ഒരു ബർമക്കാരൻ്റെ മറുഭാഷ ആഖ്യാനങ്ങൾ

വളർന്നു വന്ന ഭൂമിയിൽ വേരാഴ്ത്താനുള്ള ശ്രമത്തിനിടയിലാണ് യുദ്ധകാഹളം മുഴങ്ങുന്നതും ഖാദറിനു മറുനാട്ടിൽ അഭയം തേടേണ്ടി വന്നതും. ആ യുദ്ധം മുഖേന പല നഷ്ടചിത്രങ്ങളും പ്രകടമായി. ഒപ്പം ഖാദർ കേരളക്കരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ദേശപ്പശിമയിൽ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് അടയാളപ്പെടുത്തുന്ന വരികളിങ്ങനെയാണ്.
“സുനാമിയിലിട്ട് നിഷ്കളങ്കരെക്കൂടി നീയെന്തിനു കൊന്നുവെന്നു ചോദിക്കുന്നത് മനുഷ്യൻ്റെ ബാലിശമായ സെൻ്റിമെൻ്റലിസം മാത്രമാണ്. പ്രകൃതിയുടെ കാലബോധം വേറെ, മനുഷ്യൻ്റെ ദേശബോധം അവിടെയില്ല. ഖുർആൻ പറയുന്നു: നിങ്ങൾ വെറുക്കുന്ന കാര്യം നിങ്ങൾക്കു നന്മയായും ഭവിച്ചേക്കാം. നിങ്ങൾ ഇഷ്‌ടപ്പെടുന്ന കാര്യം നിങ്ങൾക്കു തിന്മയായും ഭവിച്ചേക്കാം. (അൽബഖറ:) യുദ്ധങ്ങൾ മാനവരാശിയ്ക്ക് പലതും നൽകിയിട്ടുണ്ട്. കമ്പ്യൂട്ടറും ആകാശമെഴുത്തും തന്നു. നട്ടെല്ലുള്ള ചിന്തകരെ തന്നു. തത്ത്വചിന്തകരെ തന്നു. ചികിത്സ തന്നു. മൈക്രോ ഓവൻ അടക്കമുള്ള അനേകം അടുക്കളോപകരണ ങ്ങൾപോലും തന്നു. കൂട്ടത്തിൽ കേരളത്തിനായി മാത്രം യു.എ.ഖാദറെന്ന എഴുത്തുകാരനെയും തന്നു. രണ്ടാം ലോകമഹായുദ്ധം സംഭവിച്ചില്ലായെങ്കിൽ മലയാളത്തിന് യു എ ഖാദറെന്ന എഴുത്തുകാരനുണ്ടാവില്ല. മൊയ്തീൻകുട്ടി ഹാജിക്ക് ബർമക്കാരിയായ മാമൈദിയിൽ പിറന്ന സന്തതിയാണ് ഖാദർ. പ്രസവിച്ച് മൂന്നാം നാൾ തന്നെ ഖാദറിനെ തനിച്ചാക്കി മാമൈദി മരണപ്പെടുകയും ചെയ്തു. ഏഴാം വയസ്സിൽ കേരളത്തിലെത്തിയ ഖാദറിൻ്റെ മണ്ണും മനസ്സും മലയാളത്തിൽ അലിഞ്ഞുചേർന്നു. മലയാള അക്ഷരങ്ങൾ കൂട്ടിയെഴുതിയും ചൊല്ലിപ്പടിച്ചും പടവുകൾ ചവിട്ടിയ ഖാദർ പിന്നീട് ഭാഷയിൽ സ്വന്തമായി തട്ടകം പണിതു. മ്യാൻമറെന്ന ബർമയിൽ നിന്നും മറുനാടായായ മലയാള മണ്ണിലെത്തിയ ഖാദർ, തൻ്റെ നിരവധി കഥയെഴുത്തുകളിലൂടെ സ്വന്തമായ ആഖ്യാന മണ്ഡലം സൃഷ്ടിക്കുക കൂടിയാണു ചെയ്തത്.

