ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി ഉസ്താദ് കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ വിശ്വാസപൂർവം വായിച്ചാലും വായിച്ചാലും മതിവരാത്ത അനുഭവങ്ങളുടെ നേർസാക്ഷ്യമായി നമുക്കനുഭവപ്പെടും. ഓരോ അധ്യായങ്ങളും വായിക്കുമ്പോൾ അതിന്റെ ദൃശ്യാവിഷ്‌കാരം കൂടി നമ്മിലേക്കു നാമറിയാതെ കടന്നുവരുന്നുണ്ട്. കാന്തപുരം എന്നത് ഒരു നാടിന്റെ പേരിൽ നിന്ന് ഒരു സമൂഹത്തിന്റെ ജീവിക്കാനും മുന്നോട്ടുപോകാനുമുള്ള ആർജ്ജവത്തിന്റെ പേരായി മാറുന്ന രസതന്ത്രം വിശ്വാസപൂർവത്തിന്റെ ആമുഖത്തിൽ ഡോ. നുഐമാൻ നിരീക്ഷിക്കുന്നുണ്ട്.
തൻ്റെ ജീവിതകഥയിലെ “ഭൂമിയും അവകാശികളും” എന്ന നാലാം അധ്യായത്തിലാണ് ചെറുപ്പകാല ജീവിതം ഉസ്താദ് കോറിയിടുന്നത്. ഉസ്താദിന്റെ ജീവിതാനുഭവം മാത്രമല്ലത്. ആ കാലഘട്ടത്തിലെ സാമൂഹ്യാവസ്ഥയുടെ നേർച്ചിത്രം അതിലൂടെ നമ്മുടെ മുന്നിൽ തുറക്കപ്പെടുകയാണ്. അതിലെയൊരു ഭാഗമാണ്, പഞ്ചാരമാങ്ങ തിന്നാൻ വരുന്ന കുട്ടികളും അതു തടയാൻ വന്ന ജന്മിയുടെ കുടുംബത്തിലെ കുട്ടികളും തമ്മിലുള്ള വാക്കേറ്റം. പഞ്ചാരമാങ്ങ പെറുക്കിയ കുട്ടികളിൽ നിന്നും ബലമായി പിടിച്ചുവാങ്ങാൻ വന്ന ജന്മിക്കുട്ടികളുടെ മുന്നിൽ കൈയുംകെട്ടി ആർജ്ജവത്തോടെ നിൽക്കുന്ന ഉസ്താദിന്റെ ചിത്രം എന്തൊക്കെ ഫ്‌ളാഷ്ബാക്കുകളിലൂടെയാണ് നമ്മിലൂടെ കടന്നുപോയത്. “കുടിയാന്റെ മകൻ ഇത്രക്കും ധിക്കാരിയോ” എന്നു ചോദിച്ച ജന്മിയുടെ മകന്റെ പരിച്ഛേദങ്ങളാണ്, ഈ മൊയ്‌ല്യാരെ ഇങ്ങനെ വിടാൻ കഴിയില്ലെന്ന അടക്കം പറച്ചിലുകളിൽ ഉണ്ടായിരുന്നത്. തന്റെ കൂട്ടുകാരെ രക്ഷിക്കാൻ അന്നു കൈയുംകെട്ടി നെഞ്ചു വിരിച്ചുനിന്ന ആ നിൽപ്പ് തന്നെയാണ് പിന്നീടുള്ള കാലത്ത് ഇസ്‌ലാമിലെ അടിസ്ഥാന വിഭാഗത്തിന്റെ ശക്തി സംഭരിച്ചു മുന്നിലേക്കു നയിക്കുന്നതിൽ പ്രധാനമായി മാറിയതെന്ന നുഐമാന്റെ നിരീക്ഷണം വളരെ പ്രസക്തമാകുന്നുണ്ട്. കാരണം അത്രയും ശക്തന്മാരോടായിരുന്നു ആ ഏറ്റുമുട്ടൽ. രാഷ്ട്രീയ – മത മേഖല പൂർണമായും കൈയടക്കിവെച്ചിരുന്ന ‘ജന്മി’മാരുടെ മുന്നിൽ ഒട്ടും രാജിയാകാതെ ഒരു പ്രസ്ഥാനത്തെയും ജനസഞ്ചയത്തെയും കാലിടറാതെ നയിച്ചു മഹാശക്തിയാക്കി മാറ്റിയെടുക്കുകയെന്നത് ചരിത്രത്തിൽ എപ്പോഴെങ്കിലും മാത്രം സംഭവിക്കുന്ന അത്ഭുതമാണ്.
