സുൽത്വാനുൽ ഉലമയുടെ ആത്മകഥ പ്രകാശിതമായി അധികം വൈകാതെ വായന പൂർത്തിയാക്കി, സോഷ്യൽ മീഡിയ വഴി വായന കുറിപ്പ് പങ്കുവെച്ചിരുന്നു ശൈഖുനാ ബദ്റുസാദാത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. വിശ്വാസപൂർവം വായിക്കുകയും മറ്റുള്ളവരെ വായിക്കാൻ പ്രേരിപ്പിക്കുകയും അതിനുവേണ്ടി വിവിധ വേദികളിൽ ഇടപ്പെടുകയും ചെയ്യുന്നുണ്ട് ബദ്റുസാദാത്. ഉറവ വെബ്സിൻ പ്രതിനിധിയുമായ വിശ്വാസപൂർവം വായനയെക്കുറിച്ചു ബദ്റുസാദാത് സംസാരിക്കുകയാണ്.
- ഒരു മുസ്‌ലിം പണ്ഡിതൻ ആത്മകഥ എഴുതുന്നതിൽ തീർച്ചയായും പുതുമകളുണ്ട്. പക്ഷേ, അങ്ങേക്ക് ശൈഖുന സുൽത്വാനുൽ ഉലമയെ ആത്മകഥയിലൂടെ വായിച്ചറിയാൻ മാത്രം ബാക്കിയുള്ളതൊന്നും സുൽത്വാനുൽ ഉലമയുമായുള്ള സൗഹൃദത്തിൽ ഇല്ലെന്നു കരുതുന്നു. അപ്പോഴും, വിശ്വാസപൂർവം ഏറ്റവും ആവേശത്തോടെ വായിച്ച ഒരാളാകും അങ്ങ്. എന്തായിരുന്നു അങ്ങനെയൊരു പ്രേരണയുണ്ടാകാൻ കാരണം ?
കേരളത്തിലെ പാരമ്പര്യ മുസ്‌ലിം ജീവിതത്തിന് വൈജ്ഞാനികവും രാഷ്ട്രീയവുമായ അസ്ഥിത്വം ഉണ്ടാക്കുന്നതിൽ വലിയ നേതൃത്വമാണ് ഉസ്താദ് വഹിച്ചത്. ഉസ്താദിനോടു ചില കടപ്പാടുകളുണ്ട്. അതിൻ്റെ വേരുകളിലാണ് എന്റെ വ്യക്തിജീവിതവും സാമൂഹികജീവിതവും കൂടുതൽ കരുത്തുറ്റതാകുന്നത്. ഉസ്താദ് എന്റെ വഴികാട്ടിയാണ്. അത് വെറുതെ ഭംഗി വാക്ക് പറയുന്നതല്ല. ഏതൊരു ‘ഏപിക്കാരനെ’യും പോലെ, അങ്ങനെ പറയുനാകുന്നത് വലിയ ആവേശമാണ്, ധൈര്യമാണ്.

ദീർഘകാലമായി ഞങ്ങൾക്കിടയിൽ വളരെ അടുപ്പവും സ്നേഹവുമുള്ള സൗഹൃദം നിലനിൽക്കുന്നുണ്ട്. ഒരിക്കൽപോലും ഇഷ്ടക്കേടു സംഭവിക്കുന്നതൊന്നും ഉണ്ടാകാതിരിക്കാൻ കൃത്യമായ ജാഗ്രത പുലർത്തിയിരുന്നു വിനീതൻ. അങ്ങനെയൊരു വിശാലമായ പരിഗണന ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. ഉസ്താദ് വഴികാട്ടിയാണെന്നു പറയുന്നത് സമ്പൂർണമായ അർത്ഥത്തിലാണ്. ഒരു ഉപ്പയുടെ വാത്സല്യം എനിക്ക് ഉസ്താദിൽ നിന്നു കിട്ടിയിട്ടുണ്ട്. സഹോദരൻ, സുഹൃത്ത്, നേതാവ് തുടങ്ങിയ ബന്ധങ്ങളിലെ സവിശേഷമായ സുഖം ഉസ്താദിൽ നിന്ന് ആസ്വദിച്ചിട്ടുണ്ട്. ഉസ്താദിന് എന്റെ ജീവിതത്തിൽ വിവിധ റോളുകളുണ്ടായിരുന്നു. അങ്ങനെ ഒരാൾ ആത്മകഥ എഴുതുന്നതിൽ തീർച്ചയായും എനിക്കു കൗതുകമുണ്ട്. അതു വ്യക്തിപരമായ കൗതുകമാണ്.
