“ഓനും ഓളും ഗൾഫിലാ… രണ്ടാക്കും നല്ല ജോലി. മക്കളും അവിടെ പഠിക്കുന്നു.. എപ്പളെങ്കിലും നാട്ടില് വന്നാലായി.. കുടുംബത്തിൽ എന്തെങ്കിലുമൊരു അടിയന്തരം ഉണ്ടെങ്കിൽ തന്നെ ഓല്ക്ക് വരാൻ കൂടൂല…. ഒന്ന് വിളിച്ചു നോക്കാൻ തന്നെ നേരല്ല……”
ഗൾഫിൽ കുടുംബസമേതം കഴിയുന്ന ഉറ്റവരെക്കുറിച്ച് ഇങ്ങനെ ഒരു പരാതി പലപ്പോഴും കേട്ടിട്ടുണ്ടാവും. അവിടെ കുടുംബത്തോടൊപ്പം സുഖമായി കഴിയുമ്പോൾ നാട്ടിലെ സ്വന്തക്കാരെയൊക്കെ മറന്നു പോകുന്നുവെന്ന ധ്വനി. കണ്ണെത്താ ദൂരത്തുള്ള പ്രിയപ്പെട്ടവർ അകന്നുപോകുന്നോയെന്ന വേദന കൊണ്ടാവാം, കാണാനുള്ള മോഹം കൊണ്ടാവാം സ്നേഹക്കൂടുതൽ കൊണ്ടാവാം ഈ പരിഭവം പറച്ചിൽ.
ശരിക്കും നാട്ടിലുള്ള ഉറ്റവർ പലരും കരുതുന്നതുപോലെ അത്ര സുഖത്തിലും സന്തോഷത്തിലുമാണോ പ്രവാസലോകത്തെ, പ്രത്യേകിച്ചും ഗൾഫിലെ സാധാരണക്കാരുടെ ഫാമിലി ജീവിതം.
മുമ്പൊക്കെ വലിയ ബിസിനസുകാരും, താമസവും കുട്ടികളുടെ പഠനവും വാഹനവും അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന ഉയർന്ന ഉദ്യോഗങ്ങളിൽ ഉള്ളവരും മാത്രമായിരുന്നു കുടുംബത്തെ കൊണ്ടുവന്നു കൂടെ നിർത്തിയിരുന്നതെങ്കിൽ, ഇന്ന് ഒരുവിധം നിവൃത്തിയുള്ളവരൊക്കെ കുടുംബത്തെയും ഗൾഫിലേക്കു കൂടെ കൂട്ടുകയാണ്.
എസ് എ ജമീലിന്റെ കത്തുപാട്ടിൽ
‘അകലെയബുദാബി ഗൾഫിന്റെ നാട്ടില്
അധ്വാനിക്കും നിങ്ങൾ സൂര്യന്റെ ചോട്ടില്
അനുഭവിക്കാൻ ഞാനും കുട്ടിയുമീ വീട്ടില്
ഞാനൊന്നു ചോദിക്കുന്നു ഈ കോലത്തില്
എന്തിനു സമ്പാദിക്കുന്നു’
എന്നു പറഞ്ഞ അവസ്ഥ ആരും- പ്രത്യേകിച്ചും പുതിയ തലമുറ- ആഗ്രഹിക്കുന്നില്ല. വിവാഹം കഴിഞ്ഞും ഒന്നിച്ചു കഴിയാനാവാതെ, മക്കളുടെ വളർച്ച കാണാതെ സ്വന്തം ജീവിതവും സന്തോഷങ്ങളും ഉറ്റവർക്കായി ത്യജിച്ച പഴയ ഗൾഫുകാരന്റെ നഷ്ടജീവിതം ഇന്നത്തെ ആണും പെണ്ണും താത്പര്യപ്പെടുന്നില്ല. അതുകൊണ്ടു തന്നെ വിവാഹം കഴിഞ്ഞ ഉടനെ ഭാര്യയെ കൂടെ കൊണ്ടുപോകുന്ന, പറ്റുമെങ്കിൽ രണ്ടുപേരും അവിടെ ജോലി ചെയ്തു ജീവിക്കുന്നവരാണ് ഇന്നത്തെ ഗൾഫ് പ്രവാസികൾ ഏറെയും.
