വയറൊട്ടിയ ചിരി

പശിയടങ്ങാത്ത അടുപ്പ്
പുകഞ്ഞു പുകഞ്ഞ്
രാപ്പകലത്രയും തള്ളിനീക്കി.
മേശയിൽ വിളമ്പുന്ന മുമ്പേ
തീച്ചൂളയിൽ പിടക്കണമത്രെ!
എരിവിന്റെ ഗന്ധം
അയാളിലെരിഞ്ഞു.

മഴ വന്നാലും മഞ്ഞ് പെയ്താലും
അയാൾക്ക് കയ്പ്പാണ്.
നടക്കുന്നതത്രയും
അലസിപ്പോകും,
തെരുവിലുള്ളതെല്ലാം
നനഞ്ഞ് കുതിരും.
വിശപ്പിന്റെ കയ്പ്പുനീർ
ഗന്ധമായി പടർന്നു.

പാർക്കാനിടമില്ലാത്തവർക്ക്
തറവാടൊന്നാണ്,
നേരംപോക്കിന്
പഴമ്പാട്ടുകളും
താളത്തിനൊത്തു കിലുങ്ങുന്ന
ചില്ലറപ്പെട്ടിയും.
എന്തോ ഒരു പുളിപ്പ് അയാളിൽ
വല്ലാതെ വലിഞ്ഞു.

ഇരുള് വീണയിടങ്ങളിലെല്ലാം
നിലാവെത്തി നോക്കി.
പെറ്റ് പൂതിതീരാത്ത
അമ്മയുടെ വാട
മൈലാഞ്ചിച്ചെടികളിൽ
നിന്ന് വീശിയടിച്ചു.
ഒറ്റക്കാണെങ്കിലും,
‘ഒരുവനൂ’ട്ടിയതത്രെ!
മധുരത്തിന്റെ നറുമണം
അയാളുടെ ചിരിയിൽ
വിരിഞ്ഞു തുടങ്ങി.

മാനം കറുത്തു .
അയാൾ വീണ്ടും ചിരിച്ചു,
അമ്പിളിക്കീറ് കണക്കെ..
രുചിച്ചതെല്ലാം അതിലുണ്ട്.
ഭൂമി പരക്കെ ആ ചൂരറിഞ്ഞു.

ആലിയ സഫ്‌വാന ബാഹിറ

ആലിയ സഫ്‌വാന ബാഹിറ

യുവ എഴുത്തുകാരി, വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×