No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

ഹജ്ജോര്‍മയിലെ ബിതാഖത്തും ഫോര്‍ട്ടീഫോര്‍ വിസയും

ഹജ്ജോര്‍മയിലെ ബിതാഖത്തും ഫോര്‍ട്ടീഫോര്‍ വിസയും
in Memoir
August 14, 2017
ഹൈദ്രൂസ് കുട്ടി സ്വലാത്ത് നഗര്‍

ഹൈദ്രൂസ് കുട്ടി സ്വലാത്ത് നഗര്‍

Share on FacebookShare on TwitterShare on WhatsApp

മണ്ണിനാലുണ്ടാക്കിയ ചുമരില്‍ ഓലയും തടുക്കും മേഞ്ഞുണ്ടാക്കിയ കൂരകള്‍…ചക്കര ചായയും ചക്കരക്കിഴങ്ങും കൂട്ടി നാസ്തയും….കഞ്ഞിയും ചക്കക്കൂട്ടാനും കൂട്ടി ഉച്ച ഭക്ഷണവും… ചോറും പുമ്മുളുവും കൂട്ടി രാത്രി ഭക്ഷണവും കഴിച്ച കാലം….
ഈ വറുതിക്കാലത്തില്‍ നിന്ന് കരകയറാന്‍ വേണ്ടിയാണ് ഞാനും ബാപ്പനുക്കയും സംഘവും സാഹസിക യാത്രക്കൊരുങ്ങുന്നത്. 1975-76 കാലഘട്ടങ്ങളില്‍ മേല്‍മുറിയില്‍ നിന്ന് കുറേപേര്‍ ഹജ്ജിന് യാത്ര തിരിക്കുകയും അവിടെ ജോലി ലഭിക്കുകയും ജീവിതത്തിന് കരപറ്റാന്‍ കഴിയുകയും ചെയ്തുവെന്നതാണ് ഈ യാത്രക്കുള്ള പ്രേരകം. നേര്‍സാക്ഷ്യങ്ങള്‍ മുന്നിലുള്ളപ്പോള്‍ ഇതാണ് തക്ക അവസരമെന്നുറച്ചുകൊണ്ടാണ് 1977ല്‍ ഹജ്ജിന് ലക്ഷ്യം വെച്ച് മലപ്പുറം കലക്ട്രേറ്റില്‍ നിന്നും ഹജ്ജ് അപേക്ഷ ഫോറം വാങ്ങുന്നത്. ആവശ്യ വിവരങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് മൂന്നൂറ് രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് അടച്ച് ഫോറം തിരികെ അയക്കുമ്പോള്‍ യാത്രാ ചിലവിനാവശ്യമായി കാശൊന്നും തന്നെ കരുതിയിരുന്നില്ല. അതിനുള്ള വകയില്ലായിരുന്നു എന്നതുകൊണ്ട് തന്നെ. ഇവിടത്തെ ജീവിതം മെച്ചപ്പെടണമെങ്കില്‍ കടല്‍കടന്നെപറ്റൂ എന്ന നിര്‍ബന്ധബുദ്ധിയും കൂടെയായപ്പോള്‍ ഉപ്പാന്റെ പേരിലുള്ള സ്ഥലം വിറ്റ് കാശാക്കി. കപ്പല്‍ ബുക്ക് ചെയ്യാനുള്ള മൂവ്വായിരം രൂപയും കൈയില്‍ കരുതേണ്ട ആറായിരം രൂപയും(യാത്ര ചെയ്യുമ്പോള്‍ നിശ്ചിത റിയാല്‍ കൈവശമുണ്ടാകണമെന്നുണ്ടായിരുന്നു) മൊത്തം ഒമ്പതിനായിരം രൂപ. അന്ന് റിയാലിന് ഇന്ത്യന്‍ കറന്‍സിയുടെ രണ്ടര രൂപയുടെ മൂല്യമാണുണ്ടായിരുന്നത്. കുറച്ചുദിവസങ്ങള്‍ക്കുശേഷം പോസ്റ്റ്മാന്‍ കമ്പിയുമായി വീട്ടിലെത്തി. അടങ്ങാത്ത പ്രതീക്ഷയോടെയായിരുന്നു ആ കമ്പി സ്വീകരിക്കുന്നതും തുറന്നുനോക്കുന്നതും. സൗദി ഗവണ്‍മെന്റിന്റെ സീല്‍ വെച്ച് അപേക്ഷ ഫോറം ഹജ്ജിന് അനുമതിലഭിച്ച രേഖയായി ബോംബെ മുസാഫര്‍ ഖാന മുഖാന്തിരം തിരിച്ചെത്തിയിരിക്കുന്നു. എന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെ മിഴികണങ്ങള്‍ നിയന്ത്രണംവിട്ട ദിവസങ്ങളിലൊന്നായിരുന്നു അന്ന്. കുടുംബത്തില്‍ സന്തോഷമെത്തിയ പ്രതീതി അപ്പോള്‍ തന്നെ നിഴലിച്ചുനിന്നതുപോലെ തോന്നിച്ചിരുന്നു. കമ്പിക്കു പിന്നാലെയായി ഹജ്ജ് വിസയും ലഭിച്ചു.(ഇന്നത്തെ റേഷന്‍ കാര്‍ഡ് പോലെയുള്ള കാര്‍ഡ്). ഒറിജിനല്‍ വിസ എനിക്കുണ്ടായിരുന്നെങ്കിലും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനത്താല്‍ അതില്‍ സൗദി അറേബ്യയുടെയും ആഫ്രിക്കയുടെയും പേര് ഇല്ലായിരുന്നതിനാല്‍ ഉപകാരമില്ലാത്തതുപോലെയായി. (ശേഷം മൊറാര്‍ജി ദേശായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ സൗദി അറേബ്യയെ വിസയില്‍ ചേര്‍ക്കുകയും ചെയ്തു)

