ഉസ്താദിന്റെ ദറസിലും സദസ്സിലും നിരവധി പ്രാവശ്യം സംബന്ധിക്കാനും അനുഗ്രഹങ്ങൾ സ്വീകരിക്കാനും അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ആ വെളിച്ചങ്ങളുടെയൊക്കെ സ്രോതസ്സ് എവിടെ നിന്നാണെന്ന് കൂടുതലറിയാൻ വിശ്വാസപൂർവ്വം വായിച്ചപ്പോൾ അവസരമുണ്ടായി. ഗുരു വര്യന്മാരുടെ സന്നിധിയിൽ നിന്ന് ലഭിച്ച അനുഗ്രഹത്തിന്റെ സ്പർശങ്ങളും മഹാന്മാരോടുള്ള ആദരവിലും ചിട്ടയിലും പാലിച്ചിരുന്ന കൃത്യതയുമാണ് ഒരു മഹാമനീഷിയെ രൂപപ്പെടുത്തിയതെന്നത് ഒരിക്കൽ കൂടി ബോധ്യപ്പെടുന്ന ആത്മകഥയാണ് വിശ്വാസപൂർവ്വം. ബാഖിയാത്തിലെ മൂന്നു വർഷത്തെ പഠനകാലയളവിൽ മൂന്ന് വഖ്ത് മാത്രമേ ജമാഅത് നഷ്ട്ടപ്പെട്ടിട്ടുള്ളുവെന്ന് പറയുന്നത് അവിടുന്ന് അടയാളപ്പെടുത്തിയ ആത്മീയ ജീവിതത്തിന്റെ ഒരു ആമുഖമായാണ് മനസ്സറിഞ്ഞു വായിച്ചത്.
സേവനം ചെയ്യുന്നവർ സേവിക്കപ്പെടുമെന്ന ആപ്‌തവാക്ക്യങ്ങൾ നിരന്തരം കേട്ടിട്ടുണ്ടെങ്കിലും പ്രായോഗികമായി ഉസ്താദിൽ പുലർന്നു കാണുകയാണ്. പഠനകാലത്ത് ശൈഖ് ഹസൻ ഹസ്റത്തിന് ഉസ്താദ് ചെയ്ത സേവനങ്ങളുടെ ഒരു പ്രതിഫലനമാണ് ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന ആദരവിന്റെ സകല നിദാനങ്ങളും. മറ്റുള്ളവരെ പരിഗണിക്കുക, അവരോട് മര്യാദ കാണിക്കുക, സ്നേഹവും സഹിഷ്ണുതയും പ്രകടിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. ഉസ്താദിൻറെ ജീവിതത്തിൽ ഉടനീളം അതിന്റെ മനോഹരമായ മാതൃകകൾ കാണാൻ കഴിയും.
ഇങ്ങനെ ആ ജീവിതത്തിന്റെ അടരുകളിൽ കേരളീയ മുസ്‌ലിം നവോത്ഥനത്തിന്റെയും ആനുകാലിക മുസ്‌ലിം സമൂഹത്തിന്റെ വൈഞാനിക മുന്നേറ്റത്തിന്റെയും ചരിത്രങ്ങൾ ഇഴചേർന്നു കിടക്കുന്നു. മോഡേൺ ദഅവ ആക്ടീവിസത്തിന് നൂതനമായ ആശയരൂപീകരണം നൽകുന്നതിലും, അതിന് സജ്ജമായ തലമുറയെ വാർത്തെടുക്കുന്നതിലും ഉസ്താദ് കാണിച്ച ദീർഘവീക്ഷണം അപാരമാണ്. അതിനേക്കാൾ പ്രധാനമാണ്, ഉസ്താദ് സ്വയം സംഭരിക്കുകയും മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്ത ധൈര്യം. ആ ധൈര്യം രൂപപ്പെടുന്നത് തീർച്ചയായും പ്രവർത്തനങ്ങൾക്കുള്ള ക്യാൻവാസ് ഒരുക്കിയാണ്. അജണ്ടയും ആശയവുമുള്ള പ്രവർത്തകരെ രൂപീകരിച്ചാണ്. കാമ്പുള്ള ആദർശവിനിമയങ്ങൾ സാധ്യമാക്കിയാണ്.
പണ്ഡിത സമൂഹത്തിന് അഭിമാനവും പരിഗണനയും രൂപപ്പെടുത്തി, വിശ്വാസ കൈരളിയെ അമരത്ത് നിന്ന് നയിച്ച ഉന്നതരായയൊരു നേതാവിന്റെ ജീവിത അറകളിലൂടെ സഞ്ചരിച്ചു മുന്നോട്ട് പോവുമ്പോൾ കാലഘട്ടത്തിന്റെ സുൽത്താൻ എന്നല്ലാതെ ഉസ്താദിനെ മറ്റെന്തു വിശേഷിപ്പിക്കാനാണ്. ആ ജീവിതത്തെ വീണ്ടും വീണ്ടും വായിക്കാൻ വിശ്വാസപൂർവ്വത്തിന്റെ ഒരു പ്രതി നമുക്ക് കളയാതെ കരുതി വെക്കാം. സുകൃതങ്ങൾ പണിതുയർത്തിയ ഒരു കാലത്തിന്റെ ഓർമ്മകളെ വിശ്വാസപൂർവ്വം ചേർത്തുപിടിക്കാം.