ഉസ്താദ് എന്റെ വഴികാട്ടിയാണ്. അത് വെറുതെ ഭംഗി വാക്ക് പറയുന്നതല്ല. ഏതൊരു ‘ഏപിക്കാരനെ’യും പോലെ, അങ്ങനെ പറയുനാകുന്നത് വലിയ ആവേശമാണ്, ധൈര്യമാണ്.
എന്നാൽ, ഒരു മുസ്‌ലിം പണ്ഡിതൻ ആത്മകഥ എഴുതുന്നതിൽ അസാധാരണമായ എന്തെങ്കിലുമുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. ആത്മകഥാംശമുള്ള എഴുത്തുകൾ മുമ്പും പണ്ഡിതരിൽ നിന്നുണ്ടായിട്ടുണ്ട്. അതിൻ്റെ തുടർച്ചകൾ നിസ്വാർത്ഥവും, വിനയാന്വിതവുമായ ജീവിത സമർപ്പണങ്ങൾക്കു മുമ്പിൽ നിലച്ചുപോയതാകണം. ഉസ്താദ്, അങ്ങനെയൊരു ധൈര്യം വീണ്ടെടുക്കുകയും, ആ വഴി തുറന്നിടുകയും ചെയ്തിരിക്കുന്നു. ആ അർത്ഥത്തിൽ, വിശ്വാസപൂർവം കൈവരിക്കുന്ന പ്രസക്തി ചെറുതല്ല. ഉസ്താദിന്റെ ജീവിതം നിരന്തരം വിവാദങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. സ്വാഭാവികമായും, ആ നിലക്കുമുള്ള ജിജ്ഞാസ വിശ്വാസപൂർവം ചരിത്രപരമായി രൂപപ്പെടുത്തുന്നുണ്ട്. ഇത്തരം ബോധ്യങ്ങൾ മുന്നിലുണ്ടാകുമ്പോൾ, വിശ്വാസപൂർവം വളരെ വേഗത്തിൽ വായിച്ചുതീർക്കാൻ ഉണ്ടാകുന്ന ആവേശം ചെറുതാകില്ലെന്നത് വ്യക്തമാണ്.
- വായിക്കുന്നത് തീർച്ചയായും ഒരു ആത്മീയ അനുഭൂതി തരാറുണ്ട്. ഒരു ക്യാൻവാസിനെ തന്നെ പലവിധത്തിലുള്ള വായനകൾക്കു വിധേയമാക്കാൻ സാധ്യമാകുന്നത് ഇത്തരം അനുഭൂതികളെ ചുറ്റിപ്പറ്റിയാണ്. വിശ്വാസപൂർവം വായിച്ചു കഴിഞ്ഞപ്പോൾ ഉസ്താദിനെക്കുറിച്ച് അങ്ങയെ അത്ഭുതപ്പെടുത്തിയ കാര്യമെന്താണ് ? സുൽത്വാനുൽ ഉലമയെ അറിയുന്നവർ പലവിധത്തിൽ വിശ്വാസപൂർവം വായിക്കുകയും, വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അങ്ങേക്ക് വിശ്വാസപൂർവം വായന നൽകിയ അനുഭൂതി എന്തായിരുന്നു ?
