ശുഭപര്യവസാനത്തിനായി ജാഗ്രതയും ശ്രദ്ധയുമുള്ളവരാവുക. കര്‍മ്മങ്ങള്‍, ദിനങ്ങള്‍, ആഴ്ച്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നിവയുടെ എല്ലാം ഒടുക്കം ശുഭകരമായാല്‍ ജീവിതാവസാനം മികച്ചതാവാന്‍ അല്ലാഹുവിന്റെ കടാക്ഷമുണ്ടാവും. കര്‍മ്മങ്ങളുടെ സ്വീകാര്യത അതിന്റെ അവസാനത്തിലാണെന്ന് നബി (സ്വ) പറഞ്ഞതാണല്ലൊ.
സമൂഹത്തിലെ വിവരവും ബുദ്ധിയുമുള്ള ജ്ഞാനികള്‍ ഏറെ പ്രാധാന്യം നല്‍കിയകാര്യമാണ് ശുഭാന്ത്യം. ശുഭപര്യവസാനത്തിനായവര്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥനകളിലാവുന്നു. മോശമായ അന്ത്യം ഭയന്ന് അവര്‍ ഒട്ടേറെ കരഞ്ഞു. മനസ്സിന്റെ ഇളക്കങ്ങളെയും മനുഷ്യാവസ്ഥകളുടെ മാറ്റങ്ങളെയും കുറിച്ച് ചിന്തിച്ചാല്‍ ബോധ്യമാകും. ജീവിതാവസാനം നല്ലതാവാന്‍ അല്ലാഹുവിന്റെ ഔദാര്യമില്ലാതെ കഴിയില്ലെന്ന്.
ജീവിതം പോലെയാണ് മരണത്തിന്റെ കാര്യവും. അതായത്, എന്തിലായിരുന്നു മനസ്സും ആഭിമുഖ്യവും കഴിഞ്ഞ നാളുകളിലെങ്കില്‍ അതെ രീതിയില്‍ തന്നെയാണല്ലൊ മരണവും വരിക. മനസ്സിനെ മറിക്കുന്നവന്‍ അവന്റെ അല്‍ഭുതങ്ങള്‍ നമുക്ക് വെളിപ്പെടുത്തി തരും. അതിനു നാം അവനോട് അടക്കത്തോടെ സമീപിക്കുകയും അവനിലേക്ക് മടങ്ങുകയും ചെയ്യണം. ശുഭാന്ത്യത്തിനായി തേടുകയും വേണം. രാവ്, പകല്‍, ആഴ്ച, മാസം, വര്‍ഷം എന്നിവയുടെ അവസാനത്തെപ്രതി ജാഗ്രതയുള്ളവര്‍, നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ എന്തുമാവട്ടെ അവയുടെ അവസാനം നന്നാക്കുന്നതിന് ഉണര്‍ന്ന് ശ്രദ്ധിക്കുന്നത് ശുഭാന്ത്യം ലഭിക്കുവാന്‍ ഭാഗ്യം ലഭിച്ചേക്കും.
കര്‍മ്മങ്ങളുടെ ഒടുക്കം നല്ല രീതിയിലാവാന്‍ പ്രത്യേക ശ്രദ്ധയും താല്‍പര്യവും കാണിക്കുന്നതിന് നിര്‍ബന്ധബുദ്ധി പുലര്‍ത്തണം. വിരിപ്പിലേക്ക് കിടക്കാനായി എത്തുമ്പോള്‍ മലക്കും പിശാചും വരും. മലക്ക് നന്മകൊണ്ട് അവസാനിപ്പിക്കാന്‍ (അന്നത്തെ ദിവസം) പറയും. പിശാച് തിന്മകൊണ്ട് അവസാനിപ്പിക്കാനും പറയുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഇവിടെ ആര്‍ക്ക് കീഴ്‌പ്പെടുന്നുവോ അതുപോലിരിക്കും. അന്നത്തെ പകലിന്റെയും രാത്രിയുടെയും ഏട് അവസാനിക്കുന്നത് നന്മകൊണ്ടാവാം. അല്ലെങ്കില്‍ തിന്മകൊണ്ടാവാം. അല്ലാഹു കാക്കട്ടെ.
