‘ മിനിയാന്ന് വെളുപ്പിന് സുഹ്റ മരിച്ചു. അവളുടെ വീട്ടിൽക്കിടന്ന്, എന്റെ മടിയിൽ തലവെച്ച്..
മജീദ് കുറേ നേരം തരിച്ചിരുന്നു.
എല്ലാം നിശബ്ദമായതു പോലെ പ്രപഞ്ചം ശൂന്യം.
സുഹ്റാ !
ഓർമകൾ, വാക്കുകൾ, പ്രവൃത്തികൾ, മുഖഭാവങ്ങൾ, ചിത്രങ്ങൾ മനസ്സിലൂടെ എന്തെല്ലാമാണ് പാഞ്ഞുവരുന്നത്.
മരിക്കുന്നതിനു മുമ്പ് മജീദ് വന്നോയെന്നു ചോദിച്ചു… ഒടുവിലെ ഓർമ.
അന്ന് മജീദ് യാത്ര പറഞ്ഞ് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. സുഹ്റ എന്തോ പറയാൻ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുമ്പ് ബസ്സിന്റെ ഹോൺ. ഉമ്മ കയറിവന്നു. മജീദ് മുറ്റത്തേക്കിറങ്ങി.
പൂന്തോട്ടത്തിലൂടെ പടിയിറങ്ങി. ഒന്നു തിരിഞ്ഞുനോക്കി. പടിഞ്ഞാറേ ചക്രവാളത്തിൽ തങ്കമേഘങ്ങൾ, ഇളം മഞ്ഞവെയിലിൽ മുങ്ങിയ വൃക്ഷങ്ങളും വീടും മുറ്റവും പൂന്തോട്ടവും.
സഹോദരികൾ രണ്ടും മുഖം വെളിയിലേക്കു കാണിച്ചുകൊണ്ട് വാതിൽ മറവിൽ. ബാപ്പ ഭിത്തി ചാരി വരാന്തയിൽ. ഉമ്മാ മുറ്റത്ത്. നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയിൽ പിടിച്ചുകൊണ്ട് പൂന്തോട്ടത്തിൽ സുഹ്‌റ.
പറയാൻ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാൻ തുടങ്ങിയത്.
– ബാല്യകാലസഖി
‘ബാല്യകാലസഖി ‘ജീവിതത്തിൽ നിന്ന് വലിച്ചുചീന്തിയ ഒരേടാണ്. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലർക്ക് ചുടുചോര കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പുംതോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവർ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാൻ. അവതാരികയിൽ എം. പി. പോൾ.
മജീദ് ബഷീർ തന്നെയോ !
ഈ നോവലെഴുത്തിനു പിന്നിലെ
വിചിത്രമായ ഒരു സംഭവം അദ്ദേഹംതന്നെ പങ്കു വെക്കുന്നുണ്ട്. കൽക്കത്തയാണു ദേശം.
ഹോട്ടലിൽ വിശ്രമത്തിൽ ബഷീർ. ഉറക്കത്തിൽ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണർന്നു അദ്ദേഹം. വീണ്ടും നിദ്രയിലേക്ക്.
സ്വപ്നഭൂമികയിലേക്ക് കളിക്കൂട്ടുകാരിയായ സുഹ്‌റ വന്നുനിൽക്കുന്നു. താൻ മരിച്ചുപോയെന്നും തന്നെ അടക്കം ചെയ്തെന്നും പറയുന്നു സുഹ്‌റ.
അങ്ങനെയാണദേഹം തന്റെ കളിക്കൂട്ടുകാരിയുടെ അകാല മരണം അറിഞ്ഞതത്രെ. തൊട്ടടുത്ത ദിവസം വിചിത്രാനുഭവങ്ങളെ സ്വന്തത്തോടു ചേർത്തുവെച്ച് ബാല്യകാലസഖിയെ ഓർമയിൽ
പൊതിഞ്ഞ് ബഷീർ എഴുതാനിരുന്നു. ഇംഗ്ലീഷിൽ പൂർത്തിയാക്കിയ ഈ രചന നാട്ടിലെത്തി അദ്ദേഹം മാതൃഭാഷയിക്ക് മൊഴിമാറ്റുകയായിരുന്നു.
