മാലാഖമാരേ, നിങ്ങളുടെ പ്രയാണമെന്നെ കൊതിപ്പിക്കുന്നു

വിശുദ്ധ മേനികളിലൂടെ
സഞ്ചരിച്ച പ്രകാശം,
ഇരുട്ടിനെ വെളിച്ചമെന്ന്
പരിഭാഷപ്പെടുത്തുന്നു

വയറ്റാട്ടിയുടെ ലാഘവത്തോടെ
പറന്നുവന്ന് ആമിനുമ്മയെ തഴുകിയ
പക്ഷിയുടെ കണ്ണിൽ
നക്ഷത്രത്തിളക്കം

 

അഴുകിയ
തെരുവുചിത്രങ്ങൾക്ക് നടുവിൽ
സുറുമ വരച്ച കൺപീലികൾ

ദുർഗന്ധം വമിക്കുന്ന
കൂനകൾക്ക് കുഞ്ഞിളംമേനി
പകർന്ന സുഗന്ധം

മക്കയിലെ കുടിലുകൾ
നിറങ്ങളെ വഹിക്കുന്നു
എണ്ണവറ്റിപ്പോയ തിരിവിളക്കുകൾ
മുനിഞ്ഞുകത്തുന്നു

ആകാശത്തേക്ക്
നീരാവിയായി വലിഞ്ഞുപോയ തടാകമേ..
സുബ്ഹി നേരത്തെ
ഭാഗ്യത്തുള്ളികളെ
അസൂയ കൊണ്ടുമാത്രം
ഞാൻ വായിച്ചെടുക്കുന്നു

ധൂമപാളികളായി
തകർന്നുവീണ കൊട്ടാരമേ…
കരിങ്കൽചീളുകൾ പോറി
മുറിവേറ്റുകൊണ്ടെങ്കിലും
ആ നിമിഷം വിടർന്ന
ശലഭമായിരുന്നെങ്കിൽ..

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!