അടുക്കളയിലെ ആരാധന

അർധരാത്രി, വാതിലിലെ നടുക്കുന്ന മുട്ടുകേട്ട് ധൃതിയിൽ എഴുന്നേറ്റു കാന്റീനിലേക്കു പോകുമ്പോൾ അവിടെ കാത്തിരിക്കുന്ന അത്താഴച്ചോറ് ആദ്യമാദ്യം എനിക്ക് ഇഷ്ടക്കേടുണ്ടാക്കിയിരുന്നു. പാതിരാത്രിയുള്ള ചോറ് തീറ്റ ഒഴിവാക്കാൻ ദോശ തന്നെ വേണമെന്നു വാശിപിടിച്ചിരുന്ന വീട്ടിലെ നോമ്പ്കാലം ഓർമവരും. പിന്നെ ശീലങ്ങളും ഇഷ്ടങ്ങളും സാഹചര്യത്തോടു പൊരുത്തപ്പെട്ടു വരണമല്ലോ. നോമ്പ്കാലം കോളേജിലും സന്തോഷകരമായിരുന്നു.

നോമ്പ് തുറന്നാൽ ക്യാന്റീനിൽ നിന്നും വേഗത്തിലോടുന്ന സീനിയേഴ്‌സ് ഒന്നാംവർഷക്കാരിയായ എനിക്ക് അത്ഭുതമായിരുന്നു.
പിന്നെയാണ് മനസ്സിലായത് അത് ഫസ്റ്റ് സ്വഫിനു വേണ്ടിയുള്ള മത്സരമാണെന്ന്.
രാത്രിയാണ് രസം, എല്ലാവരും ഒരുമിച്ചുള്ള തറാവീഹും അതിനു ശേഷമുള്ള ചെറിയൊരു ക്ലാസും.
എല്ലാം കഴിഞ്ഞാലൊരു കഞ്ഞികുടിയുണ്ട്.
ഇരുപത്തി ഏഴാം രാവിലെ മജ്‌ലിസ് എടുത്തു പറയേണ്ടതാണ്. അന്ന് കരയാത്തവർ ചുരുക്കമായിരിക്കും.
ആത്മീയത നിറഞ്ഞ അന്തരീക്ഷം മനസ്സുകളിൽ ചൈതന്യം പകരുന്ന നേരങ്ങൾ. ദിക്റുകളും പ്രാർത്ഥനയുമെല്ലാം ഉള്ളിൽ നിന്ന് ഉറവെടുക്കുന്ന നിമിഷങ്ങൾ. അധികപേരും ഒറ്റയിട്ട രാവുകളെല്ലാം പ്രാർത്ഥനമുറിയിൽ ഹയാതാക്കും.

റമളാൻ മനുഷ്യനു മാറാൻ പ്രചോദനം നൽകുന്ന കരുത്തുറ്റൊരു പ്രബോധകനാണ്.
മനുഷ്യന്റെ ഇച്ഛകൾക്കു പരിധി നിശ്ചയിക്കുന്ന മാസം. തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്ന ശരീരത്തോടു റമളാനെക്കുറിച്ച് ഓർമപ്പെടുത്തുമ്പോൾ അത് അടങ്ങുന്നു.

സ്ത്രീകളെ സംബന്ധിച്ച് റമളാൻ ഇബാദത്തിനു കൂടുതൽ അവസരം നൽകുന്ന മാസമാണ്. ഉപയോഗപ്പെടുത്താനുള്ള ആഗ്രഹവും ശ്രദ്ധയും കൂടി ഉണ്ടെങ്കിലേ അത് പ്രയോജനപ്രദമാകുന്നുള്ളൂ.സ്ത്രീകളെ ജോലിഭാരത്താൽ തളച്ചിടുന്ന മാസമാണ് റമളാനെന്ന കാഴ്ചപ്പാടുകളോടു യോജിക്കുന്നില്ല.
യഥാർത്ഥത്തിൽ ഭാരമെന്നതു തന്നെ ഇഷ്ടക്കേടിനെ ധ്വനിപ്പിക്കുന്നതാണ്.
ഇഷ്ടത്തോടെ നാം ചെയ്യുന്നതൊന്നും നമുക്കു ഭാരമെന്ന അനുഭവം നൽകുന്നില്ല.
ഇഷ്ടമില്ലായ്കയാണ് ‘ഭാര’ത്തിനു കാരണം.
വീട്ടുജോലികൾ പെണ്ണിന്റെ മാത്രം കുത്തകയല്ലെന്ന് അലമുറയിടുന്നവർ അവരുടെ കഷ്ടപ്പാടിനെ എരിവും പുളിയും ചേർത്തു വർണിക്കുന്നുവെന്നല്ലാതെ ഏറ്റവും ഭംഗിയിൽ അതു നിർവഹിക്കാനുള്ള കരുത്തോ ആത്മവിശ്വാസമോ നൽകുന്നില്ലെന്നതാണ് ഖേദകരം.
പെണ്ണിനെ അലസതയിലേക്കു തള്ളിയിടാനേ ഇത്തരം സെന്റിമെന്റ്സ് ഉപകരിക്കൂ.
നിനക്കു കഴിയും, നീ ഏറ്റവും നന്നായി വീട്ടുപരിപാലനം കാഴ്ച വെക്കുന്നുവെന്നു പറയാനാണു ശ്രമിക്കുന്നതെങ്കിൽ അവളെ തളർത്തുകയും ചെറുതാക്കുകയും ചെയ്യുന്ന വാക്കുകൾ ഒഴിവാക്കലാണ് അഭികാമ്യം.
വീട്ടുജോലി മോശമാണെന്ന അപകടകരമായ ധാരണയിൽ നിന്നായിരിക്കണം അവൾ ഭാരം ചുമക്കുന്നുവെന്ന ഖ്യാതി പുറപ്പെടുന്നത്.

