ഒരു കവിതയുടെ ഇരിപ്പുവശം

പള്ളിറാന്തലിന്റെ
അരവെളിച്ചത്തിൽ
കൂടുകൾ മെനഞ്ഞുകെട്ടുന്നൊരാൾ.

മരിച്ചുതീരാത്ത
കവിതകൾക്കൊക്കെയും
ഒറ്റമരത്തണലിലായാൾ
കാവലിരിക്കും.

അല്ലെങ്കിലും
ജീവനില്ലാത്ത മനുഷ്യരുടെ
നെടുവീർപ്പുകളെയല്ലാതെ
മറ്റെന്തിനെയാണു
കവിതയെന്ന്
ഓമനപ്പേരിടാനാവുക!?.

മണ്ണിനുള്ളിൽ
വീർപ്പുമുട്ടിയുറച്ചു
പുറത്തേക്കു വലിഞ്ഞ-
വേദനകളെ
മീസാൻകല്ലുകളെന്നാരാണു
പേരു ചുരുക്കിവിളിച്ചത്?

മരണത്തോടെ സകലതും
തീർന്നുവെന്നു പറഞ്ഞവർക്ക്
മീസാൻകല്ലുകളുടെ
നോവുകളെങ്ങനെ പേറാനാവും?
ഓന് മരിച്ചുപോയെന്നു കാറ്റ്
മണ്ണിനുള്ളിലൊരു
സീൽക്കാരം ഇരുത്തിച്ചൊല്ലിയിട്ടുണ്ടാവും.

രാവ് പുലരുംവരെ
മരണപ്പെട്ടവരുടെ
കവിതകളയാൾ
കോർത്തുകുരുക്കും.
മെലിഞ്ഞകാറ്റിന്റെ ചിണുക്കത്തിൽ
ഒറ്റമുറിയിലെ
ജനാല തുറക്കും,
ആരോരുമില്ലാത്തവർക്കു
കൂട്ടിരിക്കുന്നവരോടൊപ്പം
പടച്ചോനുണ്ടാവും.

മറഞ്ഞുപോയവരുടെ
സംഗീതങ്ങൾ
ഇലയനക്കങ്ങളെന്നാരോ
തെറ്റിദ്ധരിച്ചിരിക്കുന്നു.
ഖബ്റിനുള്ളിൽ
മരിച്ചുപോയവരുടെ
വാഗ്വാദങ്ങൾ.
മാസം തികയാതെ മുറിഞ്ഞ
കുഞ്ഞിന്റെ രോദനങ്ങൾ
മാസം പത്തു ചുമന്നിട്ടും
നോവ് പേറാത്ത
ഗർഭപാത്രത്തിന്റെ
തേങ്ങലുകളിൽ..

പെട്ടെന്നൊരു നാൾ
ഖബ്റിൽ വിരുന്നു കൂടാൻ
പോയയാളുടെ
കവിതയെഴുതാൻ
ആരുമൊരുമ്പെട്ടില്ല.
വാക്കുകൾ കിട്ടാതെ
അയാളുടെ നെടുവീർപ്പുകൾ
കല്ലറക്കുള്ളിൽ
പിടഞ്ഞുമരിച്ചു.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×