കാനനരാത്രി

“പുഴയിലെ നിലാവ് കാണാൻ ന്തൊരു ചന്താ …!”

ചന്ദ്രേട്ടന്റെ പരുത്ത ശബ്ദം ഇന്നും കാതിൽ മുഴങ്ങുന്നു.

വർഷങ്ങൾക്കു മുമ്പായിരുന്നുവത്..

ഭവാനിപ്പുഴയിലെ നിലാവുകാണാൻ മോഹിച്ച് ഒരു പൗർണമിരാത്രിയിലാണ് ഞാൻ ചന്ദ്രേട്ടനെ തിരഞ്ഞെത്തുന്നത്. പുഴയോരത്തെ പനയോല കൊണ്ടു മറച്ച കാവൽപ്പുരയിൽ അയാൾ ഏകനായി ഇരിക്കുന്നുണ്ടായിരുന്നു. നീലയിൽ ചുവപ്പും മഞ്ഞയും പുള്ളി വരച്ചുണ്ടാക്കിയ അഴുകിയ ലുങ്കി തലയിൽ ചുറ്റിയിരിക്കുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയുള്ള കണ്ണുകൾ. ചുണ്ടിനുമുകളിൽ ‘റ’ ആകൃതിയിലുള്ള മീശ. മെലിഞ്ഞുണങ്ങിയ ശരീരം. കണ്ണുകളിൽ തീക്ഷ്ണത. ചുണ്ടിൽ മൂന്നാംകണ്ണുപോലെ ബീഡിയുടെ കനൽപ്പൊട്ട്..

ചോലക്കാടുകളിൽ മഞ്ഞിറങ്ങിയ നേരം ഞങ്ങൾ കാവൽപ്പുരയിൽ ചെന്നിരുന്നു. ഏതോ രാപ്പാടിയുടെ ഗാനം മലയോരത്തു നിന്നു കേൾക്കാനാവുന്നു. മുന്നിൽ തൂക്കിയിട്ട പതിനാലാം നമ്പർ വിളക്ക്. അതിന്റെ സുവർണവെളിച്ചം അയാളുടെ മുഖത്തിന്റെ പാതി തൊടാതെ കടന്നുപോയി.

നിലാവിൽ വെള്ളി ഉരുക്കിയൊഴിച്ചതുപോലെ ഭവാനിപ്പുഴ. പാതിരാക്കാറ്റിന്റെ ചുരുൾമുടിയിൽ കാട്ടുമുല്ലപ്പൂമണം..

കാവൽപ്പുരയിലെ മരബെഞ്ചിലിരുന്നു പുഴയെ നോക്കിയിരിക്കുമ്പോൾ പിന്നിൽ ചന്ദ്രേട്ടൻ മണ്ണെണ്ണ സ്‌റ്റൗ കത്തിച്ചു ചുടുചായയുണ്ടാക്കി. ഇഞ്ചിപ്പുൽത്തൈലത്തിന്റെ നീളമുള്ള പുല്ല് മുറിച്ചെടുത്ത് അതിലിട്ടു. ചായ മൊത്തിക്കുടിക്കുമ്പോൾ പേരറിയാത്ത ഔഷധച്ചെടികളുടെ സുഗന്ധം ചായക്കോപ്പയിലേയ്ക്ക് ഒഴുകിയിറങ്ങുന്നതായി തോന്നി.

ഇടയ്ക്കെപ്പോഴോ പുഴ മുറിച്ചുകടക്കാൻ അക്കരെ നിന്നൊരു കൂവൽ.. ചന്ദ്രേട്ടന്റെ തുഴയും തോണിയും ചലിക്കുന്നു. പുകമഞ്ഞു മൂടിയ ജലപ്പരപ്പിനു മുകളിലൂടെ തോണിക്കാരൻ ഒഴുകിനീങ്ങുന്നു, കണ്ടുമറന്ന ഏതോ ജലച്ചായ ചിത്രം പോലെ, സ്വപ്നം പോലെ..

