ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നുവത്!

തോപ്പിൽ മുഹമ്മദ്‌ മീരാന്റെ സ്മരണികകൾ വായിക്കുന്നതിനിടയിൽ, ‘ബഷീറും മീരാനും സന്ധിക്കുന്ന അഞ്ചു സവിശേഷതകൾ’ വായിച്ചതാണ് ഈ കുറിപ്പെഴുതുമ്പോൾ ആദ്യമായി ഓർമ്മ വരുന്നത്. അവ വളരെ ശരിയാണെന്നു തോന്നിയിട്ടുണ്ട്. ക്ലിക് ടി.വി എന്ന ഒരു ഓൺലൈൻ ഇംഗ്ലീഷ് നാഷണൽ ജേണലിലും, രണ്ട് മലയാള മാസികകളിലും ഞാൻ തന്നെ അതിനെ കുറിച്ച് മുൻപ് എഴുതിയിരുന്നു. ഒരു രണ്ടാം ബഷീർ എന്ന നിലയിൽ എങ്ങനെ മീരാനെ സമീപിക്കാം എന്നാണ് ആ വായനകളുടെ നോട്ടം. ബഷീറിന്റെ വലുപ്പമാണ് ആ ചർച്ചകളിലാകെയും മുഴച്ചു നിൽക്കുന്നത്. ആ സാദൃശ്യതകളെ ചുരുക്കിയൊന്ന് പറയാം:

ഒന്ന്: മാതൃഭാഷകളിൽ എടുത്തു പറയാവുന്ന തരത്തിൽ വലിയ പദസമ്പത്തിനുടമകളായിരുന്നില്ല ഇരുവരും. അഥവാ, പദ സമ്പത്ത് കാണിക്കാൻ വേണ്ടി എഴുതുന്നവരായിരുന്നില്ല എന്ന് സാരം. ചെറിയ വാക്കുകൾ കൊണ്ട് വലിയ ലോകങ്ങൾ സൃഷ്ടിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. എന്നാൽ, സ്വന്തമായി അവർക്ക് ചില പദങ്ങൾ വേറെത്തന്നെയുള്ളത് മറ്റൊരു വാസ്തവം.

രണ്ട്: രണ്ടു പേർക്കും നീട്ടിപ്പരത്തിയെഴുതുന്ന രചനാ ശൈലി ഇഷ്ടമായിരുന്നില്ല. പ്രത്യക്ഷത്തിൽ കാണാൻ കട്ടിയുള്ള വലിയ ഗ്രന്ഥങ്ങൾ രണ്ടു പേർക്കും ഇല്ലെന്നു തന്നെ പറയേണ്ടി വരുന്നത് അക്കാരണം കൊണ്ടാണ്. പറയാനുദ്ദേശിച്ചതെല്ലാം കുറഞ്ഞ അക്ഷരങ്ങളിൽ തന്നെ പറഞ്ഞു
കഴിഞ്ഞാൽ അതാണല്ലോ ഏറ്റവും ആകർഷണീയവും ആത്മാർത്ഥവും.

മൂന്ന്: ചെറുപ്പം മുതൽ പരിചയിച്ചു പോന്ന സ്വന്തം ജീവിതാനുഭവങ്ങളെ ആവിഷ്കരിക്കുകയും, ചിരപരിചിത ജീവിതങ്ങളെ കഥാപാത്രങ്ങളാക്കി മാറ്റുകയും
ചെയ്യുകയായിരുന്നു രണ്ടു പേരും. സാഹിത്യ രചനകളിൽ ബൂർഷ്വാ സ്വഭാവം അഭികാമ്യമല്ലെന്ന് ഇരുവരും എഴുതുകയും പറയുകയും ചെയ്തുകൊണ്ടേയിരുന്നു. കഥകളിൽ ആർക്കും ദൃശ്യതയുണ്ടാക്കാമെന്നും ആ ദൃശ്യത പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് തീരുമാനിക്കുന്നതിന് യാതൊരു വിധ മുൻധാരണകളുമില്ലെന്നും അവർ സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു.
നാല്: അവാർഡുകൾക്കും അംഗീകാരങ്ങൾക്കും ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. വായനക്കാരാണ് അന്തിമ വിധികർത്താക്കൾ എന്ന ബോധ്യമായിരുന്നു രണ്ട് പേർക്കും.

മാതൃഭാഷകളിൽ എടുത്തു പറയാവുന്ന തരത്തിൽ വലിയ പദസമ്പത്തിനുടമകളായിരുന്നില്ല ഇരുവരും. അഥവാ, പദ സമ്പത്ത് കാണിക്കാൻ വേണ്ടി എഴുതുന്നവരായിരുന്നില്ല എന്ന് സാരം. ചെറിയ വാക്കുകൾ കൊണ്ട് വലിയ ലോകങ്ങൾ സൃഷ്ടിക്കാനായിരുന്നു ഇരുവരുടേയും ശ്രമം.

മാംസവും മജ്ജയും നാഡിയും ജീവനുമുള്ള കഥകൾ സമ്മാനിച്ച (ഒരേയൊരു എന്ന് പറഞ്ഞാൽ പോലും അതിശയോക്തി ആകാത്ത) മലയാളത്തിലെ എഴുത്തുകാരനാണ് ബഷീർ. ബഷീർ എന്നതൊരു വിലാസമായിത്തീരുകയും, ബഷീറിന്റെ ഇടം അദ്ദേഹത്തിന്റേത് മാത്രമായി മാറുകയും ചെയ്തതിന് നിരവധി കാരണങ്ങളുണ്ട്. മലയാളത്തിൽ, ഒരു പക്ഷേ, അത്തരമൊരു ക്യാനോൺ (Canon) വേറെയുള്ളത് ഓ.വി വിജയന് മാത്രമായിരിക്കുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഏറ്റവും നന്നായി ഭാവാർത്ഥം (Metaphor) ഉപയോഗിച്ച മലയാളം എഴുത്തുകാരൻ കൂടെയാണ് ഞാൻ മനസ്സിലാക്കിയ ബഷീർ. പാത്തുമ്മാന്റെ ആടിൽ, ആട് പെറുന്ന (പ്രസവിക്കുന്ന) സന്ദർഭം വിവരിക്കുന്നതിനിടയിൽ ബഷീർ പറയുന്നത് ‘ആട് പെറ്റു, ഡും!’ എന്നാണ്. ആടിനോട് മറ്റുള്ളവർക്കുള്ള നിസ്സംഗതയാണത്. എന്തു വലുപ്പവും ഭാരവുമാണ് ആ വാക്കിന്!

ബഷീറിലെ പ്രകൃതി സ്നേഹിയെ വരച്ചിടുന്ന മഹാകൃതിയാണ് ഭൂമിയുടെ അവകാശികൾ. എന്നാൽ അതിനു പുറമെ, ജാതിയുടേയും മതത്തിന്റേയും പേരില്‍ തമ്മിലടിച്ച്‌ നശിക്കുന്ന മനുഷ്യര്‍ക്ക്‌ മൃഗജീവിതത്തിന്റെ സംതുലിതാവസ്ഥ നല്‍കുന്ന പാഠം വലുതാണ്‌ എന്നു കൂടി ഓര്‍മപ്പെടുത്തുകയാണ് പ്രസ്തുത കൃതി.

പ്രേമലേഖനവും ബാല്യകാലസഖിയും മതിലുകളുമെല്ലാം എഴുതിയ ബഷീറിന്റെ പ്രണയാതുരതയെ പറയാതെ ബഷീർ അവസാനിക്കില്ല. പ്രണയത്തിനകത്ത് മറ്റു പലതും കൂടെ പറയാൻ ബഷീർ ശ്രമിച്ചിരുന്നു. നാരായണിയും ബഷീറും പ്രണയിക്കുന്നതും, അവർക്കിടയിലെ മതിലും, ഇന്ത്യ-പാക് വിഭജനത്തിന്റെ വേദനയെ കൂടിയാണ് സൂചിപ്പിക്കുന്നത് എന്ന് തിരിച്ചറിയുമ്പോഴാണ് ബഷീർ കൃതികളുടെ ആഴം കൂടുതൽ തിരിച്ചറിയാനാവുക.

‘യാ ഇലാഹി’യും ‘ഗുത്തിനി ഹാലിട്ട ലുട്ടാപ്പി’യും ഒക്കെ പ്രിയപ്പെട്ടതാകുമ്പോഴും, സിരകളെ ത്രസിപ്പിക്കുന്ന ബഷീർ വരികൾ മറ്റൊന്നാണ്. ഏറ്റവും പ്രിയപ്പെട്ട ആ വരികൾ കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു:

“പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?”
“ഏത് പൂവ്?”
“രക്തനക്ഷത്രം പോലെ കടും ചെമപ്പ് നിറമാർന്ന ആ പൂവ്…”
“അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?”
“ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ.”
“കളഞ്ഞെങ്കിലെന്ത്?”
“ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്.”
ഹാ..!

ശിബിലി മഞ്ചേരി

ശിബിലി മഞ്ചേരി

യുവ കഥാകാരൻ , വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!