ടെലഫോണ്‍ സൗകര്യം വിരളമായിരുന്ന കാലമായിരുന്നതിനാല്‍ ബന്ധുക്കളോട് പൂര്‍ണ്ണമായ രീതിയില്‍ യാത്രപറയാന്‍ കഴിയാതെവന്നു. അങ്ങാടിയിലെ(സ്വലാത്ത് നഗര്‍) മരക്കാര്‍ ഹാജിയുടെ തുണിഷോപ്പില്‍ മാത്രമായിരുന്നു ടെലഫോണ്‍ സൗകര്യം ഉണ്ടായിരുന്നത്. 204 ആയിരുന്നു ആ ടെലിഫോണിന്റെ നമ്പര്‍. ടെലഫോണിന് പുറമെ ആലത്തൂര്‍പടിയിലെ തപാല്‍ സൗകര്യവും യാത്രപറച്ചിലിന് ഉപയോഗപ്പെടുത്തിയെങ്കിലും സന്ദേശം എത്തിച്ചേരുന്നതിലെ കാലതാമസം അതിനും വിലങ്ങായി നിലകൊണ്ടു.
കപ്പല്‍ ബുക്ക് ചെയ്യുമ്പോള്‍ രണ്ട് ക്ലാസുകളായിട്ടാണ് ബുക്ക് ചെയ്യുക. ട്രക്കിനും ഫസ്റ്റ് ക്ലാസിനും. ട്രക്കിന് 2500 രൂപയും ഫസ്റ്റ് ക്ലാസിന് 4000 രൂപയുമായിരുന്നു ടിക്കറ്റുണ്ടായിരുന്നത്. ഫസ്റ്റ് ക്ലാസ് പൂര്‍ത്തിയായിരുന്നെങ്കിലും ഞങ്ങള്‍ രണ്ടാളുകളായി ട്രക്കിന്റെയും ഫസ്റ്റ് ക്ലാസിന്റെയും തുക കൂട്ടികെട്ടിയാണ് തുക(6500) അടച്ചത്. വെയ്റ്റിംഗ് ലിസ്റ്റില്‍ അകപ്പെട്ട് ആര്‍ക്കെങ്കിലും ഫസ്റ്റ് ക്ലാസിന് നറുക്ക് വീഴാം എന്ന പ്രതീക്ഷയിലായിരുന്നു അങ്ങനെ ചെയ്തത്. ഓഗസ്റ്റ് ഒന്നിന് ബോംബയില്‍ നിന്ന് പുറപ്പെടുന്ന ആദ്യ ഹജ്ജ് കപ്പലിലാണ് ഞങ്ങള്‍ക്ക് സീറ്റ് ലഭിച്ചത്. ബോംബേയിലേക്ക് മൂന്ന് ദിവസത്തെ യാത്രാദൂരമുള്ളതിനാല്‍ ജൂലൈ 25ന് വീട്ടില്‍ നിന്നും ഇറങ്ങേണ്ടതുണ്ടായിരുന്നു. തലേദിവസം വീട്ടില്‍ പ്രത്യേക മൗലിദ് സദസ്സ് സംഘടിപ്പിച്ച് ഞങ്ങള്‍ക്ക് യാത്രയപ്പ് നല്‍കി. 25-ാം തിയ്യതി സുബഹിക്ക് യാത്രപറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. കോഴിക്കോട് നിന്നും ട്രെയിന്‍ മാര്‍ഗമാണ് ബോംബെയിലേക്കുള്ള യാത്രയെന്നതിനാല്‍ നാട്ടില്‍ നിന്ന് ജീപ്പ് വിളിച്ചാണ് കോഴിക്കോട്ടെത്തിയത്. കൂടെ അടുത്ത ബന്ധുക്കളുമുണ്ടായിരുന്നു. പച്ചപ്പിന്റെ നാട്ടില്‍ നിന്ന് അക്കരപ്പച്ച തേടി ഈത്തപ്പനയുടെ നാട്ടിലേക്കുള്ള യാത്രയയപ്പായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബന്ധുക്കള്‍ ഈറനണിഞ്ഞ മിഴികളാലും ഇടറിയ ശബ്ദത്താലും ഹൃദയങ്ങള്‍ തമ്മിലടുത്തുള്ള ആലിംഗനത്താലും യാത്രപറഞ്ഞ് തിരിച്ച് മടങ്ങി. മുന്‍ഗാമികള്‍ സന്തോഷത്തോടെ തിരിച്ചുവന്നെങ്കിലും അപകടം പതിയിരിക്കുന്ന മാര്‍ഗമാണല്ലോ യാത്രക്ക് തിരഞ്ഞെടുത്തിട്ടുള്ളതെന്ന ഹൃദയവികാരത്തിന്റെ പ്രകടനങ്ങളായിരുന്നു ഇവയെല്ലാംതന്നെ.
സ്റ്റേഷനില്‍ സഹയാത്രികരായി പെരുത്ത് ഹാജിമാര്‍ ഉണ്ടായിരുന്നു. അവരെല്ലാം സീറ്റ് തിരയുന്ന തിരക്കിലാണ്. ഞങ്ങള്‍ ടിക്കറ്റ് എടുക്കാനിരിക്കുമ്പോഴാണ് ടിക്കറ്റ് തീര്‍ന്ന വിവിരമറിയുന്നത്. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ഒരു പോര്‍ട്ടര്‍ വന്ന് ഞങ്ങളെ സഹായിച്ചത്. തുക അല്‍പ്പം അധികമാവുമെങ്കിലും മംഗലാപുരത്തിനിന്നുമുള്ള ടിക്കറ്റ് എടുത്താല്‍ സീറ്റ് ലഭ്യമാവുമെന്നും ടിക്കറ്റ് ഞാനെടുത്തുതരാമെന്നും പറഞ്ഞ്, ഞങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം സമയബന്ധിതമായി ഇടപെട്ട് റെഡിയാക്കി തന്ന ആ പരസഹായം ഇന്നും കണ്‍മുന്നില്‍ തെളിമയോടെ നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ ട്രയിന്‍ കയറി, മൂന്ന് ദിവസത്തെ യാത്രാവൈദൂരമുണ്ടായിരുന്നു ബോംബെയിലേക്ക്. ഫസ്റ്റ് ക്ലാസ് യാത്രയായതിനാല്‍ കൂടുതല്‍ ക്ഷീണവും വൈമനസ്യവുമൊന്നും യാത്രയില്‍ വന്നുപെട്ടില്ലായിരുന്നു. വിദേശത്ത് പോകുമ്പോള്‍ ആവശ്യസാധനങ്ങളും ഭക്ഷ്യസാധനങ്ങളും കൈയില്‍ കരുതാറുള്ളത് പോലെ നീളം കൂടിയ ഇരുമ്പ് പെട്ടിയില്‍ നെല്ല് കുത്തിയ അരിയും അവില്‍ വറുത്തതും സാധാ അരിയും ഉണക്കസ്രാവുമെല്ലാം അടിക്കിയൊതുക്കിവെച്ച് സൂക്ഷിച്ചിരുന്നു. ജൂലൈ ഇരുപത്തിയെട്ടിനാണ് ഞങ്ങള്‍ ബോംബെയില്‍ ട്രെയിന്‍ ഇറങ്ങുന്നത്. നേരെ മുസാഫര്‍ ഖാനയിലേക്ക് ആനയിക്കപ്പെട്ടു. അടുത്തമാസം ഒന്നിനാണ് കപ്പല്‍. അതിനാല്‍ മുസാഫര്‍ ഖാനയില്‍ നാല് ദിവസം താമസിക്കേണ്ടതായി വന്നു. ഹാജിമാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും അവിടം സജ്ജമാക്കിയിട്ടുണ്ടായിരുന്നതിനാല്‍ പെട്ടിയിലെ ഭക്ഷ്യസാധനങ്ങള്‍ പുറത്തെടുക്കേണ്ടതായി വന്നില്ല.