“അതാ, അവിടെ മാൻകൂട്ടങ്ങൾ മേഞ്ഞുനടക്കുന്നുണ്ട്…”

കാവൽപ്പുരയിലെ രാത്രിയാമങ്ങളിൽ പുഴയുടെ പാദസരക്കിലുക്കം കേട്ടുകിടക്കവേ, ഒരുനാൾ ചന്ദ്രേട്ടൻ പറഞ്ഞു. ഉറക്കത്തിന്റെ പാദങ്ങൾ ഇഴഞ്ഞെത്തുന്ന കണ്ണിമകൾ തിരുമ്മിത്തുറന്നു ഞാൻ അകലേയ്ക്കു നോക്കി.

ദൂരെ, നിലാവിൽ പുകക്കാറ്റുപോലെ മഞ്ഞ് തെന്നിനീങ്ങുന്ന ഹരിതമലയിൽ വെളുത്ത പുള്ളികൾ തിളങ്ങുന്നു. ഏതോ മരത്തിൽ നിന്നു പൊട്ടിവീണ വൃക്ഷശിഖരം പോലെ മാൻകൊമ്പുകളുടെ നിഴലുകളിളകുന്നു.

പെൻടോർച്ച് മിന്നിച്ചു കൈയിലെ ഊന്നുവടിയുമായി ചന്ദ്രേട്ടൻ മുമ്പേ നടന്നു. മുമ്പിലെ കാട്ടുവള്ളികളെ തലോടുമ്പോലെ അയാൾ വകഞ്ഞുമാറ്റി. കാട്ടുമണ്ണിനെപ്പോലും നോവിപ്പിക്കാതെ കനമില്ലാത്ത കാൽച്ചുവടുകൾ വെച്ചു. കാടിനെ കാണാപ്പാഠമറിയുന്നൊരാൾക്കു പിറകിലെ യാത്ര ഹരം പിടിപ്പിക്കുന്നതായിരുന്നു.

‘ശ്ശ്…’

ചുണ്ടിൻമേൽ കൈ വെച്ചു പൊടുന്നനെ ചന്ദ്രേട്ടൻ പിന്നോട്ടുമാറിയപ്പോൾ നടുങ്ങിപ്പോയി. അടുത്ത്, ആനയോളം വരുന്നൊരു കാട്ടുപോത്ത് മേയുന്നു.!
പിന്നിലെ നിലാവെളിച്ചത്തിൽ അവന്റെ രോമങ്ങൾക്കു വെള്ളിനിറമായിരിക്കുന്നു.
മിനുട്ടുകൾ കഴിഞ്ഞപ്പോൾ അവൻ കൊമ്പുകുലുക്കി ഉൾക്കാട്ടിൽ മറഞ്ഞു. ചന്ദ്രേട്ടൻ കൈ കൊണ്ട് അംഗ്യം കാണിച്ചപ്പോൾ വീണ്ടും മുന്നോട്ടുനടന്നു.

അന്തിയിലും കാടുറങ്ങുന്നില്ല.
ഇലത്തുമ്പുകളിൽ മഞ്ഞു വീഴുന്ന ശബ്ദം. ചീവീടുകളുടെ മർമരം. വന്യമൃഗങ്ങളുടെ ഓരിയിടൽ. രാക്കിളികളുടെ കളകൂജനം. കാട്ടുചോലയുടെ കളകളാരവം.

നടന്നു തളർന്നപ്പോൾ ചന്ദ്രേട്ടൻ തന്റെ ഭാണ്ഡം തുറന്നു. കനലിൽ പൊള്ളിച്ചെടുത്ത ചോളവും ഉരുളക്കിഴങ്ങ് പുഴുങ്ങിയതും.

അകാശം മുട്ടുന്നൊരു മരച്ചുവട്ടിൽ ചോളത്തിന്റെ രുചിയറിയുമ്പോൾ പാരിജാതപ്പൂക്കളുടെ മണം പരന്നു. ഒരു മേഘത്തുണ്ട് ചന്ദ്രനെ വിഴുങ്ങാൻ ആർത്തിപിടിച്ചെത്തുന്നു. ഇരുട്ടിന്റെ കരിമ്പടം കാടിനുമുകളിൽ അഴിഞ്ഞഞ്ഞഴിഞ്ഞു വീഴുന്നു.

