മൂക്കിൻതുമ്പിലെ കഥകളാണ് ബഷീർ

ഏഴാംക്ലാസിൽ പഠിക്കുന്ന കാലത്താണ്, താമസിച്ചിരുന്ന ഹോസ്റ്റലിൽ വിവിധ പ്രായക്കാരായ അമ്പതിലധികം കൂട്ടുകാരുണ്ടായിരുന്നു. എന്റെ സ്കൂളിലെ തന്നെ ഹയർസെക്കൻഡറി വിദ്യാർത്ഥിയായിരുന്ന സുലൈമാൻ വൈലത്തൂരിന്റെ ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കിന്റെ പരിഭാഷ ഗൈഡിലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് ആദ്യമായി കാണുന്നത്. ഒരു ഏഴാം ക്ലാസുകാരനിൽ ആ പേരുണ്ടാക്കാവുന്ന കൗതുകം ചെറുതല്ലല്ലോ. ഓരോ ഇംഗ്ലീഷ് ഖണ്ഡികയും കഴിഞ്ഞാൽ മലയാളത്തിൽ കഥ വിശദീകരിച്ചെഴുതിയിട്ടുണ്ടാകും. ഞാൻ മലയാളം മാത്രമാണ് വായിച്ചത്. ഗൈഡായതുകൊണ്ട്, അതിന്റെ ആഖ്യാനങ്ങൾ പലപ്പോഴും ഭംഗിയില്ലാത്ത വിധം വിശദീകരിച്ച് അൽപ്പമെങ്കിലും സുഖകരമല്ലാത്ത വായനയായിരുന്നു സമ്മാനിച്ചത്. അടുത്ത ദിവസം ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ഞങ്ങളുടെ മലയാളം ടീച്ചറാണ് ലൈബ്രറിയിൽ നിന്ന് ബഷീറിന്റെ സമ്പൂർണകൃതികൾ എടുത്തുതന്നത്. അങ്ങനെയാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന വസന്തത്തെ വായിക്കാനാരംഭിക്കുന്നത്.

പക്വമായ ആത്മീയത അനുഭവപ്പെടുകയും നമുക്ക് ചറ്റുമുള്ള ഏറ്റവും സുപരിചിതമായ ഓരോ വിഭവങ്ങളിലും അതേ ആത്മീയസുഖം ആസ്വദിക്കാൻ കഴിയുന്ന വിധം സുതാര്യവുമായ തുറന്നെഴുത്തുകളാണ് ബഷീറിന്റേത്. തികഞ്ഞ അസാധാരണത്വം തുടക്കം മുതൽ ഒടുക്കം വരെ പ്രസരണം ചെയ്യുന്ന എഴുത്തുരീതി അദ്ദേഹത്തിന്റെ സവിശേഷതയാണ്. ഗാന്ധിജിയെന്ന ആശയത്തെ നമ്മൾ വായിക്കുന്ന രീതി വളരെ ശ്രദ്ധേയമാണ്. ഏറ്റവും ലളിതമായ ജീവിത ആവിഷ്കാരമാണ് ഗാന്ധിജി. വട്ടക്കണ്ണടയും ഊന്നുവടിയും ചുറ്റിവരിഞ്ഞ വെള്ളത്തുണിയും കഴിഞ്ഞാൽ പ്രത്യക്ഷത്തിൽ നമുക്കറിയുന്ന ഗാന്ധിയുടെ ചിത്രങ്ങൾ അത്ര ഇണക്കമുള്ളതാകില്ല. കോട്ടും സൂട്ടുമിട്ട ഗാന്ധിയെ ആലോചിക്കാൻ പോലും ചിലപ്പോൾ പ്രയാസമാണ്. അത്രമാത്രം ഗാന്ധിയെന്ന വ്യക്തിയും ആശയവും അതിന്റെ സന്ദേശവും സരളമായി നമ്മളിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. സമാനമായ അനുഭവമാണ് ബഷീറിനെ വായിക്കുമ്പോൾ മലയാളിയിലും സംഭവിച്ചത്. അത് സ്വഭാവികമായ പ്രക്രിയയാണ്. നിർബന്ധപൂർവം സംഭിവിപ്പിച്ചെടുക്കാവുന്ന ഒന്നല്ല. അദ്ദേഹത്തെ കേട്ടു കഴിഞ്ഞാൽ നമുക്ക് പരിചയമുള്ള ചിത്രം ഗാന്ധിയെ പോലെ ലളിതമാണ്. ചാരുകസേരയും പാട്ടുപെട്ടിയും കണ്ണടയും പേന പേപ്പറിലേക്ക് ചേർത്തുവെച്ചുള്ള ഇരുത്തവും നമുക്ക് സുപരിചിതമാണ്. അങ്ങനെ അയാൾ നമുക്കിടയിൽ നിഷ്കപടമായി സ്വയം അവതരിപ്പിക്കപ്പെട്ടു.