കഥാഖ്യാനത്തിലെ പ്രത്യേകമായ ഈണവും താളവും ഖാദറിൻ്റെ ആഖ്യാനശൈലിയുടെ സവിശേഷ സ്വഭാവമാണ്. വരികൾക്കിടയിലെ താളാത്മകതയെ ആസ്വദിക്കാൻ കഴിയുന്ന വായനക്കാരനിൽ ഒരു പാട്ടിൻ്റെ ഓളം സൃഷ്ടിക്കാൻ ഖാദറിൻ്റെ ചില വരികൾക്കു പ്രത്യേക സിദ്ധിയുണ്ട്. ഉദാ: “വ്യാധിയും വ്യാധി മൂലമുള്ള ആധിയും മാറ്റി, നമ്പോലനായിട്ടോ പടവെട്ടും നായരായിട്ടോ വീണ്ടും കളിപ്പാടത്തിറക്കി കളി പതിമൂന്നും പകിട പന്ത്രണ്ടും കളിക്കാൻ വിരുതേറിയ വണ്ണാർതൊടിക്കൽ വൈദ്യന്മാരിൽ ഒരാളാണല്ലോ നൊസ്സൻ നാണുവൈദ്യൻ”( ഖാദറിൻ്റെ പത്തു ലഘു നോവലുകൾ പു.67)

നാട്ടുവഴകത്തിലെ മൊഴി രൂപങ്ങൾ സാന്ദർഭികതയുടെ ഒത്തയിടങ്ങളിൽ സാകൂതം ഇണക്കിച്ചേർക്കാനുള്ള കഥാഖ്യാനത്തിലെ വിരുത്തവും ഖാദറീയ ശൈലിയുടെ മറ്റൊരു പാടവമാണ്. പ്രത്യേകമായ വായനാവടിവുകളോടെ താളത്തിൽ വായിക്കാവുന്ന ഗദ്യഘടന അദ്ദേഹത്തിൻ്റെ ആഖ്യാനങ്ങൾക്കുണ്ട്.
“നാടൻചൊല്ലുകളുടെയും പാട്ടുകളുടെയും തോറ്റങ്ങളുടെയും ലാക്ഷണികപ്രയോഗങ്ങ ളുടെയും ധ്വനികൾ അഥവാ, നാദങ്ങൾ ഇവയിൽ അന്തർലീനമായിട്ടുണ്ട്. ഭാഷാശാസ്ത്രപരമായി പറഞ്ഞാൽ, ലീനധ്വനികളുടെ സാധ്യതകൾ (Supra Segmentals) ഗദ്യഘടനകളെ കവിതയിലെ ചൊൽവടിവുകളാക്കിയെടുക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നു. സ്ഥലകാലഭാവരൂപ ചിഹ്നങ്ങളുടെ നീളൻവാക്യനിര ഒരു ഗദ്യത്തോറ്റംപോലെ അനുഭവപ്പെടുന്നു. “(തൃക്കോട്ടൂർ തായ് വഴി, പേ. 172). നമ്മൾ നാടൻ വ്യവഹാരങ്ങളിൽ പ്രയോഗിക്കുന്ന പ്രയോഗങ്ങൾ വരെ ഇത്തരം വരികളിൽ നിൽപ്പുറപ്പിക്കുകയും ചെയ്യുന്നു.
ഉദാ: “കാണും കണ്ണിനൊക്കെ കർപ്പൂരം വിതറി പെണ്ണായവൾ കാഞ്ഞിരത്തുങ്ങൽ മഠത്തിലെ നീന്തൽക്കുളത്തിൽ മൂവന്തി ചുകപ്പിക്കുന്നുവെന്നു കല്ലാർത്തെടിക്കാവിൽ വെളിച്ചപ്പെട്ടുറയുന്ന വെളിച്ചപ്പാടിൻ്റെ വായിൽ നിന്നൊരു കുറി സത്യം പുറത്തു വന്നത്രേ. പറഞ്ഞതു വീണ്ടുമെടുത്തു വായിലിട്ടു വിഴുങ്ങാൻ കഴിയുമോ വെളിച്ചപ്പാടിനായാലും?” (അഘോരശിവം, പു.91) ഇത്തരത്തിൽ സാരൂപ്യങ്ങളുടെയും നാട്ടുമൊഴികളിൽ സ്ഥിരപ്രതിഷ്ഠ നേടിയ വാചകങ്ങളുടെയും സംഗമസ്ഥലമായി ഖാദറിൻ്റെ ആഖ്യാനകല വിപുലപ്പെടുന്നത് കണ്ടെത്താൻ വായനക്കാർക്കു സാധിക്കും. തൃക്കോട്ടൂർ പെരുമയെന്ന പുസ്തകത്തിൽ കഥാപാത്രമായ കുഞ്ഞിക്കേളക്കുറിപ്പിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്.

