കോട്ടക്കലിനടുത്ത് കുഴിപ്പുറത്താണ് മഹാന്‍ ജനിച്ചത്. ഇപ്പോള്‍ ഇഹ്യാഉസ്സുന്ന നിലകൊള്ളുന്ന പ്രദേശം. കാളങ്ങാടന്‍ മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍ ആണ് മഹാനവര്‍കളുടെ പിതാവ്. അവരുടെ ഉപ്പാപ്പമാരുടെ കൂട്ടത്തില്‍ അവറാന്‍ കുട്ടി, അലവി, പോക്കര്‍ മുതലായവരെ കേട്ടിട്ടുണ്ടെങ്കിലും ക്രമം പൂര്‍ണമായി അറിയുന്നില്ല. കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടി തിരൂരങ്ങാടി ഭാഗത്തുനിന്നും അന്നത്തെ നാട്ടുപ്രമാണിമാരില്‍ ഒരാള്‍ ഒരു മുല്ലയെ കൊണ്ടുവന്നുവെന്ന് പ്രായം ചെന്ന ഒരു വ്യക്തിയില്‍ നിന്നും കേട്ടിട്ടുണ്ട്. ആ മുല്ലയില്‍ നിന്നുമാണ് കുഴിപ്പുറത്തെ കാളങ്ങാടന്‍മാരുടെ തുടക്കം. അവരുടെ പരമ്പരയിലാണ് മഹാനവറുകള്‍ ജനിച്ചത്. തിരൂരങ്ങാടിക്കടുത്ത മുട്ടിച്ചിറ, കൂരിയാട് ഭാഗങ്ങളില്‍ ഇപ്പോഴും കാളങ്ങാടന്‍മാരുണ്ട്. കാളങ്കാടന്‍ എന്നും ചിലര്‍ എഴുതാറുണ്ട്. അവര്‍ക്ക് ഒരു ജേഷ്ഠനും (പോക്കര്‍) ഒരു അനുജനും (അലവി) ഉണ്ടായിരുന്നു. അവരുടെ ചെറുപ്രായത്തില്‍തന്നെ ഉപ്പ മൊയ്തീന്‍ മുസ്‌ലിയാര്‍ മരണപ്പെട്ടിരുന്നു. പിന്നീട് മൂത്തമകന്‍ പോക്കര്‍ ആയിരുന്നു അനുജന്മാരുടെ സംരക്ഷണം ഏറ്റെടുത്തത്. അവരെല്ലാം വളരെ ദരിദ്രരായിരുന്നു. അക്കാലത്ത് കൈപ്പറ്റയില്‍ നിന്നും ഒരു മുസ്ലിയാര്‍ കുഴിപ്പുറത്ത് വഅളിന് വന്നിരുന്നു. മറ്റു കുട്ടികളുടെ കൂടെ പുഴയില്‍ ചാടിയും മറ്റും കളിച്ചുകൊണ്ടിരിക്കുന്ന മഹാനെ വിളിച്ചു നിനക്ക് ഞാന്‍ നല്ലൊരു ജോലി തരാം എന്നും പറഞ്ഞു കൂട്ടിക്കൊണ്ടുവന്നു തലക്കടത്തൂര്‍ വലിയ ജുമാഅത്ത് പള്ളിയിലെ മുദരിസ് ആയിരുന്ന വലിയ്യുല്ലാഹി കുറ്റൂര്‍ ക്കമ്മുണ്ണി മുസ്‌ലിയാരുടെ അടുത്ത് ഏല്‍പ്പിച്ചു. കൊടുത്തു. അങ്ങിനെ ഉസ്താദിന്റെ ഖാദിമും മുതഅല്ലിമുമായി ദീര്‍ഘകാലം തലക്കടത്തൂര്‍ പള്ളിയില്‍ താമസിച്ചു.
ദര്‍സ് നടത്താന്‍ അര്‍ഹനായപ്പോള്‍ മുദരിസായി പറഞ്ഞയക്കുകയാണ് ഉണ്ടായത്. അന്ന് ഉപരിപഠനത്തിന് ബിരുദം എടുക്കാന്‍ കോളേജില്‍ പോവല്‍ വളരെ കുറവായിരുന്നു. ഉസ്താദുമാര്‍ തന്നെ ദര്‍സിന് അനുവാദം കൊടുത്തു പറഞ്ഞയക്കലായിരുന്നു പതിവ്. ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ തലക്കടത്തൂര്‍ പള്ളിയില്‍ പഠിക്കുന്ന വര്‍ഷമാണ് അനുജന്‍ അലവിയും വീട്ടില്‍ നിന്ന് ഒളിച്ചു പോന്നു തലക്കടത്തൂര്‍ ദര്‍സില്‍ മുതഅല്ലിമായത്. അലവി മുസ്‌ലിയാര്‍ തലക്കടത്തൂരില്‍ നിന്നു തന്നെയാണ് വിവാഹം കഴിച്ചത്. അങ്ങനെ ബീരാന്‍കുട്ടി മുസ്ലിയാരും അലവി മുസ്ലിയാരും തലക്കടത്തൂരില്‍ സ്ഥലം എടുത്തു. സ്ഥലം രണ്ടുപേരും ഭാഗിച്ചെടുത്ത് രണ്ടുപേരും വീട് വെച്ച് തലക്കടത്തൂര്‍കാരായി തീരുകയായിരുന്നു. തലക്കടത്തൂര്‍ ഓതുന്ന കാലത്ത് താഴെയുള്ളവര്‍ക്ക് ദര്‍സ് നടത്താന്‍ ഉസ്താദ് ഏല്‍പ്പിച്ചു കൊടുത്തിരുന്നു. അക്കൂട്ടത്തിലുള്ള പ്രധാന ശിഷ്യനായിരുന്നു വടകര മമ്മദാജി തങ്ങള്‍. ആദ്യമായി താനാളൂരിലേക്കാണ് മുദരിസായി നിയമിക്കപ്പെട്ടത് എന്നാണ് അറിവ്. താനാളൂര്‍ എത്ര വര്‍ഷം ദര്‍സ് നടത്തി എന്ന് വ്യക്തമായിട്ടില്ലെങ്കിലും പത്തു വര്‍ഷത്തോളം അവിടെ ദര്‍സ് നടത്തിയിട്ടുണ്ടെന്നാണ് അറിഞ്ഞത്.
ഹിജ്‌റ 1354 മുഹറം 11 മുതല്‍ 1364 റബീഉല്‍ ആഖിര്‍ 19 വരെയുള്ള 10 വര്‍ഷം ചെറുശോലയില്‍ ദര്‍സ് നടത്തിയതായും 1364 ജമാദുല്‍ ആഖിര്‍ 5 മുതല്‍ 1373 ശവ്വാല്‍ വരെയുള്ള 9 വര്‍ഷക്കാലം ചേറൂര്‍ അച്ചനമ്പലം പള്ളിയില്‍ ദര്‍സ് നടത്തിയതായും രേഖകളുണ്ട്. 1374 ജമാദുല്‍ അവ്വല്‍ 12 നാണ് വഫാത്ത്. കോട്ട് പള്ളിയില്‍ വെച്ചാണ് വഫാത്തായത്. കോട്ട് ദര്‍സ് തുടങ്ങി 29 -ാം ദിവസം മരണപ്പെടുകയായിരുന്നു. കുറച്ചു കാലം സുഖമില്ലാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ചേറൂരില്‍ നിന്ന് വിരമിച്ചു കോട്ട് ദര്‍സിലേക്ക് എത്തുന്നത് വരെ ആയിരിക്കും ആ വിശ്രമസമയം എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അപ്പോള്‍ 29 വര്‍ഷക്കാലമാണ് ആകെ ദര്‍സ് സേവനം ചെയ്തതെന്ന് മനസ്സിലാക്കാം. കോട്ട് ദര്‍സ് നടത്തുന്ന കാലത്ത് റബീഉല്‍ ആഖിര്‍ 19നാണ് ഇളയമകള്‍ സഫിയ ജനിക്കുന്നത്. അസുഖം കാരണം പിന്നീട് വീട്ടില്‍ വരുകയോ കുട്ടിയെ കാണുകയോ ചെയ്തിട്ടില്ല. വഫാത്താകുമ്പോള്‍ 59, 56 വയസ്സ് പ്രായമായിരുന്നു എന്നാണ് നിഗമനം. വടകര മുഹമ്മദ് ഹാജി തങ്ങള്‍, ചെറുശ്ശോല കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, കീരിപ്പള്ളി കുഞ്ഞി ഖാദര്‍ മുസ്ലിയാര്‍, അളിയന്‍ ഹാജി ടി.എം ഇസ്മായില്‍ മുസ്‌ലിയാര്‍ വാണിയന്നൂര്‍, തലക്കടത്തൂര്‍ പുഴക്കല്‍ പള്ളിയില്‍ ഇമാമും വാണിയന്നൂര്‍ ഖതീബുമായിരുന്ന കമ്മു മുസ്ലിയാര്‍ മുതലായവര്‍ ശിഷ്യന്മാരാണ്.