വാടക കുറഞ്ഞ ഇടുങ്ങിയ ബാച്ചിലർ മുറികളിലെ പലനില കട്ടിലുകളിലെ ഒരുപാട് പേർ ഒന്നിച്ചുള്ള ജീവിതവും. റൂമിലെ മെസ്സ് ഭക്ഷണവും കൊണ്ട് അരിഷ്ടിച്ചു ജീവിച്ച പഴയ കാലത്തെ പോലെ ചെലവ് കുറഞ്ഞതല്ല ഗൾഫിലെ ഫാമിലി ജീവിതം. കുറഞ്ഞ സൗകര്യങ്ങളുള്ള ഫ്ലാറ്റുകൾക്ക് തന്നെ നല്ല വാടകയാവും. കുട്ടികൾ കൂടി ഉണ്ടെങ്കിൽ കുറച്ചു കൂടെ സൗകര്യമുള്ള പാർപ്പിടം വേണം. മക്കളുടെ പഠനച്ചെലവ്, വാഹനം, വീട്ടുചെലവുകൾ, ആശുപത്രി.. തുടങ്ങി വേറെയും. ഇതൊക്കെ കഴിഞ്ഞു വേണം നാട്ടിൽ മാതാപിതാക്കൾക്കുള്ള ചെലവിന്റെയും മറ്റാവശ്യങ്ങൾക്കുമുള്ള പണം കണ്ടെത്താൻ.
സാധാരണക്കാരെ സംബന്ധിച്ചേടത്തോളം രണ്ടുപേരും ജോലിക്കു പോയാൽ മാത്രമേ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സാധിക്കൂ. നാട്ടിലെ കറൻസിയുടെ കണക്കിൽ ലക്ഷത്തിനടുത്തു ശമ്പളം വാങ്ങുന്നവർക്കു പോലും നീക്കിയിരിപ്പായി ഒന്നും ഉണ്ടാവില്ലെന്നു മാത്രമല്ല ക്രെഡിറ്റ് കാർഡോ തിരിമറിയോ കൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്നവരാണ് ഏറെയുമെന്നു പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടാവും.
ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ വലിയ ബാധ്യത വന്ന് നാട്ടിൽ പോലും പോവാൻ കഴിയാതെ പെട്ടു കിടക്കുന്നവർ ഗൾഫിൽ എത്രയോ ഉണ്ട്. നാട്ടിലെ ആവശ്യങ്ങൾക്കു വേണ്ടി പാസ്സ്പോർട്ട് പണയം വെച്ചു ബ്ലേഡിനു പണം വാങ്ങി പലിശക്കുമേൽ പലിശ കയറി കുടുങ്ങിപ്പോയവരും, ശമ്പളത്തിനു പുറമേ ഒരു വരുമാനമെന്ന നിലയിൽ ബിസിനസ് പ്രലോഭനങ്ങളിൽ വീണു കൈപൊള്ളിയവരും കുറവല്ല.
വർഷത്തിൽ ലീവുണ്ടെങ്കിലും ടിക്കറ്റിന്റെ പണവും നാട്ടിൽ നിൽക്കാനുള്ള ചെലവും കണക്ക് കൂട്ടുമ്പോൾ കണക്കു കൂട്ടലൊക്കെ തെറ്റിപ്പോകുന്നവരാണ് ഏറെയും. സ്‌കൂൾ അവധി കണക്കാക്കി വിമാനട്ടിക്കറ്റിന് ചാർജ് കുത്തനെ കൂടുന്ന പ്രതിഭാസം കൂടിയുള്ളതു കൊണ്ട് വർഷങ്ങളായി നാട്ടിൽ പോവാത്ത എത്രയോ കുടുംബങ്ങൾ ഗൾഫിലുണ്ട്. നാട്ടിൽ കുടുംബങ്ങളിലെ വിശേഷങ്ങൾക്കോ ആഘോഷങ്ങൾക്കോ പങ്കെടുക്കാത്തതിൽ പരിഭവിക്കുന്ന ബന്ധുക്കൾ അറിയുന്നുണ്ടാവുമോ ഈ നിസ്സഹായത.
നാട്ടിലെ പോലെ ഉറ്റവരാരും കൂടെയില്ലാതെ, ജോലിക്കു പോകുന്ന ഭർത്താവും ഭാര്യയും മക്കളും മാത്രമുള്ള പല ഫ്ലാറ്റുകളിലും പിരിമുറുക്കങ്ങളുടെ കൂടാരങ്ങൾ കൂടിയാണ്.
