വീടുകളിൽ നമുക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്

സയ്യിദ: ഫാത്വിമ ഇമ്പിച്ചി ബീവി,
ബദ്റുസ്സാദാത്തിൻ്റെ ഉമ്മ സംസാരിക്കുന്നു..

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കലാണ്. നമ്മളോട് ഏറ്റവും സ്നേഹവും കരുതലുമുള്ളത് അല്ലാഹുവിനു തന്നെയാണ്. അവൻ്റെ കാരുണ്യത്തിലാണു നമ്മൾ ജീവിക്കുന്നത്. അപ്പോൾ, അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുക, അല്ലാഹു വിരോധിച്ച മുഴുവൻ കാര്യങ്ങളെയും ജീവിതത്തിൽ നിന്നു മാറ്റിനിർത്തുക എന്നതൊക്കെയാണ് നമുക്ക് ഈ ലോകത്ത് ചെയ്യാനുള്ളത്. ഇസ്‌ലാമും ഒരു മുസ്‌ലിമിന്റെ ജീവിതവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിനനുസൃതമായ മാർഗദർശനങ്ങളും ജീവിത ചര്യയും മുത്ത്നബി(സ്വ) യിൽ തുടങ്ങുന്ന ഗുരു പരമ്പര നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

എന്റെ മുഴുവൻ ജീവിതവും പണ്ഡിതന്മാരോടു ചേർന്നുനിന്നുകൊണ്ടുള്ളതാണ്. എന്റെ ഉപ്പ സയ്യിദാണ്, പണ്ഡിതനാണ്. ഭർത്താവും അങ്ങനെ തന്നെയാണ്. മക്കൾ ഇന്ന് കേരളത്തിൽ അറിയപ്പെട്ട സയ്യിദരും പണ്ഡിതരും നേതൃത്വവുമാണ്. ഈ മൂന്നു തലമുറയുടെയും കൂടെയുള്ള ജീവിതം വ്യത്യസ്തമായ അനുഭവമായിരുന്നില്ല. ഈ മൂന്നു ജീവിതഘട്ടങ്ങളും ഒരുപോലെ അനുഭവപ്പെടാൻ പ്രധാനപ്പെട്ട കാരണം, ഇവയെല്ലാം ബന്ധിക്കുന്ന ഇസ്‌ലാമിക ജീവിതക്രമവും ചിട്ടയും എന്റെ ജീവിതത്തിൽ ഉടനീളം ഉണ്ടായതാണ്. എങ്ങനെയാണ് ഒരു മുസ്‌ലിം സ്ത്രീ ജീവിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ധാരണ ചെറുപ്പം മുതലേ എന്നെ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മക്കളെല്ലാവരും എനിക്ക് വലിയ അഭിമാനമാണ്. കേരളത്തിൽ ഉടനീളം വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് ആത്മീയ മജിലിസുകൾക്കു നേതൃത്വം നൽകുന്നത് എന്റെ മക്കളാണ്. ഏത് ഉമ്മയ്ക്കാണ് ഇത്രയും അഭിമാനകരമായ നേട്ടം മക്കളെ കൊണ്ട് ഉണ്ടാകുന്നത്?

