കാലാതിവർത്തിയായ കഥകൾ പിറന്ന മാങ്കോസ്റ്റിൻ ചുവട്ടിലേക്ക്, വിശ്വസാഹിത്യങ്ങൾ ഉദയംകൊണ്ട ഓടുവീടിന്റെ ഉമ്മറക്കോലയിലേക്ക് ഒരിക്കലെങ്കിലും നടന്നു ചെല്ലണമെന്നു ബഷീർ വായനകൾ നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങനെ കടന്നുചെന്ന അനേകം പേർ സുൽത്താന്റെ ആഡംഭരമില്ലാത്ത മനസിലും ആഖ്യകളില്ലാത്ത എഴുത്തിലുമെല്ലാം ഇടം നേടിയിരുന്നു.
അങ്ങനെയിരിക്കെ രണ്ടു പേർ ബേപ്പൂരിലെ വീട്ടിലേക്കു നടന്നു കയറുന്നത് നിതാന്ത വായനയും അന്വേഷണ കുതൂഹലവുമായ മനസ്സുകളുടെ നിരന്തര പ്രേരണകളിൽ നിന്നാണ്. ഏകദേശം 1993,94 വർഷങ്ങളിലായിരിക്കണം. കൊടുവള്ളി ദേശത്തു നിന്ന് ബേപ്പൂരിലെത്തിയത് ഒരു ആത്മജ്ഞാനിയായ പിതാവും പതിനഞ്ചോ പതിനാലോ വയസ്സു പ്രായം തോന്നിക്കുന്ന ഇളയപുത്രനും.
സൂഫീപാതയിൽ ജീവിക്കുന്ന പിതാവ് നിരന്തരമായി യാത്ര ചെയ്യുമായിരുന്നു. അപൂർവമായി മാത്രമേ മക്കൾക്കും മരുമക്കൾക്കും സ്വന്തം ഭാര്യക്കു പോലും കാണാൻ കിട്ടുമായിരുന്നുള്ളൂ. കൊച്ചുകാലത്ത് പേരക്കുട്ടികളായ ഞങ്ങൾക്കും വായിച്ചി ഒരു സ്വപ്നം മാത്രമായിരുന്നു.
നാട്ടിൽ വരുമ്പോൾ കൂടെയുണ്ടാവുന്ന പുത്രൻ എന്റെ അമ്മാവനും വായിച്ചി എന്ന് വിളിക്കുന്ന പിതാമഹൻ ടി എം സി മുക്കം എന്ന മുൻകാല വാഗ്മിയും കേരളക്കരയിലും ദ്വീപ് ദേശങ്ങളിലും പ്രചുര പ്രചാരമുണ്ടായിരുന്ന പഴയകാല പ്രഭാഷകനുമായിരുന്നു. സൂഫിസത്തിനൊരു മുഖവുര’ പോലുള്ള സൂഫീഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്നു.
പ്രശസ്തിയാഗ്രഹിക്കുകയോ അതിനുവേണ്ടി പ്രവർത്തിക്കുകയോ ചെയ്യാത്ത ആ മനീഷി പ്രഭാഷണ, അധ്യാപന, സംഘടനാ മേഖലകളിൽ നിന്ന് വ്യതിചലിച്ചു പതിയെ ആത്മീയ ലയനത്തിന്റെ പാഥേയങ്ങളിൽ ശേഷിച്ച കാലം സ്വയം അലിയുകയായിരുന്നു.
മലയാളികളുടെ നാവിൻതുമ്പത്ത് ഇന്നും തത്തിക്കളിക്കുന്ന ‘മശ്‌രിഖിലും മഗ്‌രിബിലും നബി ശംസുൽ ഹുദ ഫീ’ എന്നു തുടങ്ങുന്ന വരികളും മടവൂർ ശൈഖുനയോടൊപ്പം ജീവിക്കുകയും അവിടുത്തെ ഇഷ്ടവും പരിഗണനയും നേടിയ ‘ഓ മടവൂരിൻ രാജ്യമേ.. മദ്ഹാൽ സായൂജ്യമേ’ തുടങ്ങി അവിസ്മരണീയമായ എത്രയോ വരികൾ പാടി നടക്കുമ്പോഴും അവരുടെ അനുഗൃഹീതമായ തൂലികത്തുമ്പുകളിൽ നിന്ന് ഉതിർന്നു വീണതാണെന്ന് പലർക്കും അറിയാതെ പോയി എന്നത് യാഥാർഥ്യം.