കൂടുതൽ സമയം വിശ്രമിക്കുന്ന ഒരാൾക്ക് അതുകൊണ്ട് എന്തു നേട്ടമാണു ലഭിക്കുന്നത്?
കൂടുതൽ മടിയനാകുമെന്നല്ലാതെ അവനിൽ പുതുതായി എന്തു ഗുണമാണു ജനിക്കുന്നത്?
അതേസമയം, ഖുർആൻ ഓർമപ്പെടുത്തുന്നതു തന്നെ ‘നിങ്ങൾ ഒന്നിൽ നിന്നു വിരമിച്ചാൽ മറ്റൊന്നുമായി ജോലിയാകൂ’ എന്നാണ്.
ആരാധനകൾക്ക് അങ്ങേയറ്റം പ്രതിഫലം ലഭിക്കുന്ന ഈ പുണ്യമാസത്തിൽ കൂടുതൽ ഉത്സാഹത്തോടെ തന്റെ അരങ്ങിനുള്ളിൽ പ്രവർത്തിക്കേണ്ട സ്ത്രീസമൂഹത്തെ റമളാനിൽ നിങ്ങൾ ജോലിയെടുത്തു തളരുന്നുവെന്ന് വിശ്വസിപ്പിക്കാനുള്ള ഈ ശ്രമം ഈ മാസത്തിന്റെ മേൽ കെട്ടിവെക്കുന്ന അപവാദമാണോയെന്നു സംശയിക്കേണ്ടതുണ്ട്.
ആരാധനകളുടെ കൂട്ടത്തിൽ നിസ്കാരം, നോമ്പ്, ഖുർആൻ പാരായണം തുടങ്ങിയ കർമങ്ങളെ മാത്രമല്ല, ചെയ്യുന്ന സകല ജോലികളും നിയ്യത്തനുസരിച്ച് ഇബാദതായി മാറുന്ന മനോഹരമായ രീതിയാണ് ഇസ്‌ലാമിലുള്ളത്.

അത്താഴഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീ എത്ര ആദരവോടെയാണ് അത് പാകംചെയ്യുന്നത്, അവളുടെ കൈകൾ പാകം ചെയ്ത ഭക്ഷണം കഴിച്ചുകൊണ്ടാണ് തന്റെ വീട്ടുകാർ വിശിഷ്ടമായ നോമ്പും മറ്റു കർമങ്ങളും നിർവഹിക്കുന്നത്. അവളുണ്ടാക്കുന്ന ഭക്ഷണം രുചിച്ചു കൊണ്ടാണ് നോമ്പ്തുറയെന്ന കർമം ചെയ്യുന്നത്.
ഇതെല്ലാം ആസ്വാദ്യകരമായി ചെയ്യുന്നവരാണ് മുസ്‌ലിം സ്ത്രീകൾ.
ചെയ്യുന്ന ജോലികൾ ആസ്വദിക്കാൻ കഴിയുമ്പോൾ അതിലൂടെ സന്തോഷമുണ്ടാകും.
ജോലികളിലല്ല, ചെയ്യുന്ന വ്യക്തിയുടെ മനോഭാവത്തിലാണ് അതിന്റെ ആനന്ദം കുടികൊള്ളുന്നത്.

വീട്ടുജോലികളിൽ കൃത്യമായൊരു അടുക്കും ചിട്ടയും വെച്ചാൽ നമ്മളറിയാതെ തന്നെ ജോലി തീരും. അതില്ലാതിരിക്കുമ്പോഴാണ് ഇരുന്നു ഭക്ഷണം കഴിക്കാൻ പോലും സമയം ലഭിക്കാതെ ഓടിപ്പായേണ്ടി വരിക.
ഏതൊരു ജോലിയും ഭംഗിയിൽ അവസാനിക്കണമെങ്കിൽ അതു ചെയ്യുന്നവർക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. എപ്പോൾ തുടങ്ങിയാൽ എപ്പോൾ അവസാനിപ്പിക്കാമെന്നു മുൻകൂട്ടി കണക്കാക്കുന്നത് നല്ലതാകും.

