ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത നിമിഷങ്ങളുണ്ടാവും ജീവിതത്തില്‍. എങ്ങനെ അതിജീവിക്കുമെന്ന് അന്ധാളിച്ച് നിസഹായതയോടെ പതറിപ്പോയ ഇന്നലെകള്‍. അറിയാതെ പോലും ഓര്‍ക്കുമ്പോള്‍ ഒരുള്‍കിടിലമായി രൂപപ്പെടുന്നവ. എന്നാല്‍ ആ കദന കഥകള്‍ പ്രിയപ്പെട്ടവരോട് നമ്മള്‍ ആവേശത്തോടെ പറഞ്ഞു കൊടുക്കും.
ഇന്ന് നമ്മളാ കഥ പറയുമ്പോള്‍ കേട്ടിരിക്കാന്‍ ചുറ്റിലും ആള്‍ക്കൂട്ടമുണ്ടാവും. പറയുന്നതെന്തും ചെയ്യാന്‍ കാതോര്‍ത്തിരിക്കുന്ന പരിവാരങ്ങളും ഉറ്റവരുമുണ്ടാവും. എന്നാല്‍ അന്ന് ആ പ്രക്ഷുബ്ദമായ ആഴക്കടല്‍ നീന്താനൊരുങ്ങുമ്പോള്‍ മറുകരകാണുമോയെന്ന് നിശ്ചയമില്ലായിരുന്നു. എങ്കിലും ഉറച്ച ആത്മവിശ്വാസത്തോടെ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു നമ്മള്‍ നീന്തി.
അങ്ങനെ കൈ കാലുകള്‍ കുഴഞ്ഞ് ആഴക്കടലിലേക്ക് ആപതിക്കുമ്പോള്‍, ഒന്ന് ശ്വാസമെടുക്കാനായി മുകളിലേക്കുയരാന്‍ അശക്തനായിരിക്കുമ്പോള്‍ നമ്മുടെ കൈകളിലൊരു പിടിമുറുകി. നമ്മളെ ആഞ്ഞു വലിച്ച് തന്റെ തുരുത്തിലേക്ക് വലിച്ചു കയറ്റി ആ കൈകള്‍. അവ്യക്തതയോടെയാണ് നാം ആ മുഖം കാണുന്നതെങ്കില്‍ പോലും ജീവിതത്തിലൊരിക്കലും ആ മുഖം മറക്കാതെ സൂക്ഷിക്കാന്‍ നാം ബദ്ധശ്രദ്ധപുലര്‍ത്തും. മനസ്സിന്റെ മൂലയില്‍ ആ ഓര്‍മകള്‍ സൂക്ഷിക്കാന്‍ മാത്രം മണിചിത്രത്താഴ്‌ട്ടൊരു സ്വര്‍ണ്ണപ്പെട്ടി പണിയും നമ്മള്‍.
അല്‍ ഉസ്താദ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ജീവിതത്തിലും അത്തരം ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്. ഓര്‍മകളില്‍ മറക്കാതിരിക്കാന്‍ പ്രത്യേകം മാറ്റി നിറുത്തപ്പെട്ടത്. അല്‍ ഉസ്താദിന്റെ മുമ്പിലിരുന്ന് ഒരു കഥ കേള്‍ക്കുന്ന ലാഘവത്തോടെ ആ നിമിഷത്തെ പകര്‍ത്താന്‍ ശ്രമിക്കുന്ന നമ്മള്‍ക്ക് ആ നിമിഷങ്ങളെ എത്രമാത്രം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ട് എന്നറിയില്ല. എങ്കിലും അന്ന് ഉസ്താദ് ആ ആഴക്കടല്‍ നീന്തുമ്പോള്‍ കൈ പിടിച്ചു തന്റെ തുരുത്തിലേക്ക് വലിച്ചു കയറ്റിയ വലിയ മനുഷ്യനാണ് സി കെ കുഞ്ഞാപ്പു ഹാജിയെന്ന്(അബൂബക്കര്‍) ഉസ്താദിന്റെ വാക്കുകളില്‍ നിന്ന് നമുക്ക് വ്യക്തമാവും.
കഴിഞ്ഞ ദിവസം സ്വലാത്ത് നഗറില്‍ ഒരുമിച്ചു കൂടിയ പതിനായിരങ്ങള്‍ക്ക് മുമ്പില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദും ബദറുസാദാത്ത് തങ്ങളുസ്താദും സയ്യിദ് അലി ബാഫഖി തങ്ങളും മറ്റു തലയെടുപ്പുള്ള സാദാത്തുക്കളും ആലിമീങ്ങളും ചേര്‍ന്ന് നിന്ന് കുഞ്ഞാപ്പു ഹാജിക്ക് സ്‌നേഹാദരം സമര്‍പ്പിച്ചു. എന്തുകൊണ്ടും ആ അദരവിന് അര്‍ഹനാണദ്ദേഹം.
(സി കെ കുഞ്ഞാപ്പു ഹാജിക്കുള്ള സ്‌നേഹാദരം കൈമാറുന്നു (2021-December 29 )
കുഞ്ഞാപ്പു ഹാജിയും മഅ്ദിനും തമ്മിലുള്ള ബന്ധമെന്താണെന്ന് അറിയാതെയെങ്കിലും മനസ്സില്‍ നിനക്കുന്നവരുണ്ടാവും. മസ്ജിദുന്നൂറില്‍ നിന്നും അല്‍ ഉസ്താദ് (സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി) പടിയിറങ്ങുമ്പോള്‍ ഉസ്താദിന്റെ പതനം കാണാന്‍ ശത്രുക്കള്‍ ചക്രവ്യൂഹം സൃഷ്ടിച്ച് കാത്തിരിപ്പായിരുന്നു. എന്നാല്‍ ആ കുതന്ത്രങ്ങളെ മുഴുവന്‍ നിഷ്പ്രഭമാക്കി ഒറ്റയാള്‍ പോരാട്ടം നയിച്ചു മഅ്ദിനിനെ ഇന്ന് ഈ കാണുന്ന പരുവത്തിലേക്ക് വളര്‍ത്തുവാന്‍ ഉസ്താദിന്റെ കൂടെ നിന്ന പടയാളിയായിരുന്നു കുഞ്ഞാപ്പു ഹാജി.
പണ്ട്, ഉസ്താദ് കോണോംപാറയിലെ മസ്ജിദുന്നൂറില്‍ നിന്ന് സ്വലാത്ത് നഗറിലേക്ക് പറിച്ചു നട്ട സന്ദര്‍ഭം, സ്വലാത്ത് നഗറിലെ പഴയ പള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ ചെരിപ്പഴിച്ചുവെക്കുന്ന സ്ഥലത്തായിരുന്നു മാസങ്ങളോളം കുഞ്ഞാപ്പു ഹാജിയുടെ അന്തിയുറക്കം. വീടും കുടുംബവുമില്ലാഞ്ഞിട്ടല്ല മറിച്ച്, പാതിരാത്രിയിലെങ്ങാനും തലക്ക് വെളിവില്ലാത്ത വല്ലവനും പ്രിയപ്പെട്ട ശൈഖുന ഉസ്താദവര്‍കളെ കടന്നാക്രമിച്ചാലോ…? എന്ന ഉള്‍ഭയമായിരുന്നു ഹാജ്യാര്‍ക്ക്. അങ്ങനെ ഉസ്താദിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്തതിന്റെ പേരില്‍ മാത്രമാണ് തന്റെ കിടപ്പറ ഉസ്താദിന്റെ റൂമിന്റെ വരാന്തയാക്കിയത്. ഈ സംഭവം പറയേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഉസ്താദിന്റെ കണ്ണുകള്‍ അറിയാതെ നിറയുന്നത് ഞങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ട്.
മഅ്ദിന്‍ പിച്ച വെച്ചു തുടങ്ങിയതിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി കൈ പിടിച്ചു നടത്തിയതിലും കുഞ്ഞാപ്പു ഹാജിയുടെ സാന്നിദ്ധ്യം മാറ്റിനിറുത്തുവാന്‍ സാധിക്കുകയില്ല. പുതുതലമുറക്ക് തിട്ടമില്ലങ്കിലും മഅ്ദിനില്‍ പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും കുഞ്ഞാപ്പു ഹാജിയെ മാറ്റി നിറുത്തി മഅ്ദിനെ കുറിച്ച് ചിന്തിക്കുവാന്‍ സാധിക്കില്ല. യത്തീം കുട്ടികള്‍ക്ക് അവരെ ചേര്‍ത്തു പിടിച്ച പിതാവായിരുന്നു ഹാജ്യാര്, അദ്ദേഹം ഒന്ന് കണ്ണുരുട്ടിയാല്‍ ശബ്ദമയമായിരുന്ന കുട്ടിപട ഒരു നിമിഷം നിശബ്ദമാകുമായിരുന്നു.
(കുഞ്ഞാപ്പു ഹാജി ബദറുസാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയോടൊപ്പം)
പള്ളിയുടെ തൊട്ടടുത്ത കടയില്‍ കരിമ്പിൻ കഷ്ണങ്ങൾ കച്ചവടത്തിനെത്തിയാൽ ആദ്യം ഹാജ്യാര് അത് മുഴുവൻ വാങ്ങും. ഇരട്ടി മധുരമാകാൻ കുറേ മിഠായികളും വാങ്ങും. എന്നിട്ട് എല്ലാമായി ഹാജി കുട്ടികളോടൊപ്പമിരിക്കും. പിതാവിന്റെ വേർപാടിന്റെ ദുഖം ഈ വിശാല ഹൃദയത്തിന്റെ സ്നേഹക്കൈനീട്ടത്തിനൊടുവിൽ അലിഞ്ഞില്ലാതാവും. അവരോട് കളി തമാശ പറയും. ഉപദേശങ്ങൾ നൽകും. ഇങ്ങനെ ഓർത്തെടുക്കാനുണ്ടൊരുപാട്.
സ്‌നേഹവും ആര്‍ദ്രതയും ധൈര്യവും നേതൃപാടവവും ഒരുപോലെ ഒത്തിണങ്ങിയ മഅദിനിന്റെ സ്വന്തം പ്രിയപ്പെട്ട കുഞ്ഞാപ്പു ഹാജിക്ക് മഅദിന്‍ സ്‌നേഹാദരം നല്‍കുമ്പോള്‍ ഈ സ്വലാത്ത് നഗറിലെ ഓരോ മണല്‍ തരിയും അഭിമാനത്താല്‍ കോള്‍മയിര്‍ കൊള്ളുന്നുണ്ട്.