ചെറുപ്പം മുതലേ ചിട്ടയുള്ള ജീവിതമാണ്. അങ്ങനെയാണ് ഞാൻ വളരുന്നത്. മതപരമായ കാര്യങ്ങളിൽ കൂടുതൽ ജാഗ്രതയും കരുതലും ശീലിപ്പിക്കുന്നതിൽ പ്രിയപ്പെട്ട ഉപ്പ സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ വലിയ ഇടപെടൽ നടത്തിയിട്ടുണ്ട്. നല്ല കാര്യങ്ങൾ കൂടുതലായി ചെയ്യാൻ ഉപ്പ നിരന്തരം പ്രേരിപ്പിച്ചു. തെറ്റുകളിൽ നിന്നു കർശനമായും മാറിനിൽക്കാൻ ഉപ്പ എപ്പോഴും ഉപദേശിച്ചു. തെറ്റു ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഉപ്പയുടെ കൃത്യമായ മേൽനോട്ടവുമുണ്ടായിരുന്നു. നിസ്വാർത്ഥമായി ജീവിക്കുന്നതിന്റെ ആനന്ദവും മനോഹാരിതയും ഉപ്പ ഞങ്ങളെ പഠിപ്പിച്ചു. ഹിജാബ് ശീലിക്കുന്നതും, അന്യപുരുഷ സമ്പർക്കങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതും അങ്ങനെ തുടങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ അടിസ്ഥാന ജീവിതപാഠങ്ങൾ ഉപ്പയാണ് ശീലിപ്പിക്കുന്നത്.

വളരെ ചെറുപ്പത്തിൽ തന്നെ എന്റെ വിവാഹം കഴിയുന്നുണ്ട്. സയ്യിദ് അഹ്മദുൽ ബുഖാരി, ബാപ്പു മോൻ തങ്ങൾ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. വളരെ സ്നേഹവും കരുതലും ചിട്ടയും ജീവിതത്തിൽ സൂക്ഷിച്ചവരായിരുന്നു അവർ. അവരുടെ പക്കൽ നിന്നും ഒരുപാട് മാതൃകകൾ എന്റെ ജീവിതത്തിലേക്കു പകർന്നുകിട്ടിയിട്ടുണ്ട്. ഉപ്പ എങ്ങനെയാണ് എന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നത്, എന്നതിന്റെ തുടർച്ചയായിരുന്നു പ്രിയപ്പെട്ട ഭർത്താവ്. കുടുംബത്തിനു വലിയ പ്രാധാന്യം കൽപ്പിക്കുന്ന, അതിനുവേണ്ടി സമയം മാറ്റിവയ്ക്കുന്ന ജീവിതശൈലിയും പരിഗണനയും അവരുടെ ഏറ്റവും വലിയ സവിശേഷതയാണ്. അതുകൊണ്ടുതന്നെ, എനിക്ക് വീട്ടിലും അവരുടെ ജീവിതത്തിലും കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ വലുതാണ്. ഏതൊരു കാര്യത്തിനും വളരെ സ്നേഹത്തോടെയാണ് അവർ കുടുംബത്തെ സമീപിച്ചിരുന്നത്. വീട്, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട ഏതു വിഷയങ്ങളും ചർച്ച ചെയ്യുന്നതിനും അതിൽ നമ്മുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനും അവർ വലിയ പ്രാധാന്യം നൽകി.

ഹിജ്റ 1408 റബീഉൽ അവ്വൽ 27ന് ചാലിയം വലിയ ജുമാഅത്ത് പള്ളിയിലെ മൗലിദ് സദസ്സിനിടയിലാണ് പ്രിയപ്പെട്ടവർ വഫാത്താകുന്നത്. തൊട്ടടുത്ത മാസമായിരുന്നു മകൻ ഖലീൽ തങ്ങളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വീട്ടിൽ നടക്കുന്നത് പരിശോധിച്ച് ഉറപ്പുവരുത്തി വളരെ ആരോഗ്യവാനായിട്ടാണ് അന്ന് മൗലിദിനു വേണ്ടി ചാലിയത്തേക്കു പോയത്. ആ വഫാത്തിന്റെ വാർത്ത അറിഞ്ഞതു മുതൽ അസാമാന്യമായ ധൈര്യം എനിക്കു കൈവന്നിട്ടുണ്ട്. പിന്നീട്, കുടുംബത്തിന്റെ അത്താണിയായി നേതൃത്വമായി ഇത്രയും കാലം ഇരിക്കാൻ കഴിഞ്ഞത് അവരുടെ കൂടെ ജീവിച്ച കാലത്ത് കിട്ടിയ അനുഭവങ്ങളും, ഓർമകളും തന്ന കരുത്താണ്.

