ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അരാഷ്ട്രീയതയൊരു പുതിയ ട്രെൻ്റായി പിടിമുറുക്കുന്നുണ്ട്. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തോടൊപ്പം സാമാന്തരമായി ഈ അരാഷ്ട്രീയ ചിന്താധാരക്കു ശക്തിയാർജ്ജിക്കാനാകുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഈ രണ്ടു ചിന്താധാരകളും ചെന്നെത്തുന്ന കേന്ദ്രബിന്ദു മുസ്‌ലിം വിരുദ്ധത അല്ലെങ്കിൽ അപരവിദ്വേഷമെന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ അടിസ്ഥാന തത്വത്തിലേക്കാണെന്നത് ജാഗ്രതയോടെ കാണേണ്ടതാണ്.
ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ അരാഷ്ട്രീയ മുന്നേറ്റങ്ങൾക്കു സ്വീകാര്യത ലഭിച്ചു തുടങ്ങുന്നത്, അഴിമതിയിൽ മുഖം നഷ്ടപ്പെട്ടുപോയ സമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ മേൽ മധ്യവർഗ താൽപ്പര്യങ്ങളിൽ നിന്നുണ്ടായ രാഷ്ട്രീയ ബദലായിട്ടാണ്. എന്നാൽ വളെരെ പെട്ടെന്നു തന്നെ ഈയൊരു ധാര തീവ്ര വലതുപക്ഷവത്കരണത്തിനു വിധേയമായിയെന്നത് ഈ രണ്ടു രാഷ്ട്രീയധാരകളും തമ്മിലുള്ള അകലത്തെ സൂചിപ്പിക്കുന്നു. വളെരെ പെട്ടെന്ന് ജനങ്ങളെ ആകർഷിച്ച് ഒരു അരാഷ്ട്രീയ ആൾക്കൂട്ടത്തെ നിർമിച്ചെടുക്കാമെങ്കിലും, ഇത്തരം മൂവ്മെന്റ്കൾക്ക് ഇന്ത്യയുടെ നൈതിക പ്രശ്നങ്ങളിൽ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലെന്നത് ഏറ്റവും ഒടുവിൽ വന്ന ആം ആദ്മി പാർട്ടിയും കേരളത്തിലെ ട്വന്റി ട്വന്റിയും അടിവരയിട്ടതാണ്.
രാജ്യത്ത് ജനാധിപത്യമൂല്യങ്ങൾ ധ്വംസിക്കപ്പെടുമ്പോഴെല്ലാം ഈ അരാഷ്ട്രീയ ആൾക്കൂട്ടങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പുറംചട്ടയണിയാറുണ്ട്. സമീപകാലത്തു നടന്ന സി എ എ- എൻ ആർ സി വിരുദ്ധ സമരങ്ങളിലും കർഷക പ്രക്ഷോഭങ്ങളിലും രാജ്യത്തെ കലാ-കായിക താരങ്ങളും അക്കാദമിക് ബുദ്ധിജീവികളും മുഖ്യധാര മാധ്യമപ്രവർത്തകരും സ്വീകരിച്ച സമീപനം ശ്രദ്ധേയമാണ്. രാജ്യത്തെ ഫാഷിസ്റ്റു വിരുദ്ധ പോരാട്ടങ്ങളെ രാഷ്ട്ര വിരുദ്ധ പ്രവർത്തഞങ്ങളായി പ്രതിഫലിപ്പിക്കാൻ ഈയൊരു അരാഷ്ട്രീയ കൂട്ടത്തിനു കഴിയാറുണ്ട്. അടുത്ത കാലത്തായി തുടങ്ങിയ ഗുസ്തി താരങ്ങളുടെ സമരത്തിൽ സച്ചിൻ ടെണ്ടുൽക്കറടക്കമുള്ള ‘ഇന്ത്യൻ സെലിബ്രിറ്റി‘കളുടെ പ്രതികരണങ്ങൾ ഇതിനോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്. സർക്കാർ വിരുദ്ധതയെ ദേശവിരുദ്ധതയായി വിവർത്തനം ചെയ്യുന്ന തീവ്രവലതുപക്ഷ പ്രോജക്റ്റിനെയാണ് ഇക്കൂട്ടർ പ്രതിനിധാനം ചെയ്യുന്നത്. ഇത്തരത്തിൽ, താരപരിവേഷത്തിന്റെ സംവഹന സാധ്യതകൾ അരാഷ്ട്രീയ മുന്നേറ്റത്തെ ത്വരിതഗതിയിലാക്കുന്നുവെന്നത് നിർഭാഗ്യകരമാണ്.
