മൂന്നു കുഞ്ഞുങ്ങൾ

‘മുബാറക് ശാന്താ റാം. ഉഷാ റാണി പ്രസവിച്ചു. ഒന്നും രണ്ടുമല്ല. വെണ്ണ പോലത്തെ മൂന്നു പെൺകുട്ടികൾ’.

ശാന്താറാം കേട്ടത് വിശ്വസിക്കാൻ കഴിയാതെ അമ്പരന്നു വയറ്റാട്ടിയെ തന്നെ നോക്കി. തൊണ്ണൂറ് കഴിഞ്ഞ അവരുടെ കണ്ണുകളിൽ പോലും അസൂയയുടെ വേലിയേറ്റം അയാൾ കണ്ടു.

പോക്കറ്റിൽ ഉണ്ടായിരുന്ന മുഷിഞ്ഞ രണ്ട് നൂറു രൂപ നോട്ടുകൾ അയാൾ വയറ്റാട്ടിയുടെ കയ്യിൽ തിരുകി വെച്ചു. പിന്നെ കയ്യിൽ ഉണ്ടായിരുന്ന കഞ്ചാവ് ബീഡി ഒന്ന് കൂടെ ആഞ്ഞു വലിച്ചു കുറ്റി തീ കെടുത്തി പോക്കറ്റിൽ ഒളിപ്പിച്ചു വെച്ചു.

ശാന്താറാമിന് ഇതിൽ പരം ഒരു സന്തോഷം ഇനി ഉണ്ടാവാനില്ല. കാരണം അയാളുടെ കല്യാണം കഴിഞ്ഞിട്ട് വർഷം ഇരുപത്തഞ്ചു കഴിഞ്ഞിരിക്കുന്നു.

ഇപ്പോഴാണ് അയാൾക്ക് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം കിട്ടിയത്. അയാൾ ഓടി കുന്നിൻ ചെരിവിലുള്ള അമ്പലത്തിൽ പോയി ഭഗവാനെ തൊഴുതു. പിന്നീട് തെരുവിന്റെ അങ്ങേ അറ്റത്തുള്ള ഭാംഗ് കടയിൽ പോയി നല്ല പഴകിയ ഒരു ഗ്ലാസ്‌ ഭാംഗ് വലിച്ചു കുടിച്ചു.

ആഹ്ലാദം കൊണ്ട് ഇനി എന്തൊക്കെ ചെയ്യണം എന്ന് അയാൾക്ക് മനസ്സിലായില്ല.

പിന്നെ അയാൾ ആടിയാടി വീട്ടിലേക്ക് നടന്നു. വീടിന്റെ പുറത്തു നിന്നേ അയാൾ കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടു. വീട് നിറയെ പെണ്ണുങ്ങൾ നിറഞ്ഞിരിക്കുന്നു. ഗ്രാമത്തിൽ ഒരു പെണ്കുഞ്ഞു പിറന്നാൾ പിന്നെ അവർക്ക് ആഘോഷമാണ്. അതും മൂന്നു പെൺകുഞ്ഞുങ്ങൾ ഒരുമിച്ചു പിറന്നാൽ പിന്നെ പറയാനുണ്ടോ?.

അയാൾ അകത്തു കയറി തിങ്ങി നിറഞ്ഞ പെണ്ണുങ്ങളുടെ ഇടയിലൂടെ തന്റെ മക്കളെ കണ്ടു. വെളുത്തു തുടുത്ത മൂന്നു കുഞ്ഞുങ്ങൾ. അവർക്ക് ഉഷാറാണിയെക്കാൾ നിറമുണ്ടെന്നു ആഹ്ലാദത്തോടെ അയാൾ തിരിച്ചറിഞ്ഞു.

എല്ലാം ഭഗവാന്റെ കൃപ.
മനസ്സിൽ പറഞ്ഞു കൊണ്ട് അയാൾ തല ഉയർത്തി പിടിച്ചു പുറത്തേക്കിറങ്ങി. ഇരുപത്തഞ്ചു കൊല്ലമായി അനുഭവിക്കുന്ന അവഗണനക്കും ആട്ടിനും തുപ്പിനുമൊക്കെ അറുതിയായിരിക്കുന്നു.

‘ശാന്താറാം. ഗോപാൽജി താങ്കളോട് വരാൻ പറഞ്ഞിട്ടുണ്ട്’.

പറഞ്ഞ ആളെ പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട് ശാന്താറാം തിരിച്ചു വീട്ടിലേക്ക് നടന്നു. ഇനി തന്നെ കാണാൻ ആളുകൾ വരും എന്ന് അയാൾക്കുറപ്പായിരുന്നു. കാരണം ഭാഗ്യം കൊണ്ട് വരുന്ന പെണ്മക്കൾ തന്നെ.

