ഏറ്റവും പ്രാചീനമായ സാഹിത്യം സഞ്ചാര സാഹിത്യമായിരിക്കും. മനുഷ്യസഞ്ചാരത്തിന്റെ വേരുകളില്‍ നിന്നാണ് ആ സാഹിത്യം രൂപപ്പെട്ടത്. സഞ്ചാരത്തിലൂടെ മനുഷ്യന്‍ ആര്‍ജജിച്ചെടുത്തത് എന്തെന്നാല്‍ മനുഷ്യ പ്രകൃതിയും ലോകവും വിശാലമാണെന്നും സംസ്‌കാരം ബഹുലമാണെന്നുമുള്ള തിരിച്ചറിവാണ്. ഖുര്‍ആന്‍ സഞ്ചാരത്തെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നത് ഇത് കൊണ്ടൊക്കെയാണ്. ഏറ്റവും ചുരുങ്ങിയത് മനുഷ്യന്റെ താന്‍പോരിമയും പൊങ്ങച്ചവും ഇല്ലാതാക്കാനെങ്കിലും സഞ്ചാരത്തിന് കഴിയും.
സഞ്ചാരസാഹിത്യത്തില്‍ പ്രധാനമായും മൂന്ന് പ്രതലങ്ങളുണ്ട്. ഒന്ന് എഴുത്തുകാരുടെ ആത്മകഥാംശമാണ്. രണ്ട് പുതിയ പ്രകൃതി പ്രതിഭാസങ്ങളുടെയും സ്ഥല കാലങ്ങളുടെയും പ്രകാശനമാണ്. മൂന്ന് ചരിത്രത്തിലേക്ക് അവ തുറക്കുന്ന വാതായനമാണ്(1). മലയാള ഭാഷയിലെ സഞ്ചാരസാഹിത്യം ഉത്ഭവിക്കുന്നത് തോമ കത്തനാരുടെ (1728-1786) വര്‍ത്തമാന പുസ്തകം അഥവാ റോമാ ചരിത്രം ആണ് എന്ന വാദത്തിന് അത്ര കെട്ടുറപ്പില്ല. എന്തുതന്നെയായാലും അതിനെ അനുകരിച്ചായിരുന്നില്ല പില്‍ക്കാല സഞ്ചാര സാഹിത്യകൃതികള്‍.
മലയാളത്തിലെ വര്‍ത്തമാന പുസ്തകത്തിന് ശേഷമുണ്ടായ യാത്രാ സാഹിത്യകൃതികള്‍ ഭൂരിഭാഗവും തീര്‍ത്ഥയാത്ര സാഹിത്യങ്ങളായിരുന്നു. അതിന് ഉദാഹരണങ്ങള്‍ അനവധി ഉണ്ടെങ്കിലും, അറബി മലയാളത്തിലുള്ള പി.ടിയുടെ ഹജ്ജ് കാവ്യത്തിന്റെ ഒരു കോണിലൂടെയുള്ള ആസ്വാദനമാണ് ഈ ലേഖനത്തിന്റെ വിഷയം എന്നതിനാല്‍ ഒന്നും പറയുന്നില്ല. വിഷയത്തിലേക്ക് കടക്കും മുമ്പ് അറബി മലയാളത്തിലെ യാത്രാസാഹിത്യത്തെ ചെറുതായി പരാമര്‍ശിക്കാം.
അറബി മലയാളത്തിലെ യാത്രാ
സാഹിത്യ സ്വരൂപം
അറബി മലയാളത്തിന്റെ ഉല്‍പന്നമായ മാപ്പിളപ്പാട്ടുകള്‍ ബഹുല വ്യവഹാരങ്ങളാല്‍ സമ്പുഷ്ടമായ സാഹിത്യ ശാഖയാണ്. ഗദ്യ പദ്യങ്ങളിലായി ശാസ്ത്ര കാവ്യ മേഖലകള്‍ കൈകാര്യം ചെയ്ത നാലു നൂറ്റാണ്ടിന്റെ പാരമ്പര്യം ആ ഭാഷക്കുണ്ട്. അതിന് പുറമേ അറബി ഭാഷയില്‍ തന്നെ മലയാളികള്‍ക്ക് വിപുലമായ ഗ്രന്ഥശേഖരമുണ്ട്.
