മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ നിന്നും ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കൊടിഞ്ഞിയിലെത്താം. ആത്മീയാനുഭൂതികളുടെ അവിസ്മരണീയമായ ഓർമകളുടെ ചരിത്രമുറങ്ങുന്ന വയലുകളാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഗ്രാമം. ഏറ്റവും കൂടുതൽ ഇരട്ടക്കുട്ടികൾ ജനിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഗ്രാമമായി ഈ പ്രദേശം പ്രസിദ്ധമാണ്. കൊടിഞ്ഞിയിലെ ആവാസവ്യവസ്ഥയും പ്രകൃതിപരമായ വൈവിധ്യങ്ങളുമാണ് ഇതിന്റെ കാരണമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ആത്മീയജ്യോതിസ്സുകളുടെ പാരമ്പര്യത്തിൻ്റെ പൗരാണികമായ അവശേഷിപ്പുകളും, സാംസ്കാരിക അനുഭവങ്ങളും കൊടിഞ്ഞിയിലുണ്ട്. യമനിൽ നിന്ന് കേരളത്തിലെത്തിയ സയ്യിദ് ഹുസൈൻ ജിഫ്രി ഹള്‌റമി (ഖ.സി) അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെയാണ്. കൊടിഞ്ഞിയിലെ ചരിത്രപാരമ്പര്യങ്ങളുടെ സ്മാരകമായാണ് കൊടിഞ്ഞി ജിഫ്രി മഖാം നിലകൊള്ളുന്നത്.
കൊടിഞ്ഞിയിലെ വലിയാക്കത്തൊടിയിലെ ഉഹൈമിദ് (കുഞ്ഞഹമ്മദ്) എന്നവർക്ക് പ്രായാധിക്യമായപ്പോൾ കൊടിഞ്ഞിപ്പള്ളിയിലേക്കു പ്രാപ്തനായ ഇമാമും ഖത്വീബും വേണമെന്ന ആവശ്യവുമായി നാട്ടിലെ പ്രമാണിമാർ മമ്പുറം തങ്ങളെ കണ്ടു. നിങ്ങൾക്ക് എല്ലാ നിലക്കും പ്രാപ്തനായ ഒരാൾ വരാനുണ്ടെന്നും അവരെ കൊടിഞ്ഞിയിലേക്ക് അയക്കുമെന്നും തങ്ങൾ സമാധാനം പറഞ്ഞു. തുടർന്ന് മമ്പുറം തങ്ങളുടെ അമ്മാവനായ സയ്യിദ് ഹുസൈൻ ജിഫ്രി (ഖ.സി) പരപ്പനങ്ങാടി കടപ്പുറത്തെത്തി. മഗ്‌രിബ് നിസ്‌കാരത്തിന് പരപ്പനങ്ങാടിയിലെ പനയത്തിൽ പള്ളിയിലെത്തിയപ്പോൾ നാട്ടുകാർ അവരെ ഇമാമായി നിർത്തി. മഹാനവർകളുടെ ഖുർആൻ പാരായണത്തിലുള്ള നൈപുണ്യം മനസ്സിലാക്കി ധാരാളം വ്യക്തികൾ ഖുർആൻ പാരായണശാസ്ത്രം പഠിച്ചു. പിന്നീട് മമ്പുറത്തേക്കു വന്നു. മമ്പുറം തങ്ങൾ കൊടിഞ്ഞിയിലേക്കു പോകാൻ നിർദേശം നൽകി. കൊടിഞ്ഞിയിലേക്കുള്ള പുതിയ ഖത്വീബ് എത്തിയിട്ടുണ്ടെന്ന കാര്യം നാട്ടുകാരെ അറിയിക്കുകയും ചെയ്തു. നിലവിലുണ്ടായിരുന്ന ഖത്വീബിനെയും കൂട്ടി നാട്ടിലെ പ്രമാണിമാർ മമ്പുറത്തെത്തി. ഇരുനിറവും വട്ട മുഖവുമുള്ളവരായിരുന്നു അദ്ദേഹം. പുറത്ത് ഇരുനിറമാണെങ്കിലും ഉള്ളു വെളുപ്പാണെന്നും അല്ലാഹുവിന്റെ ഔലിയാക്കളിൽ പ്രധാനിയാണെന്നും മമ്പുറം തങ്ങൾ പരിചയപ്പെടുത്തി. സന്തോഷത്തോടെ മഹാനവർകളെ കൊടിഞ്ഞിയിലേക്ക് ആനയിച്ചു കൊണ്ടുപോയി.