വിശ്വാസപൂർവം വായിക്കാൻ എടുക്കുന്നതിൽ എനിക്ക് പ്രധാനമായും വ്യക്തിപരമായ രണ്ടു കൗതുകങ്ങൾ ഉണ്ടായിരുന്നു. അതു പറയാം. ഉസ്താദ് വലിയ സാമൂഹികബന്ധങ്ങളിൽ കുറേകാലമായി ജീവിക്കുന്നയാളാണ്. ഉസ്താദിന്റെ ജീവിതം വിവിധ മേഖലകളിൽ സജീവമായി നിലനിന്നുകൊണ്ടുള്ള ഇടപെടലുകളാണ്. അരനൂറ്റാണ്ടിലേറെക്കാലമായി വിദ്യാഭ്യാസം, സംസ്കാരം, രാഷ്ട്രീയം തുടങ്ങി അനവധി മേഖലകളിൽ ഉസ്താദ് സജീവ സാന്നിധ്യമാണ്. ഒരു യാഥാസ്ഥിതിക പശ്ചാത്തലമുള്ള മുസ്‌ലിംപണ്ഡിതൻ ഇത്തരമൊരു ധൈര്യം ആർജിക്കുന്നതിൽ അസാധാരണമായ കുറേ കാര്യങ്ങളുണ്ട്. ഉസ്താദ് സ്വയം ഉണ്ടാക്കിയെടുക്കുകയും കൈമാറുകയും ചെയ്ത ധൈര്യമാണ് കേരളത്തിലെ മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കിയത്. ഉസ്താദിന്റെ പരിചയങ്ങൾ, സൗഹൃദങ്ങൾ വളരെ വിപുലമാണ്. ഇടപെടുന്ന എല്ലാ മേഖലകളിലും വളരെ സൗഹൃദപൂർവം ബന്ധങ്ങൾ സ്ഥാപിക്കുകയും, അതു സൂക്ഷിക്കുകയും ചെയ്യുന്നയാളാണ് ഉസ്താദ്.
ഇങ്ങനെ ഒരാൾ ആത്മകഥ എഴുതുമ്പോൾ പരാമർശങ്ങളിൽ, പരിചയപ്പെടുത്തലുകളിൽ, ഉള്ളടക്കങ്ങളിൽ സൂക്ഷിക്കേണ്ട സന്തുലിതാവസ്ഥ അത്ഭുതകരമാംവിധം ഉസ്താദ് കൈകാര്യം ചെയ്തിട്ടുണ്ട്. സ്നേഹവും സഹിഷ്ണുതയും മാനവികതയും സംസാരിക്കുക എന്നതിനപ്പുറത്തേക്ക് നടപ്പിൽവരുത്തി, സ്വന്തം ജീവിതത്തിൽ അടയാളപ്പെടുത്തി മനുഷ്യരെ അത്ഭുതപ്പെടുത്താനുള്ള ഉസ്താദിന്റെ ശേഷി അപാരമാണ്. ഇങ്ങനെയും മനുഷ്യരെ, ബന്ധങ്ങളെ, സൗഹൃദങ്ങളെ പരിഗണിക്കാൻ കഴിയുമെന്ന് ഉസ്താദ് നമ്മെ പഠിപ്പിക്കുകയാണ്.
ഒരു യാഥാസ്ഥിതിക പശ്ചാത്തലമുള്ള മുസ്‌ലിംപണ്ഡിതൻ ഇത്തരമൊരു ധൈര്യം ആർജിക്കുന്നതിൽ അസാധാരണമായ കുറേ കാര്യങ്ങളുണ്ട്. ഉസ്താദ് സ്വയം ഉണ്ടാക്കിയെടുക്കുകയും കൈമാറുകയും ചെയ്ത ധൈര്യമാണ് കേരളത്തിലെ മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കിയത്.