അറബി മലയാളത്തില്‍ കാവ്യരൂപത്തിലുള്ള യാത്രാവിവരണങ്ങള്‍ കുറവാണ്. പലതും കേളിപ്പെടാതെ വിസ്മൃതമായതാകാം(2). ആ ഭാഷയിലുമുള്ള സഞ്ചാര കൃതികളില്‍ മുഖ്യമായൊരിനം തീര്‍ത്ഥയാത്രാസാഹിത്യമാണ്. മക്കയിലേക്കുള്ള യാത്ര വിവരണമാണ് അതില്‍ കൂടുതലും. ഗദ്യത്തിലെഴുതപ്പെട്ട ഒരു കൃതിയാണ് 1946ല്‍ പി മൊയ്തു ഹാജി നടത്തിയ ഹജ്ജ് യാത്രയുടെ വിവരണമായ ഞാന്‍ കണ്ട അറേബ്യ. ഈ ഇനത്തില്‍ ആധുനിക ഹജ്ജ് യാത്രാ കൃതികളില്‍ ആദ്യത്തേത് ഇതാണ്. എന്‍ മരക്കാര്‍ രചിച്ച ഹജ്ജ് യാത്ര (1959), മുഹമ്മദ് നൂറുദ്ദീന്‍ രചിച്ച മക്ക, മദീന, മസ്ജിദുല്‍ അഖ്‌സ, സി എച്ച് മുഹമ്മദ് കോയയുടെ എന്റെ ഹജ്ജ് യാത്ര (1950), ടി പി കുട്ടിയമ്മു ഹാജിയുടെ ഹജ്ജ് യാത്രയിലെ സാമൂഹിക ചിന്തകള്‍(1971) തുടങ്ങിയവ ഈ ഗണത്തില്‍ എടുത്തുപറയത്തക്കതാണ്.
പി ടി ബീരാന്‍ കുട്ടി മൗലവിയുടെ ഹജ്ജ് പാട്ട്
മലബാറില്‍ പ്രചാരത്തിലുള്ള ഒരു പദമാണ് സര്‍ക്കീട്ടടിക്കുക എന്നത്. ഉല്ലസിച്ച് ചുറ്റിയടിക്കുക എന്നാണ് അര്‍ത്ഥം. മാപ്പിളപ്പാട്ടിലെ സഞ്ചാര കൃതികള്‍ക്ക് സര്‍ക്കീട്ട് പാട്ടുകള്‍ എന്നാണ് പറയപ്പെടുന്നത്. ഇത്തരം കൃതികള്‍ മാപ്പിളപ്പാട്ടില്‍ കുറവാണ്. ചെറിയ യാത്രകള്‍ പോലും പ്രയാസകരമായിരുന്ന ആ കാലത്ത് അത് കുറഞ്ഞതില്‍ അത്ഭുമൊന്നുമില്ലതാനും. ഉള്ളില്‍ കവിതയുള്ളവര്‍ അത്തരം യാത്രകള്‍ യാത്രാപാട്ട് രൂപത്തില്‍ എഴുതുകയുണ്ടായി. കത്തുപാട്ടിന്റെയും യാത്രാവിവരണങ്ങളുടെയും വിശേഷണങ്ങള്‍ ഒന്നിച്ചവയായിരുന്നു അവ.
