുമെന്ന് ഹസീന കരുതുന്നുണ്ടാവും. എന്നാൽ നരേന്ദ്രമോദി താത്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായ മുഹമ്മദ് യൂനുസിനെ അഭിനന്ദിച്ചതും, ആ സർക്കാറിലെ പ്രധാന പാർട്ടിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി ഹസീനയെ കുറ്റവിചാരണക്കായി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്.

നിലവിൽ ചൈനയെയും രണ്ടാമതായി ഏറ്റവും കൂടുതൽ വാണിജ്യ ബന്ധമുള്ള ബംഗ്ലാദേശിനെയും ഇന്ത്യ ഒരിക്കലും പിണക്കാൻ സാധ്യതയില്ല. സ്വന്തം രാജ്യത്തിന്റെ തന്ത്രപ്രധാനമായ എല്ലായിടങ്ങളിലേക്കും ലക്ഷ്യംവെക്കാൻ കഴിയുന്നമായ ഒരു ഭൂപ്രദേശത്തിന്റെ വാണിജ്യപരമായ അവകാശങ്ങൾ ചൈനക്കു വിട്ടുനൽകാൻ ഇന്ത്യ ഒരിക്കലും സമ്മതിക്കുകയുമില്ല. അതിനാൽ തന്ത്രപരമായി ഇടപെടാനാണ് സാധ്യതയുള്ളത്. ഹസീനയെ വിട്ടുകൊടുക്കാതെയും ബംഗ്ലാദേശിനെ പ്രീണിപ്പിച്ചുനിർത്തൽ ഇന്ത്യയുടെ കൂടി ആവശ്യമാണ്. കാരണം ബംഗ്ലാദേശിലെ ആണവനിലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും തുറമുഖങ്ങളിലും ഇന്ത്യക്ക് വൻനിക്ഷേപങ്ങളും വലിയ കച്ചവട സാധ്യതകളുമുണ്ട്.

എന്നാൽ ഭീതിതമായ ഒരു കാര്യം, തത്കാല സർക്കാരിന്റെ കാലപരിധി കഴിയുകയും രോഗാവസ്ഥയിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് ഖാലിദാ സിയക്ക് സുസ്ഥിരമായ ഒരു സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ സൈന്യം വീണ്ടും ഇടപെടുമെന്നതാണ്. അതു ബംഗ്ലാദേശിന് വലിയ കളങ്കമായി ഭവിക്കും. ലോകത്ത് എല്ലായിടങ്ങളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന വിദ്യാർത്ഥി വിപ്ലവം ബംഗ്ലാദേശിലെ വിദ്യാർത്ഥികൾക്ക് നൽകിയ ഊർജ്ജം മൂലമാണ് ഈ അട്ടിമറി നടന്നിരിക്കുന്നത്. താത്കാലിക സർക്കാറിനു ശേഷം സൈന്യം ഭരിക്കുകയോ, സർക്കാരിനെ ഒരു പാവയായി ഉപയോഗപ്പെടുത്തുകയോ ചെയ്താൽ ഒരു പാഴായ വിദ്യാർത്ഥി വിപ്ലവമായി ബംഗ്ലാദേശിലെ ഈ സമരം ലോക തലത്തിൽ അടയാളപ്പെടുത്തപ്പെടും. പിന്നീട് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി നടക്കാൻ സാധ്യതയുള്ള വിദ്യാർത്ഥി വിപ്ലവങ്ങളെ പോലും ഇതു പ്രതികൂലമായി ബാധിക്കും.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

മതവും ശാസ്ത്രവും ഒരുമിക്കുന്ന നോവൽ

Next Post

സീതാറാം യെച്ചൂരി; വർഗീയശക്തികൾ വീണ്ടും വീണ്ടും ഓർക്കേണ്ട പേരാണത്

മൻഷാദ് പറവൂർ

മൻഷാദ് പറവൂർ

ലേഖകൻ, വിദ്യാർത്ഥി

Next Post
സീതാറാം യെച്ചൂരി; വർഗീയശക്തികൾ വീണ്ടും വീണ്ടും ഓർക്കേണ്ട പേരാണത്

സീതാറാം യെച്ചൂരി; വർഗീയശക്തികൾ വീണ്ടും വീണ്ടും ഓർക്കേണ്ട പേരാണത്

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact