തിരുദർശനം

എല്ലുന്തിയ കുറിയ മനുഷ്യൻ
കുഞ്ഞാടി മാനൂന്ന് നാട്ടാര് വിളിക്ക്ണയാൾ
മുഷിഞ്ഞ സഞ്ചിയെടുത്തു
വേച്ചു വേച്ചു നടന്നു

കക്കറ മദ്റസീല്
ഇന്ന് നബിദെനാണ്
മൂപ്പര് മനസ് നെറഞ്ഞ്
ആത്മഗതം ചെയ്തു,
റാലീല് കുട്ട്യാള് നെരന്നു
നിന്നു പോക്ണ
കാണാനെന്തു രസാണ്!

തൊണ്ണൂറാണ്ടുകളുടെ
സൂര്യോദയങ്ങള് കണ്ട്
ജീവിതത്തിന്റെ പാതിരയിലാണ്
കുഞ്ഞാടി മാനു
വെശന്ന് വെയർക്ക്ണത്

“നബിദെനത്തിന്റെ രാവാളില്
കഥേളും ചരിത്രങ്ങളും
എത്ര കേട്ടിര്ക്ക്ണു
നബിപ്പോണ്ടായിര്ന്നെങ്കിൽ മൂപ്പര്ന്നെ ചെറ്മനെന്നു
മനസില് പോലും വിളിക്കില്ലാര്ന്നു

നബിണ്ടാർന്നെങ്കിൽ
യ്ക്കീ നെള്ങ്ങിയ പിഞ്ഞാണട്ത്ത് അന്യന്റെ തിണ്ടും കൂടി നെരങ്ങണ്ടാര്ന്നു
വെശപ്പത്ര കണ്ടിരിക്കുന്നു നബി!

നബിണ്ടായ്നെങ്കി
ന്നെയും പുത്യേ വസ്ത്രം
ഇടീപ്പിക്കുമാര്ന്നു
ബിലാലിനെ വാങ്കു
വിള്ക്കാനയച്ച നബി
ജാത്യോ നെറോ എവ്ടീം നോക്കീട്ടില്ല

നബിദെനത്തില് വെളമ്പിയ
തേങ്ങാച്ചോറും ചാറും
യ്ക്ക് എമ്പാടും തര്ന്ന്ണ്ടല്ലോ..
നബി പഠിപ്പിച്ച പാഠങ്ങൾ ഇപ്പഴും നെറവേറ്റ്ണ മാപ്ലാര്ടെ സ്നേഹം!

ജാതിയും വെറ്പ്പും
പഠിക്കാത്തോണ്ടാവും
പട്ട്യേലെ അദ്ദൂന്റെ കുടീല്
എല്ലാ വെള്ളിയായ്ച്ചീം
ൻക്കും ബീഫ് വെരട്ട്ണ്,
മാപ്ലാര്ടെ കല്യാണങ്ങളില്
അവര് രുചിള്ള ചോറ് തര്ണത്..

നബി പറഞ്ഞ വാക്കാള്
മനസിൽ പതിഞ്ഞതോണ്ടാവാം
പതിറ്റാണ്ടാള്
ന്റെ വയറ് തീരെ പട്ട്ണിയറിയാതെ ഒറങ്ങിയത്

നബിദെന പ്രസങ്ങങ്ങളിലെ
കുട്ട്യാളെ വാക്കാള്
പണ്ട് മൊതലേ
ന്റെ മനസില് നല്ലോണം പതിഞ്ഞിണ്ട്
അയൽവാസി പട്ട്ണി കെടക്കുമ്പോ
ഓനന്യ ജാത്യായാലും
വയറ് നെറക്കര്ത്
യത്തീമിങ്ങളെ കണ്ണീര് കുടിപ്പിക്കര്ത്..

നബിന്റെ വാക്കാൾക്ക്
ആയിരാണ്ടാള് കയ്ഞ്ഞ്ട്ടും
എന്ത് തെള്ച്ചം!
നബിന്റെ വാക്കാള്
പിരിശള്ള മാപ്ലാര്ലൂടെ
ജീവിക്കാണല്ലോ തമ്പുരാനെ..

നബിദെനം പോലെ
‘നമ്മള്’ സന്തോഷിക്ക്ണൊരു
ദിനോല്ല,
അത്രയും സന്തോഷംണ്ട് ഈ ദെവസത്തിന്..”

വിക്കി വിക്കി വാക്കാള്
പെറുക്കിപ്പറഞ്ഞ്
കുഞ്ഞാടി മാനു പതിറ്റാണ്ടുകൾ പ്രായമുള്ള ഊന്നുവടി പിടിച്ച്
തോളത്തു സഞ്ചി വച്ച്
കീറിപ്പറിഞ്ഞ കുടപിടിച്ച്
നടക്കാനെറങ്ങി..

അപ്പഴാണ് പീട്യേക്കാരൻ അബോക്ക വിള്ച്ചത്
മാന്വോ.. ഈ ചായുട്ച്ചിട്ട്
പോയാ മതി,
അബോക്ക ഒരു പൊതീം നീട്ടി
നബിദെനത്തിന്റെ
മുട്ടായാളാ മാന്വോന്ന്..
ഉച്ചക്ക് മാറസ്ക്ക് വരോണ്ടിം
നേർച്ചച്ചോറ്ണ്ട്..
അത് കേട്ട്
തിണ്ടിലിരുന്ന് മാനു
ധൃതീല് ചായ മോന്തി..
മാനു വലിച്ചു കുടിച്ചതത്രയും
നബി സ്നേഹത്തിന്റെ
പാലൊഴിച്ചു
തലമുറകൾ തിളപ്പിച്ച ചായ!

 

(2023 ലെ മരുനിലാവ് അഖില കേരള കവിത അവാർഡ് നേടിയ കവിത)

മിഖ്ദാദ് മാമ്പുഴ

മിഖ്ദാദ് മാമ്പുഴ

യുവ കവി, വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×