അനവധി സര്‍ക്കീട്ട് പാട്ടുകളില്‍ പുലിക്കോട്ടില്‍ ഹൈദറിന്റെത് ഏറെ ജനകീയമാണ്. ബാലകൃഷ്ണന്‍ വള്ളിക്കുന്ന് നിരീക്ഷിക്കുന്നുണ്ട്; കവിതാളന്മാരെ എന്നപോലെ സാധാരണക്കാരെയും രസിപ്പിച്ചത് ഈ സാഹസികതയുടെ അനുഭവ തലങ്ങളായിരുന്നിരിക്കണം. യാത്രാവിവരണങ്ങളേക്കാള്‍ അവയില്‍ ഏറെയും നിറഞ്ഞുനിന്നിരുന്നത് മദനലീലാവിലാസങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്. അത് കൊണ്ട് ഇത്തരം സര്‍ക്കീട്ട് പാട്ടുകള്‍ക്ക് ഗഹനമായ അര്‍ത്ഥതലങ്ങളും പരികല്‍പനകളും ഗംഭീരമായ ഘടനാശൈലികളും ആവശ്യമില്ലായിരുന്നു. വെണ്മണികവികളുടെ ശൃംഖാരലോലുപതയുടെ അറബി മലയാളപ്പതിപ്പായിരുന്നു ഇവയിലേറെയും. ലളിതവും സുഗ്രഹവുമായിരുന്നു അവയുടെ ശൈലി. അത്‌കൊണ്ട് ജനകീയമായൊരു കാവ്യതലം ഉണ്ടാക്കാന്‍ അവക്ക് കഴിഞ്ഞു എന്നത് നിസ്തര്‍ക്കം. മാപ്പിളപ്പാട്ടുകളിലെ ബഹുസ്വരതയുടെ ഒരു പ്രതിഫലനമെന്ന നിലയില്‍ ഈ സര്‍ക്കീട്ട് പാട്ടുകള്‍ പഠനാര്‍ഹമാണ്(3).
ഈയൊരു രീതിയിലുള്ള പഠനമല്ല ഈ ആര്‍ട്ടിക്കിളിന്റെ ഉദ്ദേശ്യം. മറിച്ച് കാവ്യത്തില്‍ പ്രകടമാവുന്ന അന്നത്തെ യാത്രാ സാഹചര്യങ്ങളുടെയും അനുബന്ധ കാര്യങ്ങളുടെയും വിശകലനമാണ്. പി ടിയുടെ പാട്ടിലെ പലവരികളില്‍ നിന്നും അക്കാലത്ത് ഹജ്ജിന് പോകുന്നതിന്റെ ക്ലേശങ്ങളും മറ്റും മനസ്സിലാക്കാന്‍ സാധിക്കും. ഈ കാവ്യം ഭക്തിപ്രധാനമാണെങ്കിലും നര്‍മ്മരസവും ഇടക്കിടെ കടന്നുവരുന്നുണ്ട്. സാമൂഹ്യവിമര്‍ശനം, ചരിത്രവിവരണം തുടങ്ങീ ഒരു യാത്രാസാഹിത്യത്തിന്റെ എല്ലാവിശേഷണങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു.
പി ടിയുടെ യാത്രയെ കുറിച്ച് അറിഞ്ഞ പുലിക്കോട്ടില്‍ ഹൈദര്‍ പരിഭവമായി എഴുതിയ കത്തുപാട്ടിന്റെ മറുപടിയായാണ് ഇത് രചിക്കപ്പെടുന്നത്. യാദൃശ്ചികമായാണ് പി ടിക്ക് ഹജ്ജ് യാത്രക്കുള്ള അവസരം ലഭിച്ചത്. ഉറ്റ സുഹൃത്തും നാട്ടു പ്രമാണിയുമായ വി പി മുഹമ്മദ് ഹാജി എന്ന ചെറിയാപ്പു ഹാജിയെ യാത്രയയക്കാന്‍ ബോംബെ വരെ പോകാന്‍ ഇറങ്ങിയ ആളാണ് പിന്നീട് മക്കത്തെത്തി ഹജ്ജ് ചെയ്ത് തിരിച്ചെത്തിയത്. ഈ കാര്യം ആണ് പുലിക്കോട്ടില്‍ തന്റെ കവിതയിലൂടെ പറഞ്ഞത്. അതിന് മറുപടിയായി എഴുതിയ ഈ കവിതയില്‍ യാത്രക്കിടെ അവര്‍ നേരിട്ട പ്രയാസങ്ങളും അനുഭവങ്ങളും അദ്ധേഹം വ്യക്തമായി കോറിയിട്ടു.
