നോമ്പോർമ

ഇരുപത്തേഴാം രാവിന്റന്ന്
ശുഹദാപള്ളിയിലെ
തറാവീഹും കഴിഞ്ഞ്
ഇഹ്തികാഫ് മുറിച്ചു
പോക്കര്
പുരയിലേക്കു തിരിച്ചു.

ചീരുള്ളിയും തേങ്ങയും
കുത്തിച്ചതച്ചു, പൊടിയരിയിട്ടു
ചീരാകഞ്ഞിയും വെച്ച്
പുയ്യാപ്ലനെ
കാത്തിരിപ്പാണാമിന

വീർത്തുന്തിയ വയറും
നീരു വന്ന കാലും
ഇടക്കിടെ തടവി,
നരകമോചനം തേടുന്ന
മന്ത്രോച്ചാരണങ്ങൾ
ഉരുവിടുന്നുണ്ട്.

പത്തും എട്ടും
ആറും നാലും രണ്ടും
വയസ്സുള്ള
കണ്മണികൾ
നുരുമ്പിപ്പൊടിഞ്ഞ
പുല്ലുപായിൽ
ചുരുണ്ടുറങ്ങുന്നു.

ഒരിക്കെ,
വീട്ടിൽ വിരുന്നിനു പോയപ്പോൾ
മക്കളുറങ്ങുന്നതു നോക്കി
കുഞ്ഞാങ്ങള പറഞ്ഞതോർത്തു,
മീൻചട്ടിയിൽ മത്തി വറുക്കാനിട്ട പോലെ..

കോലായിൽ നിന്നും
സുബ്ഹാനല്ലാഹി കേൾക്കാം.
മലാഇകത്തിനെ കാത്ത്
അരണ്ട വെളിച്ചത്തിൽ
ഉറക്കമൊഴിച്ചിരിക്കുന്ന
പോക്കരുടെ
ഹൃദയമിടിപ്പിനൊപ്പം
ഉയരുന്ന
തസ്ബീഹ് ധ്വനികൾ

വെളിച്ചമുദിച്ചതും
പെട്ടിയെടുത്തു
മക്കളെ തലോടി
പടികളിറങ്ങി,
അക്കൊല്ലത്തെ
ഹജ്ജിനുള്ള യാത്ര..
നിറഞ്ഞുതുളുമ്പിയ
ആമിനാൻ്റെ കണ്ണുകളിൽ
വിരഹത്തിന്റെ ഉപ്പുരസം .

ആമിന
നാല്കാശുള്ളടത്തെയാണ്.
പോക്കര് പട്ടിണിപ്പാവവും.

വാപ്പാൻ്റെതൊടിയിൽ
അണ്ടി പെറുക്കാൻ വന്ന
പയ്യനോട്
ആമിനാക്കു പ്രണയം പൂത്ത്,
മുഹബ്ബത്തിന്റെ
കസവൊളിപ്പിച്ച
കണ്ണുകൾക്കൊണ്ട്
ആമിന വലയെറിഞ്ഞു.

ബദരീങ്ങളെയാണ്ടിന്റന്ന്
പള്ളിയിലെ
ഇറച്ചിപ്പൊതി വിതരണം
കഴിഞ്ഞു
തൊണ്ടയുണങ്ങിയ
പോക്കര്
അണ്ടി പെറുക്കുന്ന കൂട്ടത്തിൽ
പഴുത്ത പറങ്കി മാങ്ങ
കടിച്ചുചവച്ചു നീര്
കുടിച്ചു,
ചണ്ടി തുപ്പുമ്പോൾ
മുന്നിൽ പാവാടക്കാരി.
നോമ്പുകള്ളൻന്നു പറഞ്ഞ്
തിരിഞ്ഞോടുമ്പോൾ പോക്കര്
തുപ്പാൻ മറന്ന ചണ്ടിയും ഉള്ളിലേക്കിറക്കി, തൊണ്ടയിൽ കെട്ടി
ചുമക്കുമ്പോൾ
മുന്നിലേക്കൊരു കോപ്പ വെള്ളം
നീണ്ടുവന്നു
വെള്ളം കുടിച്ചു
ചിറി തുടച്ചു
മിണ്ടാതെ തിരിഞ്ഞു നടന്നു.

നോമ്പില്ലാത്തന്ന്
ആരും കാണാതെ
അമ്മിത്തിണ്ടിലിരുന്നു
വെള്ളം കുടിച്ചത്
പറമ്പിൽ നിന്നു
പോക്കര്
കണ്ടതോർത്തപ്പോൾ
തുടുത്ത കവിളുകൾ
ചുവന്നു.

പിറ്റേന്ന്, അരിയിടിക്കുമ്പോൾ
ആമിനാക്കു
പേറ്റു വേദന,
പേറ്റിച്ചിയാച്ചുമ്മ
വന്നപ്പോഴേക്കും
പേറു കഴിഞ്ഞു
ഇരട്ടകുട്ടികൾ,
ഒന്നിനു പക്ഷെ മിടിപ്പില്ലായിരുന്നു.

പേറും പെരുന്നാളും കഴിഞ്ഞു.
ഒരുജനനവും മരണവും നടന്നു .
ഹജ്ജിനു പോയ
പോക്കരെ ഓർത്ത്
ആമിന വിരഹത്തിന്റെ
കരിഞ്ഞ ദിനങ്ങൾ
എണ്ണിക്കുഴഞ്ഞു.

ഒറ്റപ്പെട്ട രാവുകളിൽ പ്രിയപ്പെട്ടവന്റെ
ഓർമകളെ
കുത്തിനിറച്ചു.

ആ ഓർമകൾക്കു പോലും
എന്തു ഭംഗിയാണ്..!

 

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×