മക്കളെല്ലാവരും എനിക്ക് വലിയ അഭിമാനമാണ്. കേരളത്തിൽ ഉടനീളം വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് ആത്മീയ മജിലിസുകൾക്കു നേതൃത്വം നൽകുന്നത് എന്റെ മക്കളാണ്. ഏത് ഉമ്മയ്ക്കാണ് ഇത്രയും അഭിമാനകരമായ നേട്ടം മക്കളെ കൊണ്ട് ഉണ്ടാകുന്നത്?
മക്കളെ വളർത്തുന്നതിലും അവരെ നല്ലശീലങ്ങളിൽ ഇടപെടുത്തുന്നതിലും ഉമ്മമാർക്ക് വലിയ പങ്കുണ്ട്. മക്കളുടെ ചെറുപ്പത്തിൽ തന്നെ ഞാൻ അവർക്കു വേണ്ടി എപ്പോഴും ദുആ ചെയ്യുമായിരുന്നു. അവരെല്ലാം പണ്ഡിതന്മാർ ആയിത്തീരുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അൽഹംദുലില്ലാഹ്, ഇപ്പോൾ മക്കൾ മാത്രമല്ല മുഴുവൻ പേരമക്കളും ആലിമീങ്ങളും, മുതഅല്ലിമുകളുമാണ്.
മക്കൾ വീടുകളിൽ നിന്നാണ് അച്ചടക്കവും സംസ്കാരവും പഠിക്കുന്നത്. അതു കൃത്യമായി പകർന്നു കൊടുക്കേണ്ട ബാധ്യത ഉമ്മമാർക്കുണ്ട്. അതിനെക്കുറിച്ചുള്ള കൃത്യമായ ബോധം എനിക്ക് ചെറുപ്പം മുതലേയുണ്ട്. ഉപ്പയും ഭർത്താവും അത് കൃത്യമായി എന്നെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. അർഹതയില്ലാത്തതും അന്യരുടേതുമായ വസ്തുവകകൾ കൈക്കലാക്കുന്നതും, സ്വന്തമാക്കുന്നതും വളരെ കർശനമായി തന്നെ ഞാൻ നിയന്ത്രിച്ചിരുന്നു. അത്തരം മോശം സ്വഭാവങ്ങൾ മക്കൾക്കുണ്ടാകരുതെന്നത് എന്റെ നിർബന്ധമായിരുന്നു. പുതിയതായി കുട്ടികളുടെ കൈയിൽ എന്തെങ്കിലും കണ്ടാൽ, അതു പരിശോധിക്കുകയും എവിടുന്ന് കിട്ടിയെന്നു ചോദിക്കുകയും ഹലാലാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് എൻ്റെ പതിവായിരുന്നു. ഹലാലല്ലാത്ത എന്തെങ്കിലും വസ്തുവകകൾ നമ്മുടെ ശരീരത്തിലോ രക്തത്തിൽ അലിഞ്ഞു ചേർന്നാൽ പിന്നെ നമ്മുടെ ദുആ പടച്ച റബ്ബ് സ്വീകരിക്കില്ല. ഇതു വളരെ ഗൗരവത്തോടെ വേണം നമ്മൾ കണക്കിലെടുക്കാൻ.