മൗലവിയുടെ ഹജ്ജ് യാത്ര
മരണത്തിന് ഒരു വര്‍ഷം മുമ്പ് 1956ല്‍ യാദൃശ്ചികമായിട്ടാണ് പി.ടിക്ക് ഹജ്ജ് യാത്രക്കുള്ള അവസരം കിട്ടിയത്. നാട്ടുകാരനും ഉറ്റസുഹൃത്തുമായ വി പി ചെറിയാപ്പുഹാജിയും സംഘവും ഹജ്ജിന് പോകാനായി പുറപ്പെട്ടപ്പോള്‍ അവരെ യാത്രയയക്കാനായി അനുഗമിച്ചതായിരുന്നു പി.ടി. നാട്ടില്‍ ആകസ്മികമായുണ്ടായ ഒരു മരണത്തെ തുടര്‍ന്ന് സംഘാംഗങ്ങളില്‍ ഒരാള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ആ ഒഴിവില്‍ പി.ടി യെ സംഘത്തില്‍ ഉള്‍പ്പെടുത്തുവാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. പില്‍ക്കാലത്ത് കേരളത്തില്‍ മന്ത്രിയായിരുന്ന യു. എ. ബീരാന്‍ അക്കാലത്ത് അവിടെ ഉണ്ടായിരുന്നു. പി. ടിക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കാന്‍ സി. എച്ച് സാഹിബ് ഒരു കത്ത് നല്‍കുകയുണ്ടായി. ബോംബൈ കേരളാ മുസ്്‌ലിം ജമാഅത്ത് പരിസരത്ത് പി. ടി മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ പാട്ടുകള്‍ പാടിപ്പറഞ്ഞ് ഹജ്ജിന് പോകാനുള്ള പണം സ്വരൂപിച്ചു.
ഇവിടെയാണ് ഈ ലേഖനത്തിന്റെ തന്തു രൂപപ്പെടുന്നത്. ശാരീരികമായും സാമ്പത്തികമായും യാത്രാസൗകര്യങ്ങളാലും സാധ്യമായവര്‍ക്ക് മാത്രം നിര്‍ബന്ധമായ ഒരു കര്‍മ്മം ഇത്രയും ബുദ്ധിമുട്ടി പ്രയാസങ്ങള്‍ സഹിച്ച് ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചത് എന്താണ്? കാവ്യത്തിലെ ഒരൂ ഭാഗത്ത്് പി.ടി കപ്പല്‍ യാത്രയുടെ പ്രയാസങ്ങള്‍ കോറിയിട്ടതിങ്ങനെയാണ് :
കൂട്ടീ എല്ലാരും കൂടിപ്പിടിച്ചതില്‍
പി. ടീ എന്തനില്‍ അല്ലാഹുവിന്‍ വിധി
കൊണ്ട് സഊദിയെണ്ടെ പുത്തനാം
കപ്പലില്‍ ചിപ്പമില്‍ ഒപ്പരമില്‍
പുറപ്പാടിനും കുറിത്തെ
റബ്ബില്‍ സ്തുതി പാടുന്നു പെരുത്തെ
കൂട്ടം ചേര്‍ന്നതായി നാലാം തി ജൂണതില്‍
കേറ്റം കപ്പലില്‍ ബിസ്മില്ലാ യെന്നാദി
കൂടി ഹാജിമാര്‍ പാടി രണ്ടത്് മുട്ടുമ്പള്‍ ബിട്ടിരുമ്പിട്ടതും പെട്ടനെ
പൊന്തിച്ച് പുലുകി നടന്നിമ്പ
ചന്തമില്‍ കുലുകി