ജീവിതത്തിന്റെ വിവിധ സന്ദർഭങ്ങളിൽ കണ്ടുമുട്ടിയ, ഉസ്താദിന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ മുഴുവൻ പേരെയും ബഹുമാനപൂർവം പരിഗണിക്കാൻ ഉസ്താദ് നടത്തുന്ന ശ്രമങ്ങളെ നമുക്കു മാതൃകയാക്കാനുണ്ട്. ഉസ്താദിന്റെ വിജയവും അതുതന്നെയാണ്. ഞാൻ ആദ്യം സൂചിപ്പിച്ച രണ്ടു കൗതുകങ്ങളിൽ ഒന്ന് ഈ പറഞ്ഞതാണ്. ഉസ്താദ് തൊട്ടടുത്ത മനുഷ്യരെയും, സഹജീവികളെയും, അജൈവമായ വസ്തുക്കളെയും പരിഗണിക്കുന്ന രൂപം.

രണ്ടാമത്തേത്, ഉസ്താദിന്റെ ഓർമശക്തിയാണ്. അവതാരികയിൽ മലയാള മനോരമയുടെ മുൻ ഡയറക്ടർ തോമസ് ജേക്കബ് ഈ കാര്യം എടുത്തുപറയുന്നുണ്ട്. വിശ്വാസപൂർവത്തിന്റെ ഏറ്റവും സവിശേഷമായ ഒരു സാധ്യതയെന്നു തോന്നിയത് ഓർമകളെ കോർത്തെടുത്ത വിധമാണ്. ഒരു വിഷയത്തെ അഭിസംബോധന ചെയ്യുമ്പോൾ അതിന്റെ ചുറ്റുപാടുകളെ അടയാളപ്പെടുത്തിപ്പോകുന്ന ഭാഷ, ആ കാലത്തെയും അതിന്റെ സാംസ്കാരിക, രാഷ്ട്രീയ ഉള്ളടക്കങ്ങളെയും അവതരിപ്പിക്കുന്ന രീതി, ഇങ്ങനെ വായിച്ച് അവസാനിപ്പിക്കുമ്പോൾ ഒരു മഹാമനീഷിയുടെ ജീവിതത്തിന്റെ ഇടവഴികളിലൂടെ നടന്നതിന്റെ സുഖം നമ്മുടെ കാലുകളിൽ ശേഷിക്കും. ഓർമകളിൽ അതിന്റെ കുളിരുണ്ടാകും.
- അരനൂറ്റാണ്ടിലേറെ വിവിധ മേഖലകളിൽ ഇടപെടുന്ന മുസ്‌ലിം പണ്ഡിതൻ, പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ, ദഅവ ആക്ടിവിസ്റ്റ് അങ്ങനെ ഒത്തിരി വിശേഷണങ്ങൾ സുൽത്വാനുൽ ഉലമക്ക് ചേരുന്നുണ്ട്. എല്ലായ്പ്പോഴും ഉസ്താദ് ധൈര്യമായി മുന്നിലുണ്ടായിരുന്നുവെന്ന് അങ്ങ് പറഞ്ഞു. അങ്ങയുടെ ജീവിതത്തിലും വിവിധ രൂപത്തിൽ ഉസ്താദ് സ്വാധീനിക്കുകയും റോൾമോഡൽ ആവുകയും ചെയ്യുന്നുണ്ട്. വിശ്വാസപൂർവം കാന്തപുരം ഉസ്താദിന്റെ ആത്മകഥയെന്ന വിധത്തിൽ ഏതു രൂപത്തിലുള്ള സ്വാധീനങ്ങളാകും സാമൂഹികമായി സൃഷ്ടിക്കുക ?
ഉസ്താദിന് സത്യത്തെക്കുറിച്ചു കൃത്യമായ ബോധ്യമുണ്ട്. അതു രൂപപ്പെടുത്തുന്നത് ധാർമികതയും വിശ്വാസവും ഭക്തിയും അർപ്പണവും ചേർന്നാണ്. എല്ലാ വിശ്വാസികൾക്കും ഇത്തരമൊരു മാനസികാവസ്ഥ അത്യാവശ്യമാണ്. ഉസ്താദിന്റെ ധൈര്യവും ഇതുതന്നെയാണ്.
സത്യവും ശരിയും എന്ന് ബോധ്യപ്പെടുന്നിടത്ത് ഒരുതരത്തിലുമുള്ള പ്രേരണകൾക്കും പിടികൊടുക്കാതെ വളരെ ധൈര്യപൂർവം ഉസ്താദ് ഇടപെട്ടു. അത്തരം കാര്യങ്ങളിൽ വിമതനാകുന്നതും, ശത്രുക്കളുണ്ടാകുന്നതും, വിവാദങ്ങൾക്കു വഴിവെക്കുന്നതും ഉസ്താദിനെ അസ്വസ്ഥപ്പെടുത്തിയില്ല. ശരിയെന്നു ബോധ്യമുള്ളിടത്ത് ഉറച്ചുനിന്നു. അതു വിളിച്ചുപറയാനും ധൈര്യം കാണിച്ചു. അസ്ഥിത്വമുള്ള വലിയ സമൂഹത്തെ വാർത്തെടുത്തു. അതിനാവശ്യമായ മുഴുവൻ സംഘാടനവും, സംവിധാനങ്ങളും ഉസ്താദിന്റെ നേതൃത്വത്തിൽ നടത്തി.
വിമതനാകുന്നതും, ശത്രുക്കളുണ്ടാകുന്നതും, വിവാദങ്ങൾക്കു വഴിവെക്കുന്നതും ഉസ്താദിനെ അസ്വസ്ഥപ്പെടുത്തിയില്ല. ശരിയെന്നു ബോധ്യമുള്ളിടത്ത് ഉറച്ചുനിന്നു. അതു വിളിച്ചുപറയാനും ധൈര്യം കാണിച്ചു.
ഇതു മുസ്‌ലിം സാമൂഹിക ജീവിതത്തെ പുതിയ സ്വാധീനവലയത്തിലേക്ക് എത്തിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി മുസ്‌ലിം ജീവിതം പ്രാക്ടീസ് ചെയ്തിരുന്നത് പണ്ഡിത കേന്ദ്രീകൃതമായിരുന്നു. ഇതു ഘട്ടങ്ങളായി നഷ്ടപ്പെടുകയോ, ചില താത്പര്യങ്ങളിൽ നിരുത്സാഹപ്പെടുത്തുകയോ ചെയ്തുവരുന്നുണ്ട്. അത്തരം പ്രവണതകളെ തുടച്ചുമാറ്റുകയും, പ്രബോധകരിലൂടെയും കർമനിരതരായ പണ്ഡിതരിലൂടെയും സാമൂഹിക നിർമിതികൾ സാധ്യമാക്കി, കേരളത്തിലെ പാരമ്പര്യ മുസ്‌ലിം ജീവിതത്തിലേക്കു വൈജ്ഞാനികവും സാമൂഹികവും രാഷ്ട്രീയവുമായ ഊർജ്ജം കൈമാറിയാണ് ഉസ്താദിന്റെ വ്യക്തിപരമായ ജീവിതം സ്വാധീനിക്കപ്പെടുന്നത്. അതിൽ സാന്ത്വന പ്രവർത്തനങ്ങളുണ്ട്, വിദ്യാഭ്യാസ പ്രവർത്തനങ്ങളുണ്ട്. രാഷ്ട്രനിർമാണ ആലോചനകളുണ്ട്. ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യരെയും ചേർത്തുനിർത്തുന്ന ജനാധിപത്യബോധത്തെ അടയാളപ്പെടുത്തുന്നുണ്ട്.
വിശ്വാസപൂർവം കാന്തപുരം ഉസ്താദിന്റെ ആത്മകഥയെന്ന വിധത്തിൽ തീർച്ചയായും ഉസ്താദിന്റെ ജീവിതമെങ്ങനെയാണോ സ്വാധീനിക്കപ്പെട്ടത്, അതിന്റെ തുടർച്ചയിലുള്ള വായനകൾ സാധ്യമാക്കുമെന്ന് ഉറപ്പാണ്.