മക്കളുടെ വാശികൾക്കെല്ലാം അനുവാദം മൂളുന്ന സ്വഭാവം എനിക്കില്ല. കിട്ടുന്ന സൗകര്യങ്ങളിൽ മനോഹരമായ ആസ്വദിച്ചു ജീവിക്കണമെന്നു ഞാൻ എപ്പോഴും മക്കളെ ഉപദേശിക്കാറുണ്ട്. ഉണ്ടാക്കിയ ഭക്ഷണം മുഴുവനായും നിർബന്ധപൂർവം മക്കളെ കഴിപ്പിക്കാറുണ്ട്. ഏതെങ്കിലും ഭക്ഷണപദാർത്ഥങ്ങളോ, വിഭവങ്ങളോ ഇഷ്ടക്കേടുണ്ടെന്നു മനസ്സിലാക്കിയാൽ അതുതന്നെ അവർക്കു വീണ്ടും നൽകി നിർബന്ധപൂർവം കഴിപ്പിക്കും. അതിനു ചില കാരണങ്ങളുണ്ട്. ഒന്ന്, ഒരു ഭക്ഷണ വിഭവത്തിനോടും ഇഷ്ടക്കുറവ് ഉണ്ടാകാൻ പാടില്ല. രണ്ട്, മുതഅല്ലിമീങ്ങളായ അവർക്കു വിവിധ സ്ഥലങ്ങളിൽ യാത്ര പോകുമ്പോഴും പഠനത്തിനു വേണ്ടി പോകുമ്പോഴും ഇഷ്ടമുള്ള ഭക്ഷണം ലഭിക്കണമെന്നില്ല. കിട്ടുന്നതിൽ പരിപൂർണ തൃപ്തിയോടെ കഴിക്കാനും ആസ്വദിക്കാനും കഴിയണം. ഇത് അവരെ എപ്പോഴും ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അബന്ധങ്ങൾ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായാൽ അതു തിരുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. അത് ശിക്ഷിക്കുന്നതിനേക്കാൾ നല്ലത്, നല്ല മനസ്സോടെ പറഞ്ഞു മനസ്സിലാക്കലാണ്. കഠിനമായി ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നത് പലപ്പോഴും വിപരീതഫലം ചെയ്യാറുണ്ട്. ആ ഓർമയും നമുക്ക് എപ്പോഴും ഉണ്ടാകണം. നല്ല കൂട്ടുകെട്ടുകളെ പ്രോത്സാഹിപ്പിക്കുകയും ചീത്തസ്വഭാവമുള്ള സുഹൃത്തുക്കളിൽ നിന്ന് മാറിനിൽക്കാൻ ഉപദേശിക്കുകയും ചെയ്യും. ഇതു വളരെ കർശനമായി ഞാൻ മക്കളോടു പറയാറുണ്ട്.

സന്തോഷത്തോടെ എന്തെങ്കിലും കിട്ടിയാൽ അത് എല്ലാവർക്കും പങ്കുവെച്ചു കൊടുക്കണമെന്നു ഞാൻ എപ്പോഴും അവരെ ഉപദേശിക്കാറുണ്ട്. ഒരു ഈത്തപ്പഴം കിട്ടിയാൽ പോലും അത് ചീളുകളാക്കി ഒപ്പമുള്ളവർക്കു വിതരണം ചെയ്യണമെന്ന സ്നേഹത്തിന്റെ പാഠം അവർക്കു മുന്നിൽ പലപ്പോഴും അവതരിപ്പിച്ചു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. മരണപ്പെട്ടുപോയ എന്റെ ആൺമക്കൾക്കും പെൺമക്കൾക്കും അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ. സ്വർഗ ലോകത്ത് നമ്മെ എല്ലാവരെയും ഒരുമിച്ചുകൂട്ടട്ടെ..

മതമനുസരിച്ചു ജീവിക്കുകയെന്ന ഉത്തരവാദിത്വം പ്രഥമമാകുമ്പോൾ തന്നെയാണ് നമ്മുടെ ജീവിതം മനോഹരമാകുന്നത്. അത്തരത്തിൽ ജീവിക്കാൻ നമുക്കെല്ലാവർക്കും സാധിക്കണം. അപ്പോഴാണ്, നമ്മുടെ ജീവിതത്തിലും ചുറ്റുപാടിലും കൂടുതൽ ബറകത്തുണ്ടാകുന്നത്. അല്ലാഹു നമ്മെ വിജയികളിൽ ഉൾപ്പെടുത്തട്ടെ