(ഹൈദ്രോസ് കുട്ടി സ്വലാത്ത് നഗര്‍)

ചരക്ക് സര്‍വ്വീസ് കപ്പലായി ഓടിക്കൊണ്ടിരുന്ന ഇന്ത്യന്‍ കപ്പലുകളായ അക്ബര്‍, മുഹമ്മദിയ്യ എന്നീ കപ്പലുകള്‍ക്കാണ് ഹജ്ജ് സര്‍വ്വീസ് ചുമതലയുള്ളത്. ഹജ്ജ് സീസണില്‍ ആവശ്യമായ സീറ്റുകളും യാത്രാസൗകര്യങ്ങളും സജ്ജീകരിച്ചാണ് ഈ കപ്പലുകള്‍ സര്‍വ്വീസ് തുടരുന്നത്. മുസാഫര്‍ ഖാനയില്‍ നിന്ന് കുതിരവണ്ടി മാര്‍ഗം ഞങ്ങള്‍ ബോംബെ തുറമുഖത്തെത്തി. ആദ്യം പുറപ്പെടുന്ന മുഹമ്മദിയ്യ കപ്പലിലാണ് ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചിട്ടുള്ളത്. ടിക്കറ്റിന് അപേക്ഷിച്ചപ്പോള്‍ കൂട്ടിക്കെട്ടി കൊടുത്തതിനാല്‍ എനിക്ക് ഫസ്റ്റ് ക്ലാസിലാണ് സീറ്റ് ലഭിച്ചത്. സഹയാത്രികരായി ആ കപ്പലില്‍ ആയിരത്തിഅഞ്ഞൂറില്‍ പരം ഹാജിമാരുണ്ടായിരുന്നു. രാവിലെ പത്തിന് തുടങ്ങിയ ഹാജിമാരുടെ പ്രവേശനം വൈകുന്നേരം മൂന്നുമണിവരെ നീണ്ടുനിന്നു, ഇന്നത്തപ്പോലെ മെച്ചപ്പെട്ട സൗകര്യങ്ങളില്ലാത്തതിനാലായിരുന്നു അത്രയും സമയമെടുത്തത്. യാത്ര തുടങ്ങി. മുകളിലത്തെ നിലയിലായിരുന്നു ഫസ്റ്റ് ക്ലാസ് സെറ്റ് ചെയ്തിരുന്നത്. റൂമുകളായി തരംതരിച്ച് ഒരോ റൂമിലും രണ്ടുപേര്‍ വീതമാണ് സീറ്റിംഗ് കപ്പാസിറ്റി. റൂമുകള്‍ തമ്മില്‍ ആസ്പറ്റോസില്‍ നെട്ടുംബോര്‍ട്ടും ഉറപ്പിച്ചായിരുന്നു വേര്‍തിരിച്ചിരുന്നത്. എട്ട് ദിവസത്തെ യാത്രാദൂരമാണ് ജിദ്ദയിലേക്കുണ്ടായിരുന്നത്. ആയതിനാല്‍ തന്നെ യാത്രക്കാര്‍ക്കവശ്യമായ ഭക്ഷണസൗകര്യം, ഹോസ്പിറ്റല്‍ സൗകര്യം, ആരാധനാ സൗകര്യം, പ്രാഥമിക കര്‍മ്മത്തിനുള്ള സൗകര്യമെല്ലാം കപ്പലില്‍ പ്രത്യേകം സജ്ജീകരച്ചിട്ടുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ഇവകളിലെല്ലാം പ്രത്യേക പരിഗണ ലഭിച്ചിരുന്നു. ചിക്കന്‍ ബിരിയാണിയും ആട് ബിരിയാണിയുമെല്ലാം ലഭിച്ചിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അറുത്ത ആടിനെ സല്ലാജില്‍(റഫ്രിജറേറ്റര്‍) സൂക്ഷിക്കുന്ന രീതി നവ്യാനുഭവമായിരുന്നു. അക്കാലത്ത് സല്ലാജോ, ആടിനെ അറുക്കുന്ന സമ്പ്രദായമോ ഒന്നുംതന്നെ നാട്ടുനടപ്പായില്ലായിരുന്നു. ഓര്‍ഡിനറി ക്ലാസിലുള്ളവര്‍ക്ക് ചോറും ചപ്പാത്തിയും പരിപ്പുകറിയുമെല്ലാമാണ് ലഭിച്ചിരുന്നത്. നാട്ടുസാഹചര്യത്തില്‍ ഇവയും മുന്തിയ ഭക്ഷണം തന്നെയായിരുന്നു.
യാത്രയിലെ നാലാം ദിവസമെന്നാണോര്‍ക്കുന്നത്. കുട്ടിക്കാലത്ത് കഥയായി കേട്ടിരുന്നത് യാഥാര്‍ത്ഥ്യമായി സംഭവിച്ചിരിക്കുന്നു. സഹയാത്രികനായുണ്ടായിരുന്ന ഒരു മലയാളി ഹാജിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. കപ്പലില്‍ സജ്ജീകരിച്ച ഹോസ്പിറ്റല്‍ സൗകര്യം ഉപയോഗപ്പെടുത്തിയെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അല്ലാഹുവിന്റെ വിളിക്ക് അടിമപ്പെട്ടു. കപ്പല്‍ അധികൃതര്‍ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്തു. കുളിപ്പിച്ച്, കഫന്‍ ചെയ്ത്, മയ്യിത്ത് നിസ്‌കാര ശേഷം ജനാസ, പ്രത്യേകം സജ്ജീകരിച്ച പെട്ടിയിലാക്കി കപ്പിയുടെ സഹായാത്താല്‍ കടലിലേക്കിറക്കി. ഞങ്ങളെല്ലാം ആ രംഗം ആശങ്കയോടെയാണ് നോക്കിനിന്നത്. വെള്ളത്തിലെത്തിയപ്പോള്‍ പെട്ടിയുടെ അടിഭാഗം തുറക്കപ്പെടുകയും ജനാസ വെള്ളത്തിലേക്ക് താഴുകയും ചെയ്തു. നെട്ടലോടെയാണ് ആ രംഗം വീക്ഷിച്ചിരുന്നത്. യാത്രയില്‍ ആര്‍ക്കും സംഭവിച്ചേക്കാവുന്ന ഒന്നാണല്ലോയെന്നോര്‍ത്തായിരുന്നു കൂടുതല്‍ ഭയന്നത്. പിന്നീടുള്ള യാത്രയില്‍ എന്തോ മാനസികമായി തളര്‍ത്തുന്നതുപോലെ അനുഭവപ്പെട്ടു. പുറം കടലിലേക്ക് ജനല്‍പാളിയിലൂടെ നോക്കാന്‍ പോലും ഭയന്നു. ഇപ്പോള്‍ കപ്പല്‍ അല്‍പ്പം വേഗതകൂടിയതുപോലെ തോന്നിക്കുന്നു. തിരമാലകളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. യാത്ര തുടങ്ങിയിട്ട് ഇന്നത്തേക്ക് അഞ്ച് രാത്രിയും ആറ് പകലും കഴിഞ്ഞുകടന്നിരിക്കുന്നു. സമയം സന്ധ്യയോടടുത്തു, പകലോന്‍ ഞങ്ങളില്‍നിന്ന് മറഞ്ഞുകൊണ്ടിരിക്കുയാണ്. ആകാശഗംഗക്ക് ഇന്ന് അല്‍പ്പം ഇരുള്‍ കൂടിയത് പോലെ തോന്നിക്കുന്നുണ്ട്. കാറ്റിന് ശക്തിവര്‍ധിച്ചുകൊണ്ടിരിക്കുന്നു, അതിന്റെ പ്രതിധ്വനി തിരമാലയിലും പ്രതിഫലിക്കുന്നുണ്ട്. കാറ്റും കോളും ശക്തിയോടെ ആഞ്ഞടിച്ചു. ഇരുള്‍മൂടിയ അന്തരീക്ഷത്തിന് പുറമെ ഹൃദയങ്ങളിലും ഇരുള്‍മൂടി. കപ്പല്‍ ആടിയുലയുന്നത് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. കാറ്റിന് ശമനം കാണുന്നില്ല. പ്രഭാതത്തിലും നട്ടുച്ചക്കും ഒരു മാറ്റവുമില്ലാതെ തുടരുകതന്നെയാണ്. കപ്പലിന്റെ നിയന്ത്രണം വരുതിയിലാക്കാന്‍ കപ്പിത്തന്‍ കിണഞ്ഞുപരിശ്രമിക്കുന്നുണ്ടായിരുന്നു.

