‘വിശ്വാസപൂർവം’ വായിക്കുകയായിരുന്നു. ഒരു മുസ്‌ലിയാരുടെ കഥ ആയിരിക്കേ തന്നെ മനോഹരമായ അക്ഷരങ്ങൾക്കൊണ്ട് പോയകാലത്തിൻ്റെ ചിത്രം വരയ്ക്കുകയും മനസ്സിൽ അനേകം ചിന്താവേലിയേറ്റങ്ങൾ സൃഷ്ടിക്കുകയും ആത്മീയാസ്വാദനം തരികയും ചെയ്ത വായനാനുഭവമായിരുന്നുവത്.
നിത്യജീവിതത്തിൽ നമുക്കിന്ന് ഒഴിച്ചുകൂടാൻ പറ്റാത്തവയായി അലാറങ്ങൾ മാറിയിട്ടുണ്ട്. ദീർഘദൂര യാത്രക്കിടയിൽ മൊബൈലിൽ അലാറം വെച്ച് അപരിചിതരുടെ ചുമലിലേക്കു ചാഞ്ഞു കിടന്നുറങ്ങുന്നത് ബസുകളിൽ പതിവു കാഴ്ചയാണ്. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ വിദ്യാർത്ഥികളെ പുലർച്ചെ നീണ്ട മണിമുഴക്കത്തിനു പുറമേ വാതിലിൽ തട്ടിവിളിക്കുന്നതിന്റെ കൂടി ശബ്ദം കേട്ടാണ് പലപ്പോഴും ഞാനും ഉണരാറ്. പഴയകാലത്ത് സമയകൃത്യതക്കു വേണ്ടി മനുഷ്യർ പല ഉപാധികളും സ്വീകരിച്ചിട്ടുണ്ടാവും.
ഒ കെ. ഉസ്താദിൻ്റെ ദർസിൽ (തലക്കടത്തൂർ) പഠിച്ചിരുന്ന കാലത്തെക്കുറിച്ച് അയവിറക്കുമ്പോൾ എ പി ഉസ്താദ് ആത്മകഥയിൽ എഴുതിയത് നിറകണ്ണുകളോടെ മാത്രമേ വായിച്ചുപോകാനാകൂ. “സുബ്ഹി നിസ്കാരം കഴിഞ്ഞ് ഒരു കട്ടൻ ചായക്കു ശേഷം തുടങ്ങുന്ന ക്ലാസുകൾ ഇശാ നിസ്കാരം വരെ തുടരും. ഇതിനിടയിൽ നിസ്കാരത്തിനുള്ള ഇടവേളകൾ മാത്രമേ ഒഴിവുണ്ടാകൂ. രാത്രി ഭക്ഷണത്തിനു ശേഷമുള്ള രണ്ടാം ദർസ് 11 മണി വരെ നീളും… രാത്രി 11 മണിക്ക് ഉറങ്ങാൻ കിടക്കുന്ന ഒ കെ ഉസ്താദ് പുലർച്ചെ മൂന്നുമണിക്ക് എഴുന്നേൽക്കും. എഴുന്നേറ്റ് ഉടനെ ആലു ഇമ്രാനിലെ അവസാനത്തെ ആയത്തുകൾ ഓതി അങ്ങനെ നടക്കും. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു തഹജ്ജുദ് നിസ്കരിക്കും. പിന്നെ സുബ്ഹി വാങ്കു വരെ ഖുർആൻ ഓതും. പ്രാർത്ഥനകൾക്കിടയിൽ ചിലപ്പോൾ വിതുമ്പിക്കരയും. അതു ചിലപ്പോൾ പൊട്ടിക്കരച്ചിലായി മാറും. ഖുർആൻ്റെ അർഥം മനസിലേറ്റിക്കൊണ്ടുള്ള ഓത്താണ്. നിശബ്ദമായ അന്തരീക്ഷത്തിൽ, ഇരുൾ മുറ്റിനിൽക്കുന്ന സമയത്ത്, ചെറിയ മണ്ണെണ്ണ വിളക്കിൻ്റെ ചുവട്ടിലിരുന്ന് ഉസ്താദിങ്ങനെ ഓതുമ്പോൾ നമ്മളും അറിയാതെ അതിൽ ലയിച്ചുപോകും. ആ ഓത്തോ വിതുമ്പലോ ഒക്കെ കേട്ടാണ് ബാക്കിയുള്ളവർ ഉണരുക” (പു. 205). യാതൊരുവിധ അസ്വസ്ഥതയും തോന്നിപ്പിക്കാതെ മുതഅല്ലിമീങ്ങളെ ഉറക്കത്തിൽ നിന്നും ഉണർത്തിയിരുന്ന അത്തരം ആത്മീയസ്പർശമുള്ള അലാറങ്ങൾ മിക്കവാറും എല്ലാ ദർസുകളിലും അക്കാലത്ത് പള്ളികളെ സമ്പന്നമാക്കിയിട്ടുണ്ടാവും.
