വിശുദ്ധിയുടെ വെളിച്ചം

റമളാനമ്പിളി ഏന്തിനോക്കും മുന്നെ
പെരപ്പുറം തൊട്ട് അടുപ്പുംകല്ലു വരെ
തേച്ചു മിനുക്കി കുളിച്ചു നിവരും

അമ്പിളിക്കണ്ടം
പൊന്നാന്നീല് തലപൊക്കീ കേൾക്കുമ്പോ
മ്മാമ്മാന്റെ തസ്ബിയുരുളും
അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്…

തറാവീഹിനിടക്ക്
തൊണ്ട നനക്കാൻ
ചൂടു വിട്ടിട്ടില്ലാത്ത
തൂക്കുപാത്രം
പള്ളിന്റെ അകംപിടിക്കും

നോമ്പ് തൊറപ്പിക്ക്ണോന്
സ്വർഗത്തീലിടം ണ്ട് പറയുമ്പോ
സ്വർഗം കാണാള്ള പൂത്യോണ്ട്
പത്തിരിക്കല്ലൊന്നു ചൂടു പിടിക്കും.

പണ്ടെന്നോ
റമളാൻ പത്തിരി തിന്ന്
സ്വർഗം കണ്ട തള്ളാടിന്റെ കഥ കേൾക്കുമ്പോളാത്ത്ന്
“യാ അർഹമ റാഹിമീൻ”
കുട്ട്യോള് ഒച്ചത്തീ ചെല്ലും.

ഖുറാന്റെ മാസാ റമളാനെന്ന്
ഖത്വോത്തിന് മത്സരിക്ക്ണ പേജിന്റെണ്ണം
ഖൽബ്നെ വീണ്ടോർമിക്കും.

ചെയ്തൂട്ടിയ തെറ്റ്
ത്രാസിൽ കനം തൂങ്ങ്ണതോർത്ത്
നാവ് പെടക്കും,
കണ്ണ് നെറയും
“അല്ലാഹുമ്മഗ്ഫിർലീ..”

പകല്ന്റെ ചൂടിൽ
കൊടല് കത്തിക്കരിയ്മ്പോ
നരകത്തിന്റെ ചൂട് വേവും
“അ്തിഖ്നീ മിനന്നാർ..”
ഖൽബ് തേങ്ങും.

ലൈലത്തുൽ ഖദ്ർ
കിട്ടണമെന്ന പ്രതീക്ഷേല്
ഒറ്റ രാത്രീല് പെയ്യ്ണ മഴേല്
നിസ്ക്കാരക്കുപ്പായം കുതിരും.

റയ്യാന്റെ കവാടം അട്ക്ക്ണേന്റെ മുന്നെ
സ്വർഗത്തീലിടം പിടിക്കാൻ
അട്ത്തൊല്ലം കാക്കാതെ
പലരും യാത്രയാവും.

നഫീസ മുഈന കന്മനം

നഫീസ മുഈന കന്മനം

വിദ്യാർത്ഥിനി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×