അടയ്ക്കാ കച്ചവടക്കാരന്റെ മകളാണ് സുഹ്‌റ. മജീദ് കൊച്ചുപ്രമാണിയും. ‘ഇമ്മിണി ബല്യ ഒന്നായ്’ പ്രണയം അവർക്കിടയിലേക്ക് പ്രവഹിക്കുന്നു. മാമ്പഴത്തിനു പകരം മാവിൻ മുകളിൽനിന്ന് വെള്ളക്കയെറിഞ്ഞു സുഹ്‌റയെ പറ്റിക്കുന്ന മജീദുo തന്റെ കൂർത്തനഖങ്ങൾ കൊണ്ട് മജീദിനെ മാന്തുന്ന സുഹ്‌റയും മാഞ്ഞുതീരാത്ത ഓർമകളാണ്.
ബാപ്പയുടെ മരണത്തോടെ സുഹ്‌റ പഠനം വഴിമുട്ടുകയും അവളെക്കൂടി പഠിപ്പിക്കാനുള്ള മജീദിന്റെ ആശ പൊലിയുകയും ചെയ്യുന്നു. കെടാതെയപ്പോഴും പ്രണയം ഒരു വിളക്കുവെളിച്ചമായ് അവരെ മൂടുന്നുണ്ട് .
ആരോടും ചൊല്ലാതെ എങ്ങോട്ടെന്നില്ലാതെ, മജീദ് നാടുവിടുന്നതോടെ അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നഷ്ടമാകുന്ന കാഴ്ച നോവുണർത്തും.
ജീവിതത്തെ ഗാഢമായ് പുണർന്ന്,
വർഷങ്ങൾക്കിപ്പുറം മജീദ് മടങ്ങിവരുന്ന രംഗം വികാരതീവ്രമാണ്.
-ഒടുവിൽ മജീദ് മന്ത്രിച്ചു ‘സുഹ്‌റാ…’ ഭൂതകാലത്തിൻ്റെ ഹൃദയത്തിൽ നിന്നെന്നോണം അവൾ വിളികേട്ടു. ‘ഓ’
‘എന്താ ഇത്രക്കും ക്ഷീണിച്ചത്’ സുഹ്‌റ അതിന് ഉത്തരം പറഞ്ഞില്ല. ”ഞാൻ മിനിഞ്ഞാന്നാ അറിഞ്ഞത്, വന്ന വിവരം” തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു. ‘ഞാൻ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ’. ‘എല്ലാവരും അങ്ങനെ വിചാരിച്ചു. ഞാൻ.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്’. ‘എന്നിട്ടു പിന്നെ?
”അവരെല്ലാം നിശ്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല.’
അപ്പോഴേക്കും
സുഹ്റയുടെ വിവാഹം കഴിഞ്ഞിരുന്നു,
കവിളുകൾ ഒട്ടി വിരലുകളിലെ
ഏപ്പുകൾ മുഴച്ച് തന്റെ മുന്നിൽനിൽക്കുന്നു പുതിയ സുഹ്റ.
ആത്മാവുകളുടേതാണ് പ്രണയം
എന്നു തീർച്ചപ്പെടുത്തുന്ന തീരുമാനങ്ങളിലേക്ക് ഇരുവരും
ആശകൾ നടുന്നു.
പ്രാരബ്ധങ്ങളുടെ വിയർപ്പു തോർത്താൻ വീണ്ടും വണ്ടി കയറുകയാണ് മജീദ്. തിരികെ വന്ന പ്രണയം കാത്തുനിൽക്കുമെന്ന പുതിയ തെളിച്ചവുമായ് പടികളിറങ്ങുന്നു നായകൻ. വായനക്കാരുടെ ഉള്ളിലും പുതിയൊരാനന്ദം. പക്ഷേ.. ഒടുവിൽ ആയുസ്സറ്റ ആനന്ദം വേദനയുടെ ഉത്തുംഗതയിലേക്ക് വന്ന് ആസ്വാദകനെ അഗാതധയിലേക്ക് വലിച്ചെറിയുന്നുണ്ട്.
അപകടത്തിൽ കാലുനഷ്ടപ്പെടുമ്പൊഴും സുഹ്റ
മജീദിന് മനസ്സിൽ താങ്ങി ജീവിതത്തിലേക്ക് അടുക്കാനുള്ള ശക്തിസ്രോതസ്സാണ്. ഇടക്ക് ആശ്വാസം പെയ്തു തണുക്കുന്ന അവളുടെ കത്ത് വരുന്നു.