ഉമ്മമാർക്കും സ്ത്രീകൾക്കും വീടുകളിൽ വലിയ ഉത്തരവാദിത്വമുണ്ട്. വീട് പരിപാലിക്കുന്നതിൽ, മക്കളെ വളർത്തുന്നതിൽ അങ്ങനെ തുടങ്ങുന്ന വലിയ ഉത്തരവാദിത്വങ്ങളെക്കുറിച്ച് നമുക്ക് വലിയ ആലോചനകളുണ്ടാകണം. നമ്മുടെ ചുറ്റിലുമുള്ള ഗൗരവകരമായ അധാർമികമായ അവസ്ഥകളെക്കുറിച്ചു ബോധ്യങ്ങളുണ്ടാകണം. അതിനനുസരിച്ച് നമ്മുടെ വീട്ടിലെ അവസ്ഥയെ, മക്കളുടെ വളർച്ചയെ, അങ്ങനെയുള്ളതെല്ലാം വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ കഴിയണം.

പണ്ഡിതരും മതത്തിൻ്റെ പാരമ്പര്യ ജീവിതം പരിശീലിച്ചവരുമായ മൂന്നു തലമുറയുടെ കൂടെയാണ് എന്റെ ജീവിതം ഇത്രയും കാലമുണ്ടായിട്ടുള്ളത്. എന്റെ ഉപ്പയും ഭർത്താവും മക്കളുമെല്ലാം ദീനും അതിന്റെ ചട്ടങ്ങളും കൃത്യമായി അനുസരിച്ചു ജീവിക്കുന്നവരാണ്. ഇത്രയും കാലത്തിനിടയിൽ എനിക്ക് ഒരു തരത്തിലുമുള്ള കുറവുമുണ്ടായിട്ടില്ല. അങ്ങനെ വരാതിരിക്കാൻ എന്നെയും കുടുംബത്തെയും സംരക്ഷിക്കുന്നവർ കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ട്. മുസ്‌ലിം സ്ത്രീകൾ അടുക്കളയിലും മറ്റും ബുദ്ധിമുട്ടുകയാണെന്നു പറഞ്ഞു നടക്കുന്നവരോടാണ്, ഞങ്ങൾക്ക് ഇവിടെ പരമസുഖമാണ്. വീടുകളിൽ ഞങ്ങൾക്കു നിർവഹിക്കാനുള്ളത് വലിയ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വങ്ങൾ ഞങ്ങൾ കൃത്യമായി നിർവഹിക്കുന്നുണ്ട്. വീടിനു പുറത്തേയുള്ള ചുറ്റുപാടുകളിൽ ഞങ്ങളുടെ പുരുഷന്മാർ ഇടപെടുമ്പോൾ, ഞങ്ങൾ വീട്ടിലെയും അനുബന്ധ കാര്യങ്ങളെയും കൃത്യമായി ശ്രദ്ധിക്കാൻ ബാധ്യസ്ഥരാണ്.

മതമനുസരിച്ചു ജീവിക്കുകയെന്ന ഉത്തരവാദിത്വം പ്രഥമമാകുമ്പോൾ തന്നെയാണ് നമ്മുടെ ജീവിതം മനോഹരമാകുന്നത്. അത്തരത്തിൽ ജീവിക്കാൻ നമുക്കെല്ലാവർക്കും സാധിക്കണം. അപ്പോഴാണ്, നമ്മുടെ ജീവിതത്തിലും ചുറ്റുപാടിലും കൂടുതൽ ബറകത്തുണ്ടാകുന്നത്. അല്ലാഹു നമ്മെ വിജയികളിൽ ഉൾപ്പെടുത്തട്ടെ

 

കേട്ടെഴുത്ത് : സയ്യിദ് അബ്ദുല്ല അൽ ബുഖാരി

സയ്യിദത് ഫാത്തിമ ഇമ്പിച്ചി ബീവി

സയ്യിദത് ഫാത്തിമ ഇമ്പിച്ചി ബീവി

ബദറുസ്സാദത്ത് സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങളുടെ ഉമ്മയാണ്.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×