ഒരാഴ്ച്ച കഴിഞ്ഞാണ് അയാൾക്ക് ഉഷാറാണിയോട് സ്വകാര്യമായി സംസാരിക്കാൻ തന്നെ കഴിഞ്ഞത്.

കഞ്ചാവ് മണക്കുന്ന കൈകൾ കൊണ്ട് അയാൾ കുഞ്ഞുങ്ങളെ തഴുകി കൊണ്ടിരുന്നു. അയാളുടെ വായിൽ നിന്നും നിർഗമിച്ച കഞ്ചാവിന്റെയും തുപ്പലിന്റെയും സമ്മിശ്ര ഗന്ധം സഹിക്കാൻ കഴിയാതെ ഉഷാറാണി തിരിഞ്ഞു കിടന്നു.

‘സീതാ റാണി, യമുനാ റാണി, ഗംഗാ റാണി’.

അയാൾ മഞ്ഞച്ച പല്ലുകൾ പരമാവധി പുറത്ത് കാട്ടി ചിരിച്ചു കൊണ്ട് മക്കളെ പേരിട്ടു വിളിച്ചു.

‘നീ എന്താണ് ഒന്നും മിണ്ടാത്തത്?.

നീല ഞരമ്പുകൾ തടിച്ചു കിടക്കുന്ന എല്ലുന്തിയ മെലിഞ്ഞ കൈകളിലെ ഉണങ്ങിയ മരച്ചുള്ളി പോലെയുള്ള വിരലുകൾ കൊണ്ട് അവളുടെ നിതംബത്തിൽ നുള്ളി അയാൾ തിരക്കി.

അവൾ ഒന്നും മിണ്ടിയില്ല.
‘എങ്ങനെയുണ്ട് പേരുകൾ’?.

നുള്ളിന്റെ ശക്തി കൂട്ടി അയാൾ ചോദിച്ചു. ഇരുമ്പ് പോലെയുള്ള വിരലുകളിലെ മുള്ള് പോലെയുള്ള നഖങ്ങൾ അവളുടെ ചന്തിയിൽ ആഞ്ഞിറങ്ങി.

വല്ലാത്തൊരു പിടച്ചിലോടെ അവൾ എഴുന്നേറ്റിരുന്നു. നൈറ്റിയുടെ കഴുത്തിനു മേലെ അവളുടെ തോളെല്ലുകൾ കലപ്പ പോലെ ഉയർന്നു നിന്നു. പ്രസവിച്ചിട്ടും പാല് വെക്കാത്ത തൂങ്ങിയ മാറിടങ്ങൾ താഴേക്കു ഞാന്നു കിടന്നു.

അവൾ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ആ നോട്ടത്തിന്റെ അർത്ഥം എന്താണെന്നു അയാൾക്ക് ശരിക്കും അറിയാമായിരുന്നു.

‘എന്റെ കുഞ്ഞുങ്ങളെ ഞാൻ വിട്ടു തരില്ല. എന്റെ ജീവിതമോ നശിപ്പിച്ചു. ഇനി ഇവരെ കൂടി’.

ഉഷാറാണിയുടെ വെളുത്തു എല്ലുന്തിയ മെലിഞ്ഞ മുഖത്ത് അയാൾ നഖം കൊണ്ട് കോറി വരഞ്ഞു. ചെറിയ മുഖത്ത് പൂച്ച മാന്തിയത് പോലെയുള്ള പാടുകൾ തെളിഞ്ഞു ചോര കിനിഞ്ഞു.

വായിൽ വന്ന തെറിവാക്കുകൾ വിമ്മിഷ്ടപ്പെട്ടു വിഴുങ്ങി ഒന്ന് മൂളി അയാൾ പുറത്തേക്ക് നടന്നു.

അകത്തു കട്ടിലിൽ ഉഷാറാണി മെലിഞ്ഞ കൈകൾ കൊണ്ട് കുഞ്ഞുങ്ങളെ ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു.

അവൾ ഓർക്കുകയായിരുന്നു.

ഒൻപതാമത്തെ വയസ്സിലാണ് ശാന്താറാം അവളെ കല്യാണം കഴിച്ചു കൊണ്ട് വന്നത്.

ബാൻചാദ സമൂഹത്തിൽ ജനിച്ചിട്ട് കൂടി വേശ്യ വൃത്തിക്ക് അയക്കാതെയാണ് അവളുടെ അച്ഛൻ അവളെ വളർത്തിയത്. പാരമ്പര്യമായി അവരുടെ പെണ്മക്കൾ ദേവദാസികൾ ആയി മാറേണ്ടവരാണ്. പക്ഷെ കല്യാണം കഴിഞ്ഞ അന്ന് തന്നെ കന്യകയായ അവളുടെ അടുത്തേക്ക് നാലു പേരെയാണ് ശാന്താറാം വിട്ടത്.

