റമളാനിലെ മുസ്‌ലിം അടുക്കളകൾ: ആർക്കാണ് ആശങ്കയുള്ളത് ?

റമളാൻ; ആത്മീയമായ ശുദ്ധീകരണത്തോടൊപ്പം പരിസരങ്ങളെല്ലാം ശുചീകരിച്ചു മുസ്‌ലിംകൾ റമളാനെ വരവേൽക്കാനൊരുങ്ങുമ്പോൾ തന്നെ വ്രതം നൽകുന്ന ശാരീരിക മാനസിക ഗുണങ്ങളും മാധ്യമങ്ങളിൽ കാലങ്ങളായി ചർച്ചയാകാറുണ്ട്. മണിക്കൂറുകളോളം അന്നപാനീയങ്ങളുപേക്ഷിച്ചും തങ്ങളുടെ ജോലികളെല്ലാം ഒരു മുടക്കവുമില്ലാതെ ചെയ്യുന്നവരെ അത്ഭുതത്തോടെയും ബഹുമാനത്തോടെയും കൂടിയാണ് പൊതു സമൂഹവും വീക്ഷിച്ചിരുന്നത്. ഇതിനിടയിൽ നോമ്പുകാലത്തെ മുസ്‌ലിം സ്ത്രീയുടെ അടുക്കളയിലെ ജോലിഭാരവും യാതനകളും പർവതീകരിച്ചു മതത്തെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ അടുത്ത കാലത്താണ് വ്യാപകമായത്. കേവലം മുസ്‌ലിം വിദ്വേഷം വളർത്താൻ മാത്രം ലക്ഷ്യംവെച്ചുള്ള നുണ പ്രചരണങ്ങളാണ് ഇവരുടേത്.
ഇസ്‌ലാമിൻ്റെ പഞ്ചസ്തംഭങ്ങളിലൊന്നാണു റമാളാൻ നോമ്പ്. നോമ്പുകാരായി തന്നെ സ്ത്രീക്കും പുരുഷനും തങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനനുസരിച്ച് ഏതു ജോലിയും ചെയ്യുന്നതിനു വിരോധമില്ല. നോമ്പെടുത്താൽ അടങ്ങിയിരിക്കാനോ കിടന്നുറങ്ങാനോ ഇസ്‌ലാം കൽപ്പിച്ചിട്ടുമില്ല. റമളാനിൽ പലരും ജോലി സമയം ക്രമീകരിക്കാറുണ്ടെങ്കിലും പൂർണമായി ജോലി ചെയ്യാത്തവർ സ്ത്രീ പുരുഷ ഭേദമന്യേ വിരളമാണ്. സ്ത്രീകളിൽ പുറത്തു ജോലിചെയ്യുന്നവർ കുറവായതിനാലും മിക്കപുരുഷൻമാരും പുറംജോലികളിൽ വ്യാപൃതരാകുന്നതിനാലും വീട്ടുജോലികൾ മിക്കവയും സ്ത്രീകൾ ചെയ്യുന്നതാണു പതിവ്. കൂടാതെ നോമ്പുകാലവും അതിനു മുമ്പുള്ള നനച്ചുകുളിക്കാലവും വീട്ടുജോലികളിൽ പുരുഷൻമാർ കൂടുതലായി സഹായിക്കുന്ന സമയം കൂടിയാണ്.

മുസ്‌ലിം കുടുംബത്തിൽ ജീവിക്കുകയും പുരോഗമനം ചമഞ്ഞു നോമ്പെടുക്കാതെ മുസ്‌ലിം സ്ത്രീകളുടെ അടുക്കള യാതനകൾ പറഞ്ഞു സോഷ്യൽ മീഡിയയിൽ കിടന്നു മോങ്ങുന്നവരാണ് യഥാർഥത്തിൽ ഉമ്മമാർക്കു ജോലിഭാരം കൂട്ടുന്നത്.

