ഇരുപത്തിനാലാം നമ്പർ മുറി

റണാകുളത്തെ
ഇരുപത്തിനാലാം നമ്പർ മുറി,
വൈകി ഉറങ്ങും
വൈകി ഉണരും
അവിടെയായിരുന്നു എന്റെ
ആത്മാവ് കൊളുത്തിയിട്ടിരുന്നത്.
വഴികളുടെയെല്ലാം വാലു തേടി
പുസ്തകക്കടയിലെ പുതുമണം കട്ട്
സ്പോർട്സ് ഷോപ്പിലെയെല്ലാം തൊട്ട്
സിറ്റിയിലെ അവസാന വെട്ടവുമണയുമ്പോ
ഇരുപത്തിനാലാം നമ്പർ മുറിയിലേക്കു തിരിച്ചു കേറും.

കട്ടില് പിത്തിയിലേക്കു ചാരി
മുറി തീരുന്ന അളവിൽ
നിലത്ത് ബെഡ് കുടഞ്ഞിട്ടിട്ടുണ്ട്,
ആക്രി സാധനങ്ങൾ കൂട്ടിയിട്ടേക്കണ മാതിരി-
ഒരു കുന്ന്, കുടിച്ച് ഉറങ്ങിപ്പോയവർ
വലിച്ചു ശ്വാസം നിന്നവർ
പറഞ്ഞ് വെള്ളം വറ്റിയവർ
കേട്ടു ചെവിയടഞ്ഞവർ,
കെട്ടിമുറുകി കണ്ണില്ലാതെ കിടക്കുന്നു.
മുറിയിലാകെ അരഞ്ഞ ചോറിന്റെ ഉറവ.

ഇരുപത്തിനാല്
പിള്ളേച്ചന്റെ മുറിയാണ്,
അകത്തുന്നൊരിക്കലും കുറ്റിവീഴാത്ത
സിറ്റിയിലെ ഒരേയൊരു മുറി.
ആരോ വരാനുള്ള പോലെ
വാതിലെന്നും പാതി തുറന്നു
ചാരിയിട്ടേക്കും.

എത്ര ശ്രമിച്ചിട്ടും ഉറക്കം കേറാനാവാതെ വരുമ്പോ
പിള്ളേച്ചൻ ചോദിക്കും
ഇന്നെന്താ വിശേഷം..?
ഞാൻ കെട്ടഴിക്കും-
വാങ്ങാൻ പറ്റാതായ, മിണ്ടാട്ടം മുട്ടിപ്പോയ, തല കുനിഞ്ഞ, കണ്ണുനിറഞ്ഞ, വിക്കിയ, കടന്നാക്രമിക്കാൻ തോന്നിയ,
അങ്ങനെ മുറിവേറ്റ നിമിഷങ്ങളെ
കെട്ടിപ്പിടിച്ചൊരു നീണ്ട കുമ്പസാരത്തിൽ ഒഴുക്കിക്കളയും.
കുഞ്ഞിനെപ്പോലെ അമ്മയിലേക്കു ചേരും
അമ്മയെന്നെ കൈകൊണ്ടു ചേർത്തു
കമ്പിളിയാവും.

പിള്ളേച്ചൻ ഇരുപത്തിനാലാം നമ്പർ
മുറീന്ന് റിലീവായ ശേഷം,
നിയമപരമായി ഞാനങ്ങോട്ടു താമസം മാറ്റി.
പഴേമാതിരി-
ആരോ വരാനുള്ളപോലെ
വാതിലിപ്പഴും പാതി തുറന്നിട്ടേക്കുന്നു.

അനൂപ് ഷാ കല്ലയ്യം

അനൂപ് ഷാ കല്ലയ്യം

യുവകവി, എറണാകുളം മഹാരാജാസിൽ പൊളിറ്റിക്കൽ സയൻസിൽ ഗവേഷകൻ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×