നോട്ടം പശ്ചിമ തീരം മഴകളാല്‍
നേട്ടം ചെയ്തിടും കാററും കോളും കുറേ
നൊന്തും കപ്പലിന്‍ ഉന്തും രംഗമേ
ചിത്രമതത്രയും മിത്രരെ പത്രമില്‍-
വര്‍ണ്ണിക്കില്‍ കുടുങ്ങും
വിധം ശബ്ദം കര്‍ണ്ണത്തില്‍ മുഴങ്ങും
ആട്ടം കൂടിയ നേരം ചിലര്‍ക്കെല്ലാം
തേട്ടി ഛര്‍ദ്ദിയും കണ്ണും കരള്‍ തുടി-
ച്ചുമ്പി കട്ടുമ്മല്‍ തുമ്പിക്കൊണ്ടവരേ-
ക്കാണും ഊക്കായെ ഓക്കാനമില്‍ കാനാ ഹോനാ എന്നും കേട്ട്
ഛര്‍ദ്ദിക്കുന്നോര്‍ക്കാണ് ഏറെ മുട്ട്
ഏറെ കഞ്ഞിയും ചോറും ചായയില്ലാ-
താറി പറ്റനെ ദേഹം തളര്‍ന്നോരും
എല്ലാം കിട്ടിയാല്‍ കുല്ലും തട്ടി ചുമക്കുന്നെ
മക്കള്‍ മരക്കലമില്‍ കുറെ
കൂടുന്നു സുഖിത്ത്് ഒരുദിനം ഏഡനില്‍ അടുത്ത്്.
കപ്പലില്‍ നല്ല ഭക്ഷണമോ സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും സുഖിച്ച് യാത്ര ചെയ്തു എന്നാണ് കവി പറഞ്ഞത്.
നിരീക്ഷണം
ഇതിനുള്ള അടിസ്ഥാന കാരണം വിശ്വാസമായിരുന്നു. വിശ്വാസിയുടെ ഹൃദയം എപ്പോഴും മക്കാ മദീന തുടങ്ങിയ പുണ്യസ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ കൊതിച്ച് കൊണ്ടേയിരിക്കും. ഹദീസിലും അങ്ങനെത്തന്നെയാണല്ലോ വന്നത്. ഇവരുടെ വിശ്വാസം ഇത്രത്തോളം യുവത്വത്തോടെയും പ്രസരിപ്പോടെയും നില്‍ക്കാനുള്ള പ്രധാന കാരണമായിരുന്നു പോയകാലത്ത് നാട്ടില്‍ ജനകീയമായി നടന്നിരുന്ന ഭക്തിസാന്ദ്രമായ വഅളുകള്‍. വഅളുകളുടെ സ്വഭാവം അവ സാത്വികരായ ഉലമാഇന്റെ ഹൃദയങ്ങളില്‍ നിന്ന് നിഷ്‌കളങ്കരായ സാധാരണക്കാരുടെ ഹൃത്തടങ്ങളിലേക്കുള്ള ദൈവികമായ പ്രവാഹമാണ് എന്നതാണ്. അത് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ നിര്‍ണ്ണയിച്ചു. അതിനാല്‍ അതിലൂടെ ലഭിക്കുന്ന ജ്ഞാനത്തിന്റെ അപൂര്‍വ്വങ്ങളായ മുത്തുകള്‍ അവര്‍ സ്വജീവിതത്തില്‍ പകര്‍ത്തി. അത് അവരെ ആത്മീയമായ ഒരു ഔന്നിത്യത്തിലേക്ക് എത്തിച്ചു. അതിനാലാണ് അവര്‍ക്ക്് തിരുദൂതരോടും അവിടുത്തെ നാടിനോടും അങ്ങേയറ്റത്തെ പ്രണയമുണ്ടാവുകയും അത് കാണണമെന്ന് ശക്തമായി കൊതിയുണ്ടാവുകയും ചെയ്തത്.
