ഇതെന്താണെന്നറിയുമോ നിങ്ങൾക്ക്?
നിലത്തു നാലുവര വരച്ചു തിരുനബി(സ്വ) അനുചരരോട് ചോദിച്ചു. അല്ലാഹുവിനും അവന്റെ റസൂലിനുമറിയും നബിയേ… അവർ മറുപടി പറഞ്ഞു. തിരുനബി(സ്വ) വിശദീകരിച്ചു, സ്വർഗീയ വനിതകളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരാണിവർ. ഖദീജ, ഫാത്തിമ, മർയം, ആസിയ.
ജാഹിലിയത്തിന്റെ ഇരുളിൽ തന്നെ ത്വാഹിറ(വിശുദ്ധ) എന്ന വിളിപ്പേരു കൊണ്ട് പ്രസിദ്ധയാകുകയും തിരുനബി(സ്വ)യുടെ പ്രഥമ പത്നിയായി നിയോഗിക്കപ്പെടുകയും ചെയ്ത ലോകവിശ്വാസികളുടെ ഉമ്മയാണ് ബീവി ഖദീജ(റ). വിശുദ്ധി, കുടുംബമഹിമ, സമ്പത്ത്, ഭംഗി, ധീരത തുടങ്ങിയ സദ്ഗുണങ്ങൾ ഒത്തിണങ്ങിയ തിരുനബി(സ്വ)യുടെ ഉയർച്ചയുടെ ഘട്ടങ്ങളിലെല്ലാം കൂടെനിന്ന ഖദീജ(റ)യുടെ ജീവിതം മാതൃകാപരവും മഹത്തരവുമാണ്. നുബുവ്വത്തിന്റെ പ്രഥമ ഘട്ടത്തിൽ തിരുനബി(സ്വ)ക്ക് ആത്മധൈര്യം പകരുകയും ഒരുപാട് സാഹസങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട് ഖദീജ(റ). സകല പ്രതിസന്ധികളെയും തീവ്ര ബുദ്ധികൊണ്ടും മികവുറ്റ പക്വത കൊണ്ടുമാണ് ബീവി എതിരേറ്റത്. നുബുവ്വത്തിന്റെ ശേഷം പത്തു വർഷമാണ് ഖദീജ ബീവി(റ) ജീവിച്ചതെങ്കിലും തിരുനബി(സ്വ)യുടെ തുടർജീവിതത്തിന്റെ സ്പന്ദനങ്ങളായി മാറിയിരുന്നു മഹതിയുടെ സമർപ്പണങ്ങൾ. ജനങ്ങളെല്ലാം എന്നെ നിഷേധിച്ചപ്പോൾ ഖദീജ എന്നെ വിശ്വസിച്ചു എന്ന് നബി(സ്വ) പറയുന്നുണ്ട്.
‘ഇല്ല, എനിക്ക് ഖദീജയെക്കാള്‍ നല്ല ഭാര്യമാരെ ലഭിച്ചിട്ടില്ല. എല്ലാവരും എന്നെ നിഷേധിച്ചപ്പോള്‍ അവര്‍ എന്നെ വിശ്വസിച്ചു. എല്ലാവരും എന്നെ തള്ളിയപ്പോള്‍ അവര്‍ എന്നെ സ്വീകരിച്ചു. എല്ലാവരും എന്നെ കയ്യൊഴിഞ്ഞപ്പോള്‍ അവര്‍ എന്നെ സഹായിച്ചു. അവരില്‍നിന്ന് അല്ലാഹു എനിക്ക് സന്താനങ്ങള്‍ പ്രധാനം ചെയ്തു.’
