ഒട്ടുകാലമായ് ഞാൻ തിരക്കുന്ന
ഗാന്ധിയെ കണ്ടു ഗാന്ധിയെ
ഒറ്റുകാരു മുമ്പാർക്കോ
വിറ്റുപോയൊരെൻ ഗാന്ധിയെ.
മദ്യഷാപ്പിലോരർദ്ധ നഗ്നൻ
പിടിച്ചു നിൽക്കുന്ന
നോട്ടിലെ
ചെറ്റപൊക്കും നരന്റെ
നാഭിയിലൊട്ടി നിൽക്കുന്ന ഗാന്ധിയെ.
വെട്ടിവീഴ്ത്തിയ വാളിനറ്റം
തൊട്ടു നക്കുന്ന ചോരയിൽ
ഇട്ടു നൽകുന്ന കെട്ടിലെ
മനം പൊട്ടിനിൽക്കുന്ന ഗാന്ധിയെ.
ഒട്ടുകാലമായ് ഞാൻ തിരക്കുന്ന
ഗാന്ധിയെ കണ്ടു ഗാന്ധിയെ
ഒറ്റുകാരു മുമ്പാർക്കോ
വിറ്റുപോയൊരെൻ ഗാന്ധിയെ.
ചുട്ടുപൊള്ളുന്ന ജാതി-മത
കമ്പു കത്തുന്നടുപ്പിലെ
വെന്തു തുള്ളുന്നിറച്ചിയിൽ
വിരണ്ടിരിക്കുന്ന ഗാന്ധിയെ.
കൃത്യമായ് കൃത്യം ചെയ്തു കിട്ടുവാൻ
കൈമടക്കിയ നോട്ടിലെ
തുപ്പൽ തേച്ചു നീ കാഴ്ച്ച മായ്ച്ചു പാടന്ധനാക്കിയ ഗാന്ധിയെ.
ഒട്ടുകാലമായ് ഞാൻ തിരക്കുന്ന
ഗാന്ധിയെ കണ്ടു ഗാന്ധിയെ
ഒറ്റുകാരു മുമ്പാർക്കോ
വിറ്റുപോയൊരെൻ ഗാന്ധിയെ.
പോർവിളിച്ചു നീ നടന്ന
വഴികളിൽ
കണ്ടു ഞാനൊരു
ഗാന്ധിയെ
നാവുകെട്ടി നീ കൊണ്ട് വെച്ച
കരിങ്കല്ലു പോലൊരു ഗാന്ധിയെ.
മന്ദിരങ്ങളിൽ കണ്ടു ഞാൻ
ബന്ധസ്ഥനായൊരു ഗാന്ധിയെ
ചില്ലിട്ടു പിന്നെയും തൂക്കിലേറ്റിയ
പാവമാമെന്റെ ഗാന്ധിയെ.
ഒട്ടുകാലമായ് ഞാൻ തിരക്കുന്ന
ഗാന്ധിയെ കണ്ടു ഗാന്ധിയെ
ഒറ്റുകാരു മുമ്പാർക്കോ
വിറ്റുപോയൊരെൻ ഗാന്ധിയെ.