ഇടയ്ക്കെപ്പൊഴോ അതും നിലച്ചു.
ഒടുക്കം ‘സുഹ്റ മരിച്ചു’ എന്ന, ഉമ്മ മറ്റാരെയോ കൊണ്ടെഴുതിച്ച ഒരു കത്ത് ഹോട്ടലിൽ എച്ചിൽപ്പാത്രങ്ങളുടെ നടുവിലിരുന്ന് വായിക്കുന്നു മജീദ്.
അനേകം അടരുകളുള്ള, മൂർച്ചയുള്ള ദുരന്തം. മജീദ്
വീണ്ടും സുഹ്റയെ പ്രണയിച്ചു തുടങ്ങുന്നു.
ഒരു രചന നിങ്ങൾ രണ്ടു തവണ വായിക്കുമെങ്കിൽ അത് സാഹിത്യമാണെന്ന് സിറിൽ കൊളോണി. ഈ പരിധിയും വിട്ട് അതിലുമപ്പുറത്തേക്ക്
അക്ഷരങ്ങൾക്കു മുന്നിൽ കീഴടങ്ങാൻ, ഒരുപാടാവർത്തി തുറന്നു മണക്കാൻ നിങ്ങളെ നിർബന്ധിക്കുന്നത് ബഷീറിയൻ സാഹിത്യമായിരിക്കും എന്നു കരുതുകയാണ്. ‘ബാല്യകാലസഖി’ പുസ്തകമാകുമ്പോൾ നാലിലൊന്നായ് ചുരുങ്ങിയെന്ന് ബഷീർ തന്നെ പറയുമ്പോൾ അക്ഷരങ്ങളുടെ സൗന്ദര്യം എത്രത്തോളമുണ്ടാകുമെന്ന് ഊഹിക്കാം. വായിച്ചു കഴിഞ്ഞും, പിറകിൽ നിന്ന് മുന്നിലേക്കും ഉള്ളിലെ അധ്യായങ്ങളിലേക്കും തിരിച്ചും മറിച്ചുമൊക്കെ സഞ്ചരിച്ച് ‘ബാല്യകാലസഖിയോട്’ സംവദിക്കുകയാണ് ആസ്വാദകലോകം. വിരഹത്തിലും പ്രണയത്തിലും ഫലിതത്തിലും വറ്റിപ്പോകാത്ത ആകാംക്ഷയെ ഒരുക്കി, നമ്മെ തന്നോടൊപ്പം പ്രണയം പൂക്കുന്നിടങ്ങളിലേക്ക്,എരിയുന്ന വിരഹച്ചൂടിലേക്ക് കൊണ്ടുചെന്നാക്കുകയാണ് ബഷീർ.
ബഷീറിനെപ്പറ്റി എന്തു പറയാനാണ്!. സാഹിത്യലോകത്ത് വിസ്മയമായ് തുടരുന്ന കഥപറച്ചിലിൻ്റെ സുൽത്താന് മകുടം ചാർത്തുന്ന കൃതി തന്നെയാണ് ബാല്യകാലസഖി. ഒരിക്കലും മടുപ്പിക്കാത്ത കൊതിപ്പിക്കലുകളാണ് അദ്ദേഹത്തിൻ്റെ ശൈലി. ഈ കൃതിയിൽ ആ പൊലിമ അതിൻ്റെ പരകോടിയിലെത്തുന്നു. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് സുസുമേരവദനരായ് വിവാഹമണ്ഡപത്തിലേക്ക് ചിരിച്ചുകയറുന്ന, നിസ്സാരവിഘ്നങ്ങളിൽ എടുത്തുചാടി മരിച്ചുകളയുന്ന കഥാതന്തുക്കളിൽ നിന്നകന്നാണ് ബഷീർ ബാല്യകാലസഖിയോടൊത്ത് പ്രത്യക്ഷപ്പെടുന്നതെന്നഅവതാരകൻറെ നിരീക്ഷണം തന്നെ മതിയാകും, ഈ ചെറിയ നോവലിലെ വൈവിധ്യങ്ങൾ ബോധ്യപ്പെടാൻ.
പ്രണയം നിന്നു പൊള്ളുമ്പോഴും ദാരിദ്ര്യം ശ്രദ്ധിക്കപ്പെടുന്ന വില്ലനായ് കഥയിലുടനീളം വ്യാപരിക്കുന്നുണ്ട്. ബാല്യചപലതകളിൽ,കുസൃതിയുള്ള ഒരു ഫലിതമായും പിന്നീടങ്ങോട്ട് കഥയെ നയിക്കുന്ന പ്രധാനിയായും മാറുന്നു ഈ ‘ഇല്ലായ്മ’.