മറ്റൊരു കാരണം ഈനാട്ടിലുണ്ടായിരുന്ന ദര്‍സുകളാണ്. മഖ്ദൂം തുടങ്ങിവെച്ച ആ പാരമ്പര്യത്തെ മാപ്പിളമാര്‍ നെഞ്ചിലായിരുന്നു ഏറ്റുവാങ്ങിയിരുന്നത്. റുഡോള്‍ഫ്് ടി വെയര്‍ തന്റെ വാക്കിംഗ് ഖുര്‍ആന്‍ എന്ന സുപ്രസിദ്ധ ഗ്രന്ഥത്തില്‍ വിശദീകരിച്ചത്് പോലെ ദര്‍സുകളുടെ രീതി പഠിക്കുന്ന കാര്യങ്ങള്‍ അപ്പടി ജീവിതത്തില്‍ പകര്‍ത്തുക എന്നതാണ്. ഖുര്‍ആനിലും ഹദീസിലും അങ്ങനെ പഠിച്ചത് അനുസരിച്ച്് പ്രവര്‍ത്തിക്കുന്നതിനെയാണ് അറിവ് എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്് തങ്ങളുടെ ജീവിത സമവാക്യമാക്കിയ വിശ്രുതരായ ആലിമീങ്ങള്‍ നടത്തുന്ന ദര്‍സുകളോട് വല്ലാതെ അടുപ്പം ഉണ്ടായിരുന്ന മാപ്പിളമാര്‍ക്ക് മതപരമായ കാര്യങ്ങളോട്് പ്രത്യേകമായൊരിഷ്ടം വരികയും അതിനനുസരിച്ച്് അവര്‍ അവരുടെ വ്യക്തി ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്തു.
വളരെ സുപ്രധാനമായി തോന്നുന്ന ഒരു കാരണം പ്രാചീനകാലം മുതലേ മലയാളികള്‍ക്ക് അറബികളുമായിട്ടുണ്ടായിരുന്ന കുടുംബബന്ധം ആണ്. തങ്ങളുടെ പൂര്‍വ്വികരുടെ രാജ്യത്തേക്ക് യാത്ര ചെയ്യുവാന്‍ അവര്‍ അഗാധമായി കൊതിച്ചിരിക്കണം.ഇത് ഹജ്ജ് ചെയ്യാനും അതിന് വേണ്ടി എന്ത്് പ്രയാസങ്ങള്‍ സഹിക്കുവാനും അവരെ പ്രേരിപ്പിച്ചു. അല്ലാഹുവിനോടും അവന്റെ ദൂതരോടും ഉണ്ടായിരുന്ന പ്രണയമാണ് എല്ലാത്തിന്റെയും അന്തഃ സത്ത. എന്ന അടിസ്ഥാനത്തില്‍ നിന്നാണ് ഈ നിരീക്ഷണങ്ങളെല്ലാം പ്രസക്തമാവുന്നത്.
1 ഡോ. ഉമര്‍, തറമേല്‍, അവതാരിക, പി.ടി ബീരാന്‍ കുട്ടി മൗലവിയുടെ ഹജ്ജ് പാട്ട്. P 15
2. ibid. p 19
3 മാപ്പിളപ്പാട്ട് പാഠവും പഠനവും P 59
റഫറന്‍സ്
1 പി.ടി ബീരാന്‍ കുട്ടി മൗലവിയുടെ ഹജ്ജ് യാത്രാ കാവ്യം, മാപ്പിള കലാ അക്കാഡമി.
2 സയ്യിദ് ഹുസൈന്‍ നസ്ര്‍. ഇസ്ലാം: ചരിത്രവും നാഗരികതയും. വിവ: എ. പി കുഞ്ഞാമു. പൈതൃകം പബ്ലിക്കേഷന്‍
3 Rudolf .T. Ware. The Walking Qur-an, The University of North Carolina press.
4. Mohammad Asad, The road to Mecca, the book foundation.
5. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ഡോ.ഉമര്‍ തറമേല്‍, മാപ്പിളപ്പാട്ട് പാഠവും പഠനവും. ഡി.സി ബുക്‌സ്, കോട്ടയം