എല്ലാ ആവശ്യങ്ങൾക്കും ജാതി-മത വ്യത്യാസമില്ലാതെ തങ്ങളെ ജനങ്ങൾ സമീപിക്കുമായിരുന്നു. സത്യസന്ധമായും നിക്ഷ്പക്ഷമായും എല്ലാ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ജനങ്ങളിൽ വലിയ സ്വീകാര്യതയും ലഭിച്ചു. തർക്ക വിഷയങ്ങളിലുള്ള അവസാന വാക്കായി തങ്ങൾ പ്രവർത്തിച്ചു.
തിരുനബി(സ്വ)യുടെ 33-ാമത്തെ പേരമകനായി ഹിജ്‌റ 1222ൽ യമനിലെ ഹളർമൗത്തിലാണ് മഹാനവർകൾ ജനിക്കുന്നത്. നിരവധി സാദാത്തുക്കൾ ഉൾക്കൊള്ളുന്ന സയ്യിദ് ജിഫ്രി മുഅളം (റ)വിന്റെ പരമ്പരയായ ജിഫ്രി ഖബീലയിലാണ് അവിടുത്തെ കുടുംബം.
ചെറുപ്രായത്തിൽ സ്വാത്വികരായ മാതാപിതാക്കളുടെ ശിക്ഷണത്തിലായിരുന്നു ജീവിതം. മതവിജ്ഞാനമുള്ളവരും ആത്മീയചിന്തയിലധിഷ്ഠിത ജീവിതം നയിച്ചവരുമായിരുന്നു അവർ. അക്കാലത്ത് ജീവിച്ചിരുന്ന പണ്ഡിതന്മാരിൽ നിന്ന് മഹാനവർകൾ അറിവ് നുകർന്നു. ചെറുപ്രായത്തിൽ തന്നെ ഇസ്‌ലാമിക ശിക്ഷണം കാത്തുസൂക്ഷിച്ചു. മഹാൻ മിക്ക ദിവസങ്ങങ്ങളിലും വ്രതമനുഷ്ഠിക്കുകയും പതിവായി തഹജ്ജുദ് നിസ്‌കരിക്കുകയും ചെയ്യുമായിരുന്നു. ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായിരുന്നു. ത്വരീഖത്ത് സ്വീകരിക്കാൻ വരുന്ന ജനങ്ങൾക്ക് ആത്മസംസ്കരണമേകുകയും നിബന്ധന യോജിച്ചവർക്കു ശിഷ്യത്വം നൽകുകയും ചെയ്തു. മഹാൻ മതകാര്യങ്ങളിലൊട്ടും വിട്ടുവീഴ്ചക്കു തയ്യാറായിരുന്നില്ല.
ആ വർഷം ഭാര്യക്ക് ഗർഭമുണ്ടാകുകയും ഇരട്ടക്കുട്ടികൾ പിറക്കുകയും ചെയ്തു. ഇവർ കൊടിഞ്ഞിലെ ആദ്യത്തെ ഇരട്ടക്കുട്ടികളാണെന്നു പറയപ്പെടുന്നു. ഇപ്പോഴും ഇരട്ടക്കുട്ടികളുടെ നാടായി കൊടിഞ്ഞി പ്രദേശം അറിയപ്പെടുന്നു.
മതപരമായും ഭൗതികപരമായുമുള്ള എല്ലാ ആവശ്യങ്ങൾക്കും ജാതി-മത വ്യത്യാസമില്ലാതെ തങ്ങളെ ജനങ്ങൾ സമീപിക്കുമായിരുന്നു. സത്യസന്ധമായും നിക്ഷ്പക്ഷമായും എല്ലാ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ജനങ്ങളിൽ വലിയ സ്വീകാര്യതയും ലഭിച്ചു. തർക്ക വിഷയങ്ങളിലുള്ള അവസാന വാക്കായി തങ്ങൾ പ്രവർത്തിച്ചു. കൊടിഞ്ഞിപള്ളിയിൽ മമ്പുറം തങ്ങൾ തുടങ്ങിവെച്ച ‘സത്യം ചെയ്യൽ’ തങ്ങളായിരുന്നു നിർവഹിച്ചിരുന്നത്. ജീവിതകാലത്ത് അനേകം അത്ഭുതസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം, വേങ്ങര വലയോറയിൽ നിന്ന് തങ്ങളുടെ പരിചയക്കാരെ കൊണ്ടുവരാൻ ഒരാളെ പറഞ്ഞയച്ചു. മടങ്ങിവന്ന് അദ്ദേഹം തങ്ങളോടു പറഞ്ഞു: ആ വീടിന്റെ പരിസരം കാക്കകൾ മുഴുവൻ ആർത്തുവിളിക്കുകയാണ്. ഞാൻ എത്ര ശബ്ദമുയർത്തിയിട്ടും ഒരു പ്രതികരണവും ലഭിച്ചില്ല. വീട്ടിൽ ആളില്ലെന്നാണു തോന്നുന്നത്. ഇതു കേട്ടു തങ്ങൾ പറഞ്ഞു: വീട്ടിൽ ആളൊക്കെയുണ്ട്. നീ വീണ്ടും പോയി ആ കാക്കകളോട് അവിടുന്നു പോകാൻ ഞാൻ പറഞ്ഞിട്ടുണ്ടെന്നു പറയുക. എന്നിട്ട് വീട്ടുകാരെ വിളിച്ചു വരൂ. വീട്ടുമുറ്റത്തെത്തി കാക്കകളെ നോക്കി അദ്ദേഹം പറഞ്ഞു: നിങ്ങളോട് അല്ലാഹുവിന്റെയൊരു ഇഷ്ടദാസൻ ഉടനെ ഇവിടെ നിന്നു പോകാൻ പറഞ്ഞിട്ടുണ്ട്. ഇതുകേട്ട ഉടൻ കാക്കകൾ പറന്നുയരുകയും വീട്ടുകാരെ വിളിച്ചു കൊണ്ടുവരികയും ചെയ്തു.