പറഞ്ഞു വരുന്നത്, റമളാനിൽ സ്ത്രീകൾക്ക് ഒട്ടും ജോലി ഇല്ലെന്നോ അതവൾക്കു ഭാരമാകില്ലെന്നോ അല്ല,
മറിച്ച് ഇത് ഇസ്‌ലാം അവളിൽ കെട്ടിവെച്ച ഭാരമായി കണക്കാക്കരുതെന്നാണ്.
ഒരു സ്ത്രീക്ക് അവളുടെ ജോലി ഭാരമാകാതെ ആസ്വാദ്യകരമായി ചെയ്യാൻ പുരുഷനിൽ നിന്നുള്ള ചില്ലറ സഹകരണങ്ങൾ കൊണ്ടൊക്കെ സാധ്യമാകുമെന്നതു വാസ്തവം.
പുറത്ത് ജോലി കഴിഞ്ഞു വരുന്ന പുരുഷനെ സ്ത്രീ മനസ്സിലാക്കണമെന്നതു പോലെ സ്ത്രീയെ പുരുഷനും മനസ്സിലാക്കാൻ സാധിക്കണം. വീടിനുള്ളിൽ സേവനം ചെയ്തു ജീവിക്കുന്ന അവളെയൊന്നു ചേർത്തുപിടിക്കാനും, സ്നേഹം ചൊരിക്കാനും, അവളുടെ കൊച്ചു കൊച്ചു മോഹങ്ങൾക്കു നിറം പകരാനും സാധിച്ചാൽ ഇവിടെ ജോലിയെടുത്തു തളരുന്ന സ്ത്രീയോ അവളെ പരിഗണിക്കാത്ത പുരുഷനോ വായിക്കപ്പെടുകയില്ല.
അപ്പോഴാണ് കുടുംബം ഇമ്പമുള്ള കവിത പോലെ സുന്ദരമാകുന്നത്.

അത്താഴം മുതൽ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ നല്ല നിയ്യത്തിലൂടെ അവളെ കോടിക്കണക്കിന് ആസ്തിയുള്ളവളാക്കി മാറ്റും. ആ സമ്പാദ്യം ഇഹലോകത്തേത് അല്ലെങ്കിലും, പരലോകത്ത് ആശ്വാസമായി ഭവിക്കുന്ന നിധിയായിരിക്കും. അസ്തമിക്കുന്ന ഓരോ ദിനവും മണ്ണിലേക്ക് അടുപ്പിക്കുന്നുവെന്നു തിരിച്ചറിവുള്ള മനുഷ്യന് ഓരോ ദിവസവും ചെയ്യുന്ന പ്രവൃത്തികളെ ഇബാദതാക്കി മാറ്റുമ്പോൾ ലഭിക്കുന്ന സന്തോഷം ചെറുതാണോ!
അടുപ്പിന്റെ ചൂടിൽ നിന്നു കൊണ്ട് ചുട്ടെടുക്കുന്ന ഓരോ പത്തിരിയിലും നരകമോചനത്തിന്റെ വിളിയാളമുണ്ട്.
ഇവിടെ ഏതു സത്കർമമാണ് രേഖപ്പെടുത്തപ്പെടാതെ പോകുന്നത്!
പക്ഷെ, അവളുടെ സ്വപ്നങ്ങളെ പിന്തുണക്കുന്ന കരങ്ങൾ ഈ അധ്വാനത്തിനു മടുപ്പു വരാതിരിക്കാൻ അത്യാവശ്യം തന്നെയാണെന്നത് സ്ത്രീയെന്ന നിലയിൽ എനിക്കു പറയാതിരിക്കാനാവില്ല.

ഭക്ഷണം കഴിച്ചു ജീവിക്കുന്നൊരു സമൂഹത്തിന്, പാചകം അസ്വാതന്ത്ര്യവും അടിമത്തവുമായി തോന്നുന്നതിൽ അത്ഭുതപ്പെടാനുണ്ട്. ജീവിക്കാനുള്ള ശക്തി അടുപ്പുള്ളതുകൊണ്ടാണ് ലഭിക്കുന്നതെന്ന് അറിഞ്ഞിട്ടും അടുപ്പിലെരിയുന്ന കൊള്ളികളെപ്പോലെ സ്ത്രീകളെയും വരച്ചു കാണിക്കുന്ന ചർച്ചകൾ മോശം തന്നെ. അടുപ്പില്ലാതെ എങ്ങനെ ജീവിതത്തിനു ജീവനുണ്ടാകും!
പാചകം ചെയ്യാൻ ഒരാളില്ലെങ്കിൽ ഭക്ഷണമെങ്ങനെ വയറിലെത്തും!
അടുക്കളയിലെ സേവനം ശമ്പളമില്ലാത്തതു കൊണ്ട് ഭാരമായി ചിത്രീകരിച്ച് ആത്മാർത്ഥത ചൂഷണം ചെയ്യുന്നതിനു പകരം ഇസ്‌ലാം പറയുന്നതു പോലെ അതിനെ മഹത്വപ്പെടുത്തി സംസാരിക്കൂ..
ഇതു ജോലിയല്ലെന്നും ഇതു സ്നേഹമാണെന്നും സ്നേഹത്തിനു ശമ്പളം വേണ്ടെന്നും ചിന്തിക്കാൻ അവളെ സഹായിക്കൂ…

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×