പത്താം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്ക് ഇസ്‌ലാമിക വിദ്യാഭ്യാസത്തോടൊപ്പം തുടർന്നു പഠിക്കാൻ കഴിയുന്നൊരു സംവിധാനത്തെക്കുറിച്ച് ഉസ്താദിനോട് പറഞ്ഞ സന്ദർഭമാണ്. പറഞ്ഞുകഴിയുന്നതിനു മുമ്പേ ഉസ്താദ് തിരിച്ചുചോദിച്ചത് “നിങ്ങളുടെ കൈയിൽ അതിനെന്തെങ്കിലും പദ്ധതിയുണ്ടോ?” എന്നാണ്
ഓരോ സംഭവങ്ങളെയും ഓർത്തെടുക്കുമ്പോൾ അവിടെ പതിഞ്ഞ എല്ലാ കാൽപ്പാടുകളും വ്യക്തമായി രേഖപ്പെടുത്താൻ ഉസ്താദ് ശ്രമിക്കുന്നുണ്ട്. ഉസ്താദിന്റെ ജീവിതാനുഭവം ആ കാലഘട്ടത്തിൽ ജീവിച്ച മറ്റനേകം മനുഷ്യരുടെ ചർത്രത്തിലേക്കു കൂടി നമുക്കു വഴിതുറന്നിടുന്നുണ്ട്. അതുകൊണ്ടാകാം, ഒരൊറ്റയിരിപ്പിൽ ആസ്വാദ്യമായി നമ്മുടെ കൂടി ജീവിതാനുഭവമായി നമുക്കിതു വായിച്ചു തീർക്കാൻ കഴിയുന്നത്.
വിശ്വാസപൂർവത്തിൽ തന്റെ മാതാപിതാക്കളെയും കൂട്ടുകാരെയും കാലക്കാരെയും മാത്രമല്ല, അവരുടെ കൂട്ടുകാരെക്കൂടി കഥനത്തിലേക്ക് കൊണ്ടുവരുമ്പോൾ ഓർമപുസ്തകം ഒരു ചരിത്രപുസ്തകമായി മാറുന്നുണ്ട്. ഈ വരച്ചിടുന്നവരിലൂടെ ഒരു പ്രദേശം മാത്രമല്ല, കാലവും അവിടത്തെ ജീവിത സമ്പ്രദായങ്ങളും കടന്നുവരുന്നുണ്ട്. പരിഗണിക്കേണ്ടവരെയൊക്കെ അർഹിക്കുന്ന രൂപത്തിൽ പരിഗണിക്കുക എന്നത് ഉസ്താദിന്റെ ജീവിതത്തിന്റെ വലിയൊരു സൗന്ദര്യമാണ്. കൂടെ നിൽക്കുന്നവരെ മാത്രമല്ല, ഒരു വേള ശത്രുപക്ഷത്തു നിൽക്കുന്നവരെ പോലും അവരുടെ വ്യക്തിത്വത്തിനനുസരിച്ചു പരിഗണിക്കുന്ന ഉസ്താദ് വിശ്വാസപൂർവത്തിലും അതു പുലർത്തിയതായി കാണാം.
ഒരു സ്ഥലത്തേക്കു പോകുമ്പോൾ പോലും ആ വഴിയിലെ സാത്വികരെ ചെന്നു കണ്ടു ദുആ ചെയ്യിപ്പിച്ചാണ് ഉസ്താദ് യാത്ര തുടരുക. ആ പൊരുത്തത്തിന്റെ മഹാശക്തി ഉസ്താദിന്റെ ജീവിതത്തത്തിൽ ചെലുത്തിയ സ്വാധീനം വിശ്വാസപൂർവത്തിന്റെ വിവിധ പേജുകളിൽ നിന്നു നമുക്ക് വായിച്ചെടുക്കാനാകും.
ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ്, ഞങ്ങളുടെ നാട്ടിൽ സ്ഥാപിച്ച സി എച്ച് മുഹമ്മദ് കോയ സ്മാരക യതീംഖാനയിലെ ഒരു പരിപാടിയിൽ സംബന്ധിക്കാൻ ഉസ്താദ് എത്തുന്നത്. ഞാനന്ന് എസ് എസ് എഫ് ചാവക്കാട് താലൂക്ക് സെക്രട്ടറിയായി പ്രവർത്തിക്കുന്നുണ്ട്. സമസ്തയിലെ പ്രശ്നങ്ങൾ പൊട്ടിത്തെറിയിലെത്തുന്നതിനും ഒരു വർഷം മുമ്പാണത്. നാട്ടിലെ മുസ്‌ലിം ലീഗുകാരായ സുന്നികളുടെ നേതൃത്വത്തിലാണ് യതീംഖാന നടക്കുന്നത്. ഉസ്താദിന്റെ പരിപാടിയുടെ അനൗൺസ് ഏൽപ്പിക്കപ്പെട്ടത്, എന്നെയും ജ്യേഷ്ഠ സഹോദരനും ഇപ്പോൾ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ അധ്യക്ഷൻ കൂടിയായ സയ്യിദ് ഫസൽ തങ്ങളെയുമായിരുന്നു. ജനനിബിഡമായ സദസ്സിൽ ഉസ്താദ് നടത്തിയ പ്രഭാഷണവും തുടർന്ന് യതീംഖാനക്ക് സംഭാവന പിരിച്ചതും ഇന്നും ഓർമയിൽ നിൽക്കുന്നുണ്ട്. സുന്നത്ത് ജമാത്തിന്റെ വിശ്വാസവും ബിദ്അത്തുകാരോടുള്ള സമസ്തയുടെ നിലപാടുമാണ് ഉസ്താദ് അന്ന് ശക്തമായി അവതരിപ്പിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്ന പൗരപ്രമുഖരെ സംഘാടകരിൽ നിന്നു നേരത്തെ തന്നെ ചോദിച്ചുമനസ്സിലാക്കി, പ്രസംഗത്തിനിടയിൽ അവരെ സാന്ദർഭികമായി പരാമർശിക്കുകയും പരിഗണിക്കുകയും ചെയ്യുക മാത്രമല്ല, പ്രഭാഷണം കഴിഞ്ഞു പോകുമ്പോൾ അവരെയൊക്കെ പേരെടുത്തു വിളിച്ചു വിശേഷങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷമാണു ഉസ്താദ് തിരിച്ചുപോയത്. കൂടെയുള്ളവരെ പരിഗണിക്കുമ്പോഴും അവരെ ചേർത്തുപിടിക്കുമ്പോഴുമാണ് നേതാവ് ജനകീയനാകുന്നത്. ഉസ്താദിന്റെ ജീവിതത്തിലുടനീളം ഈ മനോഹരമായ ചേർത്തുനിൽപ്പ് നമുക്ക് കാണാനാകും. വിശ്വാസപൂർവത്തിന്റെ അക്ഷരങ്ങളിലും നാമതു വായിക്കുന്നുണ്ട്. ഉസ്താദിന്റെ കൂടെ ഒരു കൂട്ടമാളുകളാണ് നമ്മുടെ വായനയുടെ ഭാഗമായി തീരുന്നത്.
ഒരിക്കൽ ഉസ്താദുമായി കാറിൽ സഞ്ചരിച്ച ഒരോർമയുണ്ട്. എസ് എസ് എഫ് ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലം. ഉസ്താദ് കോഴിക്കോട് നിന്നു കൊല്ലത്തേക്കു പോവുകയാണ്. കാറിൽ കോഴിക്കോടു നിന്ന് ഞാനും കയറിയിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്താണ് ഉസ്താദ് കൊല്ലത്ത് പോകുന്നത്. ഉച്ചഭക്ഷണം നസ്റുദ്ദീൻ ദാരിമിയുടെ വീട്ടിലാണ്. ഞങ്ങൾ ചാവക്കാടും കഴിഞ്ഞു ചേറ്റുവ ടോൾ ഗേറ്റിന് അടുത്തെത്തി. സമയം ഉച്ചക്കു രണ്ടു മണിയൊക്കെ ആയിട്ടുണ്ടാകും. ടോൾ ഗേറ്റ് കണ്ട ഉസ്താദ് പറഞ്ഞു, നമുക്ക് ഹിബത്തുല്ല തങ്ങളെ പോയി കണ്ടിട്ടുപോകാം. കാർ അവിടെ നിന്നു തിരിച്ചു കടപ്പുറം ബുഖാറയിൽ പോയി തങ്ങളെ കണ്ടു ദുആ ചെയ്യിപ്പിച്ചാണ് ഉസ്താദ് യാത്ര തുടർന്നത്. ഒരു സ്ഥലത്തേക്കു പോകുമ്പോൾ പോലും ആ വഴിയിലെ സാത്വികരെ ചെന്നു കണ്ടു ദുആ ചെയ്യിപ്പിച്ചാണ് ഉസ്താദ് യാത്ര തുടരുക. ആ പൊരുത്തത്തിന്റെ മഹാശക്തി ഉസ്താദിന്റെ ജീവിത്തത്തിൽ ചെലുത്തിയ സ്വാധീനം വിശ്വാസപൂർവത്തിന്റെ വിവിധ പേജുകളിൽ നിന്നു നമുക്ക് വായിച്ചെടുക്കാനാകും. അവേലത്ത് തങ്ങളെയും മറ്റു മഹാത്മാക്കളെയും പരാമർശിക്കുന്നിടത്ത് അതിന്റെ ആവിഷ്കാരം മനോഹരമായി തെളിയുന്നുണ്ട്.
