ബഷീർ, മലയാള സാഹിത്യത്തിൽ വ്യത്യസ്തനാകുന്നതെങ്ങനെ ?

എഴുത്തുകൾ ജനങ്ങൾക്കിടയിൽ ജീവിക്കുന്ന കാലത്തോളം എഴുത്തുകാരൻ ഒരിക്കലും മരിക്കുകയില്ലെന്ന് തെളിയിച്ച സാഹിത്യ പ്രതിഭാശാലിയാണ് വൈക്കം മുഹമ്മദ് ബഷീർ. മലയാള സാഹിത്യത്തെ ക്രിയാത്മകമായ രീതിയിൽ ആവിഷ്കരിക്കുകയും, തന്റേതു മാത്രമായ ഭാഷ വൈവിധ്യത്തെ നിർമിച്ചെടുക്കുകയുമാണ് ബഷീർ ചെയ്തത്. വ്യത്യസ്ത നാടുകളിലൂടെ യാത്ര ചെയ്ത്, യഥാർത്ഥ മനുഷ്യനെന്ന ആശയത്തെ മനസ്സിലാക്കിയതിലൂടെയാണ് ജനങ്ങൾക്ക് പ്രിയപ്പെട്ട രചനകൾ സമ്മാനിക്കാൻ അദ്ദേഹത്തിനു സാധിച്ചത്.

ബഷീറിന്റെ എഴുത്തിലെ ഒരോ പദങ്ങൾക്കും വലിയ ആശയങ്ങളാണുള്ളത്. ‘ബാല്യകാലസഖിയിൽ’ സ്കൂൾ വിദ്യാർഥിയായിരുന്ന ബഷീർ ഗാന്ധിയെ കാണാൻ വീട്ടിൽ നിന്നിറങ്ങിപ്പോവുകയും തൊടുകയും ചെയ്തു. ഗാന്ധിയെ തൊടുക എന്നുള്ളതിനു ലംഘിക്കുന്ന നിയമത്തെ തൊടുക എന്നാണർഥം. അധ്യാപകനെ എതിർക്കുകയും പിതാവിനെ എതിർക്കുകയും ഗാന്ധിയെ തൊടുകയും ചെയ്യുക എന്നുള്ളത് പ്രതിരൂപകമായ പ്രവർത്തനമാണ്. ചരിത്രത്തിലെ ഒരു പ്രതീകാത്മകമായ പ്രവർത്തനം എന്നു പറയും. അങ്ങനെ ഗാന്ധിയെ തൊട്ട് തിരിച്ചുവരുമ്പോൾ ഗാന്ധി പുതിയ ഇന്ത്യ ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളാണ് എന്നും, ഈ പുതിയ സമുദായത്തിനു വേണ്ടി താൻ ശ്രമിക്കും എന്നുമുള്ള ബോധം ഉണ്ടായിത്തീരുകയും, അതിനുവേണ്ടി ശ്രമിക്കുന്ന യോദ്ധാവായിത്തീരുകയാണ് തന്റെ ജീവിത ദൗത്യം എന്നു ബാല്യകാലസഖിയിലെ ബഷീർ തീരുമാനിക്കുകയും ചെയ്യുന്നു.

ബഷീറിനെ വ്യക്തിവാദത്തിലേക്കും ആത്മീയവാദത്തിലേക്കും ചുരുക്കാൻ മരണാനന്തരം ചില കഥകൾ തിരഞ്ഞെടുത്ത് കൊണ്ടുനടന്നവരെ നമുക്ക് കാണാൻ സാധിക്കും. യഥാർത്ഥത്തിൽ അവർ പരാജയപ്പെടുകയാണ് ചെയ്തത്. ബഷീറിന്റെ രചനകൾ വായനക്കാർക്ക് ലഭിക്കുന്ന കാലത്തോളം ആ രചനകളിൽ ഉയർത്തിയ ചോദ്യങ്ങൾ ഏതെങ്കിലും സമ്പ്രദായിക മതാത്മയുക്തിയുമായോ നിയമ സംഹിതയുമയോ കൂടിക്കലർന്നതല്ലെന്ന് തെളിയുന്നു. എന്നാൽ ബഷീർ ജനിച്ചുവളർന്ന മുസ്‌ലിം ജീവിതാവസ്ഥയുമായും ആ അവസ്ഥ പ്രതിനിധാനം ചെയ്യപ്പെടുന്ന ഭാഷയുമായും ബഷീറിന്റെ രചനകൾക്ക് അനിഷേധ്യമായ ബന്ധമുണ്ട്. ഒരു സമുദായത്തിന്റെ ഭാഷ, ശൈലി പ്രതിനിധാനം ചെയ്യപ്പെടുന്നത് കൊണ്ട് മാത്രം അവ മതാത്മകമാകണമെന്നില്ല. എഴുത്തുകാരനാവുകയും എഴുത്തിലൂടെ മാത്രം സമരോത്സുകമായി ജീവിക്കുകയെന്ന സാഹസിക ദൗത്യമാണ് ബഷീർ ഏറ്റെടുത്തത്.