പകലിന്റെ അവസാനത്തെ കുറിച്ച് സൂര്യാസ്തമയത്തിന്റെ അല്‍പ്പം മുമ്പ് വിചിന്തനം നടത്തുക. അസ്തമയത്തിന് മുമ്പ് തസ്ബീഹിനുള്ള അല്ലാഹുവിന്റെ കല്‍പ്പന നിര്‍വ്വഹിക്കുന്നതിലായിരിക്കട്ടെ ശ്രദ്ധ. അതുവഴി ശുഭാന്ത്യത്തിന്റെ വിഹിതം കരസ്ഥമാക്കാം. അര്‍ദ്ധരാത്രി പാപമോചനം ചെയ്യുന്നവരെ അല്ലാഹു സ്തുതിക്കുന്നുണ്ടല്ലോ. അത് മനസ്സിലാക്കി രാത്രിയുടെ അവസാനം ശുഭകരമാക്കാന്‍ ശ്രദ്ധിക്കുക.
നിസ്‌കാരങ്ങളുടെ അവസാനം നന്നാക്കുക. മനസ്സാന്നിദ്ധ്യം കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കണം. വിശിഷ്യാ നിസ്‌കാരത്തിന്റെ അവസാനത്തില്‍. അതുപോലെ തന്നെ ഖുര്‍ആന്‍ പാരായണം, മറ്റു സല്‍ക്കര്‍മ്മങ്ങള്‍ എന്നിവയുടെയെല്ലാം അവസാനം മികച്ചതാവട്ടെ. മാസത്തെ കുറിച്ചും അതിന്റെ കടന്ന് പോക്കും വിശിഷ്യാ അതിന്റെ അവസാനത്തെ കുറിച്ചും പുനഃരാലോചന നടത്തുക. നബി (സ) റമളാന്‍ പോലോത്തതിന്റെ അവസാനത്തില്‍ തീവ്രമായി പരിശ്രമിച്ചിരുന്നു. ആരംഭശൂരത്വം കാണിക്കുന്ന അശ്രദ്ധരായ ധാരാളം പേരെ കാണാം. മാസാവസാനമാവുമ്പോഴേക്കും അങ്ങാടികളിലും മറ്റുമായി അശ്രദ്ധയിലുമായിരിക്കും. അവര്‍ റമളാനിന്റെ അവസാനം നന്നാക്കുന്നില്ല. ഒരു പക്ഷെ നിര്‍ണ്ണയരാവിന്റെ അന്നു തന്നെയാവാം അത്തരക്കാര്‍ നിഷിദ്ധമായതിലേക്ക് ദൃഷ്ടി പായിക്കുന്നതും ഹിതകരമല്ലാത്ത വര്‍ത്തമാനങ്ങള്‍ പറയുന്നതും തര്‍ക്കിക്കുന്നതും കുടുംബ ബന്ധം വിച്ഛേദിക്കുന്നതും അയല്‍വാസിയെ ബുദ്ധിമുട്ടിക്കുന്നതുമൊക്കെ. നിര്‍ണ്ണയരാത്രി നന്മ നിഷിദ്ധമാക്കപ്പെട്ടവനല്ലാതെ വിലക്കപ്പെടുകയില്ല എന്ന് റസൂല്‍ (സ) വിശേഷിപ്പിച്ച ദിവസത്തിലെ എത്രയോ നന്‍മകളാണ് അവര്‍ക്ക് പാഴാവുന്നത്.
മാസാവസാനം വിശിഷ്യാ റംസാന്‍ മറ്റു മാസങ്ങള്‍ മൊത്തത്തിലും യാത്രയാക്കുന്നത് മികച്ച ജാഗ്രതയോടെയാവണം. പ്രായശ്ചിത്തം, അല്ലാഹുവിലുള്ള അര്‍പ്പണം, അവന്റെ കല്‍പ്പനകള്‍ സ്വീകരിക്കാനുള്ള മനക്കരുത്ത് വിശാലമാക്കുക, അല്ലാഹുവിലുള്ള ആശ വര്‍ധിപ്പിക്കുക, റസൂല്‍ (സ)യുടെ ചിട്ടകള്‍ ജീവിതാഭരണമാക്കുക, തിരുദര്‍ശനങ്ങള്‍ പിന്‍പറ്റുക. അങ്ങനെയായാല്‍ മാസത്തില്‍ നിന്ന് പുറത്ത് കടക്കുന്നത് ദൃഢമായതും തിരുനബിയുടെ സ്വഭാവത്തോടെയുമായിരിക്കും. അതിന്റെ അടയാളം മാസം പിന്നിട്ടാലും നിന്നില്‍ അവശേഷിക്കും. അതാകട്ടെ സ്വീകര്യതയുടെ ലക്ഷണവുമാണ്. അത് മരണസമയത്ത്, ശുഭകരമായ പര്യവസാനത്തിനുള്ള ഒരുക്കമാണ്.
