മെയ് ഒന്ന് ലോക തൊഴിലാളി ദിനമാണ്. 1886ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന തൊഴിലാളി പ്രതിഷേധത്തിൽ പോലിസ് തൊഴിലാളികെൾക്കെതിരെ നടത്തിയ വെടിവെപ്പിന്റെ ബാക്കിപത്രമെന്നോണം രൂപപെട്ടു വന്നതാണ് ഈ ദിനം. 1889 ൽ മെയ് 1 തൊഴിലാളിദിനമായി ആചരിച്ചു തുടങ്ങിയെങ്കിലും ഇന്ത്യയിൽ 1923 ലാണ് ആദ്യമായി മെയ്ദിനം ആചരിക്കുന്നത്. മദ്രാസിലായിരുന്നു അതിനാരംഭം കുറിച്ചത്.
സാമൂഹികമായും മതപരമായും വലിയ പ്രാധാന്യമുള്ള വിഭാഗമാണ് തൊഴിലാളികൾ. ഇസ്‌ലാം വലിയ പ്രാധാന്യവും പ്രോത്സാഹനവും നൽകിയവരാണ് തൊഴിലാളി വിഭാഗം. തൊഴിൽ ചെയ്‌തു ജീവിക്കുന്നവർക്ക് പരലോക പ്രതിഫലവും ഇസ്‌ലാം വാഗ്ദാനം നൽകുന്നുണ്ട്.
ഒരിക്കൽ അനുചരന്മാർ വന്നു തിരുനബിയെ അഭിവാദ്യം ചെയ്തു അവിടുത്തെ കരം പുണർന്നു, കൂട്ടത്തിലൊരാൾ മാത്രം മാറിനിൽക്കുന്നതു കണ്ട തിരുനബി കാര്യമന്യേഷിച്ചപ്പോൾ “അധ്വാനിത്തിന്റെ തീക്ഷണത മൂലം തഴമ്പിച്ച കൈ തട്ടിയാൽ അവിടുത്തേക്ക് ബുദ്ധിമുട്ടാകുമോ എന്ന് കരുതിയാണ് ഞാൻ മാറി നിൽക്കുന്നത്” എന്നാണു മറുപടി ലഭിച്ചത്. തിരുനബി അദ്ദേഹത്തെ ചേർത്തുപിടിച്ചു കൊണ്ട് അനുചരോടു പറഞ്ഞു “സ്വർഗത്തിലേക്കുള്ള കൈകൾ കാണണമെങ്കിൽ ഇദ്ദേഹത്തിന്റെ കൈകളിലേക്ക് നോക്കൂ…”
വലിയ പ്രോത്സാഹനങ്ങൾ പ്രവാചകർ അധ്വാനിക്കുന്നവർക്ക് നൽകിയിരുന്നു. തിരുനബിയും അനുചരന്മാരും ഒരിക്കൽ നടന്നു പോകുമ്പോൾ ഒരു ബാലനെ കണ്ടു. കൈകൾ പരിശോധിച്ചപ്പോൾ തൊഴിലിന്റെ അടയാളങ്ങൾ കണ്ട തിരുനബി കൂടെയുള്ളവരോട് പറഞ്ഞു “ഈ കുട്ടിയെ അല്ലാഹുവും അവന്റെ റസൂലും ഇഷ്ടപ്പെടുന്നു ”
തൊഴിലാളികളെ സമൂഹത്തിൻ്റെ താഴേകിടയിലേക്ക് തള്ളാനല്ല, അവരെ ചേർത്ത് നിർത്താനാണ് ഇതിലൂടെ ഇസ്‌ലാമിൻ്റെ അധ്യാപനം.
ഏത് കർമ്മമാണ് അത്യുൽകൃഷ്ടവും അത്യുദാത്തവുമെന്ന് തിരുനബിയോട് ചോദിക്കപ്പെട്ടപ്പോൾ ‘കൈ കൊണ്ട് അധ്വാനിച്ച് ജീവിക്കുന്നതിനേക്കാൾ നല്ല തൊഴിൽ വേറെയില്ല’ എന്നാണ് അവിടുന്ന് മറുപടി പറഞ്ഞത്.