ഭീതിതമായി അന്തരീക്ഷം തുടങ്ങിയിട്ട് ഒരു ദിവസം പിന്നിട്ടു. രണ്ടാം ദിനവും പൂര്‍വ്വസ്ഥിതി കൈവരിക്കാതെ അന്തരീക്ഷം ഞങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വിഴ്ത്തുകതന്നെയാണ്. പെടുന്നനെയുണ്ട് വളണ്ടിയര്‍മാരുടെ വിളംബരവും നാല് ഭഗത്തുനിന്നും വിസില്‍ മുഴക്കവും കേള്‍ക്കുന്നു. അപകടം പതിയിരിക്കുന്നതായറിഞ്ഞു. വളണ്ടിയര്‍മാര്‍ ഫസ്റ്റ് ക്ലാസ് ഏരിയയിലെത്തി ഓരോ റൂമിന്റെയും വാതില്‍ മുട്ടി, അപകടം മണത്തറിഞ്ഞതിനാല്‍ വാതിലുകള്‍ ഝടുതിയില്‍ തുറക്കപ്പെടുകയും ചെയ്തു. റൂമിലുള്ള ജാക്കറ്റ് കണിച്ച് തന്നു, എല്ലാവരോടും യുദ്ധകാലാടിസ്ഥാനത്തില്‍ ധരിക്കാന്‍ കല്‍പ്പിച്ചു. കപ്പല്‍ തകരുകയാണെന്ന് എല്ലാവരും നിശ്ചയിച്ചുറപ്പിച്ചിരുന്നു. ജീവിതത്തിനും മരണത്തിനുടമിടയിലെ ദീര്‍ഘശ്വാസങ്ങളാല്‍ അവിടം മുഖരിതമായി. അപായസൂചനകള്‍ അറിയിക്കാനോ ചെറുബോട്ടുകളുടെ സഹായമോ ഇല്ലാത്ത കാലമായിരുന്നല്ലോ അന്ന്. യാത്രക്കാരെല്ലാം സ്വനിയന്ത്രണം കൈവരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദിക്‌റുകള്‍ ചൊല്ലുന്നുണ്ട്. പെട്ടെന്നൊരു ശബ്ദം ഞങ്ങളുടെ ശ്രദ്ധ തെറ്റിപ്പിച്ചു. കാര്യം തിരക്കിയപ്പോഴാണ് പിടികിട്ടിയത്. കപ്പലിന്റെ സൈഡ് പലക ഇളകിയിട്ടുണ്ടെന്നും അതിലൂടെ വെള്ളം അകത്തുകടന്നിട്ടുണ്ടെന്നായിരുന്നു അപായ സൂചന, വെള്ളം പുറംതള്ളാന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ശബ്ദമാണ് ആ കേട്ടത്. യാത്രക്കാരുടെ വെപ്രാളം ഇരിട്ടിയായി. പലരും അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി നടന്നുകൊണ്ടിരിക്കുന്നു. ദിക്‌റുകള്‍ ചൊല്ലുന്നതിന്റെ ശബ്ദം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഭീതിയുടെ നിഴലില്‍ നിന്ന മൂന്ന് മണിക്കൂറുകള്‍ക്ക് വിരാമമിട്ട് സൂര്യന്‍ ഞങ്ങളെ അഭിസംബോധന ചെയ്ത് ഉദിച്ചുയര്‍ന്നു. അപ്പോഴേക്കും കപ്പലിന്റെ പ്രവര്‍ത്തനം നേരെയാക്കി നിയന്ത്രണം കപ്പിത്താന്റെ വരുതിയിലെത്തിയിരുന്നു. അന്നത്തെ പ്രഭാതത്തിന് സാധാരണയില്‍ കവിഞ്ഞ തെളിമയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ജീവിതം തിരിച്ചുകിട്ടയതിന്റെ, ലക്ഷ്യത്തിലേക്കടുക്കാനിരിക്കുന്നതിന്റെ ശുഭസൂചനയായി തോന്നി. അപ്പോഴുണ്ട് ഒരു ഇന്ത്യന്‍ വിമാനം ഞങ്ങള്‍ക്കുമുകളില്‍ റോന്ത് ചുറ്റുന്നു. കാറ്റിലും കോളിലുംപെട്ട് ഞങ്ങളുടെ കപ്പലിന്റെ ദിശമാറിയുന്നതിനാല്‍ നേര്‍ദിശ കാണിക്കാനെത്തിയതായിരുന്നു ഇന്ത്യന്‍ വിമാനം. ദിശനേരായി എന്നുറപ്പായപ്പോള്‍ വിമാനം പറന്നകന്നു. ഉടനെത്തന്നെ ക്യാപ്റ്റന്റെ വിളംബരം വന്നു, ദിശമാറി സഞ്ചരിച്ചതനാല്‍ ജിദ്ദയിലെത്താന്‍ രണ്ട് ദിവസംകൂടി അധികംവരുന്നതാണെന്നും, അതിനാല്‍ കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്നുമായിരുന്നു വിളംബരം.
രണ്ടുദിവസത്തെ അധിക യാത്രയും കഴിഞ്ഞ് ജിദ്ദയിലെ മദീനത്തുല്‍ ഹുജ്ജാജ് എന്ന സീ പോര്‍ട്ടില്‍ കപ്പലിറങ്ങി. ഹൃദയം സന്തുഷ്ടനായിത്തുടങ്ങിയിരുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസത്തെ ഓര്‍ക്കുമ്പോള്‍ എങ്ങനെ സന്തോഷിക്കാതിരിക്കും. ജീവിതത്തില്‍ അപ്രതീക്ഷിതമെന്ന് കരുതിയ പലകാര്യങ്ങളും സംഭവ്യമായ, ഇരുള്‍ തടംകെട്ടിനിന്ന ദിനങ്ങള്‍!. സന്തോഷം അടക്കിപ്പിടിച്ച് ഞങ്ങള്‍ മുതവ്വഫുമാരുടെ കൂടെ മുസാഫര്‍ ഖാനയിലേക്ക് വാഹനം കയറി. അവിടെ ഞങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിച്ചിരുന്നു. കപ്പലില്‍ നിന്ന് ഉംറയുടെ ഇഹ്‌റാം ചെയ്തതിനാല്‍ അടുത്ത ദിവസം തന്നെ മക്കയില്‍ പോയി ത്വവാഫും സഅ്‌യും ചെയ്തു.
പ്രാകൃത ശൈലിപൂണ്ട നഗരവും ഗ്രാമവീചികളുമായിരുന്നു അന്ന് അറേബ്യയെ സമ്പന്നമാക്കിയിരുന്നത്. ചരല്‍കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശങ്ങള്‍, ഈത്തപ്പനത്തടി തൂണായും പട്ടയില്‍ മണ്ണ് പൊത്തി മേല്‍ക്കൂരയായും നിര്‍മ്മിതമായ മലഞ്ചെരുവുകളിലെ കൂരകള്‍ ഇതെല്ലാമായിരുന്നു അന്നത്തെ അറേബ്യ. ഹറമിനും ഇതേ രൂപംതന്നെയാണുണ്ടായിരുന്നത്. ഈത്തപ്പനത്തടിയാലുള്ള കൂറ്റന്‍ തൂണുകളും ഈത്തപ്പനമട്ടല്‍ വിരിച്ച് അതി•േല്‍ മണ്ണ് തേച്ചുപിടിപ്പിച്ച മേല്‍ക്കൂരയുമൊക്കൊയായിരുന്നു ഹറം മസ്ജിദിന്റെ രൂപകല്‍പ്പന. ഭാഗികമായി വികസനം അങ്ങിങ്ങായി നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഹജ്ജിന് ഇനിയും മൂന്ന് മാസം കാലതാമസമുള്ളതിനാല്‍ എന്തെങ്കിലും ജോലി കിട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. അതു പ്രതീക്ഷിച്ചായിരുന്നു ഹറമിന്റെ മുന്‍ഭാഗത്ത് രാവിലെത്തന്നെ നിലയുറപ്പിച്ചിരുന്നത്. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നില്‍ക്കാന്‍ ഹറമിന്റെ മുന്‍ഭാഗത്ത് പ്രത്യേക സ്ഥലമുണ്ടായിരുന്നു. ജോലിക്കാരെ ആവശ്യമുള്ളവര്‍ അവിടെ വന്ന് ആളുകളെ കാറില്‍ കയറ്റി ദിവസവേതനമുള്ള ജോലിക്ക് കൊണ്ടുപോകും. അങ്ങനെ നിന്ന എനിക്ക് ആലത്തൂര്‍പടിയിലെ ബഷീര്‍ മുഹമ്മദിന്റെ കോണ്‍ട്രാക്ടിംഗ് വര്‍ക്കിലാണ് ജോലികിട്ടയത്. മുപ്പത് റിയാലായിരുന്നു ദിവസവേതനം. അവിടെവെച്ചാണ് കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ ആദ്യമായി കാണുന്നത്. നമ്മുടെ നാട്ടില്‍ അത്തൊരമൊരു മെഷീന്‍ സ്വപ്‌നംപോലും കാണാത്ത കാലമായിരുന്നു അത്.

