ഹൃദയംകൊണ്ടൊന്നു നോക്കൂ; അവരിലതാ വെളിച്ചം

പുണ്യങ്ങളുടെ പൂക്കാലം,
നിവർത്തിവെച്ച നിസ്കാരപ്പായയിലിരുന്നു
തസ്ബീഹിന്റെ മണിമുത്തുകളിൽ
പോലും ആവേശം കാണിച്ചവൾ
പിടഞ്ഞെഴുന്നേറ്റു.

ഇനി ഹൃദയമുള്ളവരുടെ നാളുകൾ,
ഇറയോനിലേക്കു ഇരുകരങ്ങൾ നീട്ടി നെറ്റിത്തടം കൊണ്ടു
താഴ്മയുടെ ലോകത്തേക്ക്
ഊളിയിട്ടതിനു ശേഷമവൾ
അടുക്കളയിലേക്കു ചേക്കേറി.

ഹോ, ഹൃദയമുള്ളവരേ..
ഇവിടേക്കൊന്നു കാതോർക്കൂ..
ആദ്യം,
മനസറിഞ്ഞൊരു പുഞ്ചിരി.

“പ്രവൃത്തികളുടെ സ്വീകര്യത നിയ്യത്ത് കൊണ്ടാണ്”
പതിയെയൊരു ശബ്ദം
ചിന്തയിൽ വളരുന്നു..

ആത്മാവിനു തിന്മകളിൽ നിന്നൊരു കടിഞ്ഞാണിട്ട്,
വിശപ്പിന്റെ അർത്ഥനാദങ്ങളിൽ
ഇലാഹിനെയോർത്ത്,
കരുണാനിധിയുടെ കനിവിനു വേണ്ടി
സുകൃതസരണിയിൽ ശ്വാസമർപ്പിക്കുന്നവർക്കു വേണ്ടി
ഇശ്ഖിൽ കോർത്തൊരുപിടി
അത്താഴം തയ്യാറാക്കണം.

ഉടയവനേ..,
നിലയ്ക്കാത്ത പ്രതിഫലമെത്രയാണ്…
വിശുദ്ധിയുടെ ദിനരാത്രങ്ങളിൽ
ഇലാഹീസ്മരണകളിൽ
വ്രതവിശുദ്ധിയെ കാത്ത് സൂക്ഷിക്കുന്നവർക്കു വേണ്ടി
വീണ്ടും അടുക്കളയോരത്തേക്ക്..
നിയ്യത്തിൻ്റെ ചക്രത്തിലോടുന്ന
ഒരോ സത്പ്രവൃത്തിയും മധുരമാണ്.

തസ്ബീഹിന്റെ വിളിയാളം ചുണ്ടിൽ കത്തിച്ചവൾ
ആവേശത്തോടെ ഓടിനടന്നു.
ആഹാരത്തിന്റെ
ഒരോ കണികകളിലും
ഇലാഹിൽ നിന്നുള്ള സദാ ദൃഷ്ടിമാത്രം.

ഹൃദയം ചത്തു പോയവരേ…
ലക്ഷ്യം ഒരിക്കലും അണയാത്ത
വെളിച്ചത്തിലേക്കുള്ളതാക്കൂ.
ഇറയോനിൽ നിന്നുള്ള പ്രതിഫലത്തെ അന്ധത മൂടിയ
നയനങ്ങൾ കൊണ്ടു നോക്കാനിരിക്കൂ..

അനുധാവനത്തിലൊരു
ആനന്ദം കണ്ടെത്തിയവൾക്ക്
പരാതിയില്ല, പരിഭവമില്ല
എല്ലാം പടപ്പിനു പടച്ചവനോടുള്ള
ഉറവ വറ്റാത്ത വിശ്വാസം മാത്രം.

ഒടിഞ്ഞ ചിന്തകളിൽ നിരതെറ്റിപ്പോയവളേ..
ഇവിടം സുന്ദരമാണ്..
കൺകൾ തുറക്കുക മാത്രം.
പുണ്യങ്ങളുടെ പൂക്കാലം
പുണ്യങ്ങൾ നെയ്തെടുക്കാനുള്ളതാക്കാം.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×