‘’ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു.’ (ഇബ്രാഹീം 26)
ശുഭപര്യവസാനത്തിന് സഹായിക്കുന്ന മര്യാദകള്‍
ശുഭപര്യവസാനത്തിന് മര്യാദകള്‍ മതം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് രോഗി സന്ദര്‍ശനം. മരണാസന്നമായ രോഗിയാണെങ്കില്‍ അവരില്‍ അല്ലാഹുവിലുള്ള ശുഭപ്രതീക്ഷ നല്‍കുക. ആത്മാവ് പിരിയുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ അവരുടെ സന്നിധിയില്‍ യാസീന്‍ ഓതുക, തല്‍ഖീന്‍ ചൊല്ലിക്കൊടുക്കുക എന്നിവ ചെയ്യണം. നിര്‍ബന്ധിച്ചു കലിമ ചൊല്ലിക്കരുത്. ചൊല്ലൂ എന്ന വാക്കും ഉപയോഗിക്കാതിരിക്കുക; രോഗി അത് നിരസിക്കുകയും അങ്ങനെ അവസാനിക്കുകയും (മരിക്കുകയും) ചെയ്യുന്നത് ഒഴിവാക്കാനാണിത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന് രോഗി ചൊല്ലുന്നത് കേള്‍ക്കുകയോ സൂചന ലഭിക്കുകയോ ചെയ്താല്‍ നിര്‍ത്തുക; രോഗി മറ്റു വര്‍ത്തമാനങ്ങളൊന്നും പറഞ്ഞില്ലെങ്കില്‍.
മരണാസന്നരുള്ള വീട്ടില്‍ നിഷിദ്ധമായ ഫോട്ടോകളോ, തലതുറന്നിട്ട സ്ത്രീകളോ ഉണ്ടാവരുത്. അവയുടെ സാന്നിദ്ധ്യം കരുണയുടെ മാലാഖമാരുടെ ആഗമനത്തിന് തടസ്സങ്ങളാണ്. അതാവട്ടെ ശുഭാന്ത്യത്തെ പ്രതികൂലമായിബാധിച്ചേക്കാനും സാധ്യതയേറെ.
ജീവിതാവസാനം ശുഭകരമായി പര്യവസാനിക്കുന്നത് തടയാന്‍ സാത്താന്‍ പ്രത്യക്ഷപ്പെട്ടേക്കും. രോഗിക്ക് ചിരപരിചിതനായ നേരത്തെ മരിച്ചയാളുടെ രൂപം പ്രാപിച്ച് സാത്താന്‍ ഗുണകാംക്ഷ നടിച്ച് പറയും: ‘ഞാന്‍ നിനക്ക് മുമ്പ് മരിച്ചയാളാണല്ലൊ. മികച്ച മതം ക്രിസ്ത്യാനിസമോ യഹൂദമതമോ ആണ്. നീയും അതിലല്ലെ!’ ഇതിന് അയാളുടെ ആത്മാവ് അതെ എന്ന് ഉത്തരം നല്‍കുകയും ചെയ്താല്‍ മരണം മാര്‍ഗ്ഗഭ്രംശത്തിലായി. അല്ലാഹുവിലഭയം. മോശകരമായ അത്തരം അവസ്ഥകളില്‍ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
പാപങ്ങളോടുള്ള ആഭിമുഖ്യവും മോശമായ അന്ത്യവും
പാപങ്ങളോടുള്ള അടുപ്പവും മോശമായ അന്ത്യത്തിന് കാരണമാവും. കര്‍മ്മങ്ങളുടെ അനന്തര ഫലമാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. ജീവിത കാലത്ത് തെറ്റുകുറ്റങ്ങളെ നിസ്സാരമായി കാണുന്നത് മോശമായ ജീവിതാന്ത്യത്തിന് കാരണമാവും, മരണസമയത്ത് ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലാന്‍ കഴിയാതിരിക്കുകയും മറ്റു സംസാരങ്ങള്‍ നടത്തുകയും ചെയ്യുന്നവരോട് ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നുവെത്രെ: ഈ അവസ്ഥക്ക് കാരണം നിഷിദ്ധമായവ കാണുന്നത് കൊണ്ടായിരുന്നു. അതില്‍ ഖേദം ഉണ്ടായിരുന്നില്ല. അതായിരുന്നു അവര്‍ക്കും ലാഇലാഹ ഇല്ലല്ലാഹ്ക്കുമിടയിലെ മറ.