വെല്ലൂരിൽ പഠിക്കാൻ പോയ ഒരു മതവിദ്യാർത്ഥി, തന്റെ സമൂഹത്തിന്റെ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാൻ ഒരു വിദ്യകേന്ദ്രം പണിയണമെന്നൊരു സ്വപ്നം കാണുകയെന്നത് പോലും അസംഭവ്യമായ ഒരു കാലമായിരുന്നുവത്. അന്നാണ് ഉസ്താദ് അങ്ങനെയൊരാഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ടവരായ അവേലത്ത് തങ്ങളോടും ഇകെ ഹസ്സൻ മുസ്‌ലിയാരോടും ഈ ആഗ്രഹം പങ്കുവെച്ചതിനെക്കുറിച്ച് അഞ്ചാം അധ്യായത്തിൽ ഉസ്താദ് വിവരിക്കുന്നുണ്ട്. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന കമ്മിറ്റിയിൽ ഇതു ചർച്ചക്ക് വരികയും, അവേലത്ത് തങ്ങളും ഉസ്താദുമടങ്ങുന്ന സബ് കമ്മിറ്റിയെ സംസ്ഥാന സമിതി ചുമതലപ്പെടുത്തുകയും ചെയ്തതിനു ശേഷം നടന്ന പ്രവർത്തനങ്ങളാണ് യഥാർത്ഥത്തിൽ സുന്നീ സമൂഹത്തിന്റെ വിദ്യഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിന് കാരണമായി തീർന്നതെന്ന് ഉറപ്പിച്ചു പറയാനാകും. സ്വപ്നങ്ങൾ കാണാൻ മാത്രമല്ല, അത് പുലരുന്നതു വരെ യാതൊരു വിശ്രമവുമില്ലാതെ ഇറങ്ങി പ്രവർത്തിക്കുന്ന ഉസ്താദിന്റെ ശൈലിയെ വായിക്കുമ്പോൾ നമുക്കും വലിയ പ്രചോദനം ലഭിക്കുന്നുണ്ട്.
