കേരള ഉലമാഇന്റെ ഊന്നൽ കിതാബുകളെ ചർവിതചർവണ വിധേയമാക്കി സ്വായത്തമാക്കുക എന്നതിലാണ്. അതിനാൽ തന്നെ കിതാബുകളിൽ ഉള്ള പണ്ഡിതരുടെ പ്രാപ്തി ഏറെ വിശ്രുതവുമാണ്.. എന്നാൽ രചനാ മേഖലകളിൽ നമുക്ക് ജാഗ്രതയാർന്ന ഇടപെടലുകളുടെ അഭാവം വന്നുഭവിച്ചിട്ടുണ്ട് എന്നത് നഗ്നസത്യമാണ്. കേരള പണ്ഡിത ചരിത്രത്തെ ആധികാരികമായി പറയാനും ഉലമഇനെ പരിചയപ്പെടുത്താനും നമുക്ക് റിസോഴ്സുകൾ തുച്ചമേ ഒള്ളു.ഈ ഒരു ഘട്ടത്തിൽ ചരിത്രരചനയുടെ ഇടം കേരളീയ പരിസരത്ത് അനിവാര്യതയാണന്നതിൽ സംശയമില്ല.
ഫത്ഹുൽമുഈൻ ഗ്രന്ഥകർത്താവ് ശൈഖ് സൈനുദ്ധീൻ മഖ്ദും അസ്വഗീർ എന്ന മഹാപ്രതിഭയുടെ ജീവചരിത്രത്തെ കിട്ടാവുന്ന വിവരങ്ങളുടെ പിൻബലത്തിൽ ആധികാരികമായി പറയുന്ന ഗ്രന്ഥമാണ് അറബി ഭാഷയിൽ വിരചിതമായ ” ഇർഷാദുത്വാലിബീൻ അലാ തർജമത്തി സൈനുദ്ധീൻ അൽമഖ്ദും അസ്വഗീർ (ഖ:സി) . ഹുസ്നുൽ വഹീദ: ബിൻത് ഹുസൈനുബ്നു മുഹമ്മദ് അൽമലൈബാരി എന്ന യുവ പണ്ഡിതയാണ് ഇതിന്റെ രചന നിർവഹിച്ചിട്ടുള്ളത്. കേരളത്തിൽ ജീവചരിത്ര രചനയിൽ മുസ്ലിം സ്ത്രീകളുടെ ഇടയിൽ നിന്നും വിരചിതമായ പ്രഥമ കൃതിയായി ഇതിനെ കരുതാവുന്നതാണ്. പ്രസ്തുത കിതാബിന്റെ മുഹഖിഖ് ( ടിപ്പണിക്കാരൻ ) ഭർത്താവും യുവ പണ്ഡിതനുമായ ശൗഖത്ത് അലി അദനി അൽ കാമിൽ അസ്സഖാഫി ആണന്നത് ഏറെ കൗതുകമുളവാക്കുന്നു. ഈ ഗ്രന്ഥത്തിന്റെ രചനക്ക് കളമൊരുങ്ങുന്നത് സൈനുദ്ധീൻ മഖ്ദൂമിനെ കുറിച്ച് വിശദമായി പ്രതിപാതിക്കുന്ന അറബി കൃതികൾ തീരെ ഇല്ല എന്ന ബോധ്യത്തിൽ നിന്നാണ് , ബദുറുസ്സാദാത്തിന്റെ നിരന്തര പ്രേരണയും അടങ്ങാത്ത അഭിനിവേഷവുമായപ്പോൾ അതൊരു അതുല്യ കൃതിയായി പുഷ്പ്പിച്ചു.
കടഞ്ഞെടുത്ത ചരിത്ര ഏടുകൾ
അൻപതിലധികം പുസ്തങ്ങളും , പഠന പ്രബന്ധങ്ങളും,വിശ്വാസനീയമായ സംഭാഷണങ്ങളും ആണ് രചനയുടെ പിൻബലം . കേരളത്തിൽ മഖ്ദൂമികളെ കുറിച്ച് വിരചിതമായ കൃതികളിൽ കിട്ടാവുന്നതെല്ലാം സംഘടിപ്പിച്ച് ചരിത്രത്തെ ആധികാരികമാക്കാൻ അവിശ്രമ പരിശ്രമം നടത്തിയിട്ടുണ്ട്. അധ്യായങ്ങളുടെ കൃത്യമായ വിന്യാസം ആകർഷണീയതക്കും വിഷയ സുതാര്യതക്കും ആക്കം കൂട്ടുന്നു. നീട്ടി പരത്തി പറയാതെ സംഗ്രഹിച്ചു പറയാനും ളെപ്ത് ( കൃത്യമായി ഉച്ചാരണം പറയൽ ) ആക്കേണ്ട സ്ഥലങ്ങളും പേരുകളും
ജാഗ്രതയോടെ കൈകാര്യം ചെയ്യാനും
ഗ്രന്ഥകാരി ബദ്ധശ്രദ്ധ പുലർത്തുന്നു.
രണ്ടാം മഖ്ദൂമിന്റെ പിതാവ് അബ്ദുൽ അസീസ് മഖ്ദൂമാണന്ന തെറ്റായ വിവരം പല ഗ്രന്ഥകാരും അറിയാതെ ഏറ്റു പിടിച്ചിട്ടുണ്ട്, പ്രസ്തുത വാദം സ്ഖലിതമാണന്നും ഒന്നാം മഖ്ദൂമിന്റെ അഞ്ച് മക്കളിൽ ആത്മീയ സരണിയിലെ അതുല്യ വ്യക്തിത്വം മുഹമ്മദുൽഗസ്സാലി ആണ് പിതാവ് എന്നതാണ് ശരി എന്നും വിശകലന വിധേയമായി ഈ കൃതിയിൽ സമർത്ഥിക്കുന്നു. ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് ഫതുഹുൽ മുഈനുമായി ബന്ധപ്പെട്ട ലഘു വിവരണം പഠിതാക്കൾക്ക് വലിയ രീതിയിൽ ഉപകാരപ്പെടും. കൂടാതെ മുസന്നിഫിന്റെ മറ്റുഗ്രന്ഥങ്ങളും ചെറിയ രൂപത്തിൽ പരിചയപ്പെടുത്തുന്നു.
ചരിത്ര രചനയിലെ നമ്മുടെ അലസത ഏറെ ഗൗരവമുള്ളതാണ്,500 വർഷം മാത്രം അപ്പുറം ജീവിച്ചു മറഞ്ഞ മഹാപ്രതിഭയുടെ ജീവചരിത്രമെഴുതുമ്പോൾ വിവരങ്ങളുടെ ദൗർലഭ്യത നമ്മെ ലജ്ജിപ്പിക്കേണ്ടതുണ്ട്…. ചരിത്രത്തെ ജീവിപ്പിക്കാനുതകുന്ന ഇത്തരം കൃതികൾ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. 150 പേജുകളുള്ള പുസ്തകം ദാറുൽമഖ്ദൂം ആണ് പ്രിസിദ്ധീകരിച്ചിട്ടുള്ളത്.
(കോപ്പികൾക്ക് : 7356114436)