ക്രിസ്താബ്ദം 556ല്‍ ഖുവൈലിദ് ബിന് അസദിന്റെയും ഫാത്വിമ ബിന്‍ത് സാഇദയുടെയും മകളായി മക്കയിലാണ് ഖദീജ(റ) ജനിച്ചത്. തിരുനബി(സ്വ)യുടെ ഭാര്യയാകുന്നതിനുമുമ്പ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഉതയ്യബ്നു ആബിദില്‍ മഖ്‌സൂമി എന്നവരാണ് ആദ്യം വിവാഹം ചെയ്തത്. അവരിലുണ്ടായ ഹിന്ദ് എന്ന മകള്‍ പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. ശേഷം അബൂഹാല എന്നവരെ ഭര്‍ത്താവായി സ്വീകരിക്കുകയും അവരില്‍ നിന്ന് ഹിന്ദ്, ഹാല എന്നീ രണ്ട് ആണ്‍ മക്കൾക്കു ജന്മം നല്‍കുകയുമുണ്ടായി. ഹിന്ദ് ഉമ്മയോട് കൂടെ മുസ്‌ലിമാകുകയും ബദ്‌റിലും ഉഹ്ദിലും പങ്കെടുക്കുകയും ചെയ്തു. ജമല്‍ യുദ്ധത്തിലാണ് ശഹീദായത്. അബൂ ഹാല എന്നവര്‍ ഇസ്‌ലാമിനു മുമ്പു തന്നെ മരണപ്പെട്ടു. ശേഷം മക്കായിലെ പല പ്രമുഖരും വിവാഹാഭ്യര്‍ഥനയുമായി ബീവിയെ സമീപിച്ചിട്ടുണ്ടെങ്കിലും ബീവി എല്ലാം നിരസിക്കുകയയാണ് ചെയ്തത്.

മക്കയിലെ പ്രമുഖ കച്ചവടസംഘമായിരുന്നു ഖദീജ ബീവി(റ)യുടേത്. ശാമിലേക്കായിരുന്നു സംഘം കൂടുതലും യാത്ര ചെയ്തിരുന്നത്. ഈ സമയം നബി(സ്വ)യുടെ ജീവിതം പിതൃവ്യനായ അബൂത്വാലിബിന്റെ കൂടെയായിരുന്നു. കഠിനമായ ദാരിദ്ര്യമായിരുന്നു അന്ന്. ‘ഞാന്‍ സാമ്പത്തികമായി വളരെ പിറകിലാണെന്ന് നിനക്കറിയാമല്ലോ… മക്കക്കാർ ശാമിലേക്ക് പോകുന്ന സമയമാണ്. ഖദീജ കച്ചവട സംഘത്തെ അയക്കുന്നുണ്ടെന്ന് കേട്ടു. അതില്‍ നിനക്ക് പോകാന്‍ കഴിയും.’ അബൂത്വാലിബിന്റെ വാക്കുകൾ കേട്ട് നബി(സ്വ) യാത്രക്കൊരുങ്ങി. സത്യസന്ധതയിലും വിശ്വസ്തതയിലും പേരുകേട്ടു പരിചിതനായ മുഹമ്മദിനെ തന്റെ കച്ചവട സാരഥ്യമേൽപ്പിക്കുന്നതില്‍ പൂര്‍ണ സംതൃപ്തയായിരുന്നു ഖദീജ. നബി(സ്വ)യെ വിളിച്ച് ഖദീജ പറഞ്ഞു. ‘നിങ്ങളോടുള്ള വിശ്വസ്തതയാണ് നിങ്ങളെ ഈ കച്ചവടമേല്‍പ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടി പ്രതിഫലം നല്‍കാം.’ ഖദീജ അടിമയായ മൈസറതിനെയും കൂടെ അയച്ചു. യാത്രയിലുണ്ടായ അസാധാരണ സംഭവങ്ങള്‍ മൈസറതിനെ കൂടുതല്‍ അദ്ഭുതപ്പെടുത്തി. പ്രസ്തുത യാത്രയിൽ ഇതുവരെ ലഭിക്കാത്ത ലാഭവും ലഭിച്ചിരുന്നു. മക്കയില്‍ മടങ്ങിയെത്തിയ ശേഷം മൈസറത് പറഞ്ഞ സംഭവങ്ങൾ കേട്ടപ്പോൾ ഖദീജ ബീവിയുടെ മനസ്സു തളിര്‍ത്തു.