ദിവസജോലി ഉറപ്പില്ലാത്ത ജോലിയായതിനാല്‍ സ്ഥിരജോലിക്ക് അവസരം അന്വേഷിക്കുന്നുണ്ടായിരുന്നു. ഒടുവിലല്‍ ബലദിയ്യയില്‍ (മക്ക മുന്‍സിപ്പാലിറ്റി) ജോലി ലഭിച്ചു. മുതവ്വഫയോട് അന്യായം പറഞ്ഞ് വിസ കൈയിലാക്കി ബലദിയ്യയില്‍ ഏല്‍പ്പിക്കുകയും ദുല്‍ഖഅദ് ഒന്നിന് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ജോലിയില്‍ പ്രവേശിച്ച് മാസം തികഞ്ഞപ്പോള്‍ ശമ്പളമായി രണ്ടായിരം രൂപ ലഭിച്ചു. പരിസരം മറന്ന് സന്തോഷത്തിന്റെ കണ്ണുനീര്‍ പൊഴിച്ച സമയം. അന്നത്തെ രണ്ടായിരത്തിന് അത്രയും മൂല്യമുണ്ടായിരുന്നു. ആദ്യ ശമ്പളമായതിനാല്‍ തുക മുഴുവനും ബാങ്കില്‍ ഡ്രാഫ്റ്റ് അടച്ച് നാട്ടിലേക്ക് അയച്ചു.
ഹജ്ജിനുള്ള തയാറെടുപ്പുകള്‍ തുടങ്ങാറായി. ദുല്‍ഹിജ്ജ ഏഴിന് ബലദിയ്യയില്‍ നിന്ന് ലീവെടുത്തു. റൂമില്‍ നിന്ന് ഇഹ്‌റാം ചെയ്തു. ഹജ്ജ് കര്‍മ്മത്തിനൊരുങ്ങി പുറപ്പെട്ടു. എട്ടാം തീയതി മിനായില്‍ തമ്പടിച്ചു. മുതവ്വഫില്‍ നിന്ന് പിരിഞ്ഞിരുന്നതിനാല്‍ മിനായില്‍ ഹാജിമാര്‍ക്ക് പ്രത്യേകം തയ്യാര്‍ ചെയ്ത തമ്പില്‍ സ്ഥാനം കിട്ടിയില്ല. ഇന്നത്തെപ്പൊലെയുള്ള ശീതികരിച്ച തമ്പുകള്‍ അന്ന് സ്വപ്‌നമായിരുന്നു. കമ്പി ഫ്രയിമില്‍ സീലപന്തല്‍ മേല്‍കൂരയായാണ് തമ്പുകള്‍ ഒരുക്കിയിരുന്നത്. തമ്പില്ലാത്തതിനാല്‍ റോഡരികില്‍ വൃക്ഷത്തൈകള്‍ക്ക് സംരക്ഷണമൊരക്കി ഗവണ്‍മെന്റ് സ്ഥാപിച്ച കമ്പികളും ഈത്തപ്പന തടിയുമെല്ലാം ഉപയോഗിച്ച് ബൗണ്ടറി നിര്‍മിക്കുകയും പുതപ്പും വിരിയും മേല്‍ക്കൂരയാക്കിയും താല്‍ക്കാലിക തമ്പ് നിര്‍മ്മിച്ച് അതില്‍ ഞങ്ങള്‍ രാപാര്‍ത്തു. നിര്‍ദ്ദിഷ്ട തമ്പ് അന്യമായതുപോലെ ഹാജിമാര്‍ക്കുള്ള ഭക്ഷണവും ഞങ്ങള്‍ ലഭിച്ചില്ലായിരുന്നു. കത്തിയെരിയുന്ന ചൂടില്‍നിന്ന് അല്‍പ്പം ശമനം ലഭിച്ചെങ്കിലും എരിപിരികൊള്ളുന്ന വയറിന് ശമനം നല്‍കിയിട്ടായില്ലായിരുന്നു. കൈയില്‍ കരുതിയ മണ്ണെണ്ണ സ്റ്റൗവും അരിയുമെല്ലാം ഉപയോഗിച്ച് കഞ്ഞിയുണ്ടാക്കി ക്ഷുത്തടച്ചു. അവിടങ്ങളില്‍ അരി സുലഭമായി ലഭിച്ചിരുന്നതും ഞങ്ങള്‍ക്ക് തുണയായി. തിരുനബി പാഠത്തിന്റെ ഉത്തമമാതൃകയെന്നോണം അറബികളുടെ ആതിഥ്യമര്യാദയും ഒരുപരിധിവരെ ഞങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്. ചില സമയങ്ങളില്‍ അമീറുമാരുടെ നേതൃത്വത്തില്‍ കണ്ടെയ്‌നറുകളില്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്തിരുന്നു. സബീല്‍ റൊട്ടിയായിരുന്നു അധികവും.( എല്ലാവര്‍ക്കും സൗജന്യ വിതരണം). കവറില്‍ റൊട്ടിക്കുപുറമെ സൈത്തൂന്‍ എണ്ണയോ ഹലാവയോ ജുബ്‌നയോ(വെണ്ണ) കൂട്ടാനുണ്ടാവും. മറ്റു ചില സമയങ്ങളില്‍ സബീലായിത്തന്നെ ബുഖാരി ചോറും കോഴിയുമെല്ലാം ലഭിച്ചിരുന്നു.

