കാരക്ക

കടലു കടന്നു മുറിഞ്ഞ
കരക്കാറ്റ്‌ കൂട്ടിപ്പിണഞ്ഞു പാടുന്നുണ്ടാകും,
തന്മ തേടി തളർന്ന
നിലാവിന്റെ നീട്ടിമീട്ടിയ വരികളുണ്ടാകും,
ഇല്ല, കേൾക്കുന്നില്ല.
ഒറ്റമുറിയിലെയൊറ്റ
ജനൽപ്പാളിയിൽ തലതല്ലിപ്പിളർന്നു
മരിച്ചതാകാം.
ഉള്ളിലിരമ്പും ഇരുളിന്റെ
തിരകളിൽ നിശയുടെ
വെട്ടത്തിനുമനുസാരി ഗന്ധം..!
ഉടലോടടുത്തു കിടക്കും മനുജരിൽ
ഉയിരോടടുത്തു മിടിപ്പുണ്ടാകുമോ..?

രുദിതംവെച്ച കഞ്ഞിക്കലം
നാലാൾക്കു കോരി വിളമ്പി,
പശി നിറഞ്ഞു,
ശ്വാസത്തിനൊരറ മാറ്റിവെക്കേണ്ടായിരുന്നു
മറന്നു…?!

നാളെയാകാം,
”അല്ലാക്കു ‘വേണ്ടി ”
നോറ്റ നിയ്യത്ത്
അത്താഴത്തിനെണീക്കണം,
വുളൂ എടുക്കണം
വാങ്ക് കാക്കണം
ഹൃത്തു തണുത്തു.

രണ്ടുറങ്ങിയാൽ
തസ്ബീഹ് കേൾക്കും,
മൈലാഞ്ചി ചോക്കും,
ഉടുപ്പിനു കുട്ടികളുണ്ടാകും.
അപ്പച്ചട്ടി വിശ്രമിക്കും.
ഉണക്കമീന്റെ കരച്ചിലു
തീരും. പിന്നെ,
പ്രാക്കു നിറയ്ക്കുന്ന
ആമാശയം ചോറു കാണും.
ആണ്ടിലൊരിക്കെ പെറുന്ന
ബിരിയാണിക്കലത്തിനു
ഗർഭമുണ്ടാകും.

നനവ്…
തലയിണ കഥ കേട്ടതാകാം.

മേലരിച്ച കൈയിന്റെ
ചൂടു വന്നു, ചോര പൊടിഞ്ഞു.
മിണ്ടാനാകാത്ത വാചാലതയെ
സ്വപ്നത്തോടു കൂട്ടിക്കിടത്തി,
ഒരിക്കൽ കൂടി
കിനാവിന്റെ തൊട്ടിലിലാട്ടി,
താരാട്ടില് വേപഥുവിന്റെ
വികൃഹാവസ്ഥയുണർന്നു,
ചോര കക്കി.
പൂർണമായൊരിരുട്ട്..
അന്ധത,
നിശബ്ദം..
ഉറക്കം അനുഗ്രഹിച്ചിരിക്കുന്നു.

 

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×