“കുഞ്ഞിക്കേളപ്പക്കുറുപ്പിനെ അറിയില്ലെങ്കിൽ പരിചയപ്പെടുത്താം. ഞങ്ങളുടെ നാട്ടുകാരനാണ്. ചാത്തുക്കുട്ടി ദൈവം കാവിനപ്പുറത്തെ ഗുളികൻ തറയ്ക്ക് പടിഞ്ഞാറ് മീത്തലെത്തൊടിപ്പറമ്പിൽ ചെട്ട്യാരുകണ്ടിത്തറവാട്ടിന്റെ ഇപ്പോഴത്തെ കൈകാര്യകർത്താവ്. സ്ഥാനി. ചിങ്ങ പുരംകളരിയിൽ കച്ചകെട്ടിയ മെയ്യഭ്യാസി. മലബാറിൽ നിന്ന് അയ്യപ്പ സേവയ്ക്ക് ഇത്രയും ആളില്ലാത്ത കാലത്തു പത്തുവട്ടം മല ചവിട്ടിയ പെരിയസ്വാമി തനി തേക്കിൻ കാതല് – നാലാൾ കണ്ടാൽ നോക്കിനിന്നു പോകുന്ന ലക്ഷണമൊത്ത ശരീരം. ഒരു കെല്ലൻ. ഉറച്ചാൽ പാറ. അലിഞ്ഞാൽ ശർക്കര” (തൃക്കോട്ടൂർ പെരുമ, പുറം.9)

ഖുർആൻ പറയുന്നു: നിങ്ങൾ വെറുക്കുന്ന കാര്യം നിങ്ങൾക്കു നന്മയായും ഭവിച്ചേക്കാം. നിങ്ങൾ ഇഷ്‌ടപ്പെടുന്ന കാര്യം നിങ്ങൾക്കു തിന്മയായും ഭവിച്ചേക്കാം. (അൽബഖറ:) യുദ്ധങ്ങൾ മാനവരാശിയ്ക്ക് പലതും നൽകിയിട്ടുണ്ട്. കമ്പ്യൂട്ടറും ആകാശമെഴുത്തും തന്നു. നട്ടെല്ലുള്ള ചിന്തകരെ തന്നു. തത്ത്വചിന്തകരെ തന്നു. ചികിത്സ തന്നു. മൈക്രോ ഓവൻ അടക്കമുള്ള അനേകം അടുക്കളോപകരണ ങ്ങൾപോലും തന്നു. കൂട്ടത്തിൽ കേരളത്തിനായി മാത്രം യു.എ.ഖാദറെന്ന എഴുത്തുകാരനെയും തന്നു.