നുബുവ്വത്തിന്റെ ശേഷം പത്തു വർഷമാണ് ഖദീജ ബീവി(റ) ജീവിച്ചതെങ്കിലും തിരുനബി(സ്വ)യുടെ തുടർജീവിതത്തിന്റെ സ്പന്ദനങ്ങളായി മാറിയിരുന്നു മഹതിയുടെ സമർപ്പണങ്ങൾ. ജനങ്ങളെല്ലാം എന്നെ നിഷേധിച്ചപ്പോൾ ഖദീജ എന്നെ വിശ്വസിച്ചു എന്ന് നബി(സ്വ) പറയുന്നുണ്ട്.
‘ഖുറൈശി സ്ത്രീകളേ… നിങ്ങള്‍ സന്തോഷിക്കുക. നിങ്ങളില്‍ നിന്ന് ഒരു നബി വരാനുണ്ട്. ആര്‍ക്കെങ്കിലും ആ നബിയുടെ ഭാര്യയാകാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യുക.’ കഅ്ബക്കു മുമ്പിലിരുന്ന് പണ്ടെന്നോ ആരോ വിളിച്ചു പറഞ്ഞതാണിത്. ആ മനുഷ്യനെ അന്ന് എല്ലാവരും പരിഹസിച്ചിരുന്നു. ഖദീജ ബീവി(റ) ഒന്നിനും മുതിർന്നിരുന്നില്ല. അങ്ങനെ ഒരു നബി വരാനുണ്ടെങ്കിൽ അത് തൻ്റെ ഭർത്താവാകട്ടെ എന്നു ബീവി ആശിച്ചു.
നിറം മാങ്ങാത്ത ഓർമകളികൂടെ ഖദീജ ബീവി സഞ്ചരിച്ചപ്പോൾ തൻ്റെ ജീവിതത്തിലേക്ക് മുഹമ്മദ് നബിയെ ക്ഷണിക്കാൻ തന്നെ തീരുമാനിച്ചു. നബി(സ്വ)യോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. അവിടുന്ന് സമ്മതിച്ചു. അങ്ങനെ ഖദീജ ബീവി(റ)യുടെ പിതൃവ്യന്‍ അംറുബ്‌നു അസദ് ഖദീജ ബീവി(റ)യെ നബി(സ്വ)ക്ക് വിവാഹം ചെയ്തു കൊടുത്തു.
നബി(സ്വ) ഹിറാ ഗുഹയില്‍ ഏകാന്തവാസം നടത്തിയിരുന്ന കാലം. ഒരിക്കല്‍ ജിബ്‌രീൽ (അ) പ്രത്യക്ഷപ്പെടുകയും ദിവ്യസന്ദേശത്തിന്റെ അവതരണത്തിന് നാന്ദി കുറിക്കുകയും ചെയ്യുകയുണ്ടായി. പ്രത്യുത സംഭവം മൂലം പേടിച്ചരണ്ട് വീട്ടിലെത്തിയ നബി(സ്വ)ക്ക് സമാശ്വാസത്തിന്റെ വാക്കുകളോതി സന്തോഷം പകർന്നതു ഖദീജ ബീവിയായിരുന്നു. മഹതി പ്രവാചകരെ പിതൃവ്യപുത്രനായ വറഖത്തു ബ്നു നൗഫലിനടുത്തു കൊണ്ടുപോകുകയും ഹിറാഗുഹയില്‍ നടന്ന സംഭവത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. ‘മൂസാനബിക്കു ദിവ്യ സന്ദേശം പകര്‍ന്നു നല്‍കിയ മാലാഖ തന്നെയാണ് താങ്കളെയും സമീപ്പിച്ചത്. ദൈവം അങ്ങയെ ഈ സമുദായത്തിന്റെ പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുന്നു. വരും കാല ജീവിതത്തില്‍ ഈ ജനതയില്‍നിന്നും അങ്ങേക്കു ശക്തമായ യാതനകള്‍ സഹിക്കേണ്ടിവരും. അങ്ങയെ അവർ ജന്മനാട്ടില്‍നിന്നും പുറത്താക്കും. അന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ അങ്ങയെ പിന്‍പറ്റുന്നതാണ്.’ ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഖദീജബീവി(റ)ക്ക് ഇത് കൂടുതല്‍ സ്ഥൈര്യം പകര്‍ന്നു. എന്തുവിലകൊടുത്തും എന്നും തിരുനബിയോടൊത്ത് ഉറച്ചുനില്‍ക്കുമെന്ന് അവര്‍ ശപഥം ചെയ്തു. തൗഹീദിന്റെ പുതിയ സന്ദേശവുമായി രംഗത്തിറങ്ങിയ നബി(സ്വ)യെ ആദ്യമായി അംഗീകരിച്ചതും മഹതിയായിരുന്നു. അങ്ങനെ ഇസ്‌ലാമിലെ പ്രഥമ വനിതയായി ഖദീജ ബീവി(റ) മാറി. ഇക്കാലത്ത് തന്റെ ജനതയില്‍നിന്നും നേരിടേണ്ടിവന്ന സര്‍വ്വ പരീക്ഷണങ്ങളിലും നബി(സ്വ)ക്ക് ഒരു അത്താണിയായി നിലനിന്നിരുന്നത് ഖദീജ ബീവിയായിരുന്നു.