ഓർമകൾ അഗ്നി പോലെ അവളുടെ മനസ്സിനെ വേവിക്കാൻ തുടങ്ങി. പകൽ തളർന്നുറങ്ങി രാത്രി ഇളം മേനി ഉഴുതു മറിക്കാൻ വരുന്ന കാട്ടു പന്നികളുടെ കൂടെ ഇരുപത്തഞ്ചു വർഷങ്ങൾ.

മധ്യപ്രദേശിലെ മൻചാദ സമുദായം. പെണ്ണിനെ വേശ്യാവൃത്തിക്കയച്ചു ആ പൈസ കൊണ്ട് മദിച്ചു കഴിയുന്ന ആണുങ്ങളുടെ നാട്. രത്‌ലം, മന്ദാസുർ, നിമുച് ജില്ലകളിലായി പരന്നു കിടക്കുന്ന അവർക്ക് ലോകം അനുവദിച്ചു കൊടുത്ത കീഴ്‌ വഴക്കമാണ് അത്.

കൊച്ചുകുട്ടികളെ വലിയ വിലക്ക് വിൽക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവളെ വെച്ചു ലക്ഷക്കണക്കിന് രൂപ ഉണ്ടാക്കി ധൂർത്തടിക്കലാണ് ആണുങ്ങളുടെ ജോലി. കൂട്ടിന് കറുപ്പ് കൃഷിയും.

ആദ്യരാത്രി തന്നെ മനസ്സ് കൊണ്ട് അവൾ മരിച്ചു കഴിഞ്ഞിരുന്നു. ഗ്രാമത്തിലെ ഒരു വിധം കാണാൻ കൊള്ളാവുന്ന എല്ലാ പെണ്ണുങ്ങൾക്കും അത് തന്നെയാണ് ജോലി. ഭർത്താവ് കൊണ്ട് വരുന്ന ആളുകളുടെ കാമ ദാഹം തീർത്തു അവരുടെ കയ്യിൽ നിന്നും കിട്ടുന്ന നോട്ടുകൾ ഭർത്താക്കന്മാർക്ക് കൊടുക്കുക. നൂറ്റാണ്ടുകളായി അവർ ഈ ശീലം ആവർത്തിക്കുന്നു.

ആൺകുട്ടികൾ ജനിച്ചാൽ ഇവിടെ അപശകുനമാണ്. എല്ലാവരും ആഗ്രഹിക്കുന്നത് തുടുത്ത പെൺകുഞ്ഞുങ്ങളെയാണ്. ചെറിയ പെൺകുഞ്ഞുങ്ങളെ പോലും വലിയ വിലക്ക് വാങ്ങാൻ ഇവിടെ ആൾക്കാരുണ്ട്. പഴയ അടിമ ചന്ത പോലെ ഇവിടെ പെണ്ണുങ്ങളെ വിൽക്കപ്പെടുന്നു. അവൾക്ക് അവകാശങ്ങളോ അഭിപ്രായങ്ങളോ ഇല്ല. നിറവും പ്രായവും നോക്കി വിൽക്കപ്പെടുന്ന ചരക്കുകൾ മാത്രം.

ആദ്യരാത്രിയിൽ തന്നെ ശാന്താറാം അവളുടെ കന്യകാത്വ പരിശോധന നടത്തി. അറപ്പ് തോന്നുന്ന വയറ്റാട്ടി കിഴവിയുടെ വിറങ്ങലിച്ച വിരലുകൾ ഒരു പുഴുവിനെ പോലെ അവളുടെ കാലുകൾക്കിടയിൽ ഇഴഞ്ഞു നടന്നു. അവൾക്ക് വല്ലാത്ത വേദനയും മനം പുരട്ടാനും തുടങ്ങിയിരുന്നു.

അവരുടെ പ്രാകൃതമായ പരിശോധന കഴിഞ്ഞു ശാന്താറാം വികൃതമായ ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു. തളർന്നു കിടക്കുന്ന അവളുടെ ചന്തിയിൽ പിടിച്ചു അയാൾ ഞെക്കി. അവൾ പേടിച്ചു എഴുന്നേറ്റിരുന്നു.

പിന്നെയാണ് അയാൾ കടന്നു വന്നത്. ഒരു കിളവൻ. തടിച്ച സ്വർണമാലകളും മോതിരങ്ങളും അണിഞ്ഞ ഒരു പടു വൃദ്ധൻ. നീണ്ട കുപ്പായ കീശയിൽ നിന്നും ഒരു നോട്ട് കെട്ടെടുത്ത് അയാൾ ശാന്താറാമിന് കൊടുത്തു.