പിറ്റേന്ന് പ്രഭാതം വിടര്‍ന്നത് പ്രത്യേക അനുഭൂതിയോടെയായിരുന്നു. ഇനി അറഫയിലേക്കാണ് യാത്ര. ഹജ്ജിന്റെ ഹൃദയമാണ് അറഫയെന്നതിനാലത്രയും ആ ബോധ്യം ഞങ്ങളില്‍ തികട്ടിക്കൊണ്ടിരുന്നു. വര്‍ഗ്ഗ വര്‍ണ്ണ ഭാഷാ ലിംഗ ഭേദമന്യേ അസംഖ്യം ജനങ്ങള്‍ അറഫയിലെ മഹാസംഗമത്തില്‍ ഒരുമിച്ചുകൂടിയത്, ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക മൂല്യത്തിന്റെ, സമത്വബോധത്തിന്റെ നേര്‍സാക്ഷ്യമായാണ് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞത്. വിവിധ രാജ്യാതിര്‍ത്തികള്‍ കടന്നെത്തിയ അല്ലാഹുവിന്റെ അതിഥികള്‍, ജബല്‍ അബീഖുബൈസില്‍ നിന്ന് ഇബ്‌റാഹീം നബി ലോകജനതയെ ഹജ്ജിന് ക്ഷണിച്ചതിന് വിളികേട്ടവര്‍ തോളുരുമ്മി അസ്പൃശ്യതയെയും വര്‍ണ്ണവിവേചനത്തെയും ഉള്‍ക്കൊള്ളാതെ ഒത്തൊരുമിച്ചുകൂടി അല്ലാഹുവിലേക്ക് കരങ്ങളുയര്‍ത്തിപ്പിടിച്ചിരിക്കുന്ന വിവര്‍ണ്ണാതീത സംഗമ ഭൂമികയായി അറഫമാറി. തിരക്കു മൂര്‍ധന്യാവസ്ഥ കൈവരിക്കാതിരുന്നതിനാല്‍ നബി(സ്വഃ) തങ്ങള്‍ അറഫാ പ്രഭാഷണം നടത്തിയ ജബലുറഹ്മയും സന്ദര്‍ശിക്കാന്‍ ഭാഗ്യംലഭിച്ചു.
അറഫാ മഹാസംഗമവും കഴിഞ്ഞു. ഇനി മുസ്ദലിഫിയില്‍ രാപാര്‍ക്കണം. മഗ്‌രിബ് നിസ്‌കാര ശേഷം മുസ്ദലിഫയെ ലക്ഷ്യമാക്കി നടന്നു. സന്ധ്യാനേരമായതിനാല്‍ ക്ഷീണം അനുഭവപ്പെട്ടില്ല. ഉദ്ദേശം ഇശാഅ് നിസ്‌കാര സമയമായപ്പോഴേക്കും മുസദലിഫയില്‍ എത്തിച്ചേര്‍ന്നു. അടുത്ത ദിവസം ജംറകളിലെറിയാനുള്ള കല്ല് പെറുക്കിയെടുക്കേണ്ടത് ഇവിടെവെച്ചാണ്. മൂന്ന് ജംറകളിലും എറിയാനുള്ള കല്ലുകള്‍ ചരല്‍കല്ലുകള്‍ക്കിടിയില്‍ നിന്നും വേര്‍ത്തിരിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചു. രാപാര്‍ക്കാന്‍ പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളൊന്നുമില്ലാത്തതിനാല്‍ മണലില്‍ കിടന്നു. മുസ്ദലിഫയില്‍ അല്‍പ്പസമയം രാപാര്‍ക്കലാണ് നിര്‍ബന്ധമെന്നും പ്രഭാതംവരെ രാപാര്‍ക്കലാണ് ഉത്തമമെന്നും പിന്നീടാണ് അറിയുന്നത്. ഹജ്ജിനെക്കുറിച്ചുള്ള അധികവിവരമില്ലാതിരുന്ന, ഇന്നത്തെപ്പോലെ ഹജ്ജ് ക്യാമ്പുകളും ട്രൂപ്പുകളും അന്യമായിരുന്ന കാലത്ത് ഹജ്ജിന്റെ വിവരങ്ങള്‍ മനസ്സിലാക്കിയെടുത്തത് നാട്ടില്‍ നിന്നും കൈയില്‍ കരുതിയിരുന്ന ‘ഹജ്ജിന്റെ മനാസിഖ്’ എന്ന പുസ്തകത്തില്‍ നിന്നായിരുന്നു. അതിലെ ഓരോ വരികളും സസൂക്ഷ്മം വായിച്ചെടുത്താണ് ഹജ്ജിനെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ കരഗതമാക്കുന്നത്. കപ്പലില്‍ നിന്ന് പല ആവര്‍ത്തി വായിച്ചിരുന്നു. പുറമെ ഒരു ഉസ്താദിന്റെ ക്ലാസും കപ്പലില്‍ ലഭിച്ചിരുന്നതിനാല്‍ കര്‍മ്മങ്ങളെ കൂടുതല്‍ പരിചയപ്പെടാന്‍ മുതല്‍കൂട്ടായി. ഇതെല്ലാം ഓര്‍ക്കുമ്പോഴാണ് ഇപ്പോഴത്തെ ഹജ്ജ് ക്യാമ്പുകളുടെ പ്രസക്തിയും അതിനര്‍ഹരായവരുടെ മഹോന്നതിയുമോര്‍ത്ത് ഹൃദയവികാരം ഇളകാറുള്ളത്.

