എല്ല് വിണ്ടുകീറുന്ന ചൂടിലും
മാംസം ഒട്ടിപ്പോകുന്ന തണുപ്പിലും
പുര ഒലിച്ചുപോയി ചെങ്കല്ലു കഷ്ണങ്ങളായ്
തീരങ്ങളിലേക്ക് പാർക്കാൻ പോകുന്ന മഴക്കാലത്തും
അതിൽ കൂടുതലൊന്നും സംസാരിക്കാറില്ല.
നരച്ചുവറ്റിയ ഒരു ചപ്പാത്തിയുടെ അരികുകളിൽ
ചെമ്പനാടിൻ്റെ വീണുകിടക്കുന്ന രോമങ്ങൾ പോലെയാണ്
ഞങ്ങൾ താമസിക്കുന്നത്
ചുട്ടെടുക്കുന്നതിനിടയിൽ കരിഞ്ഞുപോയ
ചെറിയ കുറ്റിക്കാടുകൾക്കിടയിൽ
മറഞ്ഞുനിന്നാണ് പ്രേമിക്കുന്നതും ഉമ്മവെക്കുന്നതും
അധികം കറുക്കുന്നതിന് മുമ്പ്
ആരെങ്കിലും കണ്ടുപിടിച്ച് മറിച്ചിട്ടില്ലെങ്കിൽ
ഊരുവിലക്കെന്നോ കല്ലെറിഞ്ഞു കൊല്ലുമെന്നോ
തീരുമാനിച്ച് കിടന്നുറങ്ങിയാൽ മതി
കെട്ടിയിട്ട് അടിച്ചു കൊല്ലുമ്പോൾ
വായിലൊരു ചപ്പാത്തിക്കഷ്ണം
കടിച്ചുപിടിക്കുന്നതിൻ്റെ സുഖം എങ്ങനെയിരിക്കും
എന്നു പറഞ്ഞതിൻ്റെ തലേന്നാണ്
ചാച്ചയെ വായിൽ വെടിതിരുകി കൊന്നുകളഞ്ഞത്,
അതുകഴിഞ്ഞതിൻ്റെ രണ്ടാം നാൾ
ഒരു മുഴുവൻ ചപ്പാത്തിയെടുത്ത്
മണ്ണ് കുഴിച്ച്
ചാച്ചയുടെ തലയോട്ടിലേക്ക് കുത്തിക്കേറ്റി
മരിച്ചുകിടക്കുമ്പോൾ പോലും
വായിൽ ഒരു ചപ്പാത്തിക്കഷ്ണം
വെറുതെ കിടക്കുന്നുണ്ടെങ്കിൽ
നിങ്ങൾ പണക്കാരാണ്.
മരിച്ചവൻ്റെ തോർത്തുകൾ പോലെ
മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന പൂവുകൾക്കു പകരം
ചപ്പാത്തികൾ ഞാത്തി വെച്ചിരുന്നെങ്കിൽ
എന്നാലോചിക്കാതിരുന്നില്ല
ചാച്ചയുടെ നാടുവിട്ടു പോയ അനിയൻ
അങ്ങനെയായിരുന്നില്ല ചപ്പാത്തിയെ നോക്കി പറയുക
-വിശപ്പിൻ്റെ എക്സ് റേ
എക്സ്റേ ഞങ്ങൾ കണ്ടിട്ടുണ്ട്.
ചപ്പാത്തി ഉണ്ടാക്കാനാവുന്ന ദിവസങ്ങളിൽ
അവർക്കും പൗരത്വമുണ്ട് വീട്ടിൽ
എല്ലാ വർത്താനങ്ങളും മലർന്നു കിടന്ന്
അവര് കേൾക്കും
മുറിച്ചെടുക്കുന്നവരെ കണ്ണ് തുറന്നുവെക്കും
തമ്മിലൊരാളെ തവണകളായ്
കഷ്ണിച്ച് തിന്നുന്നതു പോലെ തോന്നും
മുറിയോളം വലിപ്പത്തിൽ ഒരു ചപ്പാത്തിയുണ്ടാക്കി
അതിൽ പുതച്ചുമൂടി കിടന്നുറങ്ങുന്നത്
ഇന്നലെ സ്വപ്നം കണ്ടു
ഉണ്ടായിരുന്ന ജോലിപോയി
തിരികെ നാട്ടിലേക്കുള്ള
വലിഞ്ഞു നടത്തത്തിലായിരുന്നു
ഉറക്കത്തിനിടയിലെപ്പൊഴോ
ഒരു ചരക്കുവണ്ടി കടന്നുപോയപ്പോൾ
നാളേക്ക് കഴിക്കാനായ് മാറ്റിവെച്ച
ചപ്പാത്തിയുടെ അടുത്ത്
തലച്ചോറിൻ്റെ വലിപ്പത്തിൽ
നരച്ച് നാറുന്ന ഒരു ചപ്പാത്തി.


