ഫിർദൗസിലെ നോമ്പ് സത്കാരം

ഉമ്മയും വാപ്പയും ബന്ധുക്കളും മരിച്ച് പോയ ഗാസയിലെ ഒരു ബാലൻ്റെ ആദ്യ നോമ്പ്.

ശഅ്ബാനിൻ്റെ
അമ്പിളി തെളിഞ്ഞന്നു തൊട്ട്
ഉള്ളിലൊരു
കനലെരിയുന്നുണ്ട്.
നനച്ചുകുളിയുടെ-
നനവിൽ വീടിനെ
അണിയിച്ചൊരുക്കുന്ന
ഉമ്മയവിടെ
വെളുക്കെ ചിരിക്കുന്നു;
ഉള്ള് കീറുന്നു
ഖൽബ് നോവുന്നു.

ക്യാമ്പിൻ്റെ മുക്കിൽ കൂട്ടിയിട്ട-
ശേഷിപ്പ് സ്വത്ത്
പിഞ്ഞിക്കീറാത്തൊരു കോതടി മാത്രം,
മടക്കിയൊതുക്കാൻ പോലും
മടിച്ചെൻ്റെ കരങ്ങൾക്കൊരു
മരവിപ്പ്.
ഒട്ടും മുടങ്ങാതെ
മട്ടത്തിൽ തൂത്തുവാരുന്ന
ഉമ്മിയെന്തിനു
സൗമിൻ്റെ നാളിന്
ഇത്ര വ്യഥപൂണ്ടു
പായുന്നതെന്ന സന്ദേഹം തീർത്തത്
വിഭവങ്ങൾക്കൊണ്ടു
ഭവനം ഭംഗിയാക്കിയ
അബ്ബയായിരുന്നു

നോമ്പിന്ന് ഒന്നാണ്,
ചീള് കാരക്കക്കൊപ്പം
ഒരു കുപ്പി വെള്ളവും കിട്ടിയിട്ടുണ്ട്.
അത്താഴമില്ലാത്ത നോമ്പിന്
നിയ്യത്ത് തന്ന ബലത്തിൽ
ഇന്നത്തെ പട്ടിണിക്ക്
അൽപ്പാശ്വാസമുണ്ട്.
മഗ്‌രിബിനെ കാത്ത്
തീൻമേശ നിറക്കാറുള്ള അബ്ബ
ക്ഷീണിച്ചുമയങ്ങിയ
ഉച്ചയ്ക്ക് മിഴിയിൽ പൊടിഞ്ഞ
രണ്ടിറ്റു തുടച്ചു- പിടി തരാതെ മാഞ്ഞു.

റമളാൻ,
ഇലാഹീ സ്മരണയിൽ
ഇഹം വെടിഞ്ഞ് അഹന്ത കളഞ്ഞു
ധന്യമാക്കണമെന്നുരത്തുന്ന
ഉമ്മാമയുടെ തസ്ബീഹ് മണികൾ
അപ്പോഴും കണക്കെടുപ്പിലാകും.

വെള്ളക്കുപ്പായത്തിൽ ഉറങ്ങുന്നുമ്മാമ
അവസാനം കണ്ടപ്പോഴും
ഫറഹിലായി ഖാലിഖിനോടു
മുനാജാത്തിലായിരുന്നു.
തലക്കു മേൽ ചുറ്റിപ്പറക്കുന്ന
തിട്ടമില്ലാത്ത മനുഷ്യക്കൊതിയന്മാരിൽ നിന്നും
അവനിലാണ് അഭയത്തിൻ്റെ
അരച്ചാണെന്ന ഉറപ്പിൽ
കണ്ണടക്കുന്ന ഞങ്ങളുടെ
ഹൃദയങ്ങൾക്കെന്തിനു
റമളാനിനു മാത്രമായൊരു
നനച്ചുകുളി

ഫിർദൗസിൽ
അബ്ബയും ഉമ്മയും പെങ്ങൾ
ഹയക്കൊപ്പം നോമ്പു തുറക്കുള്ളതൊരുക്കുന്നുണ്ടാകും
ഉമ്മാമ ബാക്കിവെക്കുന്ന സ്നേഹം
മുഴുവനും അവൾ
പങ്കുപറ്റിയിട്ടുണ്ടാകും
അടികൂടാൻ ഞാനില്ലല്ലോയെന്നു പരിഭവം പറയുന്നുണ്ടാകും.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×