മഹതിയുടെയും അബൂത്വാലിബിന്റെയും വിയോഗങ്ങൾ മൂന്ന് ദിവസം ഇടവിട്ടായിരുന്നു. അതുകൊണ്ട് തന്നെ ആ വർഷം ചരിത്രത്തിൽ ആമുൽ ഹുസ്ൻ എന്നാണ് അറിയപ്പെടുന്നത്.
ഇസ്‌ലാമിന്റെ സുഖമമായ വളർച്ചയ്ക്കും വ്യാപനത്തിനും മഹതി ചെയ്ത ത്യാഗങ്ങള്‍ വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാകണം നബി(സ്വ)യുടെ ജീവിതത്തിൽ ആ സ്നേഹബന്ധം ഏറ്റവും കൂടുതൽ ആഴ്ന്നിറങ്ങിയിരുന്നു.
നബി(സ്വ)യെ സംബന്ധിച്ചിടത്തോളം പ്രയാസങ്ങൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് മഹതിയുടെ വഫാത്ത്. ഏകദൈവ വിശ്വാസവുമായി കടന്നുവന്ന നബി(സ്വ)യെയും അനുയായികളെയും ശിഅബു അബീത്വാലിബ് ക്രൂരമായി പീഡിപ്പിച്ച സമയമായിരുന്നുവത്. ഈ സാഹചര്യം നബി(സ്വ)യെ വല്ലാതെ വിഷമസന്ധിയിലാക്കി. ആ വേർപ്പാട് വന്‍ നഷ്ടമായി ശേഷിക്കുകയും നബി(സ്വ) അത് ഇടക്കിടെ എടുത്തുപറയുകയും ചെയ്യുമായിരുന്നു. തിരുനബി(സ്വ) ഹിജ്‌റ പോകുന്നതിന്റെ മൂന്നു വര്‍ഷം മുമ്പാണ് ഖദീജ ബീവി ലോകത്തോടു വിടപറയുന്നത്. അന്ന് അവര്‍ക്ക് അറുപത്തിയഞ്ചു വയസ്സായിരുന്നു. നബി(സ്വ)ക്ക് അമ്പതു വയസ്സും. മഹതിയുടെയും അബൂത്വാലിബിന്റെയും വിയോഗങ്ങൾ മൂന്ന് ദിവസം ഇടവിട്ടായിരുന്നു. അതുകൊണ്ട് തന്നെ ആ വർഷം ചരിത്രത്തിൽ ആമുൽ ഹുസ്ൻ എന്നാണ് അറിയപ്പെടുന്നത്.