ഇസ്‌ലാമിക സമ്പ്രദായത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ ഇരു ചെവിയിൽ വാങ്കും ഇഖാമത്തും കൊടുക്കുന്ന പതിവുണ്ട്. എന്നാൽ, നമ്മുടെ കഥാപുരുഷൻ പിറന്നുവീണപ്പോൾ വിശുദ്ധ ഖുർആനിൽ നിന്നുള്ള
‘അല്ലാഹു നൂറുസ്സമാവാത്തി വൽ അർള്’ എന്ന് ആരംഭിക്കുന്ന അർത്ഥ ഗർഭമായ ആയത്താണത്രേ ചെവിയിൽ ഓതിയത്! അതുമല്ല രസം. ഈ സൂക്തത്തിന്റെ അനന്തര ഫലമായി ബഷീർ എന്ന ലോക പ്രശസ്തൻ എന്ന് സമർത്ഥിക്കുന്ന എന്റെ അമ്മാവൻ ഒരു പണി പറ്റിച്ചു. പെങ്ങളുടെ ആദ്യത്തെ പെൺകുട്ടിയായ ഞാൻ പിറന്നപ്പോൾ എന്റെ ചെവിയിൽ ഇതേ ആയത്ത് ഒരു പരീക്ഷണാർത്ഥം ഓതുകയുണ്ടായത്രേ! യാ ഖുദാ! എന്തായാലും എന്നെങ്കിലും ഒരിക്കൽ ബഷീറിന്റെ വഴികളിൽ സംഗമിക്കാനായെങ്കിലെന്ന്, അത്ഭുതം സംഭവിക്കുമോയെന്ന് ഞാനും കാത്തിരിക്കട്ടെ!
ആത്മജ്ഞാനിയും ഭാഷാപണ്ഡിതനുമായ ടി എം സി ബേപ്പൂർ ദേശത്തു ബസിറങ്ങി വഴി ചോദിച്ചറിഞ്ഞു ഇടവഴി കടന്ന് ഓടിട്ട വീട്ടിലേക്ക് കയറുമ്പോൾ ദിക്റിൽ ലയിച്ചുകൊണ്ട് നടുമുറിയിലെ കട്ടിലിൽ ചാരിക്കിടക്കുകയാണ് സുൽത്താൻ. പത്നി ഫാബി ബഷീർ അവിടെയുണ്ട്. എന്തോ അഗാധചിന്തകളിൽ മുഴുകിയ അവസാന കാലങ്ങളിൽ ആയിരുന്നിരിക്കണം.
വിശേഷങ്ങൾ ആരാഞ്ഞും മറ്റും അവർ ഗഹനമായ സാഹിത്യ വിഷയങ്ങൾ സംവദിക്കുകയുമുണ്ടായി. ഒരു സാധാരണ ഉസ്താദിന്റെ വേഷത്തിൽ വന്ന മഹാ പണ്ഡിതനെ അന്ന് ബഷീറിലെ ആത്മീയഭാവം തിരിച്ചറിഞ്ഞു. സൂഫീതലങ്ങളിലൂടെ സഞ്ചരിച്ചു പോയപ്പോൾ ബഷീറിൽ ചിന്ത്യമായ ഒരു സംശയം ഉടലെടുത്തു. പടച്ചവനെ എന്തു കൊണ്ട് ‘അവൻ’ എന്നു വിശേഷിപ്പിക്കുന്നു? ഒരു പക്ഷെ, നമ്മളിൽ പലരും ചെറുപ്പകാലങ്ങളിൽ മുതിർന്നവരോട് ചോദിച്ചതും തൃപ്തികരമായ മറുപടി ലഭിക്കാത്തതുമായ ചോദ്യം. ചോദ്യചിഹ്നങ്ങളുടെ സൂചിമുനയിൽ ജീവിതം കോർത്തു കൊണ്ടിരിക്കുന്ന ഗുരുവിന് അമാന്തിക്കേണ്ടി വന്നില്ല ഒട്ടും. അത്, അവൾ എന്നിവയെക്കാൾ അനുയോജ്യമായ പദം അവൻ തന്നെ ആയത് കൊണ്ട് ” സുൽത്താൻ ആ മറുപടിയിൽ പുഞ്ചിരിയോടെ തൃപ്തനായി. അൽപ്പം സംസാരിച്ചും ഇരുവർക്കും വായിക്കാൻ പുസ്തകം സമ്മാനമായി നൽകിയും ടി എം സി ചൊല്ലാൻ പറഞ്ഞു നൽകിയ ദിക്ർ സ്വീകരിച്ച് അവരുടെ കരം കവർന്നുമെല്ലാം ആ ഇമ്മിണി വലിയ എഴുത്തുകാരൻ ആഗതരെ സന്തോഷപൂർവം യാത്രയാക്കുകയുണ്ടായി.