ഇത്തരം സന്ദർഭങ്ങളിൽ വക്താവിനോടുള്ള ആത്മബന്ധത്തെ വായനക്കാരനിലേക്കു ബന്ധിപ്പിക്കാനുള്ള രീതിശാസ്ത്രമാണ് നമുക്കു ദർശിക്കാൻ കഴിയുക. കേവലമൊരു വസ്തുതാകഥനമാണ് ആ വരികളിൽ നിലനിൽക്കുന്നതെങ്കിലും വരികളിലൂടെ കടന്നുപോയ വായനക്കാരന് വക്താവുമായി നാഡീനാളബന്ധം സൃഷ്ടിക്കാൻ ഖാദറിൻ്റെ ശൈലികൾക്കു സാധിച്ചേക്കും. നീളൻ ഗദ്യരീതിയിൽ ആവേഗത്തിൽ ആരംഭിക്കുന്ന ആഖ്യാനരീതി പെട്ടെന്ന് തന്നെ ചൂർണികകളുടെ പ്രയോഗത്തിൽ പൂർണതയിലേക്കു പര്യവസാനിക്കുന്നു.
ഖാദർ കഥയെഴുതുന്ന കാലത്തെ ജാതീയമായ ഭാഷവ്യത്യാസങ്ങൾ കഥയെഴുത്തിൽ കടന്നു വരുന്നുണ്ട്. സൂക്ഷ്മമായ ഒരു ഭാഷാനിരീക്ഷകൻ്റെ റോളിലൂടെ സഞ്ചരിച്ച ഖാദർ, കഥാപാത്രങ്ങൾ സ്വീകരിച്ച ഘട്ടത്തിൽ അവരുടെ വ്യവഹാര ഭാഷകളും കൃത്യമായി പ്രയോഗിക്കാൻ ശ്രമം നടത്തുന്നുണ്ട്. ജാതിയിൽ പുലയാരായ മനുഷ്യരോട് ഉയർന്ന ജാതിക്കാരും തിരിച്ചും സംസാരിക്കുന്ന രീതി ചെറിയൊരു മാതൃകയാണ്. ഖാദറിൻ്റെ വായേ പാതാളമെന്ന നോവലിൽ ഭജനമടം ഗോപാലനും കുങ്കറും തമ്മിലെ സംഭാഷണം:
ഭജനമഠം ഗോപാലൻ പെട്ടെന്നു ചോദിച്ചു; ‘എടോ കുങ്കറേ നീ ഇപ്പോളാറ്റാൻ പൊന്നാനീല് പോയിനോ? പൊന്നാനീല്? മാപ്പിളമാരുടെ പൊന്നാനീല്-‘
ഭജനമഠം ഗോപാലൻ്റെ ചോദ്യത്തിനു മറുപടിയെന്നോണം കുങ്കർ ഉറക്കെ ചോദിച്ചു. ‘ആട, പൊന്നാനീല് എനക്കാരാ ഉള്ളതോളീ – എനക്കാരാ ഉള്ളത്?’
ഭജനമഠം ഗോപാലന് പൊറുതികേടായി. ചോദ്യത്തിനല്ല മറുപടി. അവൻ വിരൽച്ചൂണ്ടി: ‘ഞ്ഞി, കുങ്കറെ, പൊന്നാനിന്ന് എപ്പളാ വന്നത്? എപ്പളാ നീ പൊന്നാനില് പോയത്?’ “പൊന്നാനീല് എനക്കാരാണോളി ഉള്ളത് -?
ഇറയത്തെ കഴുക്കോലിൽ മുറുകെപ്പിടിച്ചു ഭജനമഠം ഗോപാലൻ തിരക്കി :- ‘ഇന്റെ ചെറുമി. എടാ. ഓളയിങ്ങ് വിളിക്ക് ( പു.28 -29)

വിവിധ പ്രസ്താവനകളുടെ വൈവിധ്യധാരകൾ, രൂപകച്ചൊല്ലുകൾ, ഉപമിതച്ചൊല്ലുകൾ, പഴഞ്ചൊൽ പ്രയോഗങ്ങൾ, പ്രദേശിക ചൊല്ലുകൾ, നാടൻപ്രയോഗങ്ങൾ ഒട്ടനേകം ഭാഷവ്യവഹാരങ്ങളാൽ ഒരു ബർമീസുകാരൻ മലയാളക്കരയെ വിസ്മയിപ്പിക്കുന്നത് വായനക്കാരനു കാണാനാകും.

ജാതികൊണ്ട് പുലയരായതിനാൽ എടോ, ചെറുമി, നീ എന്നീ തരത്തിൽ ഭജനമഠം ഗോപാലൻ കുങ്കറിനെയും തിര്യാതയെയും അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. എന്നാൽ തിരികെയുള്ള സംഭാഷണത്തിൽ ഉയർന്ന ജാതിക്കാരോടുള്ള ബഹുമാന സൂചകമായി ‘ഓളീ’ ചേർത്തു മറുപടി പറയുന്നതും ചേർത്തു വായിക്കേണ്ടതാണ്.
സന്ദർഭാനുസരണയോടെ ഭാഷയെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൻ്റെ മറ്റൊരു രീതി ജന്മം തീറാധാരമെന്ന നോവലിൽ കണ്ടെത്താൻ കഴിയും. ആധാരസംബന്ധിയായ കാര്യങ്ങൾ പറയേണ്ടിവരുമ്പോൾ ഇവിടെയൊരു ആധാരമെഴുത്തുകാരൻ്റെ ഭാഷയാണ് ഖാദർ ഉപയോഗിച്ചിട്ടുള്ളത്.

“തൃക്കോട്ടൂരംശം പാലൂരുദേശം രാരിച്ചം കണ്ടി താഴെമഠം പറമ്പിൽ പാർക്കും തച്ചംകുനിക്കാവിലെ സ്ഥാനി കുഞ്ഞനന്തൻ നായർ എന്നിവരുടെ അനന്തിരവൾ കൈക്കോട്ടുകുളങ്ങരമാടത്തുമ്മൻ….” ( ഖാദർ പത്തു ലഘുനോവലുകൾ 126).
പുറമെ, സന്ദർഭോജിതമായി നാടൻ ഉച്ചാരണങ്ങളെ പ്രയോഗതലത്തിൽ കൊണ്ടുവരാൻ ഖാദർ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഉദാഹരണങ്ങൾ നിരവധിയാണ്.
പൊത്തനെയും (മുഴുവനായും), മേണ്ട (വേണ്ട), രീസം(ഒരു ദിവസം), വമ്പത്തി ( സാമർഥ്യക്കാരത്തി), പോഴത്തക്കാരൻ (തെറ്റുകാരൻ), പോക്കണം കെട്ടവൻ (മര്യാദകെട്ടവൻ), പട്ടാങ്ങ് (സത്യം), തമ്പാട്ടി (തമ്പുരാട്ടി), ആട (അവിടെ), ഈടന്ന് ( ഇവിടന്ന്), എട (അവധി ), ഏറണ്ട ( അധികമാകണ്ട ), ഒപ്പരം (ഒപ്പം), ഓലെ (അവരുടെ) ഓറ് (അവർ) ഇങ്ങനെ തുടങ്ങി നാടൻപ്രയോഗങ്ങളുടെ വലിയ കലവറ തന്നെ തൻ്റെ കൃതികളിൽ ഖാദർ പണിതു വെച്ചിട്ടുണ്ട്.

പ്രസവിച്ച് മൂന്നാം നാൾ തന്നെ ഖാദറിനെ തനിച്ചാക്കി മാമൈദി മരണപ്പെടുകയും ചെയ്തു. ഏഴാം വയസ്സിൽ കേരളത്തിലെത്തിയ ഖാദറിൻ്റെ മണ്ണും മനസ്സും മലയാളത്തിൽ അലിഞ്ഞുചേർന്നു. മലയാള അക്ഷരങ്ങൾ കൂട്ടിയെഴുതിയും ചൊല്ലിപ്പടിച്ചും പടവുകൾ ചവിട്ടിയ ഖാദർ പിന്നീട് ഭാഷയിൽ സ്വന്തമായി തട്ടകം പണിതു.

ഇങ്ങനെ തുടങ്ങി വിവിധ പ്രസ്താവനകളുടെ വൈവിധ്യധാരകൾ, രൂപകച്ചൊല്ലുകൾ, ഉപമിതച്ചൊല്ലുകൾ, പഴഞ്ചൊൽ പ്രയോഗങ്ങൾ, പ്രദേശിക ചൊല്ലുകൾ, നാടൻപ്രയോഗങ്ങൾ ഒട്ടനേകം ഭാഷവ്യവഹാരങ്ങളാൽ ഒരു ബർമീസുകാരൻ മലയാളക്കരയെ വിസ്മയിപ്പിക്കുന്നത് വായനക്കാരനു കാണാനാകും. തൻ്റെ സാഹിത്യലോകം വിവിധ മനുഷ്യരുടെ കാഴ്ചപ്പാടുകൾക്കു സംവദിക്കാനുള്ള ഇടമാക്കി മാറ്റിയ ഖാദിന് ഒരു പക്ഷേ സാഹിത്യരംഗം അർഹിക്കുന്ന പരിഗണന നൽകിയോയെന്നതും ചിന്തനീയമായ വസ്തുതയാണ്

എം.ടി.പി യൂനുസ് അദനി

എം.ടി.പി യൂനുസ് അദനി

റിസർച്ച് സ്കോളർ, അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×