ജീവിതത്തിൽ ഏറ്റവും മനോഹരമായത് ഏതെന്നു ചോദിച്ചാൽ, ഉസ്താദിൻ്റെ കീഴിൽ മർകസിൽ കുറച്ചുകാലം സേവനം ചെയ്യാൻ സാധിച്ചു എന്നുള്ളതാണെന്നാണ് എന്റെ ഉത്തരം. ഉസ്താദുമായി നല്ലരീതിയിൽ അടുത്തിഴപഴകാൻ ലഭിച്ച ഏറ്റവും വലിയ സുവർണാവസരം കൂടിയായിരുന്നുവത്. വിശ്വാസപൂർവം ഓരോ അധ്യായങ്ങളും ഞാൻ വായിച്ചത്, മർകസിലെ എന്റെ ദിവസങ്ങളിലെ ഓർമ മുന്നിൽ വെച്ചായിരുന്നു. അതുകൊണ്ട് തന്നെയാകണം, ഒരു വലിയ ദൃശ്യാവിഷ്‌കാരം എന്റെ മുന്നിൽ തുറന്നുവന്നത്. ഈ പുസ്തകം വായിക്കുന്നവർ കേവലമൊരു വായനക്കപ്പുറം നിങ്ങളിലെ, നിങ്ങളറിയുന്ന ഉസ്താദിനെ മുന്നിൽ വെച്ചൊന്നു വായിച്ചു നോക്കണം. ‘മർകസിലേക്കുള്ള വഴികൾ’ എന്ന ഇരുപത്തി നാലാം അധ്യായം വായിക്കുമ്പോൾ ഞാനോർത്തുപോയത്, പത്താം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്ക് ഇസ്‌ലാമിക വിദ്യാഭ്യാസത്തോടൊപ്പം തുടർന്നു പഠിക്കാൻ കഴിയുന്നൊരു സംവിധാനത്തെക്കുറിച്ച് ഉസ്താദിനോട് പറഞ്ഞ സന്ദർഭമാണ്. പറഞ്ഞുകഴിയുന്നതിനു മുമ്പേ ഉസ്താദ് തിരിച്ചുചോദിച്ചത് “നിങ്ങളുടെ കൈയിൽ അതിനെന്തെങ്കിലും പദ്ധതിയുണ്ടോ?” എന്നാണ്. പിറ്റേ ദിവസം അതൊരു കടലാസിലാക്കി ‘ഹാദിയ’ എന്നും പേരിട്ട് ഉസ്താദിന് മുന്നിൽ സമർപ്പിച്ചപ്പോൾ ഉസ്താദിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല. ഉടനെ തന്നെ അതേ വർഷം മർകസിൽ ഹാദിയ ആരംഭിച്ചു. മർകസിന്റെ ഏറ്റവും വലിയ സ്ത്രീ വിദ്യഭ്യാസ പദ്ധതിയായി ഇന്നത് മാറിയത് ഉസ്താദിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളുടെ മനോഹാരിതയാണ്. ആരിൽ നിന്നും വലിപ്പച്ചെറുപ്പമില്ലതെ അഭിപ്രായം കേൾക്കാനും, അതു പ്രയോഗികമാണെങ്കിൽ നടപ്പിലാക്കാൻ എല്ലാ സംവിധാനങ്ങൾ ഒരുക്കാനും പ്രായോഗികമല്ലാത്ത അഭിപ്രായങ്ങളാണെങ്കിൽ പോലും അതു പങ്കുവെച്ചവരെ അഭിനന്ദിച്ച് അവരുടെ കഴിവിനെ അംഗീകരിക്കാനും ഉസ്താദ് കാണിക്കുന്ന ഈ വലിയ മാതൃകയാണ് ഉസ്താദിനെ മറ്റു നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
തന്റെ കൂട്ടുകാരെ രക്ഷിക്കാൻ അന്നു കൈയുംകെട്ടി നെഞ്ചു വിരിച്ചുനിന്ന ആ നിൽപ്പ് തന്നെയാണ് പിന്നീടുള്ള കാലത്ത് ഇസ്‌ലാമിലെ അടിസ്ഥാന വിഭാഗത്തിന്റെ ശക്തി സംഭരിച്ചു മുന്നിലേക്കു നയിക്കുന്നതിൽ പ്രധാനമായി മാറിയതെന്ന നുഐമാന്റെ നിരീക്ഷണം വളരെ പ്രസക്തമാകുന്നുണ്ട്.
വിശ്വാസപൂർവത്തിലെ ഓരോ അധ്യായവും നമ്മുടെ തന്നെ സ്വന്തം ജീവിതാനുഭവമായി വായിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഉസ്താദിന്റെ ജനനത്തിന് മുപ്പത്തി രണ്ടു വർഷങ്ങൾക്ക് ശേഷമാണ് എന്റെ ജനനം. എന്നിട്ടും വിശ്വാസപൂർവം എന്റെ ജീവിതത്തിന്റെ കൂടി ഭാഗമായിവരുന്ന അപൂർവ വായനാനുഭവമായി പരിണമിക്കുന്നു. നമ്മുടെ ജീവിതവുമായി നേരിട്ട് ഇടപെടുന്ന ഉസ്താദിന്റെ ജീവിതത്തിലെ സംഭവബഹുലമായ അടുത്ത ഭാഗത്തെ കൂടി ആവേശപൂർവം കാത്തിരിക്കുകയാണ്.