ജംറയിലെ കല്ലേറ് കര്‍മ്മവും കഴിഞ്ഞ് മിനാ പാലത്തിന്റെ തണലില്‍ മൂന്ന് ദിവസം കഴിച്ചുകൂട്ടി. ശേഷമുള്ള ദിവസങ്ങളില്‍ ഒഴിവുസമയം ഉപയോഗപ്പെടുത്തി ജിഅ്‌റാനത്തില്‍ നിന്നും വാലീ ഫാത്വിമിയില്‍ നിന്നുമെല്ലാം ഇഹ്‌റാം ചെയ്ത് ഉംറ നിര്‍വ്വഹിച്ചിട്ടുണ്ടായിരുന്നു. അന്ന് കഅ്ബാലയത്തിന് ചുറ്റും ഉദ്ദേശം എട്ട് മീറ്റര്‍ ചുറ്റളവില്‍ മാര്‍ബിള്‍ പതിച്ചിട്ടുണ്ടായിരുന്നുള്ളൂ. അന്നത്തെ മികച്ച ടെക്‌നോളജി പ്രയോജനപ്പെടുത്തിയാണ് മിനുക്കുപണികള്‍ ചെയ്തിരുന്നത്. ബാക്കി ഭാഗം ചരല്‍ഭൂമിയായിരുന്നു. വൈകുന്നേരം നാല് മണിവരെ തുറസായ രീതിയില്‍ തന്നെയാണ് അതിന്റെ കിടപ്പ്. മാടപ്രാവുകള്‍, തീര്‍ത്ഥാടകര്‍ എറിഞ്ഞിട്ട ധാന്യങ്ങല്‍ കൂട്ടംകൂട്ടമായി അവിടങ്ങളില്‍ കൊത്തിത്തിന്നുന്നത് പ്രത്യേക കാഴ്ചയാണ്. ധാന്യങ്ങള്‍ വില്‍ക്കുന്ന ചെറിയ ദുക്കാനുകള്‍ പരിസരങ്ങളില്‍ നിലയുറപ്പിച്ചുണ്ടായിരുന്നു. പാക്കറ്റിന് 25,50 പൈസയൊക്കെയാണ് വില നിശ്ചയിച്ചിരുന്നത്. തീര്‍ത്ഥാടകരില്‍ അധികപേരും ധാന്യങ്ങള്‍വാങ്ങി മാടപ്രാവുകള്‍ക്ക് ഇട്ടുകൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തിയവരായിരുന്നു. മനുഷ്യന് പുറമെ, മറ്റുജീവജാലങ്ങള്‍ക്കും ഹറം നിര്‍ഭയത്വം നല്‍കുന്നുവെന്ന് ഇതിലൂടെ ഉള്‍വഹിക്കാന്‍ സാധിച്ചു. വൈകുന്നേരം നാലുമണിയായാല്‍ ഈ ചരല്‍ഭൂമിയില്‍ പടം(കാര്‍പ്പറ്റ്) വിരിക്കപ്പെടും. ആലത്തൂര്‍പടിയിലെ ഒസ്സാന്‍ മുഹമ്മദ് ഹാജി ഈ ജോലിയിലെ ഒരു അംഗമായിരുന്നു. രാത്രി എട്ടുമണിവരെയാണ് കാര്‍പ്പറ്റ് വിരിക്കുക. ശേഷം ഹറം പൂര്‍വ്വസ്ഥിതി കൈവരിക്കുകയും ചെയ്യും.
ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാത്തതിനാല്‍ വിദാഇന്റെ ത്വവാഫും സഅ്‌യുമെല്ലാം ചെയ്തിരുന്നില്ല. റൂമില്‍ തിരിച്ചെത്തി, അടുത്ത ജോലി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു ഹോട്ടല്‍ ജോലി റെഡിയായിക്കിട്ടി. ആ സമയത്താണ് പാസ്‌പോര്‍ട്ടില്‍ ഇന്ത്യയുടെ പേര് ചേര്‍ത്ത് പുതുക്കി വരുന്നത്. (ഹജ്ജിന് പുറപ്പെടുമ്പോള്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ പറ്റില്ലായിരുന്നു. ഹജ്ജിന്റെ വിസ മാത്രമെ കൈയില്‍ കരുതാവൂ. ഞങ്ങള്‍ ജോലികൂടെ ലക്ഷ്യം വെച്ചതിനാല്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കണ്ണാടിയുടെ ഇരുമ്പ് ഫ്രെയിമിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു പാസ്‌പോര്‍ട്ട് വിദേശത്തേക്ക് കടത്തിയിരുന്നത്) തക്കം മനസ്സിലാക്കി ഇന്ത്യന്‍ എംബസിയില്‍ ചെന്നു, പാസ്‌പോര്‍ട്ടില്‍ സീല്‍വെച്ചു. പുതുക്കിയതിന്റെ സ്ഥാനത്തായിരുന്ന എംബസിയുടെ ആ സീല്‍. ഹജ്ജ് ഉദ്ദേശിച്ചെത്തിയവര്‍ തിരികെയുള്ളയുള്ള യാത്ര തുടങ്ങി. വിവിധ നാടുകളിലുള്ളവര്‍ തമ്മില്‍ മുസാഫഹത്ത് ചെയ്ത് യാത്ര പറയുന്നു. ഞങ്ങള്‍ ജോലി അന്വേഷിച്ചവരായതിനാല്‍ അവിടെ തന്നെ നിലയുറപ്പിച്ചു.

