കൊളംബിയ യൂണിവേഴ്സിറ്റിയിലും, സോർബോണിലുമെല്ലാം ഗസയിലെ മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമരം ചെയ്യുന്ന നൂറുകണക്കിനു വിദ്യാർത്ഥികളെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. പാലസ്തീൻ ലിബറേഷനു വേണ്ടി അഹോരാത്രം പ്രയത്നിച്ച എഡ്വേർഡ് സൈദ് പ്രൊഫസറായി പ്രവർത്തിച്ച കാമ്പസിലെ വിദ്യാർത്ഥികൾ ഇന്ന് പാലസ്തീനിലെ ജനതയ്ക്കു വേണ്ടി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. വിദ്യാർത്ഥിപ്രക്ഷോഭത്തിന്റെ അലയൊലികൾ അമേരിക്കയിലെ മറ്റു ക്യാമ്പസുകളിലേക്കു വ്യാപിക്കുകയും, വിദ്യാർഥിജനത അതേറ്റെടുക്കുകയും ചെയ്യുന്നു. അമേരിക്കൻ രാഷ്ട്രീയ വ്യവസ്ഥയെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒന്നായി ഇതു മാറിക്കൊണ്ടിരിക്കുന്നു.
ഇസ്രയേലും, അതിനെ പാലൂട്ടി വളർത്തുന്ന അമേരിക്കയും ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൊന്നിലൂടെയാണു കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുന്ന രണ്ടു രാജ്യങ്ങളിലും നിലവിലുള്ള ഭരണകൂടത്തിനും, അവരുടെ നയങ്ങൾക്കുമെതിരെ ജനരോഷം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്.
ഹമാസ് ബന്ധികളാക്കിയ സിവിലിയൻസിനെ മോചിപ്പിക്കാനോ, ഹമാസിനെ നിരായുധീകരിക്കാനോ ആക്രമണം തുടങ്ങി എട്ട് മാസക്കാലമായിട്ടും കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് ബെഞ്ചമിൻ നെതന്യാഹുവും, അദ്ദേഹത്തിന്റെ വലതുപക്ഷ ഭരണാനുയായികളും തങ്ങളുടെ രാജ്യത്ത് നേരിടുന്ന പ്രധാന വെല്ലുവിളി. ഒരാഴ്ച കൊണ്ട് ഹമാസിനെ ചാരമാക്കിക്കളയുമെന്ന പ്രഖ്യാപനത്തിൽ തുടങ്ങിയ ഈ വംശഹത്യയിൽ ഹമാസിനെ തൊടാൻ പോലും കേളികേട്ട ഇസ്രയേൽ സൈന്യത്തിനോ, മൊസാദിന്റെ ചാരക്കണ്ണുകൾക്കോ കഴിഞ്ഞിട്ടില്ലെന്നുള്ളതാണു യാഥാർത്ഥ്യം.
സിവിലിയൻസിനെ തിരിച്ചുകൊണ്ടുവരാനായി ഇസ്രയേലിൽ ജനം തെരുവിലിറങ്ങുന്നു. പ്രതിപക്ഷം ശക്തമായ സമ്മർദം ചെലുത്തുന്നു. താത്കാലിക വെടിനിർത്തലിനു മേൽ സിവിലിയൻസിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തിനു മേൽ ഹമാസ് വില കൽപ്പിക്കുന്നില്ല താനും. ഇസ്രയേലുമായി നയതന്ത്രബന്ധം ശക്തമാക്കിയിരുന്ന അറബ് രാജ്യങ്ങളെല്ലാം പുനർചിന്തയ്ക്ക് ആവശ്യപ്പെട്ടിരിക്കുകയാണ്. പല രാജ്യങ്ങളും ഇസ്രായേലിൽ നിന്നു നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയുടെയും, പ്രതിരോധമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ഇസ്രയേൽ ജനതയും ഭരണകൂടത്തിനു മേൽ ശക്തമായ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേൽ പുറത്തുവിടുന്ന, ഗസയിൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ഐ. ഡി. എഫ് സൈനികരുടെ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന വാദവും ശക്തമായിക്കൊണ്ടിരിക്കുന്നു.
ഇനി അമേരിക്കയിലേക്കു വന്നാൽ, വിയറ്റ്‌നാം യുദ്ധകാലത്ത് കൊടുങ്കാടുകളിൽ നിന്നു കയറ്റിയയക്കപ്പെട്ട സൈനികരുടെ ജീവന്റെ പ്രാധാന്യം മനസ്സിലാക്കി യുദ്ധത്തിൽ നിന്നു രാജ്യം പിന്മാറാനും, നേരിട്ട് തനിച്ചു മറ്റൊരു രാജ്യവുമായി അമേരിക്ക യുദ്ധത്തിലേർപ്പെടുന്നതിനു നിയന്ത്രണങ്ങൾ കോൺഗ്രസിൽ പാസാക്കിയെടുക്കുകയും ചെയ്ത സർവകലാശാലകളിലെ വിദ്യാർത്ഥിപ്രക്ഷോഭങ്ങൾ പാലസ്തീനിലെ കുഞ്ഞുങ്ങൾക്കായി പുതുജീവനെടുത്തിരിക്കുകയാണ്. ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാനും, സാമ്പത്തിക- സൈനിക സഹായങ്ങൾ നൽകുക വഴി അമേരിക്കയ്ക്ക് ഈ കൂട്ടക്കുരുതിയിലുള്ള പങ്കിൽ നിന്നു പിന്മാറാനും അവരാവശ്യപ്പെടുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച ഈ പ്രക്ഷോഭങ്ങൾ ശരവേഗത്തിൽ യുഎസ്സിലെ മറ്റു സർവകലാശാലകളിലേക്കും വ്യാപിക്കുന്നു. ഫ്രാൻസിലെ സോർബോൺ യൂണിവേഴ്സിറ്റിയും വൻ മുന്നേറ്റങ്ങൾക്കു സാക്ഷിയാകുന്നു.
തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ജോ ബൈഡന്, പോകുന്ന വേദികളിലെല്ലാം തനിക്കു കൂടെ പങ്കുള്ള ഈ വംശഹത്യയെക്കുറിച്ചു ചോദ്യങ്ങൾ നേരിടേണ്ടതായി വരുന്നു. സ്‌പെയിൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ആക്രമണം നിർത്തിവെക്കാൻ ആവശ്യപ്പെടുന്നു. ഹൂതികൾ റെഡ് സീ യിലൂടെ പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കുക വഴി ഉണ്ടാവുന്ന സാമ്പത്തിക, വ്യാപാര നഷ്ടങ്ങൾ വേറെയും. തങ്ങൾക്കെതിരെ ആക്രമണം ഉണ്ടായാൽ വെറുതെയിരിക്കില്ലെന്ന് ഇറാനും തെളിയിച്ചു കഴിഞ്ഞു.
അമേരിക്കയും, മറ്റു യൂറോപ്യൻ രാജ്യങ്ങളും സംയുക്തമായി ചേർന്നു ഹമാസിനോടു വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ആവശ്യപ്പെടുന്ന കാഴ്ചയാണ് നിലവിൽ കാണാൻ കഴിയുന്നത്. നോക്കൂ, എത്ര വിചിത്രം! ആക്രമണം തുടങ്ങിയവർ തന്നെ യുദ്ധവിരാമം ആഗ്രഹിച്ചിട്ടും, ഇരകൾ അതിനു തയ്യാറാവാത്ത അവസ്ഥ. പതിനായിരങ്ങളെ കൊന്നുതള്ളിയതു കൊണ്ടുമാത്രം യുദ്ധം ജയിക്കാൻ കഴിയില്ലെന്നുള്ളത് വിയറ്റ്‌നാമിലെയും, ഇറാഖിലെയും, അഫ്ഗാനിലെയും അധിനിവേശം അമേരിക്കയോടു പറന്നിട്ടുള്ളതാണ്. നിലവിൽ, ഇസ്രായേലും സമാനമായ യുദ്ധപരാജയഘട്ടത്തിലൂടെ പോയിക്കൊണ്ടിരിക്കുന്നു. അറസ്റ്റ് ചെയ്തു നീക്കിയാലൊന്നും ഒരു വിദ്യാർത്ഥി മുന്നേറ്റവും അവസാനിക്കാൻ പോകുന്നില്ലെന്നാണ് ചരിത്രം നമ്മോടു പറയുന്നത്. സ്വതന്ത്ര പലസ്തീൻ പുലരുക തന്നെ ചെയ്യും. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ.


