പൊയ്മുഖങ്ങൾ

അത്രയും കൂടിയ
തിരക്കിനിടയിലും
മൂന്നു വരി
മുമ്പിലൊരു സീറ്റുമാത്രം
കാലി കിടക്കുന്നു.
അഞ്ചുമണി മനുഷ്യർ
മുഴുക്കെയും
നിന്നു
കാലു കടയാൻ
തീരുമാനിച്ച പോലെ.

ചാടിയിരുന്നവൻ്റെ
ചന്തിയ്ക്ക്
പഞ്ഞികൾക്കിടയിലൂടെ
പള്ളകീറി വന്നൊരു
തുരുമ്പു പറ്റിയ കമ്പി കൊണ്ടു
തുണി കീറി.

ചോഡ് ദോ യാർ…
തു ഖുദ് ആഗയി നാ..
ഒലിച്ചിറങ്ങിയ
ഗുഡ്കയുടെ ചോപ്പ്
തുടച്ചുനക്കി
അവൻ ചിരിച്ചു.
അതെന്നെ,
ഇനിയാരോടു പറയാൻ..

അലഹബാദ് തക് ഏക് ടിക്കറ്റ്.
കണ്ടക്ടർ തുറിച്ചുനോക്കുന്നു.
മുമ്പിൽ നിന്ന്
ആയിരം തലകൾ
നീണ്ടുവരുന്നു.
പിറകിലെ ഓരോ കൈകളിലും
നീണ്ടു കൂർത്ത
മുമ്മൂന്നു നഖങ്ങൾ.
ഡ്രൈവറുടെ സീറ്റിനു മുകളിൽ നിന്നു
പാനസോണിക്കിൻ്റെ
മങ്ങിയ ചുവപ്പ് റേഡിയോയിൽ നിന്നു
ഗോലി മാരോ ഇസ് സാലെ കോയെന്ന്
ആക്രോശം.
ഒപ്പമിരിക്കുന്നവന്റെ
ചോന്ന ചുണ്ടിൽ
ചോരയുടെ മണം.
തല പെരുക്കുന്നു..
പ്രയാഗ് രാജ്.
കണ്ടക്ടർ ചിരിച്ചു.
പാതി തുറന്നിട്ട
ചില്ലുജാലകത്തിലൂടെ
കാറ്റ് മുഖത്തേക്കടിച്ചു.
ഒച്ച കൂട്ടിവച്ച
റേഡിയോയിൽ നിന്നുള്ള
തലപൊളിക്കുന്ന
ഭോജ്പുരി പാട്ടും കേട്ടു
കണ്ണടച്ചു കിടന്നു.

അലഹബാദിലേക്കും
ഔറംഗാബാദിലേക്കും
ഹൈദരാബാദിലേക്കും
അഹമ്മദാബാദിലേക്കും ടിക്കറ്റെടുക്കുന്നവരിൽ തുടങ്ങി
അഹിന്ദി മിണ്ടുന്നവരെയും
ഇറച്ചി തിന്നുന്നവരെയും
മതേതരത്വം പ്രസംഗിക്കുന്നവരെയും
കവിതയെഴുതുന്നവരെയും
ഗാന്ധിയെയും നെഹ്റുവിനെയും
പഠിക്കുന്നവരെയും
എവിടെയൊക്കെയോ
ആൾക്കൂട്ടങ്ങൾ
തല്ലിക്കൊന്നുകൊണ്ടിരുന്നു.

ആപ് കഹാ ജാ രഹെ?
മേ? മേ അയോധ്യ തക്.
അവന്റെ കണ്ണുകളിൽ തീ.
മറഞ്ഞുകിടക്കുന്ന
എന്തൊക്കെയോ വരികൾ.
അയോധ്യ – എല്ലാമുണ്ടായിട്ടും
രാമനില്ലാണ്ടായിപ്പോയ നഗരം.

ഔർ തു? തുമാര നാം?
റഹ്മാൻ.
ഓഹ് റാം റാം…
റാം നഹി ഭയ്യാ… റഹ്മാൻ ഹേ മേരാ നാം.
വോ ഏക് അറബ് നാം ഹേ.

അവന്റെ ചുണ്ടില്
പിന്നെയും ചോരയുടെ
ചാലു പടരുന്നു.
തലയ്ക്കു മീതെ കൊമ്പുകൾ..
കൂർത്ത കണ്ണുകളിൽ
പേരില്ലാത്തൊരു ഭാവം…
പിന്നെയും പിന്നെയും തല പെരുക്കുന്നു.

രാമന്റെ പേരിൽ
ആരൊക്കെയോ
കൊല്ലുന്നു.
രാമനു വേണ്ടി
ആരൊക്കെയോ
മരിച്ചുകൊണ്ടിരിക്കുന്നു.

ഞാൻ വീണ്ടുമൊരു
ജനുവരി മുപ്പതിനെ
കാണുന്നു.
ഇപ്രാവശ്യം
കൃത്യമായൊരു
9 എം എം ബെരേറ്റെ
വന്നെന്റെ നെറ്റിയിൽ കൊണ്ടു.

ഹേ റാം!

മിദ്‌ലാജ് തച്ചംപൊയിൽ

മിദ്‌ലാജ് തച്ചംപൊയിൽ

2023 ലെ മാതൃഭൂമി വിഷുപ്പതിപ്പ് കവിത പുരസ്‌കാര ജേതാവ്

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×