Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

ഇന്ത്യൻ ജനാധിപത്യവും ബുൾഡോസർ രാജും

ചെങ്കോൽ പ്രതിഷ്ഠിച്ച പാർലമെൻ്റുള്ള രാജ്യത്ത് ബുൾഡോസർരാജിൻ്റെ അപകടം തിരിച്ചറിയാതെ നിസ്സഹായമാകുന്ന അരാഷ്ട്രീയതയിലേക്കു വഴിമാറാൻ ആരെയും അനുവദിക്കരുത്. സ്ഥിരമായി തുടരുന്ന വാർത്തക്കു പ്രാധാന്യം നഷ്ടപ്പെടുമെന്നത് ജേർണലിസത്തിലെ ആശയമാണ്.

സിനാൻ എ.എം by സിനാൻ എ.എം
in Articles
Reading Time: 2 mins read
0
ഇന്ത്യൻ ജനാധിപത്യവും ബുൾഡോസർ രാജും

ബാഹുല്യമാണ് ഇന്ത്യയുടെ സവിശേഷത. വൈവിധ്യമാണ് അതിൻ്റെ സൗന്ദര്യം. വിവിധ മതങ്ങളും ആചാരങ്ങളും വേഷവിധാനങ്ങളുമായി നൂറ്റിനാൽപ്പത് കോടിയിൽ പരം പൗരൻമാർ രാജ്യത്തു വസിക്കുന്നു. നിരവധി മതങ്ങളെ ഉൾവഹിക്കുന്ന ഇന്ത്യൻ ബഹുസ്വരതയെ വ്യത്യസ്ത പൂക്കളുടെ വർണപ്പൊലിമയുള്ള പൂന്തോട്ടത്തോടാണ് അല്ലാമാ ഇഖ്ബാൽ ഉപമിക്കുന്നത്.’നാനാത്വത്തിൽ ഏകത്വം’ എന്നത് നമുക്ക് ആലങ്കാരിക പ്രയോഗമല്ല, ഇന്ത്യൻ മതേതരത്വത്തിന്റെ ലളിതമാർന്ന നിർവചനമാണത്.
‘എല്ലാവർക്കും തുല്യത’യെന്നത് സമത്വത്തിന്റെ സാമാന്യ നിർവചനങ്ങളിൽ പെടുന്നതാണ്. മൗലികാവകാശങ്ങളിലെ ‘സമത്വത്തിനുള്ള അവകാശം’ വിഭിന്നമാണ്. ആർട്ടിക്കിൾ പതിനാറിൽ എല്ലാവർക്കും തുല്യ അവസരങ്ങളെന്നു വ്യക്തമാക്കുന്നതിനൊപ്പം പിന്നാക്ക വിഭാഗങ്ങളെ അപവാദമായി പരിഗണിക്കുന്നുണ്ട്. ഈ വിഭാഗത്തിനു പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുമെന്നു വ്യവസ്ഥ ചെയ്യുന്നു.

ഭരണഘടനയും അതിലെ വ്യവസ്ഥകളും നീതിയുക്തമായ രാജ്യനിർമിതിക്ക് പര്യാപ്തമാണെന്നത് നിസ്തർക്കമാണ്. എന്നാൽ, സമകാല ഇന്ത്യയിൽ അംബേദ്കർ വീണ്ടും വായന അർഹിക്കുന്നു: ‘വളരെ മെച്ചപ്പെട്ട ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും ഭരിക്കാൻ ക്ഷണിക്കപ്പെടുന്ന കൂട്ടർ മോശമാണെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും’. മോദിയുടെ അധികാരാരോഹണത്തിനു ശേഷം തുല്യപരിഗണന പോലും ന്യൂനപക്ഷങ്ങൾക്കു ദിവാ സ്വപ്നമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ കടുത്ത അരക്ഷിതാവസ്ഥയെയാണ് അഭിമുഖീകരിക്കുന്നതെന്ന് 2023- ലെ അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്‌ലാം,ക്രൈസ്തവ വിശ്വാസികളും ദളിതരും കൃത്യമായ അജണ്ടക്കു കീഴിൽ ടാർഗറ്റ് ചെയ്യപ്പെട്ടു. തികച്ചും ആസൂത്രിതമായി അവരെ അരികുവത്കരണത്തിനു വിധേയമാക്കി.
ഭൂരിപക്ഷപ്രീണനത്തിലൂടെയുള്ള വോട്ടുബാങ്ക് രാഷ്ട്രീയമായിരുന്നു ഉന്നം. ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിച്ച്, പ്രബല സമുദായങ്ങളുടെ മുഖ്യധാര വിപുലീരിക്കുന്ന രാഷ്ട്രീയത്തിനു ഫലപ്രാപ്തിയുണ്ടെന്ന തിരിച്ചറിവിന്റെ വിദഗ്ധമായ പ്രയോഗം. ഗാന്ധിവധത്തിലൂടെ തുടങ്ങി, ബാബരിയിലൂടെ തുടർന്ന്, ഗുജറാത്ത് വംശഹത്യയിലൂടെ വിസ്ഫോടനാത്മകമായ വിദ്വേഷ പ്രത്യയശാസ്ത്രമായിരുന്നു മൂലധനം. വർഗീയ ആശയങ്ങളുടെ പ്രായോഗിക രൂപങ്ങൾക്കു കൃത്യമായ ഇടവേളകളിൽ ജന്മം നൽകിയതായിരുന്നു പശ്ചാത്തലം.