അധ്വാനിച്ചു ജീവിക്കാനാണ് മതം പഠിപ്പിക്കുന്നത്. അധ്വാനിക്കാതെ അന്യായമായും യാചിച്ചുകൊണ്ടും സമ്പാദിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട് ഇസ്‌ലാം. തൻ്റെ മുന്നിൽ യാചിച്ചു വന്ന മനുഷ്യനോട് തന്റെ വീട്ടിലെ പാത്രങ്ങൾ കൊണ്ടുവരാൻ പറയുകയും, അതു വിറ്റ് ഒരു മരത്തടി വാങ്ങി മഴു ഉണ്ടാക്കി നൽകിയ ചരിത്രവും പ്രവാചക ജീവിതത്തിൽ നമുക്കു കാണാനാകും.
മുൻകാലത്ത് ജീവിച്ച പ്രവാചകന്മാരും ഇസ്‌ലാമിക ഭരണാധികാരികളും അധ്വാനിച്ചു തൊഴിലെടുത്ത് ജീവിക്കുന്നവരായിരുന്നു. ഭരണാധികാരി ആയിരുന്നിട്ടും സ്വന്തം കുടുംബത്തിന്റെയും വീട്ടുകാരുടെയും ചിലവിന് സ്വന്തമായി അധ്വാനിച്ച് ആഹാരമാർഗ്ഗം കണ്ടെത്തിയിരുന്ന മഹത്തുക്കളുടെ സംഭവങ്ങൾ ഇസ്‌ലാമിക ചരിത്രത്തിൽ ധാരാളമുണ്ട്. രാജാവായിരിക്കെയും ദാവൂദ് നബി സ്വന്തമായി കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് മാത്രമായിരുന്നു ഭക്ഷണം കണ്ടെത്തിയിരുന്നത്.
സക്കരിയ നബി ആശാരിയായിരുന്നു. കൊട്ടാരജീവിതം ഉപേക്ഷിക്കുകയും യാചനയെവെറുക്കുകയും ചെയ്ത ശേഷം സ്വയം അധ്വാനിച്ചായിരുന്നു ഇബ്രാഹിമു ബിനു അദ്ഹം (റ )വെന്ന ആദ്യാത്മിക സൂഫി രാജാവ് ജീവിച്ചിരുന്നത്.
ഇങ്ങനെ തുടങ്ങി ഇസ്‌ലാമിക ലോകത്തെ കുലപതികൾ മുഴുവൻ തൊഴിലാളികളിൽ പെട്ടവരായിരുന്നു.
പുതിയ ലോകത്ത് തൊഴിലാളികളെ പലരീതിയിൽ ചൂഷണം ചെയ്യുന്നുണ്ട്. കഠിനമായി പണിയെടുപ്പിക്കുകയും ആവശ്യത്തിന് ശമ്പളം നൽകാതിരിക്കുകയും ചെയ്യുന്നതിലൂടെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തൊഴിലാളി വിഭാഗം പീഡിപ്പിക്കപ്പെടുന്നു. അങ്ങനെയാണ് ലോകത്തിൻ്റെ വിവിധ കോണുകളിൽ തൊളിലാളികൾ സംഘടിക്കുകയും പ്രൊട്ടസ്റ്റ്കൾ രൂപപ്പെടുകയും ചെയ്യുന്നത്. ഇവിടെയാണ് ‘ തൊഴിലാളിക്കു വരമ്പത്തു വെച്ചു തന്നെ കൂലി നൽകണമെന്ന ‘ തിരു നബിയുടെ, ഇസ്‌ലാമിൻ്റെ അധ്യാപനത്തിനു മൂല്യമേറുന്നത്.