തൊട്ടടുത്തുള്ള സ്ഥാപനത്തിലെ വിദ്യാർത്ഥികളെ പുലർച്ചെ നീണ്ട മണിമുഴക്കത്തിനു പുറമേ വാതിലിൽ തട്ടിവിളിക്കുന്നതിന്റെ കൂടി ശബ്ദം കേട്ടാണ് പലപ്പോഴും ഞാനും ഉണരാറ്.
വായനക്കിടെ കേട്ടത്
ശബ്ദങ്ങൾക്ക് സൂക്ഷ്മമായി കാതോർത്ത് അടുക്കും ചിട്ടയിലും ഓർത്തുവെച്ചു പിന്നീടത് എഴുത്തിലും പ്രഭാഷണത്തിലും ഔചിത്യപൂർവം ഉപയോഗിക്കുന്ന ശൈലിക്കുടമയാണ് ഉസ്താദ്. അതിൻ്റെ ഒട്ടേറെ ഉദാഹരണങ്ങൾ ആത്മകഥയായ ‘വിശ്വാസപൂർവം’ വായിക്കുമ്പോൾ കേൾക്കാം. “ഇരുട്ടു പരന്നതോടെ ട്രെയിനിന്റെ ഒച്ച മാത്രം ബാക്കിയായി. ഒരു വലിയശബ്ദത്തിൽ കയറി നമ്മൾ യാത്ര ചെയ്യുന്നപോലെ.” ജീവിതത്തിലെ ആദ്യ തീവണ്ടിയാത്രാനുഭവം വിവരിക്കുന്നിടത്താണ് സാഹിത്യ രചനാശൈലിയെ ഓർമിപ്പിക്കുന്ന ഈ പരാമർശം. ശബ്ദത്തെ പശ്ചാത്തലമാക്കി അസ്ഥിത്വത്തെ അടയാളപ്പെടുത്തിയിരിക്കുന്നു. വലിയൊരു ആൾക്കൂട്ടത്തിനിടയിലും തനിച്ചാകുന്ന ഖബ്ർ ജീവിതമാണ് ഇതു വായിക്കുമ്പോൾ വിശ്വാസികളുടെ മനസ്സിലേക്കെത്തുക.
‘ഒരു ഗ്രാമത്തിൻ്റെ കഥ’ എന്ന അധ്യായത്തിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള പൂനൂർ ആഴ്ചച്ചന്തയെ ഓർക്കുന്നുണ്ട്. “ശബ്ദ ചേരുവയുടെ അകമ്പടിയിൽ പൂനൂർ ചന്തയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ അങ്ങാടിയിൽ നിന്നു വരുന്ന പലതരത്തിലുള്ള ഒച്ചകളാണ് ഓർമയിലേക്ക് വരിക” എന്നു പറഞ്ഞു കൊണ്ടാണ് ആ ഭാഗം തുടങ്ങുന്നത്. ആദ്യത്തെ ബസ് യാത്രാ സ്മരണ നോക്കൂ; “ഒരു ഇരുമ്പുകമ്പി ഉള്ളിലേക്കിട്ടു തിരിച്ചാണ് ബസ് സ്റ്റാർട്ട് ചെയ്യുന്നത്. എൻജിന്റെ ശബ്ദം ദൂരേക്ക് കേൾക്കാം. നമ്മൾ കിതച്ചുകൊണ്ട് നടക്കുന്നതുപോലെ.” മറ്റൊരിടത്ത് കാളവണ്ടിയുടെ ശബ്ദത്തെയും പ്രത്യേകമായി പരിചരിച്ചിട്ടുണ്ട്; “വലിയ ചക്രങ്ങൾ ഒരുമിച്ചുരുളുമ്പോൾ ഒരു പ്രത്യേകതരം താളത്തിലുള്ള ശബ്ദമാണ് കൂട്ടത്തിൽ കാളകളുടെ കുളമ്പടിയൊച്ചയും”. ഇവിടെ പൊതുവെ ശ്രവണമധുരമല്ലാത്ത ശബ്ദക്കൂട്ടുകളിൽ നിന്നും രണ്ടു വ്യത്യസ്ത ഒച്ചകളെ വേർതിരിച്ച് മനസ്സിൽ കുടിയിരുത്തി, കാലങ്ങൾക്കു ശേഷം ഉസ്താദ് ഓർത്തെടുക്കുകയാണ്. കൂരിരുട്ടാർന്ന എകാന്തതയിലെ ഒച്ചകളെ മാത്രമല്ല, ശബ്ദായമാനമായ പകലൊച്ചകളിൽ നിന്നടക്കം മനസ്സിലുടക്കിയ ശബ്ദബിംബങ്ങൾ ഈ പുസ്തകത്തിൻ്റെ വായനയെ ജീവസ്സുറ്റതാക്കുന്നു.