സുഹ്റയുടെ പഠിപ്പ് മുടക്കുന്നതും മജീദിന്റെ മടങ്ങിവരവിനെ ‘അപ്രസക്തമാക്കുന്നതും’ വീണ്ടുമുള്ള ഇറങ്ങിത്തിരിക്കലിലേക്കുള്ള ഹേതുവായ് വളരുന്നതും ഇതേ ദാരിദ്ര്യം തന്നെ.
അദ്ദേഹത്തിന്റെ സാമൂഹികവീക്ഷണ പാടവം എടുത്തു പറയേണ്ടതാണ്.
സേട്ടു ഔദാര്യമായ് നൽകുന്ന ഒരു രൂപ നിരസിക്കുമ്പൊഴും നായകന്റെ ഏകാന്തതയുടെ ഉൾനോവുകളിലും യാത്രകളിലുമെല്ലാം വ്യക്തമായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട് ബഷീർ.
ബഹുകഠിനം, ശോകമധുരമാം വണ്ണം, ഉമ്മിണിശ്ശ, ഉമ്മിണി വലിയ ഒന്ന് എന്നിങ്ങനെ ബഷീറിൻ്റെ സ്വന്തം വാക്കുകളും ബാല്യകാലസഖിയിൽ അതിരസകരമായ് തെളിയുന്നു. നാട്ടുഭാഷയുടെ മൊഞ്ചും ഒതുക്കവും ചേർന്നൊലിക്കാതെയുള്ള ആവിഷ്കാരവും നമ്മെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. മാർക്കക്കല്യാണം പോലെ സാഹിത്യലോകത്തിന് ഏറെയൊന്നും പരിചിതമല്ലാത്ത വായനാനുഭവങ്ങളും ബഷീർ പങ്കുവെക്കുന്നതും ശ്രദ്ധേയം.
പ്രതിസന്ധികളിൽ വെന്തുനീറുമ്പോഴും ജീവിതത്തോടുള്ള കൊതിയും അതിജീവിക്കാനുള്ള വെമ്പലും ബാല്യകാലസഖിക്ക് വേറിട്ടൊരു തലം കൂടി സമ്മാനിക്കുന്നത് കാണാം. അപകടത്തിൽ കാൽ നഷ്ടമായിട്ടും
ആശകളെ അകറ്റി നിർത്തുന്നില്ല മജീദ്. ഹോട്ടലിലെ സുഹൃത്തുക്കളെ തൻ്റെ അനുഭവ കഥകൾ പറഞ്ഞ്ചിരിപ്പിക്കുമ്പോഴും സുഹ്റയെ മുടങ്ങാതെ കിനാവ് കാണുമ്പോഴുമെല്ലാം പ്രതീക്ഷയുടെ നിലാവ് പൂർവാധികം ശോഭയോടെ മജീദിനെ സന്തോഷവാനാക്കുന്നു.
ബന്ധങ്ങളുടെ ചൂടും ചൂരും ഉള്ളിൽ വേണ്ടുവോളമുള്ളയാളാണ് ബഷീർ. മാനുഷികഹൃദയ സംബന്ധിയായ അപാരജ്ഞാനം അദ്ദേഹത്തിന്റെ സവിശേഷത തന്നെയാണ്. പ്രണയത്തെക്കാളെറെ വിരഹമാണ്, അതിലെ വൈവിധ്യമാണ് ഈ നോവലിന്റെ അനശ്വരത. ലളിതമായ ഇഷ്ടങ്ങളെ പ്രപഞ്ചത്തോളം വളർത്തി തന്റെ ദുഃഖം ഓരോരുത്തരുടെയും ദുഃഖമാക്കി മാറ്റുന്ന ”മാജിക്കൽ റിയലിസം” തന്നെയാണിത്.
വരിക, വായിച്ചു ‘കൊള്ളുക’.
ഇതൊരു വട്ടം താളുകൾ മറിച്ചു മുഴുമിപ്പിച്ചവർ, ബഷീറിനൊപ്പം ‘ബാല്യകാലസഖി’യെ ഒന്നു കൂടി ചെന്നു കാണുക.