Democracy | Cartoonist Nituparna Rajbongshi

2019-ലെ ഭരണത്തുടർച്ച വെറുപ്പിന്റെ അധികാര രൂപത്തിനു കൂടുതൽ കരുത്തുള്ള ദണ്ഡ് നൽകി. നേരത്തെ വിജയം കണ്ട തന്ത്രങ്ങൾ മാറ്റേണ്ട ആവശ്യമില്ലെന്ന സൂചന കൂടിയായിരുന്നു മൃഗീയ ഭൂരിപക്ഷത്തിലുള്ള വിജയം. അതുപക്ഷേ, തികച്ചും സമാനമായ ആവർത്തനങ്ങളായിരുന്നില്ല. അഖ്‌ലാഖും ഹാഫിള് ജുനൈദും തബ്‌രീസ് അൻസാരിയുമൊന്നും മോദിയുടെ രണ്ടാം വരവിൽ കൊലക്കത്തിക്കിരയായില്ല.ആൾക്കൂട്ട കൊലപാതകങ്ങൾ കൊണ്ടു മാധ്യമകോളങ്ങൾ രൂഷിതമായില്ല. എന്നാൽ, ഇതിനെ ഹിംസാത്മക രാഷ്ട്രീയത്തിന്റെ മയപ്പെടുത്തലെന്നു സമാശ്വാസിക്കുന്നത് അതിരു കടന്ന നിഷ്കളങ്കതയായിരിക്കും.
ചോരയുടെ രാഷ്ട്രീയം വഴിമാറി പടരുകയാണുണ്ടായത്. ഫുട്ബോളിൽ ആദ്യപകുതിയിൽ അറ്റാക്കിങ് ഗെയിമിലൂടെ ലീഡെടുത്തു രണ്ടാം പകുതിയിൽ ഡിഫൻസിവ് ഗെയിമിലേക്കു മാറുന്നതു പോലെയുള്ളൊരു സ്ട്രാറ്റജിക്കൽ ചെയ്ഞ്ച്. കത്തികൾ വിശ്രമിക്കുമ്പോഴും കാര്യം സാധിക്കുന്ന കുബുദ്ധി. രാജ്യത്ത് ശേഷിക്കുന്ന സമാധാനകാംക്ഷികളെ, അരാജകത്വത്തിന്റെ വാളിന് ഇനിയും കോപ്പു കൂട്ടില്ലെന്നു വിശ്വസിപ്പിക്കുന്ന അതിബുദ്ധി.

ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിച്ച്, പ്രബല സമുദായങ്ങളുടെ മുഖ്യധാര വിപുലീരിക്കുന്ന രാഷ്ട്രീയത്തിനു ഫലപ്രാപ്തിയുണ്ടെന്ന തിരിച്ചറിവിന്റെ വിദഗ്ധമായ പ്രയോഗം. ഗാന്ധിവധത്തിലൂടെ തുടങ്ങി, ബാബരിയിലൂടെ തുടർന്ന്, ഗുജറാത്ത് വംശഹത്യയിലൂടെ വിസ്ഫോടനാത്മകമായ വിദ്വേഷ പ്രത്യയശാസ്ത്രമായിരുന്നു മൂലധനം.

ഇതിനെ ഉദാഹരിക്കാൻ ബുൾഡോസർ രാജിനോളം മൂർച്ചയുള്ള പൊളിറ്റിക്കൽ ടൂളില്ല. സംഘ്പരിവാറിന്റെ ഉന്മൂലന രാഷ്ട്രീയത്തിന്റെ നവീനരൂപം. നിയമത്തിന്റെ സാങ്കേതികതകളെയും ഭരണകൂട ഏജൻസികളെയും സ്വതാൽപ്പര്യാർത്ഥം ദുരുപയോഗപ്പെടുത്തുന്ന,സിംഹാസനത്തിലിരിക്കുമ്പോൾ ആയാസഹിതമായൊരു പദ്ധതി. കൂടെ നടപ്പിലാക്കുന്നത് നിയമമാണെന്ന ഒഴുക്കൻ ന്യായീകരണവും. ഒരു പ്രത്യേക വിഭാഗത്തിൻ്റെ സ്ഥാപനങ്ങൾക്കു മേൽ മാത്രം നിയമനിർവഹണം കർക്കശമാകുന്നത് ഏതു തരം നീതിയാണ്? നോട്ടീസ് നൽകൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കാതെ കിടപ്പാടങ്ങൾ പൊളിക്കുന്നത് ഏതു രീതിയിലുള്ള നിയമനിർവഹണമാണ് ? രാഷ്ട്രീയ മുതലെടുപ്പ് ആവശ്യമായ ഇടങ്ങളിലും സന്ദർഭങ്ങളിലും മാത്രം നിയമത്തിന്റെ കെട്ടു കുരുങ്ങുന്നത് എന്തുതരം മാന്ത്രികവിദ്യയാണ് ?