അദ്ദേഹത്തിന്റെ തഹ്ഖീഖാത്ത് എഴുതിയ നിരവധി ഗ്രന്ഥങ്ങള്‍ അവരുടെ കിതാബ് ശേഖരത്തില്‍ ഉണ്ട്. ഇഹ്യാഉലൂമുദ്ദീന്‍ അടക്കം പല തസവ്വുഫിന്റെ ഗ്രന്ഥങ്ങള്‍, ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ്യ മറ്റു പല ഗ്രന്ഥങ്ങളും പൂര്‍ണമായും നന്നാക്കിയതും അദ്ദേഹത്തിന്റെ ഇല്‍മിന്റെ ആഴം മനസ്സിലാക്കാം യഥാര്‍ത്ഥ സാഹിദായിട്ടായിരുന്നു അവര്‍ ജീവിച്ചിരുന്നത്. സുന്നത്തുകള്‍ പരമാവധി ചെയ്യുകയും ജീവിതം മുഴുവനും ഇല്‍മുമായി ബന്ധപ്പെട്ടു ജീവിക്കുകയും ചെയ്ത മഹാനവറുകളുടെ സന്താന പരമ്പരയില്‍ ഭൂരിഭാഗവും പണ്ഡിതന്‍മാരാണ്. മക്കളും പേരക്കുട്ടികളും മരുമക്കളും അടക്കം നൂറോളും പണ്ഡിതന്‍മാരും മുതഅല്ലിമീങ്ങളുമുണ്ട് ആ പരമ്പരയില്‍. കാളങ്ങാടന്‍ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നീ ആണ്‍ മക്കള്‍ അടുത്ത് മരണപ്പെട്ടു. ഇന്ന് ജീവിച്ചിരിക്കുന്ന ഏക മകന്‍ തിരൂര്‍ സോണ്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റും പണ്ഡിതനുമായ അഹ്മദ് മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരും മകള്‍ സഫിയ്യ എന്നിവരുമാണ്. ആയിഷ, ഫാത്തിമ എന്നീ പെണ്‍മക്കളും, ചെറു പ്രായത്തില്‍ തന്നെ മറ്റു കുട്ടികളും മരണപ്പെട്ടിട്ടുണ്ട്.
ഇരിങ്ങാവൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്ന മഹല്‍ വ്യക്തി മരുമകനാണ് സമസ്ത മുഷാവറ മെമ്പര്‍ അബ്ദു മുസ്‌ലിയാര്‍ താനാളൂര്‍ അടക്കം പല പ്രമുഖരും ആ പരമ്പരയില്‍ നിന്നാണ് വിവാഹം ചെയ്തത്. കോട്ട് പള്ളിയില്‍ മുദരിസായിരിക്കെ അവിടെ വെച്ചാണ് ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ വഫാത്തായതെന്ന് പറഞ്ഞുവല്ലോ. അവിടെത്തന്നെ മറവ് ചെയ്യുകയാണുണ്ടായത്. പള്ളിയുടെ കിഴക്ക് വശം തേക്കേമൂലയില്‍ ചുമരിനോട് ചേര്‍ന്നായിരുന്നു മഹാനവറുകളുടെ ഖബ്ര്‍ സ്ഥിതി ചെയ്തിരുന്നത്. പള്ളി പുതുക്കി പണിതപ്പോള്‍ ഖബറിന്റെ അടയാളങ്ങള്‍ അവര്‍ നിലനിര്‍ത്തിയില്ല. പള്ളി വലുതക്കാത്തത് കാരണം പഴയ സ്ഥലത്ത് തന്നെ ചുമരിനോട് ചേര്‍ന്നാണ് ഇപ്പോഴും ഖബ്ര്‍ ഉള്ളത്. കുറച്ചു ഭാഗം പൂമുഖത്തുള്ള സ്ലാബിന്റെ അടിയിലായിട്ടുണ്ട് എന്ന് ഓര്‍മപ്പെടുത്തുന്നു.
ഹിജ്‌റ 1374 ജമാദുല്‍ അവ്വല്‍ 12 വെള്ളിയാഴ്ച സുബഹിക്ക് ശേഷമാണ് ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ എന്ന മഹാന്‍ ഈ ലോകത്തോട് വിടവാങ്ങിയത്. സര്‍വ്വശക്തന്‍ അവരുടെ മദദ് നല്‍കി അവരെ പിന്‍പറ്റി ജീവിച്ചു ആക്കിബത് നന്നായി മരിച്ച് അവരോടൊന്നിച്ച് സ്വര്‍ഗ്ഗ ലോകത്ത് നാം എല്ലാവരെയും ഒരുമിച്ചുകൂട്ടി തരട്ടെ… അവരുടെയൊക്കെ ദറജകള്‍ അല്ലാഹു ഉയര്‍ത്തി കൊടുക്കട്ടെ. അവരുടെ എല്ലാം ബറകത്ത് കൊണ്ട് നമ്മെയും സന്താനപരമ്പരയെയും കുടുംബങ്ങളെയും അവന്‍ സ്വാലിഹീങ്ങളില്‍ ഉള്‍പ്പെടുത്തി തരട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ എല്ലാവരെയും അവന്‍ ഒരുമിച്ചുകൂട്ടി തരട്ടെ ആമീന്‍…
(2021 ഡിസംബര്‍ 17 (വെള്ളി) ജുമാദുല്‍ അവ്വല്‍ 12. മഹാനവര്‍കളുടെ ആണ്ട് ദിനമാണ്. എല്ലാവരും ഫാതിഹ ഹദ്‌യ ചെയ്യുമല്ലോ))