നോവൽ എഴുത്തിന്റെ ശൈലിയിൽ വലിയ മാറ്റമാണ് ബഷീർ സ്വീകരിച്ചത്. ബഷീർ നോവലിന്റെ നീളവും വീതിയും വലിപ്പവും തകർത്തു. പണം, പേജ്, വാക്ക് തുടങ്ങിയവയിലുളള പിശുക്ക് ബഷീറിന്റെ തീക്ഷ്ണതയെ വ്യക്തമാക്കുന്നു. വലിയൊരു ആശയത്തെ ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുകയെന്നത് ഇമേജിസത്തിന്റെ ഭാഗമാണ്. സൗന്ദര്യ ശാസ്ത്രത്തിലെ വലിയ ഭാഗവും ചുരുക്കുന്ന ഘടനയിൽ ഉൾപ്പെടുന്നതാണ്.

ബഷീറിയൻ കൃതികൾ അന്തർധാരയായി വർത്തിക്കുന്നത് വൈവിധ്യമാർന്ന യാത്രകളിലൂടെയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും ഇന്ത്യൻ ആത്മാവിനെ തൊട്ടറിയുകയും ചെയ്തു. അതുകൊണ്ടാണ് പാക്കിസ്ഥാനിനെ ഇന്ത്യയിൽ നിന്നു മാറ്റുമ്പോൾ അദ്ദേഹം ശക്തമായി പ്രതികരിച്ചത്. ആ യാത്രകൾ സവിശേഷമായ ഏതെങ്കിലും ജീവിതലക്ഷ്യങ്ങളോ ഭൗതിക നേട്ടങ്ങളോ സ്വന്തമാക്കാനുള്ള യാത്രകളായിരുന്നില്ല. ഇത്തരം യാത്രകളിലൂടെ അമൂല്യമായ അനുഭവ സമ്പത്താണ് ബഷീർ നേടിയെടുത്തത്. ഇതു തന്നെയാണ് മറ്റു എഴുത്തുകാരിൽ നിന്നു ബഷീറിനെ വ്യത്യസ്തനാക്കുന്നത്.

പ്രകൃതിയെ പരിഗണിച്ചിരുന്ന സഹിത്യകാരനും കഥാകാരനുമായിരുന്നു ബഷീർ. പരിധിയില്ലാത്ത യാത്രകളായിരുന്നു ഇത്തരം സ്നേഹത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. അദ്ദേഹം ഭൂമിയുടെ അവകാശിയായിരുന്നില്ല, അനേകം അവകാശികളിൽ ഒരാൾ മാത്രമായിരുന്നു. ബഷീർ തന്നെ മുൻകൂട്ടി തയ്യാറാക്കിയ ചരമക്കുറിപ്പിൽ മാക്കോസിന് പ്രത്യേകം യാത്രാമൊഴി നൽകിയതും പ്രകൃതിസ്നേഹത്തിന്റെ അടയാളമായിരുന്നു.

സാഹിത്യ രചയിതാവിനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ കൃതികളിലൂടെയാണ്. വായനക്കാർ മരിക്കാത്ത കാലത്തോളം രചന നിലനിൽക്കുകയും, രചന നിലനിൽക്കുന്ന കാലത്തോളം രചയിതാവ് മരിക്കാതിരിക്കുകയും ചെയ്യുന്നു. രചനക്കപ്പുറത്തെ സാഹിത്യകാരനെ മതാടിസ്ഥാനത്തിലോ ജീവിതശൈലിയിലോ വിലയിരുത്തുന്നത് സാഹിത്യത്തോടും സാഹിത്യകാരനോടും ചെയ്യുന്ന അപമര്യാദയാണ്.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!