Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

ജനാധിപത്യ ഇന്ത്യയിലെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തനവും

2013 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ബിബിസി എന്ന മാധ്യമം ദൂരദര്‍ശനേക്കാള്‍ വിശ്വാസ്യത ഉള്ള സ്ഥാപനമാണ് എന്നൊരു പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. അതേ ബിബിസിയെ ആണ് മോദി പിന്നീട് ഗുജറാത്ത് ഡോക്യുമെന്ററിയുടെ പേരില്‍ വേട്ടയാടിയത്.

റിൻഷാദ് കിളിയാമണ്ണിൽ by റിൻഷാദ് കിളിയാമണ്ണിൽ
in Articles, Politics
Reading Time: 4 mins read
0
ജനാധിപത്യ ഇന്ത്യയിലെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തനവും

കുറച്ച് കാലങ്ങളായി ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനം മുള്ളിന്‍ വേലിയിലൂടെ നടക്കുന്നതിന് സമാനമാണ്. ഇന്ത്യയിലെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും എപ്പോഴും ഭരണകൂട വേട്ടയാടലുകള്‍ക്ക് വിധേയരാകുന്ന അവസ്ഥയാണ്. ഭരണകൂടങ്ങള്‍ക്കും അവരുടെ അനുയായികള്‍ക്കും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ല. അതിനപ്പുറത്തേക്ക് മാധ്യമങ്ങളുടെ മേലിലുള്ള ഈ വേട്ടയാടലുകളിലൂടെ അവര്‍ ലക്ഷ്യം വെക്കുന്നത് ഇന്ത്യയിലെ അധികാര തുടര്‍ച്ചയാണ്. മാധ്യമങ്ങളെ ഭരണകൂടത്തിന്റെ വരുതിയിലാക്കി, അവര്‍ക്ക് ആവശ്യമുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച് അവര്‍ക്ക് വേണ്ടി അനുകൂല രാഷ്ട്രീയ കാലാവസ്ഥയുണ്ടാക്കുക. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും വിലകുറഞ്ഞ ചരക്ക് മാത്രമാണ് വാര്‍ത്ത. വാര്‍ത്തകളെ നമ്മള്‍ ബഹുമാനിച്ചില്ലെങ്കില്‍ അതിന്റെ മൂല്യം നഷ്ടപ്പെടും. ഈ മൂല്യ ശോഷണത്തിലൂടെ നഷ്ടപ്പെടാന്‍ പോവുന്നത് രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവുമാണ്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മള്‍ കാണുന്നത് സര്‍ക്കാര്‍ ചിലവില്‍ സംഘപരിവാർ ആശയങ്ങളും വാര്‍ത്തകളും സംപ്രേക്ഷണം ചെയ്യുന്നതാണ്. ഇന്ത്യയിലെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതിക്ക് ഇനി വാര്‍ത്ത നല്‍കുന്നത് ആര്‍എസ്എസ് പിന്തുണയുളള വാര്‍ത്താ ഏജന്‍സി ഹിന്ദുസ്ഥാന്‍ സമാചാറാണ്. ഇതോടെ ഇനി പ്രസാര്‍ഭാരതിക്ക് കീഴിലുളള ദൂരദര്‍ശനും ആകാശവാണിയും നല്‍കുന്ന വാര്‍ത്തകളുടെ ഉറവിടം ഹിന്ദുസ്ഥാന്‍ സമാചാറാകും.