ഖദീജ ബീവി(റ)യോടൊപ്പമുള്ള കാലമാണ് പ്രവാചക ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം. സ്‌നേഹ ദാമ്പത്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ദാമ്പത്യ ജീവിതം. ബീവിയുമായുള്ള ജീവിത കാലഘട്ടത്തില്‍ നബി(സ്വ) വേറെ വിവാഹം കഴിച്ചിരുന്നില്ല. മറ്റൊരു ഭാര്യയെക്കുറിച്ച് നബി(സ്വ) ചിന്തിക്കുന്നതു തന്നെ മഹതിയുടെ വിയോഗാനന്തരം മാത്രമാണ്. പിന്നീട്, പല ഭാര്യമാര്‍ തന്റെ ജീവിതത്തിലേക്കു കടന്നുവന്നതിനു ശേഷവും നബി(സ്വ) മഹതിയെ അനുസ്മരിക്കാറുണ്ടായിരുന്നു. അവരുടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുകയും അവരെ സല്‍കരിക്കുകയും ചെയ്യുമായിരുന്നു. എപ്പോഴും അവരുടെ മദ്ഹുകളാണ് നബി(സ്വ) പറഞ്ഞിരുന്നത്. ഒരു വേളയിൽ നബി(സ്വ) അവരെ പുകഴ്ത്തിക്കൊണ്ട് സംസാരിച്ചപ്പോള്‍ ആഇശ(റ) പറഞ്ഞു: ‘നിങ്ങളുടെ സംസാരം കേട്ടാല്‍ ലോകത്ത് വേറെ പെണ്ണുങ്ങളൊന്നും ഇല്ലാത്തപോലെയുണ്ടല്ലോ… ഖദീജ കേവലം ഒരു വൃദ്ധയായിരുന്നില്ലേ… അവരെക്കാള്‍ നല്ല ഭാര്യമാരെ അല്ലാഹു അങ്ങേക്കു നല്‍കിയിരിക്കുന്നു. പിന്നെയും എന്തിന് അവരെ ഇങ്ങനെ ഓര്‍ത്തുകൊണ്ടിരിക്കണം.’ ആഇശയുടെ ഈ വാക്ക് നബി(സ്വ)ക്ക് രസിച്ചില്ല. നബി(സ്വ) പറഞ്ഞു: ‘ഇല്ല, എനിക്ക് ഖദീജയെക്കാള്‍ നല്ല ഭാര്യമാരെ ലഭിച്ചിട്ടില്ല. എല്ലാവരും എന്നെ നിഷേധിച്ചപ്പോള്‍ അവര്‍ എന്നെ വിശ്വസിച്ചു. എല്ലാവരും എന്നെ തള്ളിയപ്പോള്‍ അവര്‍ എന്നെ സ്വീകരിച്ചു. എല്ലാവരും എന്നെ കയ്യൊഴിഞ്ഞപ്പോള്‍ അവര്‍ എന്നെ സഹായിച്ചു. അവരില്‍നിന്ന് അല്ലാഹു എനിക്ക് സന്താനങ്ങള്‍ പ്രധാനം ചെയ്തു.’ ( ഇബ്രാഹീം ഒഴികെ നബി(സ്വ)ക്കുള്ള മക്കളെല്ലാം ജനിച്ചത് ഖദീജ ബീവിയിലാണ്.)
ഉത്തമയായ ഒരു ഭാര്യയും പക്വമതിയായ ഒരു കുടുംബിനിയുമായിരുന്നു ഖദീജ ബീവി(റ). മക്കളോട് വളരെ സ്‌നേഹ ലാളനയോടെ പെരുമാറുകയും പ്രായത്തില്‍ തന്നെക്കാള്‍ താഴെയാണെങ്കിലും ഭര്‍ത്താവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഭർത്താവിനോടുള്ള മുഴുവൻ കടപ്പാടുകളും പൂര്‍ത്തീകരിച്ചുകൊടുക്കാൻ ഖദീജ ബീവിക്ക് സാധിച്ചു. ഒരിക്കൽ പോലും ആ ദാമ്പത്യത്തിൽ വിള്ളലുണ്ടായിട്ടില്ല. ലോക മുസ്‌ലിം വനിതകളുടെ നേതാവാണ് ഖദീജാ ബീവി. വിശ്വാസിലോകത്തിന് അനേകം മാതൃകകൾ ബാക്കിയാക്കിയ ജീവിതമാണ് ഖദീജ ബീവിയുടേത്.