മരണസമയത്ത് മുസ്‌ലിം കലിമ ചൊല്ലണെമന്ന് നിര്‍ബന്ധമൊന്നുമില്ല. കലിമയിലുള്ള വിശ്വാസം മതിയാകും. എങ്കിലും വിശ്വാസത്തോടൊപ്പം അവസാന മൊഴി കലിമയാണെങ്കില്‍ അവന്റെ ജീവിതതാള്‍ അടക്കുന്നത് ആ കലിമയോടെയായിരിക്കുമല്ലൊ. അത് ഭാഗ്യമാണ്. വിചാരണയില്ലാതെ സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുമെന്നാണല്ലൊ പ്രവാചകാധ്യാപനം. ലാഇലാഹ ഇല്ലല്ലാഹ് എന്ന് അവസാന വാക്കായാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുവെന്ന് ഹദീസിലുണ്ട്. അതായത് മുന്‍ഗാമികളുടെ കൂടെ സ്വര്‍ഗ്ഗവാസം ലഭിക്കുമെന്ന്്. ഈ പ്രത്യേകത ആയുസിന്റെ അവസാനം കലിമകൊണ്ട് അവസാനിച്ചവര്‍ക്കാണ്. അതിനാല്‍ നാം കലിമയെ തൊട്ട് അശ്രദ്ധരാവാതിരിക്കുകയും ജീവിതത്തിലുടനീളം ആ വചനസാക്ഷ്യം വര്‍ദ്ധിപ്പിക്കുയും ചെയ്യുക. അത്യുന്നതനായ അല്ലാഹുവിനെ മനസ്സിലാക്കുവാനും യഥാര്‍ത്ഥ ഏകത്വത്തിലേക്ക് എത്തിച്ചേരുവാനും അതുപകരിക്കും. അത്രയേറെ ശ്രേഷ്ടമായ വചനമാണത്. മനസ്സറിഞ്ഞ് ചൊല്ലിയാല്‍ ഹൃത്തടം ഫലവും പ്രകാശവും കൊണ്ട് പൂത്തുലയും.
‘ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു,ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു യുഹ്‌യീ വ യുമീതു വഹുവ ഹയ്യുന്‍ ലാ യമൂതു, ബി യദിയിഹില്‍ ഖൈര്‍ വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍’ എന്ന് ഞാനും മുന്‍കഴിഞ്ഞ പ്രവാചകന്‍മാരും ചൊല്ലിയ മഹത്തായ ദിക്‌റാണ് എന്ന് ഹദിസിലുണ്ട്. അങ്ങാടിയില്‍ ആ ദിക്‌റ് ശബ്ദമുയര്‍ത്തി ചൊല്ലണം. മേല്‍ ദിക്‌റ് അങ്ങാടില്‍ പ്രവേശിക്കുമ്പോള്‍ ഉരുവിട്ടാല്‍ ആയിരമായിരം നന്‍മകള്‍ അല്ലാഹു അവന് രേഖപ്പെടുത്തും. ആയിരമായിരം തിന്‍മകള്‍ മായ്ച്ചുകളയും. ആയിരമായിരം പദവികള്‍ ഉയര്‍ത്തും എന്ന് ഹദീസിലുണ്ട്. അതിനാല്‍ ദീന്‍ നല്‍കുന്ന ഈ നിധിയെ, ലാഭത്തെ മനസ്സിലാക്കി പ്രവര്‍ത്തിക്കുക.അതില്‍ മുഴുകുക.ജീവിതാവസാനത്തില്‍ അത് ഉപകരിക്കും.