വീട്ടുജോലികളും വീട്ടുകാരെ പരിപാലിക്കുന്നതുമെല്ലാം വലിയ പുണ്യകർമങ്ങളായാണ് ഇസ്‌ലാം കണക്കുന്നത്. രാവിലെയും ഉച്ചക്കും രാത്രിയും കനത്തിൽ ഭക്ഷണമുണ്ടാക്കിക്കഴിക്കുന്നതാണു ശരാശരി മലയാളികളുടെ രീതി. എന്നാൽ ഇതിൽ നിന്നു വിഭിന്നമായി അത്താഴ സമയത്ത് ലളിതമായ ഭക്ഷണവും നോമ്പുതുറ സമയത്ത് അത്യാവശ്യം വിഭവസമൃദ്ധമായ രീതിയിലുമാണ് മിക്കവരുടെയും റമളാൻ മെനു. കൂടുതലാവശ്യമുള്ളവർ രാത്രി കിടക്കുന്നതിനു മുമ്പായി കഞ്ഞി പോലുള്ള ലഘുവായ വിഭവങ്ങൾ കൂടി കഴിക്കുന്നവരാണ്. അതിനാൽ തങ്ങളുടെ ദിനചര്യകൾ അതിനനുസരിച്ചു ക്രമീകരിക്കാനും ആവശ്യത്തിനു വിശ്രമിക്കാനും കുടുംബിനികൾക്കു പ്രയാസങ്ങളുണ്ടാകാറില്ല. അത്താഴം സുബ്ഹ് വാങ്കിന് ഇരുപത് മിനിറ്റ് മുമ്പെങ്കിലും കഴിച്ചു കഴിഞ്ഞിരിക്കണമെന്നതിനാൽ നേരത്തെ തയ്യാറാക്കിവെച്ച ഭക്ഷണം കഴിക്കാനാവശ്യമായ സമയമെങ്കിലും കണക്കാക്കി എഴുന്നേൽക്കേണ്ടി വരുമെന്നുള്ളൂ. അർധരാത്രി ഉറക്കമുണർന്നു വെച്ചുണ്ടാക്കി അത്താഴം കഴിക്കണമെന്ന നിയമമൊന്നും ഇസ്‌ലാമിലില്ല. രാത്രി സമയം തറാവീഹ് നിസ്കാരം, ഖുർആൻ പാരായണം തുടങ്ങിയവക്കായി നീക്കിവെക്കുന്നവരാണു മിക്കവരും. ഭക്ഷണസാധനങ്ങൾ കേടാകാതെയും ചൂടാറാതെയുമൊക്കെ സൂക്ഷിക്കാൻ പലതരം പാത്രങ്ങളും ഉപകരണങ്ങളുമെല്ലാം ലഭ്യമാണെന്നിരിക്കെ പാതിരാനേരത്ത് ഉറക്കൊഴിച്ച് അത്താഴം പാകം ചെയ്യേണ്ട ഗതികേടൊന്നും ഇക്കാലത്തില്ല. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകളിൽ ജോലി സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ മാറ്റംവന്നിട്ടുള്ളത് കുടുംബിനികളായ സ്ത്രീകൾക്കാണെന്നു പറയാം. പുരുഷൻമാരുടെ തൊഴിലിടങ്ങളിൽ പോലും പലയിടത്തും പഴയ അധ്വാനഭാരം ഇന്നും അതേപടിയുണ്ട്. എന്നാൽ പല വീടുകളിലും അരക്കാനും അലക്കാനും മാത്രമല്ല, പാത്രം കഴുകാനും അടിച്ചു വാരാനും വരെ ഇന്നു യന്ത്രങ്ങളുണ്ട്. അത്താഴ ശേഷം അടുക്കള വൃത്തിയാക്കലും നിസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞു വീണ്ടും ഉറങ്ങുന്ന പതിവും പലർക്കുമുണ്ട്. മക്കളെ സ്കൂളിൽ വിട്ടു വീടു വൃത്തിയാക്കലും മറ്റും കഴിഞ്ഞാൽ കുളിച്ചു വൃത്തിയായി ആരാധനകൾക്കും വിശ്രമത്തിനുമുള്ള സമയമാണ്. ചെറിയ മക്കളോ നോമ്പടുക്കാൻ കഴിയാത്ത പ്രായമായവരോ ഉണ്ടെങ്കിൽ ഭക്ഷണം നൽകുന്നതോ പരിചരിക്കുന്നതോ നോമ്പുകാലമായതു കൊണ്ട് ആരും ഒഴിവാക്കാറില്ല താനും. ഇത്രയും സമയങ്ങൾ റമളാൻ മാസത്തിൽ മുസ്‌ലിം സ്ത്രീകൾക്കു വിശ്രമസമയമായി ലഭിക്കാറുണ്ട്. മുസ്‌ലിം കുടുംബത്തിൽ ജീവിക്കുകയും പുരോഗമനം ചമഞ്ഞു നോമ്പെടുക്കാതെ മുസ്‌ലിം സ്ത്രീകളുടെ അടുക്കള യാതനകൾ പറഞ്ഞു സോഷ്യൽ മീഡിയയിൽ കിടന്നു മോങ്ങുന്നവരാണ് യഥാർഥത്തിൽ ഉമ്മമാർക്കു ജോലിഭാരം കൂട്ടുന്നത്.