ശാന്താറാം ഉടനെ അയാളെ തൊഴുതു പുറത്തിറങ്ങി വാതിൽ പുറത്തേക്കു ചേർത്തടച്ചു. നിലവിളിക്കാൻ തുടങ്ങിയ അവളുടെ ചെറിയ വായയിൽ അയാൾ തുണി കുത്തി തിരുകി. ഇടക്കെപ്പോഴോ അവളുടെ ബോധം നഷ്ടമായി.

ഇടയ്ക്കിടെ വരുന്ന ആരോഗ്യ പ്രവർത്തകരോട് അവൾ ഗർഭ നിരോധന ഗുളികകൾ വാങ്ങി കുടിക്കാൻ തുടങ്ങി. ഇനിയും ഈ നശിച്ച പാരമ്പര്യത്തിലേക്ക് പെണ്മക്കളെ പെറ്റിടാൻ അവൾ ഒരുക്കമായിരുന്നില്ല.

കഴിഞ്ഞ ഒരു വർഷമായി ഗുളികകൾ കിട്ടിയിരുന്നില്ല. അവളുടെ ദിനം ദിനം ഉണങ്ങുന്ന ശരീരത്തിൽ ഗർഭ സാധ്യത തീരെ ഉണ്ടായിരുന്നില്ല. ആഗ്രഹിക്കാതെ പിറന്ന കുഞ്ഞുങ്ങളോട് അവൾക്ക് പക്ഷെ വെറുപ്പ് തോന്നിയില്ല. കാർമേഘം പോലെ അവളുടെ മനസ്സിൽ ഭയാശങ്കകൾ വന്നു മൂടി.

പുറത്തു ശാന്താറാം ആരോടോ സംസാരിക്കുന്നത് കേൾക്കാമായിരുന്നു. ഇടയ്ക്കിടെ ആരൊക്കെയോ വന്നു കുട്ടികളെ എത്തി നോക്കിയിട്ട് തിരിച്ചു പോയി.

ഉഷാറാണിയുടെ ചെവിയിൽ ആദ്യം ഒരു വണ്ട് മൂളുന്നത് പോലെയാണ് അവൾക്കു തോന്നിയത്. പിന്നെ മുരൾച്ച കൂടി കൂടി വന്നു. വലിയ വണ്ട് ചെവി തുരന്നു അകത്തു കയറി തലച്ചോറ് വരെ എത്തിയതായി അവൾക്ക് തോന്നി. അതിനിടെ ആരൊക്കെയോ വാതിലുകൾ ചവിട്ടി പൊളിച്ചു കുഞ്ഞുങ്ങളെ കൊണ്ട് പോവാൻ വരുമെന്ന് ആരോ അവളോട് മന്ത്രിച്ചു.

ദ്രവിച്ചു തുടങ്ങിയ വാതിൽ അടച്ചു അവൾ കൊളുത്തിട്ടു. ദേഹം നിറയെ വേദനയുടെ കയ്പ് നീർ നിറഞ്ഞു. പുറത്തു വില പേശൽ വളരെ ഉച്ചത്തിൽ ആയിരിക്കുന്നു. തുറന്നു കിടന്ന ചെറിയ ജനലിൽ കൂടെ കുന്നു കൂട്ടിയ നോട്ടു കെട്ടുകൾക്ക് മുൻപിൽ ചമ്രം പടിഞ്ഞിരിക്കുന്ന ഭർത്താവിനെ അവൾ കണ്ടു.

പണം പോരെന്നു വന്നവരോട് അയാൾ ആണയിടുന്നത് വെറുപ്പോടെ അവൾ കണ്ടു. ലോകത്തുള്ള സകല ആണുങ്ങളെയും കൊല്ലാനുള്ള ദേഷ്യം അവൾക്കുണ്ടായി. അവളുടെ കൈകളിൽ ആരോ പിടിച്ചു വലിച്ചു. വലിയ ശ്വാസമെടുത്ത് ആരോ തന്റെ അരികിലേക്ക് വരുകയാണ്. അയാളുടെ കഴുത്തിൽ അവൾ പിടിച്ചു ഞെക്കി കൊണ്ടിരുന്നു.

കുറെ കഴിഞ്ഞു വാതിൽ ചവിട്ടി തുറന്നു ശാന്താറാം അകത്തു കയറി നോക്കുമ്പോൾ നീലിച്ച മൂന്നു കുഞ്ഞുങ്ങളെ ചേർത്തു പിടിച്ചു ഉഷാറാണി വളഞ്ഞു കിടന്നിരുന്നു. ഇരുപത്തഞ്ചു വർഷം അയാളെ പോറ്റിയ ശരീരം തണുത്തു മരവിക്കാനും തുടങ്ങിയിരുന്നു.

ഹക്കീം മൊറയൂർ

ഹക്കീം മൊറയൂർ

കഥാകൃത്ത്

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!