സംവേദനം ചെയ്യാനാഗ്രഹിച്ചതു മുഴുവൻ വളരെ കൃത്യതയോടെ ലളിതമായി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. അസാധാരണമായ പ്രയോഗശീലങ്ങളോ നിഗൂഢമായ ഭാവനാർത്ഥങ്ങളോ ഇല്ലാത്ത വിധം സാധാരണക്കാരന്റെ ഭാഷയിലുള്ള വർത്തമാനങ്ങളിൽ ഓരോ വായനക്കാരനും തന്റെ ജീവിതത്തെ സ്വയം കണ്ടെത്താൻ ശ്രമിച്ചു. അതിലെ കഥാപാത്രങ്ങൾ തങ്ങൾക്ക് ചുറ്റുമുള്ള അനുഭവങ്ങളാകാൻ അവരാഗ്രഹിച്ചു.

സമൂഹത്തോട് പ്രതിബദ്ധതയുള്ള എഴുത്തുകാരനാവുകയെന്നത് ചെറിയ കാര്യമല്ല. അതിനു വേണ്ടി നിരന്തരം സംവാദങ്ങളിലേർപ്പെടണം. പ്രശ്നങ്ങൾ ചൂണ്ടികാണിക്കണം. പരിഹാസങ്ങൾക്കപ്പുറം പരിഹാരങ്ങൾ നിർദേശിക്കാനാകണം. വൈക്കം മുഹമ്മദ് ബഷീർ മരിച്ചു കഴിഞ്ഞും അതേ പ്രവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു. നമുക്കിടയിൽ ഇന്നും നിലനിൽക്കുന്ന രാഷ്ട്രീയ അപചയങ്ങളെ 1954 ലാണ് വിശ്വവിഖ്യാതമായ മൂക്കിലുടെ അദ്ദേഹം കൃത്യമായി പരിഹസിച്ചത്. 68 വർഷങ്ങൾക്ക് മുമ്പാണത്. എന്നിട്ടും അതേ മൂല്യത്തോടെ ഒരു ഇടർച്ചയുമില്ലാതെ ആ ചെറിയകഥ നടത്തുന്ന ഇടപെടൽ എത്ര ശ്രദ്ധേയമാണ്. ഭൂമിയുടെ അവകാശികൾ എഴുതുന്നത് സൈലന്റ് വാലി സമര കാലത്താണ്. ഇനിയും 100 വർഷം കഴിഞ്ഞ് ഭൂമിയുടെ അവകാശികൾ ഒരാൾ വായിക്കാനെടുത്താൽ അതുണർത്തുന്ന പരിസ്ഥിതി ആലോചനകൾക്ക് മൂർച്ചകൂടുക മാത്രമാണ് സംഭവിക്കുക. കാലാതീതമായി നമുക്കിടയിൽ ഉറച്ചശബ്ദത്തോടെ അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുന്നു.

മനോഹരമായി പ്രണയത്തെ അടയാളപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. പ്രണയങ്ങൾ സംഭവിക്കുന്ന നിമിഷങ്ങളിൽ കുഞ്ഞിപ്പാത്തുമ്മയിലുണ്ടാകുന്ന വൈകാരികതയും മതിഭ്രമവും ബഷീർ അവതരിപ്പിച്ചത് പോലെ മറ്റുരാൾക്കും പ്രസരണം ചെയ്യാൻ കഴിയില്ല. അത്രമാത്രം ഹൃദയാർദ്രമായ പ്രണയാനുഭവമായന്നു നിസാർ അഹമ്മദിന്റെ കുഞ്ഞിപ്പാത്തുവിൽ സംഭവിക്കുന്നത്.

ഒരു നാടകീയതയും സാങ്കേതികമായ ബലപ്രയോഗങ്ങളും ഇല്ലാത്ത വിധം എന്നെ കൗതുകങ്ങളെ താലോലിക്കാൻ, അതിന്റെ ഹൃദയം തൊടാൻ, നിറഞ്ഞ് കവിഞ്ഞ് സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ, വൈക്കം മുഹമ്മദ് ബഷീർ

ജുനൈദ് വരന്തരപ്പിള്ളി

ജുനൈദ് വരന്തരപ്പിള്ളി

യുവകവി, എഴുത്തുകാരൻ, നിയമ വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!