പുലർച്ചെ അഞ്ചരക്കു മുമ്പേ എത്തുന്ന സ്‌കൂൾ ബസ്സിന് മക്കളെ ഉണർത്തി ഒരുക്കിവിടുന്നതിന്റെ ബദ്ധപ്പാടിൽ ആരംഭിക്കുന്നു ഗൾഫിലെ ഒരു ഫാമിലിയുടെ പ്രഭാതം. നാലു മണിക്കെഴുന്നേറ്റു ഭക്ഷണം ഒരുക്കി കുട്ടികളെ ഉണർത്തി ഒരുക്കി അയക്കുമ്പോഴേക്ക്, ജോലിക്കു പോകാനുള്ള സമയമായി. ധൃതിയിൽ ഭക്ഷണമുണ്ടാക്കി കഴിച്ചുള്ള ഓട്ടം നീണ്ട ട്രാഫിക് കുരുക്കുകളിൽ കുരുങ്ങിയും ധൃതിപ്പെട്ടും..
മുലകുടി മാറാത്ത ചെറിയ കുഞ്ഞുങ്ങളെ പോലും ഡേ കെയറിൽ ഏൽപ്പിച്ചാണ് പല അമ്മമാരും ജോലിക്ക് പോകുന്നത്. ഡേ കെയർ സ്ഥാപനങ്ങളെല്ലാം ഔദ്യോഗികമല്ലെങ്കിലും സാമ്പത്തികം നോക്കി പറ്റുന്ന ഇടങ്ങളിലാക്കുകയാണ്. ഇടക്കിടെ ലീവാക്കാൻ സാധ്യതയുണ്ടെന്ന കാരണത്താൽ ചെറിയ കുട്ടികളുള്ള സ്ത്രീകൾക്ക് പലരും ജോലി കൊടുക്കാൻ മടിക്കുന്നത് കൊണ്ടു തന്നെ മക്കൾക്ക് അസുഖം വന്നാൽ പോലും കൂടെ നിൽക്കാൻ പറ്റാതെ ജോലിക്കു പോവാൻ നിർബന്ധിതരാവുന്ന എത്രയോ അമ്മമാരുണ്ട് ഗൾഫിൽ.
വൈകുന്നേരം വരെയോ രണ്ടു ഷിഫ്റ്റുകളിലോ ആയുള്ള ജോലി കഴിഞ്ഞു തളർന്നെത്തുന്നത് ഏറെക്കുറെ രാത്രിയിലാവും. അപ്പോഴേക്കും ഉച്ചക്ക് സ്‌കൂൾ വിട്ടുവന്ന മക്കൾ ഭക്ഷണം സ്വയം എടുത്തു കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിട്ടുണ്ടാകും. വീട്ടിലെ പണികൾ മക്കളെ പഠിപ്പിക്കൽ, അങ്ങനെ എല്ലാ കാര്യങ്ങളും തീർക്കുന്നത് രാത്രിയിൽ ജോലി കഴിഞ്ഞു വന്ന ശേഷമാണ്. എല്ലാം കഴിഞ്ഞു മൂന്നോ നാലോ മണിക്കൂറുള്ള ഉറക്കം.
പരസ്പരം ശ്രദ്ധിക്കാനോ സ്നേഹിക്കാനോ മക്കളെ ഒന്ന് കൊഞ്ചിക്കാനോ പോലും സാവകാശമില്ലാത്ത തിരക്കുപിടിച്ച ജീവിതത്തിന് ഒരു അയവ് കിട്ടുന്നത് വെള്ളിയാഴ്ചകളിലെ അവധിക്കു മാത്രമാണ്. അന്നൊരു ദിവസം സ്വസ്ഥമായി കുറേനേരം ഉറങ്ങിയും, അലക്കലും വൃത്തിയാക്കലും മറ്റും തീർത്തും വൈകുന്നേരങ്ങളിൽ മാളുകളിലേക്കോ പാർക്കുകളിലേക്കോ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ താമസസ്ഥലത്തോ പോകുമ്പോഴാണ് ശരിക്കും കുറഞ്ഞ നേരമെങ്കിലും കുടുംബമായി ഒന്നിച്ചു ജീവിക്കുന്നതെന്നു പറഞ്ഞാൽ അതിശയോക്തിയായി തോന്നുമെങ്കിലും ഗൾഫിൽ ഫാമിലിയായി കഴിയുന്ന ഏറെക്കുറെ സാധാരണക്കാരുടെയും അവസ്ഥ ഇതാണ്. കുടുംബസമേതം ഹൈപ്പർ മാർക്കറ്റിലെ ഷോപ്പിംഗ് ആഹ്ലാദമുള്ള അനുഭവമാണെങ്കിലും മക്കളുടെ കൈ എങ്ങോട്ട് നീങ്ങുമെന്ന ആശങ്കയിൽ നെഞ്ചിടിക്കുന്നവരാണ് ഏറെയും. മക്കളുടെ ഇഷ്ടങ്ങളൊക്കെ സാധിപ്പിച്ചു കൊടുത്താൽ താളംതെറ്റുന്ന ബജറ്റ് തന്നെ കാരണം.