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയാണ് പുതിയ കേന്ദ്രം. വീടുകൾക്കും സ്ഥാപനങ്ങൾക്കും പകരം മദ്രസയാണ് ഉന്നമെന്ന പുതുമയുണ്ട്. പള്ളിയോടൊപ്പം തന്നെ വിശ്വാസികൾ പവിത്രത കൽപ്പിക്കുന്ന മദ്രസ ലക്ഷ്യമിടുന്നതോടെ, മതവികാരം ഇളക്കിവിടാമെന്ന കൃത്യമായ കണക്കുകൂട്ടൽ. സ്വാഭാവികമായും അപസ്വരങ്ങളുണ്ടായി. നിൽപ്പുറപ്പിച്ച മണ്ണ് മാന്തിയെടുക്കുമ്പോൾ ഒരു ജനത നടത്തുന്ന പ്രതികരണം മാത്രം. പക്ഷേ, അതു മതിയായിരുന്നു. ഏറ്റവും ചെറിയ വിരലനക്കം പോലും തീവ്രതയുടെ ഉയർന്ന പോയിന്റിനെ സ്പർശിക്കുന്ന ഗ്രാഫാണ് അവരുടെ പക്കലുള്ളത്. പോലീസിന് അരങ്ങിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള ലൈസൻസായിരുന്നു അത്. ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത അവസരം അവർ പരമാവധി മുതലെടുത്തു. മദ്രസയിൽ തുടങ്ങി അടുക്കളയിൽ വരെ അഴിഞ്ഞാട്ടം സാധ്യമായതോടെ ലക്ഷ്യം പൂർണം.

ഉന്മൂലനമെന്ന സ്ഥിരം തന്ത്രത്തിന്റെ തുടർച്ച. നേരത്തെ പറഞ്ഞതുപോലെ സമാനമായ ആവർത്തനമല്ല, ലക്ഷ്യം തെറ്റാതെ വഴിമാറിയൊഴുകുന്ന തന്ത്രം. ഗുജറാത്തിൽ നിന്നും ആസാമിൽ നിന്നും മധ്യപ്രദേശിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും വഴിതെറ്റാതെ ഉത്തരാഖണ്ഡിലെത്തി. ആസന്നമായ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള ആസൂത്രിതമായ വഴിവെട്ടൽ.
ചെങ്കോൽ പ്രതിഷ്ഠിച്ച പാർലമെൻ്റുള്ള രാജ്യത്ത് ബുൾഡോസർരാജിൻ്റെ അപകടം തിരിച്ചറിയാതെ നിസ്സഹായമാകുന്ന അരാഷ്ട്രീയതയിലേക്കു വഴിമാറാൻ ആരെയും അനുവദിക്കരുത്. സ്ഥിരമായി തുടരുന്ന വാർത്തക്കു പ്രാധാന്യം നഷ്ടപ്പെടുമെന്നത് ജേർണലിസത്തിലെ ആശയമാണ്. രാജ്യത്തെ വാർത്തകൾ ചെറിയ മാറ്റങ്ങളോടെ ആവർത്തിക്കുമ്പോഴും നമുക്കു മടുത്തുകൂടാ. അങ്ങനെ സംഭവിച്ചാൽ, ആ ഘട്ടത്തിലായിരിക്കും നമുക്ക് ഇന്ത്യയെ നഷ്ടപ്പെട്ടു തുടങ്ങുന്നത്.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ആൾക്കൂട്ടങ്ങൾ

Next Post

ഇബ്നു ഫിർനാസ്: ചിറകുവിരിച്ച സ്വപ്നങ്ങൾ

സിനാൻ എ.എം

സിനാൻ എ.എം

മലപ്പുറം ഗവ: കോളേജിലെ മൂന്നാം വർഷ ബി. എ മലയാളം വിദ്യാർത്ഥി

Next Post
ഇബ്നു ഫിർനാസ്: ചിറകുവിരിച്ച സ്വപ്നങ്ങൾ

ഇബ്നു ഫിർനാസ്: ചിറകുവിരിച്ച സ്വപ്നങ്ങൾ

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact