പത്തൊമ്പതാം നൂറ്റാണ്ട്, വ്യവസായ വിപ്ലവം ലോക സിരകളിലോടിയ കാലം. വികസനത്തിലേക്കുള്ള വലിയ ചുവടുവെപ്പുകൾ അക്കാലത്താണ് നടക്കുന്നത്. സോഷ്യലിസം ആധുനികമായി പിറവിയെടുക്കുന്നതും ആയിടക്കാണ്. അധ്വാനം ഉപജീവനമാക്കിയ, ഉൽപന്നങ്ങൾക്കുമേൽ യാതൊരു അവകാശവുമില്ലാത്ത പ്രോലറ്റേറിയറ്റുകൾ അഥവാ തൊഴിലാളി വർഗത്തെ ചേർത്തു നിർത്തി, ചൂഷണക്കാരായ ബൂർഷ്വാസികളെ അഥവാ മുതലാളിമാരെ ശത്രു പക്ഷത്ത് നിർത്തിയ ഈ ആശയധാര മുതലാളിത്ത വ്യവസ്ഥിതിയെ തകർക്കാൻ ഉതകുന്നതായിരുന്നു. കാൾ മാക്സിന്റെ ഈയൊരു ചിന്താഗതിയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന കൃതിയെ ഉണ്ടാക്കിത്തീർക്കുന്നത്. തൊഴിലാളികളുടെ അന്താരാഷ്ട്ര സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ യോഗത്തിൽ തീരുമാനിച്ച പ്രകാരമാണ് കാൾ മാക്സും ഏങ്കൽസും കൂടി 1848 ൽ മാനിഫെസ്റ്റോ തയ്യാറാക്കുന്നത്. a spectre is haunting Europe -the spectre of communism എന്ന് തുടങ്ങി, “സർവ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവീൻ” എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന ഈ കൃതിയിലെ ആശയങ്ങൾ തൊഴിലാളികളെ തെരുവിലേക്കിറക്കി. തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾക്ക് വേണ്ടി അവർ പൊരുതി. തൊഴിലാളികളാൽ ഭരിക്കപ്പെടുന്ന ഒരു സമൂഹമാണ് അവർ മുന്നിൽ കണ്ടത്. മാർക്സിസം എന്ന ഈ സിദ്ധാന്തം ചൂഷക വർഗവും ചൂഷിത വർഗവും തമ്മിൽ, അയായത് മുതലാളിയും തൊഴിലാളിയും തമ്മിൽ നിരന്തരമായ സംഘർഷത്തിലൂടെ ആയിരിക്കും ജീവിക്കുക എന്ന് അഭിപ്രായപ്പെട്ടു. ഈ സംഘട്ടനങ്ങൾക്കൊടുവിൽ മുതലാളിത്തം തകർക്കപ്പെട്ട് സോഷ്യലിസം നിലവിൽ വരണമെന്ന് മാർക്സ് ആഗ്രഹിച്ചു. സമൂഹത്തിൽ സമ്പത്തുല്പാദനം നടക്കുന്നത് തൊഴിലാളികളുടെ അധ്വാനം കൊണ്ടാണ്ടെന്നും അതുകൊണ്ട് തന്നെ മുതലാളിത്തത്തെ തകർത്ത് തൊഴിലാളികളിലൂടെ ഒരു ഭരണം കെട്ടിപ്പടുക്കുമ്പോഴേ സമത്വസമൂഹം നിലവിൽ വരികയുള്ളൂ എന്നുമവർ വാദിച്ചു. സോവിയറ്റ് യൂണിയനെന്ന പ്രബല ശക്തി ഉയർന്നു വരുന്നത് ഈ ആശയത്തിന്റെ ചുവടു പിടിച്ചാണ്. മാർക്സിസത്തെ മുന്നോട്ട് വെച്ചുകൊണ്ടാണ് ലെനിനും സ്റ്റാലിനുമെല്ലാം അന്ന് ഭരണം നടത്തിയത്. ചൈനയും ക്യൂബയുമെല്ലാം ഇത് ഏറ്റുപിടിക്കുകയും ചെയ്തു. അങ്ങനെ സോഷ്യലിസം ലോകമൊട്ടുക്കും സ്വീകാര്യത നേടി. ഇതിന്റെ ബലത്തിലാണ് പിന്നീട് തൊഴിലാളി പ്രസ്ഥാനങ്ങൾ ശക്തിപ്രാപിക്കുന്നത്. അതിനു മുമ്പേ പതിനാലാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നടന്ന കർഷക യുദ്ധം പോലെ പല മുന്നേറ്റങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒരു ആശയധാര എന്ന നിലക്ക് സുസംഘടിതമായ മുന്നേറ്റങ്ങൾ നടക്കുന്നത് അതിന് ശേഷമാണ്. ഇന്ത്യയിലും അരങ്ങേറിയിട്ടുണ്ട് ഇത്തരം പല സമരങ്ങൾ. വലിയൊരു കർഷക മഹാ പ്രക്ഷോഭത്തിന് നാം സാക്ഷികളായിട്ട് കാലം അധികം കഴിഞ്ഞിട്ടില്ല. കോർപ്പറേറ്റ് വൽകരണത്തിനും ഉൽപന്നങ്ങളുടെ തുച്ഛവിലക്കുമെതിരാണ് ഈ പ്രക്ഷോഭം നടന്നത്. കൃത്യമായി പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് ഇക്കാലമത്രയും നടന്ന മുഴുവൻ തൊഴിലാളി സമരങ്ങളുടേയും പിന്നിൽ വലിയ ചൂഷണത്തിന്റേയും അടിച്ചമർത്തലിന്റേയും പാർശ്വവൽക്കരിക്കുന്നതിന്റേയും ഒട്ടേറെ കഥകളുണ്ടെന്നാണ്. ഈ പശ്ചാതലത്തിലാണ് പ്രവാചകരുടെ ജീവിത പാഠങ്ങൾ നാം വീണ്ടും മറിച്ചു നോക്കേണ്ടത്. തൊഴിലാളികളോടുള്ള ഇസ്ലാമിന്റെ സമീപനവും പ്രവാചകരുടെ ഇടപഴക്കങ്ങളുമെല്ലാം നമുക്ക് മാതൃകയാവേണ്ടതാണ്.
സേവകന്റെ സാക്ഷ്യം
10 വർഷത്തോളം പ്രവാചകർക്ക് സേവനം ചെയ്തവരാണ് അനസ്ബ്നുമാലിക് (റ). ഈ പത്ത് വർഷത്തെ ജീവിതത്തിലൂടെ താൻ മനസ്സിലാക്കിയ കാര്യം ഒരു ഹദീസിനിടയിലൂടെ അനസ് (റ) പറയുന്നുണ്ട്. “അഹ്സനു ന്നാസി ഖുലുഖൻ” എന്നാണ് ആ സേവകൻ തന്റെ മഖ്ദൂമിനെ പറ്റി പറഞ്ഞത്. ഒരു അടിമയിൽ നിന്ന് ഉടമക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത്. ഒരിക്കൽ പ്രവാചകർ അനസ് (റ) നെ ചന്തയിലേക്ക് പറഞ്ഞയച്ചു. ബാക്കി അനസ് (റ) തന്നെ പറയട്ടെ. അങ്ങനെ ഞാൻ പോകുന്നതിനിടെയാണ് വഴിയിൽ തന്റെ സമപ്രായക്കാരായ പല കുട്ടികളും കളിക്കുന്നത് കണ്ടത്. അതാസ്വദിച്ച് ഞാൻ അവിടെ നിന്നു. സമയം കടന്നുപോയി. പെട്ടെന്ന് പുറകിൽ നിന്ന് ആരോ വന്ന് എന്റെ പിരടിക്ക് പിടിച്ചു. പേടിച്ചു പുറകിലേക്ക് തിരിഞ്ഞപ്പോൾ അവിടെയതാ പ്രവാചകർ (സ്വ) പുഞ്ചിരിയോടെ നിൽക്കുന്നു. അനസ് (റ) നെ ചേർത്ത് പിടിച്ച് പ്രവാചകർ പറഞ്ഞു. യാ ഉനൈസ്, ചന്തയിലേക്ക് പോകൂ… എന്ന്. അറബി സാഹിത്യത്തിൽ തസ്ഗീർ എന്നൊരു സംജ്ഞയുണ്ട്. സ്നേഹത്തോടെ വിളിക്കുമ്പോഴാണ് ഇത് ഉപയോഗിക്കാറുള്ളത്. അനസ് തങ്ങളെ ആ സാഹചര്യത്തിൽ പോലും പ്രവാചകർ സ്നേഹത്തോടെ ഉനൈസ് എന്നാണ് വിളിച്ചത്. അനുസരണക്കേട് കാണിച്ച സേവകനോടാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നോർക്കണം. ഇതാണ് പ്രവാചകർ നമുക്കു കാണിച്ചു തന്ന മാതൃക. അനസ് (റ) പറയുന്നതായി കാണാം. എനിക്ക് 8 വയസ്സുള്ളപ്പോഴാണ് പ്രവാചകർ (സ്വ) മദീനയിലേക്ക് കടന്നുവരുന്നത്. ആ സമയത്ത് എന്റെ കൈ പിടിച്ച് ഉമ്മ നബിതങ്ങളുടെ അരികിലേക്ക് കൊണ്ടുപോയി. നബി തങ്ങളോട് ഉമ്മ പറഞ്ഞു. “നബിയേ മദീനയിലെ എല്ലാ ആളുകളും അങ്ങേക്ക് പല പാരിതോഷികങ്ങളും നൽകിയല്ലോ. എന്നാൽ എന്റെയടുത്ത് നൽകാൻ ഒന്നുമില്ല. ആകെയുള്ളത് ഈ മകനാണ്. അവനെ നിങ്ങൾ സേവകനായി, എന്റെ പാരിതോഷികമായി സ്വീകരിക്കണം”. ഉമ്മാന്റെ ആവശ്യം പ്രവാചകർ (സ്വ) അംഗീകരിച്ചു. അങ്ങനെ ഞാൻ അവരുടെ സേവകനായി. പത്തു വർഷത്തോളം സന്തോഷത്തോടെ പ്രവാചകരുടെ ഊണിലും ഉറക്കിലും മറ്റു എല്ലാ ചലനങ്ങളിലുമായി ഞാൻ ജീവിച്ചു. എന്നാൽ അതിനിടയിൽ എന്നെ ഒരു തവണ പോലും ചീത്തവിളിക്കുകയോ, ആക്ഷേപിക്കുകയോ, എന്തിനധികം എന്നോട് മുഖം കനപ്പിക്കുക പോലും ചെയ്തിട്ടില്ല. അതായത് ഒരു ഭാവമാറ്റവും പ്രവാചകർക്ക് ഉണ്ടായിരുന്നില്ല. മറ്റൊരിക്കൽ പറയുന്നത് കാണാം തന്നോട് ‘ഛെ’ എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല എന്ന്. എന്തിനിങ്ങനെ ചെയ്തെന്നോ, എന്തേ ഇങ്ങനെ ചെയ്തുകൂടായിരുന്നോ എന്നൊന്നും എന്നോട് നബി തങ്ങൾ 10 വർഷത്തിനിടെ പറഞ്ഞിട്ടേയില്ല. തുർമുദി ഇമാം തന്റെ സുനനിൽ ഇക്കാര്യം പറയുന്നുണ്ട്. ഈ ജീവിതമാണ് പ്രവാചകർ നമുക്ക് മുന്നിൽ വരച്ചിട്ടത്.