ഈ മതപണ്ഡിതൻ്റെ എഴുത്തുകളും പ്രഭാഷണങ്ങളും സമഗ്രമായി പരിശോധിച്ചുകൊണ്ട് അവയിലെ ശബ്ദപരിചരണങ്ങളെ മുൻനിർത്തി യുവ ഗവേഷകർക്ക് ഒരു തീസീസിനു തന്നെ സാധ്യതയുണ്ടെന്ന് തോന്നുന്നു.
ഉസ്താദുമാരുടെ ശബ്ദങ്ങൾക്ക് വിജ്ഞാന ദാഹത്തോടെ കാതു കൂർപ്പിച്ചിരുന്ന പള്ളിദർസുകളിലെ അനുഭവങ്ങളിൽ നിന്നാവാം ഓരോ സന്ദർഭങ്ങളെ ഓർത്തെടുക്കുമ്പോഴും അതുമായി ബന്ധപ്പെട്ട ശബ്ദങ്ങളെ അത്രമേൽ പ്രിയപ്പെട്ടതായി മനസ്സിൽ സൂക്ഷിക്കാൻ കാന്തപുരം ഉസ്താദിനെ പ്രാപ്തനാക്കിയത്. മൈക്കില്ലാത്ത മതപ്രഭാഷണങ്ങൾ നടന്നിരുന്ന കുട്ടിക്കാലത്തെ അയവിറക്കുമ്പോൾ ഇന്നത്തെക്കാൾ ശബ്ദമലിനീകരണം കുറഞ്ഞ പഴയകാലത്തെയും സൂചിപ്പിക്കുന്നുണ്ട്. വലിയ ഒച്ചപ്പാടുകളുണ്ടാക്കാതെ സമുദായത്തിനകത്ത് വായനയുടെ നിശബ്ദവിപ്ലവം തീർത്ത് മുന്നേറുന്ന ഉസ്താദിൻ്റെ ആത്മകഥ വായനക്കാരെ ഇങ്ങനെ പല ആലോചനകളിലേക്കും വഴിനടത്തുന്നുണ്ട്. ഈ മതപണ്ഡിതൻ്റെ എഴുത്തുകളും പ്രഭാഷണങ്ങളും സമഗ്രമായി പരിശോധിച്ചുകൊണ്ട് അവയിലെ ശബ്ദപരിചരണങ്ങളെ മുൻനിർത്തി യുവ ഗവേഷകർക്ക് ഒരു തീസീസിനു തന്നെ സാധ്യതയുണ്ടെന്ന് തോന്നുന്നു.
ഗ്രാമത്തിൻ്റെ കഥകൾ
പോയകാലത്തിന്റെ നന്മകൾ അയവിറക്കുന്ന നിരവധി മുഹൂർത്തങ്ങൾ ആത്മകഥയിൽ വായിക്കാം. പഴയകാല പ്രാദേശിക വിശേഷങ്ങൾ കൊത്തിവെച്ച കൊച്ചു ചരിത്രഗ്രന്ഥമായും പുസ്തകത്തെ ഉപയോഗിക്കാനാവും. മതസൗഹാർദത്തിന്റെ ഇഴകൾ അതിൽ പ്രധാനപ്പെട്ടതാണ്. ‘ഒരു ഗ്രാമത്തിൻറെ കഥ’ എന്ന പത്താമധ്യായത്തിൽ പൂനൂരിലെ ഒരു നേർച്ചയെക്കുറിച്ചു പറയുന്നുണ്ട്. സയ്യിദ് അബൂബക്കർ കോയ തങ്ങളുടെ പേരിലുള്ളതാണത്. ഇതിൽ പങ്കെടുക്കാൻ വിവിധ നാടുകളിൽ നിന്നും നാനാ ജാതി-മതസ്ഥർ എത്തും. സാധാരണ നേർച്ചകളെപ്പോലെ അറബിമാസക്കണക്കിലല്ല കുംഭം 14നാണ് ആവുപ്പാട്ടെ നേർച്ച തുടങ്ങുക. കോഴിയാണ് പ്രധാന നേർച്ച വസ്തു, അരിയടക്കമുള്ള മറ്റു സാധനങ്ങളും ധാരാളം വന്നുചേരും. ആ ഒരു വർഷക്കാലത്തെ ആഹ്ലാദങ്ങളിലും സങ്കടങ്ങളിലും മറ്റ് ആവശ്യപൂർത്തീകരണം ആഗ്രഹിച്ചും നേർച്ചയാക്കുന്ന വസ്തുക്കളുമായാണ് മനുഷ്യർ നേർച്ചക്കെത്തുക.
“വയലിൽ നിറഞ്ഞു നിൽക്കുന്ന കോഴികളു”ടെ കാഴ്ചാനുഭവം ഉസ്താദ് ഓർത്തെഴുതുന്നതു കാണാം. മഞ്ഞച്ചോറും കോഴിക്കറിയും ചീരണിയായി വിതരണം ചെയ്യും. “നേർച്ചയായി കിട്ടിയ സാധനങ്ങൾ തീരും വരെ ഭക്ഷണം വെക്കുന്നതായിരുന്നു പതിവ്. അത്രയും ദിവസം നേർച്ചയും നീണ്ടുനിൽക്കും”. അത്രമേൽ വറുതിയുടെ കാലത്താണ് അതെന്നോർക്കണം. “പഞ്ചസാരയുടെ മധുരം ആദ്യമായി മതിവരുവോളം അറിഞ്ഞത് രണ്ടാം ക്ലാസിൽ സ്കൂളിൽ വിതരണം ചെയ്തിരുന്ന പാൽവെള്ളത്തിൽ നിന്നായിരുന്നു” എന്ന് ഉസ്താദ് മറ്റൊരിടത്ത് (പു.111) സൂചിപ്പിക്കുന്നുണ്ട്. അതായിരുന്നു ആ കാലം.
സൂക്ഷ്മതയുടെ മറ്റൊരു സന്ദേശം കൂടി ആവുപ്പാട്ടെ നേർച്ചസ്മരണയിലൂടെ ഉസ്താദ് വർത്തമാനകാലത്തോടു പറയാതെ പറയുന്നുണ്ട്. ‘വിഭവങ്ങൾ തീരുംവരെ ഭക്ഷണവിതരണം’ എന്നതിലൂടെ, നേർച്ച വിഭവങ്ങളുടെ വിനിയോഗത്തിൽ പുലർത്തേണ്ട സൂക്ഷ്മതയെ ഉണർത്തുകയാണ്. പണമോ വസ്തുക്കളോ എന്തുമാകട്ടെ, നേർച്ചയാക്കുന്ന സാധനങ്ങൾ അതാത് പരിപാടികൾക്കായി പൂർണമായും വിനിയോഗിക്കണം എന്നതാണത്. ഇന്നു നമ്മുടെ പല മഹല്ല് കമ്മിറ്റികളും ഇക്കാര്യത്തിൽ പലപ്പോഴും വ്യാപകമായ അനാസ്ഥയാണ് കാണിക്കാറുള്ളത്. അത്തരക്കാർക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണിത്.
ചെറിയ മണ്ണെണ്ണ വിളക്കിൻ്റെ ചുവട്ടിലിരുന്ന് ഉസ്താദിങ്ങനെ ഓതുമ്പോൾ നമ്മളും അറിയാതെ അതിൽ ലയിച്ചുപോകും. ആ ഓത്തോ വിതുമ്പലോ ഒക്കെ കേട്ടാണ് ബാക്കിയുള്ളവർ ഉണരുക
ആവുപ്പാട്ടെ “നേർച്ച തുടങ്ങിയത് നാട്ടുമുഖ്യനായിരുന്ന കുന്നത്ത് ചന്തു നായർ ഒരു ചാക്ക് അരി നേർച്ചയാക്കിയാണ്.” എന്നും ഉസ്താദ് ചരിത്രത്തോട് നീതിപുലർത്തിക്കൊണ്ടു സ്മരിക്കുന്നു. ഒരു ബഹുസ്വര സമൂഹത്തിലെ നേർച്ച പോലുള്ള സാമൂഹിക ഒത്തുചേരലുകൾക്കെതിരെ കൊമ്പുകുലുക്കുന്നവർ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് മതസാഹോദര്യത്തിന്റെ തെളിനീരുറവകൾ കൂടിയാണ്.