ബന്ധുക്കളോ സ്വന്തക്കാരോ കല്യാണമോ ഗൃഹപ്രവേശമോ ഉത്സവമോ ഇല്ലാത്ത, തിരുവാതിരയും ചിങ്ങവുമറിയാത്ത മരുഭൂമിയിലെ അടഞ്ഞ ഫ്ലാറ്റിനും തിരക്കുപിടിച്ച നിരത്തിനും ജോലിസ്ഥലത്തിനും ഇടയിൽ യാന്ത്രികമായി ജീവിക്കുന്നവരാണ് ഏറെയും. നാട്ടിലേക്കൊന്നു വിളിക്കാൻ പോലും നേരമില്ലെന്നു പറയുന്നത് സ്വസ്ഥമായി സമയം കിട്ടാത്തതു കൊണ്ട് തന്നെയാണ്. ആഗ്രഹമുണ്ടെങ്കിലും ചിലരെങ്കിലും കുടുംബത്തെ നാട്ടിൽ നിർത്താത്തത് മറ്റുള്ളവർക്കു ഭാരമോ ബുദ്ധിമുട്ടോ ആവുമെന്ന അനുഭവങ്ങൾ കൊണ്ടാണ്.
കുട്ടികൾ പോലും വിഷമങ്ങളും കഷ്ടപ്പാടുകളും കണ്ടറിഞ്ഞും മനസ്സിലാക്കിയും, സഹകരിച്ചും അഡ്ജസ്റ്റ് ചെയ്തും ജീവിക്കുകയാണ്. ഒന്നിച്ചു കഴിയുന്നതിന്റെ സന്തോഷവും സ്നേഹവുമാണ് എല്ലാ പ്രയാസങ്ങളെയും അതിജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
എന്നാൽ, ഇങ്ങനെ സ്നേഹവും സഹകരണവും ഇല്ലാതെ ആരെയോ ബോധ്യപ്പെടുത്താൻ എന്നപോലെ ഗൾഫിൽ കഴിയുന്ന കുടുംബങ്ങളും ധാരാളം. വലിയ വരുമാനക്കാർ അനുഭവിക്കുന്ന സൗകര്യങ്ങൾ ഇല്ലാത്തതിനു ഭർത്താവിനെ പുച്ഛിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഭാര്യമാരും, വീട്ടുജോലികളും മക്കളുടെ ഉത്തരവാദിത്വങ്ങളും ഒന്നും തന്നെ തന്റെ കടമയല്ലെന്ന മട്ടിൽ വീട്ടിൽ പോലും ഒരു സഹായവും ചെയ്യാതെ കഴിയുന്ന ഭർത്താക്കന്മാരും ധാരാളം. നാട്ടിലെ പോലെ ഇടപെടാനോ പറഞ്ഞു മനസ്സിലാക്കാനോ രമ്യതയിൽ എത്തിക്കാനോ ഉറ്റവർ അടുത്തില്ലാത്തതു കൊണ്ടു തന്നെ, നീണ്ടുപോകുന്ന പിണക്കങ്ങളും അസ്വാസ്ഥ്യങ്ങളും വാശിയും വഴക്കും നിറഞ്ഞ നരക ദാമ്പത്യങ്ങൾക്കും ഗൾഫ് മരുഭൂമിയിൽ പഞ്ഞമില്ല. പരസ്പരം മനസ്സിലാക്കാതെ തിരിച്ചറിയാതെ ഒറ്റത്തുരുത്തുകളായി ഒരു വീട്ടിൽ കഴിയുന്ന ദമ്പതികളേക്കാൾ ബന്ധുക്കളാരും കൂടെയില്ലാതെ മാതാപിതാക്കൾ മാത്രമുള്ള ലോകത്തു വളരുന്ന മക്കളാണ് ഇതിന്റെ അസ്വസ്ഥത ഏറെ അനുഭവിക്കേണ്ടി വരുന്നത്.
