വിശ്വസാഹിത്യ വേദിയിൽ
ആടും ആനയും കൊമ്പുകോർത്തു.
ആന വാദിച്ചു :
‘ബഷീറിയൻ സാഹിത്യത്തിൽ
ആനക്കായിരുന്നു സ്ഥാനക്കൂടുതൽ.
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
എന്ന് പറയുമ്പോഴുള്ള ഗമയിൽ
മറ്റെവിടെയും ഒന്നും ബഷീർ ഉപയോഗിച്ചിട്ടില്ല’.
‘അല്ല അല്ല’
ആട് വിട്ടുകൊടുത്തില്ല.
‘ഒരു ആടിന് മാത്രമാണ് ബഷീർ
തന്റെ ഗ്രന്ഥങ്ങൾ തിന്നാൻകൊടുത്തത്.
തീക്കു പോലുമവ കരിക്കാൻ
ബഷീർ വിട്ടുകൊടുത്തില്ല’.
‘ആനവാലിന്റെ ശക്തി തിരിച്ചറിഞ്ഞ ഒരേയൊരു സാഹിത്യകാരൻ ബഷീറാണ്’.
ആന ഒരു വലിയ വാദഗതി മുന്നോട്ടുവെച്ചു.
ആടിനും ആവനാഴിയിലെ അമ്പുകൾ
അവസാനിച്ചിരുന്നില്ല.
‘അജ സുന്ദരീ എന്നാണല്ലോ
ബഷീർ ആടിനെ വിശേഷിപ്പിച്ചത്.
ആടിനെ ബഹുമാനിക്കാൻ
പഠിപ്പിച്ച സാഹിത്യകാരൻ തന്നെ ബഷീർ’.
അങ്ങനെയിരിക്കെ
തർക്കം മൂത്ത്
ആന ജയിക്കുമെന്നായപ്പോൾ
പെണ്ണുങ്ങളുടെ ബുദ്ധി
എന്ന സംജ്ഞയോർത്ത്
ആട് മദംപൊട്ടിയുണർന്നു :
‘ബഷീറിന്റെ ആനയില്ലേ
അതൊരു കുഴിയാനയായിരുന്നു കുഴിയാന’!
എല്ലാവരുടെയും
മുന്നിൽവെച്ച് ചെറുതായിപ്പോയ
ആനക്ക് രംഗം വിടേണ്ടി വന്നു.
ആടിന്റെ പെണ്ണുങ്ങളുടെ ബുദ്ധിയിൽ
മതിമറന്ന് കാണികൾ വിധി പറഞ്ഞു:
‘മലയാളത്തെ അടക്കി വാഴുന്ന
സുൽത്താൻ തന്നെ ബഷീർ’!