അടിമയെന്നോ ഉടമയെന്നോ ഉള്ള വ്യത്യാസങ്ങൾ ഇസ്ലാമിന് അന്യമായിരുന്നു. തുല്യ പരിഗണന ഇരുകൂട്ടരും അർഹിച്ചിരുന്നു. അബൂ മസ്ഊദ് എന്നവര് തന്റെ അടിമയെ അടിച്ചു കൊണ്ടിരിക്കുകയാണ്. പുറകിൽ നിന്ന് എന്തോ ശബ്ദം കേൾക്കുന്നുണ്ട്. ആരോ എന്തോ വിളിച്ചു പറയുന്നുണ്ട്. ദേഷ്യത്തിനിടെ ഞാനത് ശ്രദ്ധിച്ചില്ല. വീണ്ടും ആരോ അബൂ മസ്ഊദേ… നിനക്ക് ആ അടിമയിലുള്ളതിനേക്കാൾ അധികാരം അള്ളാഹുവിന് നിന്നിലുണ്ട്, സൂക്ഷിക്കണേ… എന്ന് പറയുന്നത് കേട്ടു. തിരിഞ്ഞു നോക്കിയപ്പോഴുണ്ട് പ്രവാചകർ കനത്ത മുഖത്തോടെ എന്നെ നോക്കുന്നു. അത് കണ്ട അബൂ മസ്ഊദ് തങ്ങളുടെ കയ്യിൽ നിന്ന് ചാട്ടവാർ നിലത്ത് വീണു. ഉടനെ തന്നെ ആ അടിമയെ മോചിപ്പിച്ചു. ഇതെല്ലാം കണ്ടു നിന്ന പ്രവാചകർ പ്രതികരിച്ചത് നിങ്ങൾ ഇയാളെ മോചിപ്പിച്ചില്ലായിരുന്നെങ്കിൽ നരകം രുചിക്കുമായിരുന്നു എന്നാണ്. അതിന് ശേഷം ഞാൻ ആരെയും അടിച്ചിട്ടില്ലെന്ന് അബൂ മസ്ഊദ് തങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്റെ അടിമയോട് സംബോധന നടത്തുമ്പോൾ അടിമ (അബ്ദീ, അമതീ) എന്ന് വിളിക്കരുതെന്നും, മറിച്ച് മകൻ (ഗുലാമീ) എന്നോ യുവാവ് (ഫതായ, ഫതാതീ) എന്നോ വിളിക്കണമെന്നാണ് പ്രവാചകർ പഠിപ്പിച്ചത്. ഇതാണ് തൊഴിലാളികളോടുള്ള പെരുമാറ്റമായി ഇസ്ലാം പഠിപ്പിച്ചത്. വിയർപ്പ് ഉണങ്ങും മുമ്പ് തന്നെ തൊഴിലാളിക്ക് കൂലി നൽകണമെന്ന പ്രവാചകന്റെ കൽപ്പനയും ഇതിനോട് ചേർത്ത് വായിക്കണം.
ഭക്ഷണ സമയത്തും തൊഴിലാളികളോട് മുതലാളിമാർ നീതി ചെയ്യേണ്ടതുണ്ട്. അവരെ ഒപ്പമിരുത്തണം. സാന്ത്വനമേകണം. ബുഖാരിയിൽ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ പ്രവാചകർ പറയുന്നതായി കാണാം. അള്ളാഹു നിങ്ങൾക്ക് കീഴൊതുക്കി തന്നതാണ് നിങ്ങളുടെ അടിമയെ. അതുകൊണ്ട് തന്നെ അവരോട് കരുണ കാണിക്കണം. നിങ്ങൾ ഭക്ഷിക്കുന്നത് അവരേയും ഭക്ഷിപ്പിക്കണം. നിങ്ങൾ ധരിക്കുന്നത് പോലുള്ള മുന്തിയ വസ്ത്രം അവരേയും ധരിപ്പിക്കണം. കൊക്കിലൊതുങ്ങുന്നതേ എടുപ്പിക്കാവൂ. ഭാരമുള്ള പണിയുണ്ടെങ്കിൽ നിങ്ങൾ അവരെ സഹായിക്കണം എന്ന്. മദീനയിലെ റബദ എന്ന സ്ഥലത്ത് വെച്ച് ഒരിക്കൽ മഅ്റൂർ (റ) അബൂദറ്റ് (റ) നെ കണ്ടുമുട്ടി. അബൂദറ്റ് തങ്ങളുടെ കൂടെ അവരുടെ അടിമയുമുണ്ട്. രണ്ടു പേരും ഒരേ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അതേ പറ്റി മഅ്റൂർ തങ്ങൾ ചോദിച്ചപ്പോൾ അവര് മറുപടി പറഞ്ഞത് ഒരു അനുഭവത്തിലൂടെയാണ്. ഞാനെന്റെ അടിമയെ ചീത്തവിളിച്ചത് പ്രവാചകർ (സ്വ) അറിയാനിടയായി. എന്നോട് ചോദിച്ചു. നിങ്ങൾ അയാളുടെ ഉമ്മയെ വിളിച്ചാക്ഷേപിച്ചല്ലേ… ഇപ്പോഴും ജാഹിലിയ്യതിലെ ശീലങ്ങൾ പേറി നടക്കുകയാണോ എന്ന്. എന്നിട്ട് പ്രവാചകർ എന്നോട് പറഞ്ഞു. അടിമകൾ നിങ്ങളുടെ സഹോദരങ്ങളാണ്. അള്ളാഹുവാണ് നിങ്ങൾക്ക് അവരെ കീഴൊതുക്കി തന്നത് അതുകൊണ്ട് തന്നെ അവരെ പരിഗണിക്കണം. അതിനു ശേഷമാണ് ഞാൻ ഇത്തരമൊരു ശീലം കൊണ്ടുവന്നതെന്ന് അബൂദറ്റ് തങ്ങൾ മഅ്റൂർ തങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോൾ, അതെത്തിച്ചു തന്ന തന്റെ സേവകനേയും കൂടെയിരുത്തണമെന്നും അവൻ ഇരുന്നില്ലെങ്കിൽ അവന് ഒന്നോ രണ്ടോ ഉരുള കൊടുക്കണമെന്നുമുള്ള പ്രവാചക പാഠങ്ങൾ വ്യക്തമാക്കുന്നത് സമൂഹത്തിലെ തൊഴിലാളികളുടെ സ്ഥാനത്തെയാണ്. ഒരാൾ പ്രവാചകരുടെ അടുത്തു വന്ന് ചോദിക്കുകയുണ്ടായി. എത്ര തവണ അടിമക്ക് പൊറുത്തു കൊടുക്കണമെന്ന്. 2 തവണ ചോദിച്ചെങ്കിലും പ്രവാചകർ ഒന്നും പ്രതിവചിച്ചില്ല. മൂന്നാം തവണ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു. എല്ലാ ദിവസവും എഴുപത് തവണ പൊറുത്തു കൊടുക്കണമെന്ന്. ഒരടിമയോട് പൊറുക്കേണ്ട കാര്യമാണ് പ്രവാചകർ പറഞ്ഞത്. ഇതായിരുന്നു പ്രവാചകർ നമുക്കു കാണിച്ച മാതൃക. ഇത്രയും വിശാലമായിരുന്നു ഇസ്ലാമിന്റെ നിലപാട്. പ്രക്ഷോഭങ്ങൾക്കോ പ്രതിഷേധങ്ങൾക്കോ എതിർപ്പുകൾക്കോ ഒന്നും പഴുതില്ലാത്ത വിധം സുരക്ഷിതവും അടച്ചുറപ്പുള്ളതുമായിരുന്നു തൊഴിലാളികളോടുള്ള ഇസ്ലാമിന്റെ സമീപനം. ഇന്ദിരാ ഗാന്ധി 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് തൊഴിലാളികളോട് പറഞ്ഞത് ‘നാവടക്കൂ… പണിയെടുക്കൂ…’ എന്നാണ്. തൊഴിലാളി അവകാശ നിഷേധത്തിന്റെ തീവ്രത പേറുന്ന വാക്കാണിത്. നമ്മൾ കേട്ടതാണീ ആക്രോശം. സർക്കാർ ജോലിക്കാർക്ക് പ്രതിഷേധിക്കാനവകാശമില്ലെന്ന കോടതിയുടെ ശാസനയും മറക്കാനായിട്ടില്ല. തൊഴിലാളികളെ സംരക്ഷിക്കുന്ന ഭരണഘടനയെ മുന്നിൽ നിർത്തിയാണ് ഈയൊരു ഉത്തരവ് വന്നതെന്നോർക്കണം. തൊഴിലാളി സമൂഹം ബലിയാടാകുന്ന, അകാരണമായി പോലും പിരിച്ചുവിടപ്പെടുന്ന, തൊഴിൽരഹിതർ പെരുകുന്ന ഇക്കാലത്ത് ഇസ്ലാമിന്റെ നിലപാട് പുനർവായന നടത്തേണ്ടത് അത്യാവശ്യമാണ്