പുസ്തകഭുക്ക്

വായനശാല
മരണവീടുപോലെയായിരിക്കുമ്പോൾ
കന്നുകാലി അയവിറക്കുന്ന പോലൊരൊച്ച…
അവിടിരുന്നോരെല്ലാം
ഭയംകാളിയൊരു നോട്ടം.
അയവിറക്കുവല്ല…,
ചോന്ന അരികുവരയുള്ള
കറുത്ത കമ്പിളി പൊതച്ചൊരാൾ
വായിച്ചോണ്ടിരിക്കുന്ന പുസ്തകത്തിൽ നിന്ന്
അക്ഷരങ്ങൾ വായിലോട്ടു
പാറ്റിക്കയറ്റുന്നു.
ശ്വാസമടക്കി ഞങ്ങളെല്ലാം
അതുതന്നെനോക്കിയിരുന്നു.
വായിൽ കയറിയ അക്ഷരങ്ങളും, വാക്കുകളും
അയാൾ ചവച്ചരയ്ക്കുന്ന ഒച്ചയായിരുന്നുവത്.

ചിലത് ചവയ്ക്കാൻ വയ്യാണ്ട്
ഇടംകൈകൊണ്ടു വായിൽ നിന്നെടുത്ത്
തിരിച്ചും മറിച്ചും
നോക്കുന്നുണ്ടയാൾ.
എനിക്കു മനസ്സിലായി, അത്
അരികു കൂർത്ത ചില്ലക്ഷരങ്ങളാണ്.
ചില വാക്കുകൾ കുറേ നേരമെടുത്തു
ചവയ്ക്കുന്നുണ്ടയാൾ..,
ആ സമയം വരികളിൽ നിന്നു പുറപ്പെട്ട
വാക്കുകൾ അനുസരണയോടെ അയാളുടെ
ചുണ്ടിനും പുസ്തകത്തിനുമിടയിലുള്ള
ശൂന്യതയിൽ
വരിവരിയായി കാത്തുനിൽക്കുന്നു.

വായിച്ചിട്ടൊടുവിലയാൾ പുസ്തകം
‘ബുക്ക് ഷെൽഫി’ൽ
കൊണ്ടോയിവെച്ചപ്പോൾ..,
പുസ്തകത്തട്ടിലെ പുസ്തകങ്ങൾക്കു മൊത്തം
അയാൾ വായിച്ച പുസ്തകത്തിന്റെ
അതേ നിറം,
അതേ മണം,
അതേ വലുപ്പം!

ശ്വാസമില്ലാത്ത ഞങ്ങൾ,
അയാൾ അവിടെനിന്നു പോയശേഷം
പുസ്തകങ്ങളെടുത്തു മറിച്ചുനോക്കി;
അവയിലൊന്നും
അക്ഷരങ്ങളില്ല,
വാക്കുകളില്ല,
വരികളുമില്ല.
എന്നിട്ടും ഞങ്ങൾക്ക് അവറ്റകളെ
പുസ്തകമെന്നല്ലാതെ
മറ്റൊന്നും
വിളിക്കാൻ തോന്നിയില്ല.

പുസ്തകങ്ങളിലെ വാക്കുകൾ ഭക്ഷിക്കുന്ന അയാൾ
ആരായിരിക്കുമെന്ന്
ആരായാൻ
ഞങ്ങൾക്കപ്പോൾ നാവുകളുമില്ലായിരുന്നു.

ജിനു

ജിനു

എഴുത്തുകാരൻ, അദ്ധ്യാപകൻ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×