മാതാപിതാക്കളെ കുറഞ്ഞ ദിവസത്തെ വിസിറ്റിനെങ്കിലും ഗൾഫിൽ കൊണ്ടുവരണം എന്നാഗ്രഹമുണ്ടെങ്കിലും, പല മക്കൾക്കും കഴിയാതെ പോവുന്നത് സൗകര്യമുള്ള താമസവും മറ്റും ഒരുക്കാനുള്ള ഭീമമായ ചെലവോർത്താണ്.
ഇങ്ങനെ എല്ലാ ഞെരുക്കങ്ങൾക്കിടയിലും നാട്ടിൽ കുടുംബത്തിന്റെ കാര്യങ്ങൾക്കു കുറവൊന്നും വരാതെ നോക്കുന്നവരാണ് ഈ പ്രവാസികൾ ഏറെയും. ഉറ്റവരുടെ വിവാഹം, ഗൃഹപ്രവേശം, ആശുപത്രിവാസം..
കടം വാങ്ങിയെങ്കിലും ഇതൊക്കെ നല്ലരീതിയിൽ നിവർത്തിക്കുന്നവർ. ഇതിനും പുറമെ നാട്ടിന്റെ ഏതാവശ്യങ്ങൾക്കു മുന്നിലും ഉദാരരാവുന്നവർ.
അല്ലെങ്കിലും ഗൾഫ് പ്രവാസിക്ക് എന്നും സമ്പന്നന്റെ ചിത്രമാണല്ലോ എല്ലാവരുടെയും മനസ്സിൽ. ഗൾഫിൽ ഇത്രയും കാലമായിട്ടും സ്ഥലം വാങ്ങാത്തതിനും വീടുണ്ടാക്കാത്തതിനും വീട്ടുകാർ പഴിച്ചാലും, കടം ചോദിച്ച പണം കൊടുക്കാത്തതിനു കൂടെ പഠിച്ചവൻ പിണങ്ങിപ്പോയാലും പരിഭവമില്ലാതെ അവനൊരു ചിരി ചിരിക്കും. നിസ്സഹായന്റെ ചിരിയാണതെന്ന് ആരാണ് മനസ്സിലാക്കുന്നത്.
പുറമേ കാണുന്ന മനോഹാരിതയില്ലാത്ത, എഴുതിയാൽ തീരാത്ത വലിയ നോവുകളുടെ ലോകമാണ് ഗൾഫ് മരുഭൂമി. ക്രീമിലെയറായ കുറച്ചുപേരുടെ ആർഭാടവും ആഘോഷവും നിറഞ്ഞ ജീവിതം കണ്ടാണ് നാമെപ്പോഴും ഗൾഫുകാരെ വിലയിരുത്തുന്നത്. അവിടെ പുറംലോകത്തിനറിയാത്ത ഇങ്ങനെ കുറെ മനുഷ്യരുമുണ്ട്.
ഗൾഫ് പ്രവാസ ലോകത്തെ തൊഴിലാളി ജീവിതാനുഭവങ്ങൾ, പുറത്തുനിന്നു കാണുന്നതു പോലെ ഒട്ടും ആർഭാഢപൂർവമല്ല.
ഞെരുക്കങ്ങളും പ്രയാസങ്ങളും തിരക്കുകളും ജോലിഭാരവും ആരോടും പങ്കുവെക്കാനാവാത്ത സങ്കടങ്ങളായി തളർത്തുമ്പോഴും ഹൃദയത്തിന്റെ മിടിപ്പറിഞ്ഞ് ഇണ കൂട്ടിനുണ്ടെന്ന്.. കൈച്ചുറ്റിൽ കുടുംബമുണ്ടെന്ന്..
ആ സന്തോഷമാണ് മടുപ്പുകളില്ലാതെ മരുഭൂമിയിൽ അവരെ ജീവിപ്പിക്കുന്നത്