മാധ്യമങ്ങളുടെ അന്തിച്ചർച്ചകൾക്കു റീച്ച് കിട്ടാനുള്ള വിഷയവും മുസ്‌ലിം സ്ത്രീകളുടെ ഇല്ലാത്ത അടിമത്തം തന്നെയാണ്. വീടിൻ്റെ പിൻഭാഗത്തെ പന്തലുകളിൽ സമാധാനത്തോടെ ഭക്ഷണം കഴിക്കുകയും മക്കളെ കഴിപ്പിക്കുകയും ചെയ്യുന്നവരെക്കാണുമ്പോൾ പോലും അവർ അസ്വസ്ഥരാകുന്നു

മതപ്രഭാഷണ വേദികളിലും പ്രാർത്ഥന സദസുകളിലും പങ്കെടുത്ത് ആത്മീയമായ ഉണർവ് നേടിയെടുക്കാൻ മുൻപന്തിയിലുണ്ടാകാറുള്ളതും സ്ത്രീകൾ തന്നെയാണ്. മുൻകാലങ്ങളിൽ ഇത്തരം സദസ്സുകൾ രാത്രികാലങ്ങളിലായിരുന്നുവെങ്കിൽ ഇപ്പോൾ പകൽ സമയത്താണെന്ന വ്യത്യാസമേയുള്ളൂ. ഇതിൻ്റെ പേരിൽ ഒരു വീട്ടിലും നോമ്പ് തുറക്കാൻ വിഭവങ്ങളില്ലാതെ കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. വൈകുന്നേരം നാലു മണിക്കു ശേഷമാണ് കൂടുതൽ വീടുകളിലും ഭക്ഷണം തയ്യാറാക്കുന്ന ജോലികൾ തുടങ്ങുന്നത്. രണ്ടോ രണ്ടരയോ മണിക്കൂറിനുള്ളിൽ തീരുന്ന ജോലികളേ നോമ്പുതുറ വിഭവങ്ങൾക്ക് ആവശ്യമുള്ളൂ.

ഇഫ്താർ പാർട്ടികളിലും ചെറിയ വിരുന്നു സത്കാരങ്ങളിലുമെല്ലാം കാറ്ററിംഗ് സർവീസ് ടീമിനെ ഏൽപ്പിക്കുന്നതിനാൽ പഴയ കാലങ്ങളിൽ പരിപാടികൾക്കു തലേ ദിവസങ്ങളിലുണ്ടായിരുന്ന അരി പെറുക്കൽ, ഉള്ളി തൊലിക്കൽ, പത്തിരിപ്പണി തുടങ്ങി കുടുംബത്തിലെയും അയൽപ്പക്കങ്ങളിലെയും സ്ത്രീകളെല്ലാം കൂടി ഒത്തൊരുമയോടെ ചെയ്തിരുന്ന പല കാര്യങ്ങളും ഇന്ന് ഇല്ലാതായിരിക്കുന്നു. കുടുംബങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നവയായിരുന്നു ഇത്തരം കൂടിച്ചേരലുകൾ. ഇന്ന് മെയ്യനങ്ങാതെ ഫാസ്റ്റു ഫുഡുകൾ തിന്നും തീറ്റിച്ചും വീർത്തുവരുന്ന ശരീരം മെരുക്കിയെടുക്കാൻ ജിംനേഷ്യങ്ങളിൽ പണം ചിലവഴിക്കുന്നവരിൽ സ്ത്രീകളുമുണ്ട്. അടുക്കളയിലെ പുകയും കരിയും മാത്രം കണക്കെടുക്കുന്നവർ ഇതൊന്നും കാണുന്നതേയില്ല. യന്ത്രസഹായമില്ലാതെ വെള്ളം കോരി അലക്കിയും അടിച്ചും തുടച്ചും അരച്ചും പൊടിച്ചും ഭക്ഷണമുണ്ടാക്കിയും വീട്ടുകാരെ പരിഭവവും പരാതിയുമില്ലാതെ നോമ്പുകാലത്തും അല്ലാത്തപ്പോഴും ഊട്ടിയിരുന്ന ഉമ്മമാരെ ക്കുറിച്ച് ഇന്നത്തെ തലമുറക്കു കേട്ടുകേൾവിയേ ഉണ്ടാകൂ..

നോമ്പുകാല വിഭവങ്ങൾ ലളിതവും ആരോഗ്യകരവുമായിരിക്കണമെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. ഇന്ന് നോമ്പുകാലമെന്നത് ആരാധനകളെക്കാളേറെ ആഘോഷങ്ങളുടെ കാലമാണ്. ആർഭാഢങ്ങളുടെ കണക്കെടുപ്പിൽ ഒന്നാമതെത്താനുള്ള തത്രപ്പാടുകൾക്കു പിന്നിൽ വിപണിയുടെ കൈക്കടത്തലുകളുമില്ലാതില്ല. നോമ്പായാൽ സുപ്ര നിറയെ പലതരം പലഹാരങ്ങളും കറികളും എണ്ണക്കടികളും പാനീയങ്ങളും നിരക്കണമെന്നായിരിക്കുന്നു. അങ്ങനെ സ്ഥാപിച്ചെടുക്കാൻ ലക്ഷങ്ങളും കോടികളും മുടക്കുന്ന വാണിജ്യതന്ത്രങ്ങൾ ഫലം കാണുമ്പോൾ നഷ്ടപ്പെടുന്നത് നോമ്പിൻ്റെ കാമ്പു തന്നെയാണ്. മുസ്‌ലിം സ്ത്രീകളുടെ വേഷങ്ങളെയോ ജീവിതരീതികളെയോ നിരന്തരം വിമർശനവിധേയമാക്കി തങ്ങളുടെ ആശയങ്ങൾക്കു പൊതു ശ്രദ്ധ നേടിയെടുക്കാനാണ് മുസ്‌ലിം വിരോധികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മാധ്യമങ്ങളുടെ അന്തിച്ചർച്ചകൾക്കു റീച്ച് കിട്ടാനുള്ള വിഷയവും മുസ്‌ലിം സ്ത്രീകളുടെ ഇല്ലാത്ത അടിമത്തം തന്നെയാണ്. വീടിൻ്റെ പിൻഭാഗത്തെ പന്തലുകളിൽ സമാധാനത്തോടെ ഭക്ഷണം കഴിക്കുകയും മക്കളെ കഴിപ്പിക്കുകയും ചെയ്യുന്നവരെക്കാണുമ്പോൾ പോലും അവർ അസ്വസ്ഥരാകുന്നു. സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന മുസ്‌ലിം പെൺകുട്ടികളെയോർക്കുമ്പോൾ അത് എയർ കണ്ടീഷണർ ഘടിപ്പിച്ച മോഡുലാർ അടുക്കളയിലായാൽ കൂടി അവരുടെതാപനില ഉയരുകയും വിയർത്തുരുകുകയും ചെയ്യുന്നു. അതേ സമയം തനിക്കും കുടുംബത്തിനുമാവശ്യമായ കാര്യങ്ങൾ സന്തോഷത്തോടെ ചെയ്തു തീർത്തു റമളാനിൻ്റെ പുണ്യമാസ്വദിക്കുന്ന സാധാരണക്കാരായ മുസ്‌ലിം സ്ത്രീകൾ എന്നും കൂളാണ്, സൂപ്പർ കൂൾ.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×