ജോലിക്കാര്‍ നന്നേ കുറവായതിനാലും ജോലിക്കാരിലേക്ക് അത്യാവശ്യമായതിനാലും കുരുക്കുകളില്ലാതെ വിസ വിതരണം നടക്കുന്നുണ്ടായിരുന്നു. ഫോര്‍ട്ടീഫോര്‍ വിസ എന്നായിരുന്നു അതിന്റെ പേര്. പുറമെ ബിതാഖ എന്ന പേരില്‍ ഓരോ മേഖലയിലെ ജോലിക്കാര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിരുന്നു. ഇതെല്ലാം ഞങ്ങള്‍ക്കും ലഭിച്ചതിനാല്‍ ജോലിയില്‍ സുഖമമായി പ്രവേശിച്ചു. ആയിടെ കുടൂംബക്കാരിലേക്ക് കത്തുകള്‍ എഴുതാറുണ്ടായിരുന്നു. കത്ത് വീട്ടിലെത്തന്‍ പതിനഞ്ച് ദിവസത്തെ കാലതാമസമുണ്ടായിരുന്നു. മുസാഫര്‍ ഖാന വഴിതന്നെയായിരുന്നു കത്തുകളും അയച്ചിരുന്നത്. കുടുംബക്കാര്‍ അയക്കുന്ന കത്ത് ഞങ്ങക്കെത്തിയിരുന്നത് ആലത്തൂര്‍പടിയിലെ കുഞ്ഞറമുഹാജിക്ക് അവിടെയുണ്ടായിരുന്ന കടയിലെ 2427 എന്ന പോസ്റ്റ് ബോക്‌സിലായിരുന്നു. രണ്ട് വര്‍ഷത്തെ ജോലിക്ക് ശേഷം 1979ല്‍ വിദാഇന്റെ ത്വവാഫും സഅ്‌യും ചെയ്ത് നാട്ടിലേക്ക് തിരിച്ചു.

മായാത്ത ഹജ്ജോര്‍മകള്‍


കുഞ്ഞാലി(ബാപ്പനു)സ്വലാത്ത് നഗര്‍

ഹൈദര്‍ ഹാജിയോടൊപ്പമാണ് ഞാനും ഹജ്ജിനു തിരിക്കുന്നത്. നാട്ടിലെ അന്നത്തിനുള്ള ബുദ്ധിമുട്ടും കഠിന ദാരിദ്ര്യവും ഒരു പരിധിവരെ ഈ ഹജ്ജിനു നിദാനമായെന്നു പറയാം. യാത്രാ തയ്യാറെടുപ്പും യാത്രാനുഭവങ്ങളും ഏകദേശം ഹൈദര്‍ക്കയോട് സമാനം തന്നെ. ഇന്നത്തെ പോലെ എല്ലാവരും ഹജ്ജിനു പോകുന്ന കാലമല്ല അത്. ഉംറക്ക് മാത്രമായി പോകുക എന്ന സമ്പ്രദായം തന്നെ അന്നില്ല. ഇന്ന് ദിനം പ്രതി ആളുകള്‍ ഉംറക്ക് പോകുകയാണല്ലോ.
കടല്‍യാത്രയിലനുഭവപ്പെട്ട ഭീതിത രംഗങ്ങള്‍ മറക്കാനാകുന്നില്ല. കപ്പല്‍ പൊൡഞ്ഞതും ഒടുവില്‍ വിമാനം വന്ന് വഴികാണിച്ചതും മറക്കാനാകുന്നില്ല. കപ്പല്‍ യാത്രക്കിടെ യമനിലെ നിശ്ചിത സ്ഥലത്തിനു നേരെയെത്തിയള്‍ അറിയിപ്പു ലഭിച്ചതു പ്രകാരം ഉംറക്ക് ഇഹ്‌റാം ചെയ്തു. മക്കയില്‍ ഇന്നത്തെപോലെയുള്ള വികസനങ്ങളൊന്നും ദൃശ്യമായിരുന്നില്ല. കാര്യമായ ബില്‍ഡിംഗുകളൊന്നുമില്ല. സംസം കിണര്‍ ആര്‍ക്കും കാണാവുന്ന രീതിയില്‍ സൗകര്യമുണ്ടായിരുന്നു. സ്റ്റപ്പിറങ്ങി പോയാല്‍ സംസം കുടിക്കാനും ബറക്കത്തിനു വേണ്ടി കുളിക്കാനും സൗകര്യമുണ്ടായിരുന്നു.

ഹജ്ജിനു മുമ്പു തന്നെ ജോലി തരപ്പെട്ടിരുന്നു. മിനാപാലത്തിന്റെ നിര്‍മാണ പ്രവൃത്തിയാലാണ് ആദ്യം ജോലി ലഭിച്ചത്. നിര്‍മ്മാണത്തിനാവശ്യമായ കല്ലുകളെത്തിച്ചുകൊടുക്കലായിരുന്നു ഞങ്ങുടെ ജോലി. മുളയാല്‍ നിര്‍മിതമായ കുട്ട മാത്രം കണ്ടിരുന്ന ഞങ്ങള്‍ക്ക് അവടെനിന്ന് ലഭിച്ച ടയര്‍ കുട്ട പുത്തനനുഭവമായിരുന്നു. ഇതിനുശേഷം ജയിലിലാണ് ജോലി കിട്ടിയത്. അവിടെ ക്ലീനിംഗും പോലീസിനാവശ്യമായെ കാര്യങ്ങള്‍ ചെയ്യലുമായിരുന്നു ജോലി. ഏതു കുറ്റവാളിയെ പിടിച്ചാലും ആദ്യം അവിടെ കൊണ്ടുവരും. അവിടെനിന്ന് പരിചയമുളള പലരേയും നാട്ടിലെത്തിക്കാന്‍ സഹായിക്കാനായി.
ആ വര്‍ഷത്തെ ഹജ്ജിനു ശേഷം വീണ്ടും അഞ്ചുവര്‍ഷം അവിടെ ജോലിക്കു നിന്നു. ആ അഞ്ച് വര്‍ഷവും എനിക്ക് ഹജ്ജ് ചെയ്യാനുമായി. അതിനു ശേഷമാണ് പിന്നീട് ഞാന്‍ നാട്ടില്‍ വരുന്നത്. അല്ലാഹുനിന്റെ തൗഫീഖ് കൊണ്ട് ഈ വര്‍ഷവും ഞാന്‍ ഹജ്ജിനു പേകുന്നു. നാഥന്‍ സ്വീകരിക്കട്ടേ..

(കേട്ടെഴുത്ത്: സകരിയ്യ അദനി ആലത്തൂര്‍പടി ഫള്ല്‍ അദനി കണ്ണമംഗലം, റാശിദ് അദനി വയനാട്‌)

Share this:

  • Twitter
  • Facebook

Related Posts

റളീത്തു ബി ഖളാഇല്ല
Memoir

റളീത്തു ബി ഖളാഇല്ല

July 4, 2022
ന്റെ ഉസ്താദ്
Memoir

ന്റെ ഉസ്താദ്

June 24, 2022
മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..
Memoir

മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..

February 3, 2022
ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം
Memoir

ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം

December 31, 2021
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×