അരാഷ്ട്രീയത ഏറ്റവും പ്രഹരശേഷിയോടെ ഒളിച്ചുകടത്തുന്ന മറ്റൊരു വിഭാഗം കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളടങ്ങുന്ന നിഷ്പക്ഷ ബുദ്ധിജീവികൂട്ടങ്ങളാണ്. ബാബരി മസ്ജിദ് വിഷയം കേവലം മതപ്രശ്നമായി ഉയർത്തികൊണ്ടുവന്നു മതങ്ങളാണ് പ്രശ്നമെന്ന സമീകരണ സമവാക്യത്തിൽ കൊണ്ടെത്തിക്കുമ്പോൾ തങ്ങൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ പക്ഷം കൂടുതൽ പ്രകടമാക്കാൻ ഇക്കൂട്ടർക്കു കഴിയാറുണ്ട്. ഇത്തരത്തിൽ നീതിയുടെ പക്ഷം അവഗണിച്ചുകൊണ്ടു മാത്രമേ ഒരാൾക്കു നിഷ്പക്ഷമാകാൻ സാധിക്കുകയുള്ളൂ.
ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ അരാഷ്ട്രീയ പൊതുബോധം ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ള ഒന്നാണ് തൊഴിലാളി സംഘടനകളും തൊഴിലാളി സമരങ്ങളും. എന്നൊക്കെ തൊഴിലാളി അവകാശങ്ങൾക്കായി കൊടിയെടുത്തു മുദ്രാവാക്യം വിളിച്ചിട്ടുണ്ടോ, അന്നെല്ലാം അത് അനാവശ്യ സമരമായും സംരംഭകരെ നാട്ടിൽ നിന്നോടിക്കുന്ന പിന്തിരിപ്പൻ പ്രവർത്തനങ്ങളായും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതിനു വളംവച്ചു തുടങ്ങിയതിൽ വലതുപക്ഷ പൊതുബോധത്തിനും മുതലാളിത്തത്തിന്റെ സ്വാധീനങ്ങൾക്കുമൊപ്പം ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങൾക്കും വലിയൊരു പങ്കുണ്ട്. അരാഷ്ട്രീയത മാത്രം സംസാരിക്കുന്ന മാധ്യമങ്ങൾക്കു ലഭിക്കുന്ന ജനപ്രീതിയും വിപണന നേട്ടങ്ങളും ഈയൊരു സമീപനം കൊണ്ടു മാത്രമാണ്. കർഷക സമരങ്ങളും തൊഴിലാളി മുന്നേറ്റങ്ങൾക്കൊണ്ടും നിവർന്നു നിന്ന നാട്ടിൽ അവകാശങ്ങൾക്കു വേണ്ടി സമരംചെയ്യുന്ന തൊഴിലാളി പിന്തിരിപ്പൻ ‘മൂരാച്ചി’യായതും ഇത്തരം മാധ്യമങ്ങളുടെ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ കൊണ്ടു കൂടിയാണ്.
മനുഷ്യൻ തന്റെ ധാർമിക മണ്ഡലത്തിൽ നിന്നു കൊണ്ട് തന്റെ ചുറ്റുപാടിനോടു നടത്തുന്ന പ്രതികരണങ്ങളായാണ് രാഷ്ട്രീയം പൊതുവെ നിർവചിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ മനുഷ്യന് തന്റെ രാഷ്ട്രീയ സ്വത്വം മറച്ചവെക്കാനാവുമെങ്കിലും അതിൽ നിന്ന് ഒരിക്കലും ഒളിച്ചോടാനാവുകയില്ല. അരാഷ്ട്രീയതയും തീവ്രവലതുപക്ഷ ചിന്താരീതികളും ഉപരിപ്ലവമെന്നു മാത്രം അടയാളപ്പെടുത്താനാവുന്ന മൗലികാവകാശങ്ങളും അധികാരങ്ങളും ഭരണഘടനാപരമായി കെട്ടിപ്പെടുത്തിയ സാമൂഹിക വ്യവസ്ഥിതിയാണ് ഇന്നത്തെ ഇന്ത്യ. അവയെ റദ്ദ് ചെയ്യുകയെന്നത് ചരിത്രത്തെയും സ്വയം അനുഭവിക്കുന്ന അവകാശങ്ങളെയും ആനുകൂല്യങ്ങളെയുമൊക്കെ തള്ളിപ്പറയുക കൂടിയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്