ഭ്രാന്ത് പോലെ മനസ്സിന്റെ താളം തെറ്റിയവരെ നോക്കൂ, അവര്‍ക്ക് ഇത്തരമൊരവസ്ഥ വരുന്നതിന് മുമ്പ് അവര്‍ ഏതവസ്ഥയിലായിരുന്നുവോ അത് ഭ്രാന്തിന്റെ ശേഷവും ആവര്‍ത്തിച്ച് ചെയ്യാറുണ്ടല്ലൊ. അതിനു സമാനമാണ് മരണസമയത്തെ അവസ്ഥയുമെന്ന് മനസ്സിലാക്കുക. മുമ്പ് എന്തിലായിരുന്നോ നാം മുഴുകിയിരുന്നത് അതിലേക്ക് വലിച്ചിഴക്കപ്പെടാന്‍ സാധ്യത ഏറെയാണ്. വാഹന കമ്പം ഉണ്ടായിരുന്ന ആള്‍ക്ക് ഭ്രാന്ത് വന്നാലും അയാള്‍ വാഹനങ്ങളെ ശ്രദ്ധിക്കുകയും അവ ഓടിച്ചുപോകുന്നതായി ഗോഷ്ടികാണിക്കുന്നതും കണ്ടിട്ടില്ലെ. നിസ്‌കാരം,മറ്റു സത്കര്‍മ്മങ്ങള്‍ എന്നിവകൊണ്ട് വ്യാപൃതരായിരുന്നവര്‍ അവര്‍ക്ക് ഭ്രാന്തുവന്നാലും ആ സല്‍കര്‍മ്മങ്ങള്‍ ചെയ്യുമല്ലൊ.അതുപോലെയാണ് നിന്റെ മരണഘട്ടത്തിലെ അവസ്ഥയും. എന്തിലായിരുന്നോ നിന്റെ മനസ്സ്‌കൊടുത്തിരുന്നത് അത് മരണസമയത്ത് ഓര്‍ക്കുകയും അത്തരമൊരവസ്ഥയിലൂടെ കടന്നുപോവുകയും ചെയ്യും.
ഓരോ മാസത്തിന്റെയും കര്‍മ്മങ്ങളുടേയും അന്ത്യം മികച്ചതാക്കാന്‍ ശ്രദ്ധപുലര്‍ത്തുക.അത് നിന്നെ ഉള്‍ നാട്യത്തിന്റെ ദൂഷ്യങ്ങളില്‍ നിന്ന് രക്ഷിക്കും. ഏതിലായിരിക്കെയാണ് അന്ത്യമെന്ന് നമുക്ക് അജ്ഞാതമാണ്.അല്ലാഹുവിന്റെ കല്‍പനകളെ മാനിക്കല്‍ ശുഭകരമായ മരണത്തിന് സഹായിക്കുന്ന പ്രധാനകാര്യമാണ്. അതേ സമയം, ജനങ്ങളെ പ്രയാസപ്പെടുത്തല്‍, അവരോടുള്ള കടപ്പാടുകളില്‍ അലംഭാവം കാണിക്കല്‍ എന്നിവ മോശമായ മരണത്തിന് കാരണമായേക്കും. തനിക്കില്ലാത്ത യോഗ്യത, വിശിഷ്യാ ദീനീവ്യുല്‍പത്തിയും ആത്മീയതയും ഉണ്ടെന്ന് വാദിക്കുന്നത് അപമൃത്യുവിന്റെ കാരണങ്ങളില്‍ ഗൗരവമേറിയതാണ്.
സത്യവിശ്വാസി, നീ നിന്റെ ആയുസ്സ് കൊണ്ട് ഫലപ്രാപ്തിയുള്ളവാനവുക. സാത്താന്റെ ദുര്‍മന്ത്രങ്ങളെ സൂക്ഷിക്കുക.സാത്താന്‍ ഉള്‍നാട്യവും ശുഭകരമായ മരണത്തെ കുറിച്ച് അശ്രദ്ധയും കൊണ്ടുവന്ന് ചതിക്കും. മരണകാര്യം നമുക്ക് മുമ്പില്‍ മറക്കപ്പെട്ടതാണല്ലൊ.അല്ലാഹുവിലേക്ക് അടക്കത്തോടെയുള്ള പാദമൂന്നുക. അല്ലാഹുവോട് ഭയഭക്തിയിലാവുക.അവനെ കണ്ട്മുട്ടുന്നതോടെ , നാം നിര്‍ഭയരാവും. അവന്‍ നമ്മെ തൃപ്തിപ്പെടും. ആ പ്രീതിക്ക് ശേഷമാവട്ടെ വെറുപ്പില്ല!
അല്ലാഹുവേ, നിന്റെ ഇഷ്ടം ലഭിക്കാനായി ഞങ്ങള്‍ക്ക് സൗഭാഗ്യംതരികയും ഞങ്ങള്‍ക്ക് ശുഭപര്യവസാനം നല്‍കുകയും ചെയ്യേണമേ. ഞങ്ങളുടെ സര്‍വ്വകാര്യങ്ങളുടേയും മടക്കവും ഒടുക്കവും നീ ശുഭകരമാക്കി തരികയും ഇഹലോകത്തിലെ നിന്ദ്യതയില്‍ നിന്നും പരലോകത്തിലെ ശിക്ഷയില്‍ നിന്നും രക്ഷിക്കുകയും ചെയ്യണമേ…
വിവ: ഫഹദ് സലീം