വിവാഹം കഴിഞ്ഞു കാലങ്ങൾ കഴിഞ്ഞിട്ടും സന്താനമില്ലാതായപ്പോൾ ഒരാൾ തങ്ങളോടു സങ്കടം ബോധിപ്പിച്ചു. തങ്ങൾ അദ്ദേഹത്തെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കുകയും തലയിൽ കൈവെച്ചു മന്ത്രിക്കുകയും സന്താനങ്ങൾ ഉണ്ടാകാൻ വേണ്ടി പ്രർഥിക്കുകയും ചെയ്തു. ആ വർഷം ഭാര്യക്ക് ഗർഭമുണ്ടാകുകയും ഇരട്ടക്കുട്ടികൾ പിറക്കുകയും ചെയ്തു. ഇവർ കൊടിഞ്ഞിലെ ആദ്യത്തെ ഇരട്ടക്കുട്ടികളാണെന്നു പറയപ്പെടുന്നു. ഇപ്പോഴും ഇരട്ടക്കുട്ടികളുടെ നാടായി കൊടിഞ്ഞി പ്രദേശം അറിയപ്പെടുന്നു.
ഒരിക്കൽ ഇരിങ്ങല്ലൂർ പ്രദേശത്ത് പ്ലാഗ് പടർന്ന് ഗുരുതരമായ ഭീഷണിയുണ്ടായപ്പോൾ ആ നാട്ടുകാർ മഹാനവർകളുടെ അടുത്തെത്തി സങ്കടം ബോധിപ്പിച്ചു. അവിടെ പോയി പ്രത്യേക പ്രാർത്ഥന നടത്തിയ ശേഷം ആ മഹാമാരി അവിടെ നിന്നും അപ്രത്യക്ഷമായി. അത്തരം മഹാമാരി ആവർത്തിക്കപ്പെടാതിരിക്കാൻ മൗലിദ് ഓതണമെന്നു മഹാന വർകൾ നിർദ്ദേശിച്ചു. പരമ്പരാഗതമായി ആ നാട്ടുകാർ ഇന്നും അതു പാരായണം ചെയ്തു വരുന്നുണ്ട്. സമസ്തയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ (ന:മ)ക്ക് കാലിലൊരു മുറിവുണ്ടായിരുന്നു. അക്കാലത്ത് ലഭ്യമായ ഒരു ചികിത്സയും ഫലപ്രദമായില്ല. അസുഖം ഭേദപ്പെടാതെ വന്നപ്പോൾ ഉസ്താദ് കൊടിഞ്ഞിലെ ജിഫ്രി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ജിഫ്രി (ഖ.സി) വിനെ സിയാറത്ത് ചെയ്യുകയും മഹാനവർകളുടെ പേരിൽ ഒരു മൗലിദ് രചിക്കുമെന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും അസുഖം സുഖപ്പെട്ടു. ഈ മൗലിദാണ് ഫൈളുൽ മുൻജിയെന്ന പേരിൽ അറിയപ്പെടുന്നത്.
ഹിജ്‌റ 1270 ശഅ്ബാൻ 13ന് മഹാനവർകൾ ഈ ലോകത്തോടു വിട പറഞ്ഞു. എല്ലാ വർഷവും ശഅബാൻ ഒന്നു മുതൽ ആണ്ടുനേർച്ചയും ദുആ മജ്‌ലിസും ഇവിടെ നടന്നു വരുന്നുണ്ട്. വിദൂര ദിക്കുകളിൽ നിന്ന് അനേകമാളുകൾ മഖാമിലേക്ക് സിയറാത്തിനായി എത്തുന്നു. കൊടിഞ്ഞി പള്ളിയുടെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ജിഫ്രി മഖാമിലാണ് മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്.