ഇരുട്ടിലിരുന്ന് ചന്ദ്രേട്ടൻ ഓർമകളുടെ നനവുള്ള മണ്ണുതിരഞ്ഞു.

ഭാര്യയുടെ വേർപാട്, മകൻ മലയിറങ്ങി നഗരത്തിൽ ചേക്കേറിയത്. ഈ കാട്ടിൽ, ഭവാനിപ്പുഴയുടെ തീരത്ത് താൻ ഒറ്റപ്പെട്ടത്…

ഒരു നെടുവീർപ്പിന്നവസാനം അയാൾ പറഞ്ഞു.
‘കാട് ന്നെ ചതിക്കൂല.. ഈ പുഴേം..’

പിന്നെ അയാൾ ഏതോ അവാച്യ അനുഭൂതിയിൽ ലയിച്ചിട്ടെന്ന പോലെ ഒരു പാട്ടുമൂളി..
“ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ…”

മലയിറങ്ങുമ്പോൾ പുലരിമാനം തുടുത്തിരുന്നു.

ഒരു മലമുഴക്കി തലയ്ക്കു മുകളിലുടെ ചിറകടിച്ചു. മരങ്കൊമ്പിലിരുന്നു മനോഹരമായി പാടുന്ന ചൂളക്കാക്ക. മണ്ണിൻനിറമുള്ള രണ്ടു തവളവായൻ പക്ഷികൾ വൃക്ഷത്തലപ്പുകളിൽ ഊഞ്ഞാലാടി. മഞ്ഞിൻ പുതപ്പു നീക്കി സൂര്യൻ കുഞ്ഞിക്കാലുകൾ വെയ്ക്കുന്നു.

ഭവാനിപ്പുഴയ്ക്കു കുറുകെ ചന്ദ്രേട്ടന്റെ തോണിയിൽ അക്കരേയ്ക്ക്.. ഇനിയും കണ്ടുമുട്ടാമെന്ന വെറുംവാക്കിന്റെ ഉറപ്പ്. അയാളുടെ പരുത്ത കൈകൾ ചേർത്തുപിടിക്കുമ്പോൾ അറിയാതെ വേദനയുടെ ചീളുകൾ ഹൃദയഭിത്തിയിൽ ആഴ്ന്നിറങ്ങുന്നു.

യാത്ര പറഞ്ഞു ചന്ദ്രേട്ടൻ അകന്നുപോയിട്ടും വെറുതെ അയാളെ നോക്കിനിന്നു. എനിക്കും അയാൾക്കുമിടയിൽ ഭവാനിപ്പുഴ ഒഴുകുന്നു. കാടിന്റെ മണം വിട്ടുപോവാത്ത ദേഹവുമായി തിരികെ നടക്കുമ്പോൾ മനസ്സിൽ നഷ്ടബോധത്തിന്റെ അലകൾ. രാപ്പാടിയുടെ തേങ്ങൽ.

പ്രിയകവി ഡി.വിനയചന്ദ്രന്റെ ‘കാട്’ എന്ന കവിതയിലെ വരികൾ അറിയാതെ ചുണ്ടിലെത്തുന്നു..

”ഞാനെന്തു പേരിടും?
കാട്ടിലെക്കൂട്ടുകാർക്കെന്തു ഞാൻ
പേരിടും..?
കാണുന്നു കാണുന്നു
കാണാത്ത കാഴ്ചകൾ..
കേൾക്കുന്നു കേൾക്കുന്നു
കേൾക്കാത്ത ശബ്ദങ്ങൾ..
രാപകലുകളെണ്ണിയൊടുങ്ങാത്ത
ഗന്ധങ്ങൾ…
മാരിവെയിലെണ്ണിമാറാത്ത
കാറ്റുകൾ…”

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×