1948 ല്‍ ആണ് ബഹുഭാഷ വാര്‍ത്ത ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാര്‍ സ്ഥാപിച്ചത്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സഹസ്ഥാപകനുമായ ശിവറാം ശങ്കര്‍ ആപ്‌തേയും ആര്‍എസ്എസ് നേതാവ് എം എസ് ഗോള്‍വാള്‍ക്കറുമാണ് ഹിന്ദുസ്ഥാന്‍ സമാചാറിന്റെ സ്ഥാപകര്‍. ഇതിന് മുമ്പ് പ്രസാര്‍ഭാരതിക്ക് വാര്‍ത്ത നല്‍കിയിരുന്നത് പിടിഐ ആയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറുമായി പിടിഐ കുറച്ച് കാലമായി അത്ര നല്ല ബന്ധത്തിലല്ല. പിടിഐയുടെ എഡിറ്റര്‍-ഇന്‍-ചീഫായിരുന്ന എം കെ റസ്ദാന്‍ പടിയിറങ്ങിയ ശേഷം തങ്ങളുടെ നോമിനിയെ തിരഞ്ഞെടുക്കാന്‍ മോദി സര്‍ക്കാര്‍ പിടിഐ ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ അവഗണിച്ച് പിടിഐ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിജയ് ജോഷിയെ പിടിഐയുടെ എഡിറ്റോറിയല്‍ തലവനായി നിയമിച്ചു. ഇതായിരുന്നു പിടിഐ യുമായുള്ള കരാര്‍ റദ്ദാക്കാനുള്ള കാരണം. മുന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററും കോണ്‍ഗ്രസ് വക്താവുമായ മനീഷ് തിവാരി, പ്രസാര്‍ ഭാരതിയിലെ നയപരമായ മാറ്റങ്ങളെ കുറിച്ചും ഹിന്ദുസ്ഥാന്‍ സമാചാറിന് കരാര്‍ നല്‍കുന്നതിനെ കുറിച്ചും 2017ല്‍ ട്വീറ്റ് ചെയ്തിരുന്നു. അതേ സമയം, 2017ല്‍ പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല എന്നും ട്വീറ്റ് ചെയ്തു. പ്രസാര്‍ ഭാരതി പി.ടി.ഐയെ ഒഴിവാക്കുമ്പോള്‍ ഉയരുന്നത് ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നീ സര്‍ക്കാര്‍ മാധ്യമസംവിധാനങ്ങള്‍ ഭരണ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിലേക്ക് പൂര്‍ണമായും കൈമാറ്റം ചെയ്യപ്പെടുകയാണോ എന്ന ചോദ്യമാണ്.
ഇന്ത്യയിലെ പ്രമുഖ മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ RSS ന് വേണ്ടി കുഴലൂത്ത് നടത്തുകയും RSS ന് വേണ്ടി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ മാധ്യമങ്ങളെല്ലാം സംഘ്പരിവാറിന്റെയും അവരുടെ നേതാക്കളുടെയും ആശീര്‍വാദത്താല്‍ തഴച്ചു വളരുന്നവയാണ്. ഈ മാധ്യമങ്ങളുടെ താല്‍പര്യത്തെ എന്ത് വിലകൊടുത്തും സംഘ്പരിവാര്‍ സംരക്ഷിക്കും. കാരണം ഈ മാധ്യമങ്ങളുടെ താല്‍പര്യങ്ങള്‍ സംഘ്പരിവാറിന്റെ താല്‍പര്യങ്ങള്‍ കൂടിയാണ്. ഈ മാധ്യമങ്ങള്‍ തന്നെയാണ് കനത്ത വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് രാജ്യത്ത് നേതൃത്വം നല്‍കുന്നതും അതിന് പിന്തുണ നല്‍കി അതിനെ രാജ്യവ്യാപകം വ്യാപിപ്പിക്കുന്നതും.

ബിബിസി അന്വേഷണാത്മകമായി ഗുജറാത്ത് കലാപത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററി ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് ബാന്‍ ചെയ്യുകയും. ബിബിസിക്കെതിരെ പ്രതികാര നടപടിയെന്നോളം ഗവണ്‍മെന്റ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടപ്പെടുകയും ചെയ്തു. 2013 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ബിബിസി എന്ന മാധ്യമം ദൂരദര്‍ശനേക്കാള്‍ വിശ്വാസ്യത ഉള്ള സ്ഥാപനമാണ് എന്നൊരു പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. അതേ ബിബിസിയെ ആണ് മോദി പിന്നീട് ഗുജറാത്ത് ഡോക്യുമെന്ററിയുടെ പേരില്‍ വേട്ടയാടിയത്. ഇവിടെയെല്ലാം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മോദിയാണ്.
അതുകൊണ്ട്, തന്റെ ഇംഗിതത്തിന് വഴങ്ങാത്തവരെയെല്ലാവരെയും മോദി തന്റെ അധികാരമുപയോഗിച്ച് കൊണ്ട് നിഷ്‌ക്രൂരം വേട്ടയാടുകയും നശിപ്പിച്ച് കളയുകയുമാണ്. രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളോട് മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടച്ചു. അത് കേവലം ഭീരുത്വം കൊണ്ട് മാത്രമായിരുന്നില്ല. സ്വാധീനങ്ങളിലൂടെയും നിര്‍ബന്ധത്തിലൂടെയും മാധ്യമ സ്ഥാപനങ്ങളെ തങ്ങളുടെ ‘സഹകരണ സംഘങ്ങളായി’ സര്‍ക്കാര്‍ മാറ്റിയതുകൊണ്ടാണ്. തീര്‍ച്ചയായും, ഇങ്ങനെ അല്ലാത്ത ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പ് പോലെയുള്ളവര്‍ ഇന്‍കം ടാക്സ് റെയ്ഡ് അടക്കം ഉണ്ടായിട്ടും ധൈര്യത്തോടെ തന്നെ നിലനിന്നു. പ്രധാനമായും ചെറിയ സ്ഥാപനങ്ങളും കോര്‍പ്പറേറ്റ് സ്വഭാവം ഇല്ലാത്തവരുമാണ് പ്രതിരോധ നിരയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, അവര്‍ റെയ്ഡിലൂടെയും അറസ്റ്റിലൂടെയും ഒക്കെ ഒരുപാട് കഷ്ടത അനുഭവിക്കുകയും ചെയ്തു. പലരുടെയും ഫണ്ടിങ്ങുകള്‍ നിന്നുപോയി. തങ്ങളുടെ സ്റ്റാഫുകള്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ പോലും ഇത് പ്രതിസന്ധി ഉണ്ടാക്കി. മാധ്യമ പ്രവര്‍ത്തകരെ സാമ്പത്തിക ക്രമകേടുകള്‍ക്കും മറ്റും അറസ്റ്റ് ചെയ്യുന്നത് സര്‍ക്കാരിന്റെ ഇഷ്ട വിനോദമായി മാറി. ഈ വിനോദം ഒരുതരം പക പോക്കലായിരുന്നു.തങ്ങളെ വിമര്‍ശിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന പകപോക്കല്‍.

കേരളത്തില്‍ നിന്നുള്ള വാര്‍ത്താ ചാനലായ മീഡിയവണ്ണിനെയും അവര്‍ സംപ്രേഷണം വിലക്കിയിരുന്നു.അതിനുള്ള കാരണം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു എന്ന പേരിലാണ്.ഈ വിമര്‍ശനത്തെ അവര്‍ രാജ്യദ്രോഹ കുറ്റമായി കണക്കാക്കുകയും അവരെ വിലക്കുകയും ചെയ്തു.മീഡിയവണ്‍ തങ്ങളുടെ നിലപാട് അടിയറവ് വെക്കാതെ രാജ്യത്തെ നീതിപീഠത്തില്‍ അഭയം തേടുകയും നീതിപീഠത്തില്‍ നിന്ന് നീതി നേടിയെടുക്കുകയും ചെയ്തു. അതേസമയം ഉന്നത മാധ്യമ സ്ഥാപന ഉടമകള്‍ കൂടുതല്‍ സമ്പന്നരായി മാറിക്കൊണ്ടിരുന്നു. ശതകോടിശ്വരന്മാരുടെ കണക്കില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ഹ്യൂമന്‍ ഡെവലപ്മെന്റില്‍ 131ആം സ്ഥാനത്താണ്. കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ഇവര്‍ക്കായി നല്‍കുമ്പോള്‍, തിരിച്ച് ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു.അതിന് വേണ്ടി അദാനിയും അംബാനിയും അവര്‍ക്ക് ആവശ്യമുള്ള മാധ്യമങ്ങളെ വിലക്ക് വാങ്ങുന്നു.അദാനി തനിക്കും താന്‍ സ്തുതി പാടുന്ന പാര്‍ട്ടിക്കും സര്‍ക്കാറിനും വേണ്ടി കോടിക്കണക്കിനു രൂപയാണ് മാധ്യമ മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. രാധിക റോയിയുടെയും പ്രണോയ് റോയിയുടെയും ഉടമസ്ഥതയില്‍ ഉള്ള NDTV, രാഘവ് ബെഹലിന്റെ ഉടമസ്ഥതയിലുള്ള ‘ദ ക്വിന്റ്’ എന്ന വാര്‍ത്താ വെബ്സൈറ്റ് നടത്തുന്ന ക്വിന്റിലിയോണ്‍ മീഡിയ ലിമിറ്റഡിന്റെ ഉടമസ്ഥത. തുടങ്ങിയവ അദാനി നടത്തിയ മാധ്യമ മേഖലയിലെ പ്രധാന നിക്ഷേപങ്ങള്‍ ആണ്.അതില്‍ ഇന്ത്യയിലെ പൊതു സമൂഹത്തെ ഞെട്ടിപ്പിച്ചിട്ടുള്ള മാധ്യമ ഏറ്റെടുക്കല്‍ NDTV യുടെത് ആണ്.അദാനിയുടെ ഈ പ്രവൃത്തിയെ ചതിയായി വിശേഷിപ്പിക്കാം.

ദേശീയ മാധ്യമങ്ങളില്‍ നിക്ഷ്പക്ഷവും സത്യസന്ധവുമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമമായിരുന്നു NDTV.അദാനിയുടെ ഏറ്റെടുക്കലോട് കൂടി ആ നിക്ഷ്പക്ഷത ചോദ്യം ചെയ്യപ്പെടുകയാണ്.പത്ര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പട്ടികകളില്‍ തങ്ങളുടെ രാജ്യത്തുള്ള മാധ്യമങ്ങളുടെ സ്ഥാനം മോശമായത് ഭരണകൂടത്തിന് പ്രശ്‌നമേ ആകുന്നില്ല. വാര്‍ത്തകള്‍ പിന്‍വലിപ്പിക്കാന്‍ നിരന്തരമായി ഇടപെടുന്നതും, കശ്മീരിലെ പോലെ ഇടക്കിടെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാതാക്കലും സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുന്നു.റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് 2022-ലെ വാര്‍ഷിക വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് പുറത്തിറക്കി.180 രാജ്യങ്ങള്‍ക്കിടയില്‍ 2021 ലെ 142-ല്‍ നിന്ന് എട്ട് സ്ഥാനങ്ങള്‍ താഴേക്ക് പോയി ഇന്ത്യ 150- ലേക്ക് വീണു. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ”പ്രതിസന്ധിയിലാണ്” എന്നും ”മാധ്യമങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ” എന്നും റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് മുന്നറിയിപ്പും നല്‍കി. ഇത്രയേറെ ഗുരുതരമായ മുന്നറിയിപ്പ് ഉണ്ടായിട്ട് പോലും ഇന്ത്യയിലെ ചില പ്രമുഖ മുഖ്യധാര മാധ്യമങ്ങള്‍ ഒഴികെ മറ്റുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തില്ല.ഇതിലൂടെ തന്നെ ഗവണ്‍മെന്റും മാധ്യമങ്ങളും തമ്മിലുള്ള ‘സഹകരണ’ മനോഭാവത്തെ മനസ്സിലാക്കാം.

”ദി ഇന്ത്യന്‍ എക്സ്പ്രസ്” കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഏറ്റവും ശക്തരായ100 ഇന്ത്യക്കാരുടെ പട്ടിക വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നോ എന്നറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തയ്യാറാക്കി എന്ന് പറയപ്പെടുന്ന രാജ്യത്തെ ഏറ്റവും ശക്തരായ 100 പേരുടെ ആ പട്ടിക ഇപ്രകാരമായിരുന്നു. രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ തലവന്മാര്‍ തുടങ്ങി, സാമ്പത്തികമായും ആള്‍ബലം കൊണ്ടും ശക്തരായ 100 പേരായിരുന്നു അതില്‍ ഉണ്ടായിരുന്നത്.ശക്തരായ ഇന്ത്യക്കാരുടെ പട്ടികയില്‍ എന്തുകൊണ്ടാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ പോലും ഇല്ലാതെ പോയത്. ശക്തരായ മാധ്യമപ്രവര്‍ത്തകര്‍ ഇല്ലാഞ്ഞിട്ടാണോ? അതും വിവര സാങ്കേതിക വിദ്യയുടെയും സോഷ്യല്‍ മീഡിയയുടെയും ഈ യുഗത്തില്‍! പ്രത്യേകിച്ച് നിലവിലുള്ള ഭരണകൂട ശക്തികള്‍ക്ക് മുന്നില്‍ അറിഞ്ഞു കൊണ്ട് കണ്ണടയ്ക്കുന്ന, മോദി വിപ്ലവം എന്ന് വിളിക്കപ്പെടുന്നതിന്റെ ആഴം ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലും, മോദി മീഡിയയുടെ ഗോഡ്ഫാദര്‍ എന്ന് വിളിക്കപ്പെടുന്നതിലൊന്നും വിരോധമില്ലാത്ത, മോദി കോട്ടയെ പ്രതിരോധിക്കാന്‍ രാപ്പകല്‍ പാടുപെടുന്ന മാധ്യമ മുതലാളിമാര്‍ പോലും ഈ പട്ടികയില്‍ യോഗ്യരായില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്.!

എന്‍. റാം, അരുണ്‍ പുരി, എം.ജെ. അക്ബര്‍, ശോഭന ഭാരതീയ, എന്നിവരുടൊയൊക്കെ സ്വാധീനമുള്ള പട്ടിക ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു.അന്നാണെങ്കില്‍ ഭാഷാ പത്രങ്ങള്‍ പോലും കനത്ത പഞ്ച് പാക്ക് ചെയ്തിരുന്നു. ഇന്ന് അത്തരം പത്രങ്ങള്‍ വെറും പൂജ്യമാണ്.മോദി ഭരണത്തെയും അതിലെ അലംഭാവങ്ങളും മറച്ച് പിടിക്കാന്‍ അന്തിചര്‍ച്ചകളില്‍ ഇരുന്ന് വാതോരാതെ അസംബന്ധങ്ങള്‍ വിളിച്ച് പറഞ്ഞ് മോദിയുടെ മുഖം രക്ഷിക്കുന്ന ആങ്കര്‍മാര്‍ പോലും പട്ടികയിലില്ല എന്നതാണ് ആശ്ചര്യം..!ഒരു ദിവസം പോലും വിശ്രമിക്കാതെ ദശലക്ഷക്കണക്കിന് വരുന്ന പല ഭാഷ സംസാരിക്കുന്ന, പല ഭൂപ്രദേശങ്ങളിലുള്ള കാഴ്ചക്കാരെ ഭാഷഭേദമന്യേ വസ്തുകള്‍ മറച്ചു വെച്ചും ചരിത്രത്തെ വളച്ചൊടിച്ചും, അതികഠിനമായി തൊഴില്‍ ചെയ്യുന്ന ഒരുപറ്റം മാധ്യമപ്രവര്‍ത്തകരെ പോലും മോദി ശക്തരായി കാണുന്നില്ല എന്നാണ് പട്ടികയില്‍ നിന്നും മനസ്സിലാകുന്നത്.നവ ചാണക്യന്മാര്‍ രാജ്യത്തെ ധ്രുവീകരിക്കാന്‍ എളുപ്പവഴി കണ്ടെത്തിയതിനാല്‍, വിഷലിപ്തമായ ഭിന്നിപ്പും വിഭാഗീയതയും വളര്‍ത്തുന്നതിനായി, അവരുടെ തൊഴില്‍ ധര്‍മ്മത്തെ പോലും ബോധപൂര്‍വം മറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതൊരു ശാസനയായി വ്യാഖ്യാനിക്കാം. ഇതുവരെ കാണാത്ത ഒരു പാറ്റേണിലാണ് രാജ്യത്തെ ബഹുഭൂരിപക്ഷം പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിനും കീഴ്‌വഴക്കങ്ങള്‍ക്കുമനുസരിച്ച് തങ്ങളുടെ സ്വീകാര്യത നേടിയെടുക്കാന്‍ അങ്ങേയറ്റം മത്സരബുദ്ധിയുള്ള ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരായി ചിലര്‍ മാറിയിരിക്കുന്നു.ഇത്തരക്കാരാകട്ടെ കേന്ദ്രത്തിനെതിരെ ഒന്ന് വിരലനക്കുകയോ, വിമര്‍ശിക്കുകയോ ചെയ്യുന്നില്ല; മറിച്ച് ചില മുന്‍വിധികള്‍ വില്‍ക്കാന്‍ അവര്‍ തങ്ങളുടെ കഴിവും തന്ത്രവും ഉപയോഗിക്കുന്നു. എന്നിട്ടും അവരില്‍ ഒരാളും ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം നേടിയില്ലേ?കങ്കണയും അക്ഷയ് കുമാറും ഉള്‍പ്പടെയുള്ളവര്‍ ഉള്‍പെട്ടിട്ടും അര്‍ണബ് ഗോസ്വാമിമാരൊന്നും ഉള്‍പ്പെട്ടിട്ടില്ല. ആത്മാഭിമാനമുള്ള മോദി മീഡിയകള്‍ക്കും മോദി മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് അംഗീകരിക്കാന്‍കഴിയുമോആവോ?.!

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

തൊഴിലാളിക്കു വരമ്പത്തു കൂലി നൽകണം

Next Post

വംശഹത്യയുടെ വർഗസമൂഹമേ, ഞങ്ങൾ ആ കുട്ടികൾക്കൊപ്പമാണ്

റിൻഷാദ് കിളിയാമണ്ണിൽ

റിൻഷാദ് കിളിയാമണ്ണിൽ

ലേഖകൻ, നിയമ വിദ്യാർത്ഥി

Next Post

വംശഹത്യയുടെ വർഗസമൂഹമേ, ഞങ്ങൾ ആ കുട്ടികൾക്കൊപ്പമാണ്

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact